Connect with us

National

കല്‍ക്കരി കുംഭകോണം: ഗുപ്ത അടക്കം മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ഭാരത് പരാശര്‍ ആണ് ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരായ കെ എസ് ക്രോഫ, കെ സി സമാറിയ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു രണ്ട് പേര്‍. വഞ്ചന, തട്ടിപ്പ്, ക്രമക്കേട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ.

ഇതു കൂടാതെ സ്വകാര്യ സ്ഥാപനമായ കമല്‍ സ്‌പോഞ്ച് സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന് ഒരു കോടി രൂപ പിഴയും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പവന്‍ കുമാര്‍ അലുവാലിയക്ക് മൂന്ന് വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതിയെ സമീപിക്കുന്നതിനായി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കേസിലാണ് ശിക്ഷാ വിധി. 2005 ഡിസംബര്‍ മുതല്‍ 2008 നവംബര്‍ വരെ കല്‍ക്കരി വകുപ്പ് സെക്രട്ടറിയായിരുന്നു എച്ച് സി ഗുപ്ത.
മധ്യപ്രദേശിലെ തീസ്ഗറോ- ബി രുദ്രപുരി കല്‍ക്കരി ബ്ലോക്ക് കമല്‍ സ്‌പോഞ്ച് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന് അനുവദിച്ചപ്പോള്‍ ലേലം നടത്തുന്നതില്‍ സുതാര്യമായല്ല സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഗുപ്ത പെരുമാറിയത് എന്നാണ് പ്രധാന ആരോപണം. ഇത് സര്‍ക്കാറിന് വന്‍ നഷ്ടം വരുത്തിവെച്ചുവെന്നും കോടതി കണ്ടെത്തി. സമാനമായ പതിനൊന്ന് കേസുകളില്‍ ആരോപണവിധേയനാണ് ഗുപ്ത.

---- facebook comment plugin here -----

Latest