Connect with us

Ramzan

അറിവ് ഏറി; അധഃപതനവും

ഇ സുലൈമാന്‍ മുസ്‌ലിയാര്‍ -സമസ്തയുടെ അധ്യക്ഷന്‍. അര നൂറ്റാണ്ടു കാലം ഒരേയിടത്ത് ദര്‍സ് നടത്തിയ സാത്വികന്‍. പതിനായിരങ്ങളെ മതവിജ്ഞാനത്തിന്റെ നേര്‍വഴിയിലൂടെ നയിച്ച മഹാപണ്ഡിതന്‍. വിനയാന്വിതനാണ് സുലൈമാന്‍ ഉസ്താദ്. മിതഭാഷി, സൗമ്യഭാഷി. സ്ഥാനമാനങ്ങളില്‍ നിന്ന് എപ്പോഴും പരമാവധി ഒഴിഞ്ഞു നില്‍ക്കുന്നു ആ ഗുരുവര്യന്‍. സമസ്തയിലേക്ക് അന്നത്തെ നേതാക്കള്‍ ക്ഷണിച്ചപ്പോള്‍ “ഒതുക്കുങ്ങല് ഓതിക്കൊടുക്കാന്‍ ഞാന്‍ ഒറ്റക്കേയുള്ളൂ”വെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നവല്ലോ. ഉസ്താദുല്‍ അസാതീദ് ശൈഖുനാ ഉസ്താദിന്റെ മനസ്സിന്റെ തൊട്ടടുത്ത് നിലകൊണ്ട പ്രിയ ശിഷ്യനാണ് സുലൈമാന്‍ ഉസ്താദ്. ദയൂബന്തില്‍ പഠനം കഴിഞ്ഞു വന്നപ്പോള്‍ ശൈഖുന പറഞ്ഞു: “നീ ഒതുക്കുങ്ങലില്‍ നിന്നോ, ശമ്പളം തരില്ല”. എത്ര അര്‍ഥവത്താണ് ആ വാക്കുകള്‍. വിശുദ്ധ മതത്തിന്റെ സത്യം നിരന്തരം അധ്യാപനം നടത്തുമ്പോള്‍ കരഗതമാകുന്ന മഹത്വത്തേക്കാള്‍ വലിയ പ്രതിഫലമുണ്ടോ?

ഇന്ന് കേരള സുന്നീ സമൂഹത്തിന്റെ ആധികാരിക പണ്ഡിത സംഘടനയുടെ തലപ്പത്ത് ഉള്ളാള്‍ തങ്ങളുടെയും എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെയും പിന്‍ഗാമിയായി അവരോധിതനായ പശ്ചാത്തലത്തില്‍ പുതിയ കാലത്തെ പ്രതിസന്ധികളെയും പ്രതീക്ഷകളെയും മുന്‍നിര്‍ത്തി അദ്ദേഹത്തിന് എന്താണ് പറയാനുള്ളത്? വിശുദ്ധ റമസാനിന്റെ ദിനരാത്രങ്ങളിലൂടെ വിശ്വാസികള്‍ കടന്നുപോകുമ്പോള്‍ ഖുര്‍ആനിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച പണ്ഡിത ശ്രേഷ്ഠന് എന്താണ് ഉപദേശിക്കാനുള്ളത്? ഒതുക്കുങ്ങലിലെ വീട്ടില്‍ മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞ് വിശ്രമിക്കുന്ന ഉസ്താദിനോട് സംഭാഷണത്തിന് ചെല്ലുമ്പോള്‍ ഒരു ഹ്രസ്വ സംസാരമേ പ്രതീക്ഷിച്ചുള്ളൂ. എന്നാല്‍ അദ്ദേഹം ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും ദീര്‍ഘമായി സഞ്ചരിച്ചു. സ്വന്തം ജീവിതത്തിന്റെ ഓര്‍മ വഴികളിലേക്ക് നടന്നു. അക്കാലത്തെ ചരിത്രം ആ വഴികളില്‍ അടയാളപ്പെട്ടു കിടന്നു. തന്റെ പഠനകാലം, ഉസ്താദുമാര്‍, സഹപാഠികള്‍, ഇന്ന് പ്രശസ്തരായി മാറിയവരും അല്ലാത്തവരുമായ വ്യക്തികള്‍, സംഭവങ്ങള്‍, പ്രസ്ഥാനങ്ങള്‍ എല്ലാം ആ യാത്രയില്‍ തെളിഞ്ഞുകണ്ടു. ഒപ്പം സമസ്തയുടെ നയനിലപാടുകളും ഭാവിയും …

?റമസാനാണല്ലോ, എന്താണ് ഉസ്താദിന് പറയാനുള്ളത്

മനുഷ്യനെ ഇച്ഛക്ക് മേല്‍ നിയന്ത്രണമുള്ളവനും സൂക്ഷ്മതയുള്ളവനും ഭക്ഷണത്തിന്റെ വിലയറിയുന്നവനും ആക്കുന്നതിന് വേണ്ടിയാണ് നോമ്പ് നിശ്ചയിച്ചത്. നോമ്പ് കൊണ്ട് തന്നെ റമസാന്‍ മാസം വിശുദ്ധമാണ്. എന്നാല്‍ അതിനേക്കാള്‍ എത്രയോ പ്രധാനമാണ് ആ മാസത്തിലാണ് ഖുര്‍ആന്‍ ഇറങ്ങിയത് എന്നത്. മനുഷ്യന്റെ ചിന്തയും അറിവും ബോധവും പൂര്‍ണമാക്കാന്‍ വേണ്ടി പരിശുദ്ധ ഖുര്‍ആന്‍ ഇറക്കി. ഖുര്‍ആനില്‍ എല്ലാമുണ്ട്. അതിലെ ഓരോ ഭാഗവും റസൂലുല്ലാ വിവരിച്ച് വ്യക്തമാക്കി തന്നിട്ടുണ്ട്. “ഖുര്‍ആന്‍ ഇറങ്ങിയത് ഈ മാസത്തിലാണ്. ജനങ്ങള്‍ക്ക് സന്മാര്‍ഗമായാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത്.”(അല്‍ബഖറ: 185)അതുകൊണ്ട് മനുഷ്യന്റെ നന്‍മക്കുള്ള രണ്ട് സംഗതികള്‍ ഈ റമസാനിലാണ്.

?ഖുര്‍ആന്‍ ഫിഖ്ഹ് അടക്കമുള്ളവയുടെ അടിസ്ഥാനമാണല്ലോ…

എല്ലാ അറിവിന്റെയും അടിസ്ഥാനം ഖുര്‍ആന്‍ ആണ്. ഹദീസും ഖുര്‍ആനും കൂടി കൂടിയതിന്റെ വിശദീകരണമാണ് ഫിഖ്ഹ്. ഖുര്‍ആന്റെ തഫ്‌സീറ് ഹദീസ്. ഹദീസിന്റെ തഫ്‌സീറ് ഫിഖ്ഹ്.

?മദ്ഹബിന്റെ വഴിക്കല്ലാതെ ഖുര്‍ആനെ വ്യാഖ്യാനിക്കുന്നതിനെ കുറിച്ച്….

നബി തങ്ങള്‍ വിവരിക്കാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ ഇറക്കിയത് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ വാക്കിലും പ്രവൃത്തിയിലും ഖുര്‍ആനെ വിവരിച്ചിട്ടുണ്ട്. റസൂലുല്ലാന്റെ സംസാരത്തെ പറ്റി ഖുര്‍ആന്‍ പറഞ്ഞത് റസൂല്‍ പറഞ്ഞ സംസാരങ്ങളെല്ലാം വഹ്‌യ് ആണ്. വെറുതെ സംസാരിക്കുകയല്ല. അങ്ങനെ ഖുര്‍ആനില്‍ നിന്ന് റസൂല്‍ മനസ്സിലാക്കിയതും അങ്ങനെയല്ലാത റസൂലുല്ലാന്റെ മനസ്സിലേക്ക് ഇറക്കിക്കൊടുത്തതും ഒക്കെയാണ് റസൂലുല്ലാന്റെ കലാം. നബി തങ്ങള്‍ അതനുസരിച്ചാണ് എല്ലാ കാര്യങ്ങളും വിവരിച്ചതും ഇസ്‌ലാമിക അനുഷ്ഠാന കര്‍മങ്ങളുടെ രീതി മനസ്സിലാക്കിയതും. സ്വഫാ മര്‍വയുടെ ഇടയിലുള്ള സഅ്‌യില്‍ സഫ കൊണ്ട് തുടങ്ങാനുള്ള കാരണത്തെക്കുറിച്ചു റസൂല്‍(സ) പറഞ്ഞത് അല്ലാഹു ഖുര്‍ആനില്‍ സഫ കൊണ്ടാണ് തുടങ്ങിയത്, അതുകൊണ്ട് ഞാനും സഫ കൊണ്ട് തുടങ്ങുന്നുവെന്നാണ്. “നിശ്ചയം സഫയും മര്‍വയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്” എന്നര്‍ഥം വരുന്ന ആയത്ത് ഓതിയാണ് റസൂല്‍(സ) ഇത് വിശദീകരിച്ചത്. ഇങ്ങനെ ഓരോന്നും ഖുര്‍ആനിന്റെ രേഖയനുസരിച്ച് റസൂലുല്ല കാട്ടിത്തന്നു. ഖുര്‍ആന്‍ പൂര്‍ണമായി മനസ്സിലാക്കിയ ആള്‍ നബി (സ) തങ്ങളാണ്. ചിലത് ലളിതമായ പ്രയോഗങ്ങളായിരിക്കും. അത് വിവരിക്കേണ്ട ആവശ്യമില്ല. വിശദീകരണം ആവശ്യമുള്ള സ്ഥലത്ത് റസൂല്‍(സ) യില്‍ നിന്ന് ലഭിച്ചതല്ലാത്ത ഒരു വിശദീകരണവും എടുക്കാന്‍ പറ്റില്ല. അതിനെതിരായി ആര് പറഞ്ഞാലും അത് സ്വീകരിക്കരുത്. റസൂല്‍ (സ) വിവരിക്കാതെ ഒഴിച്ചിട്ടിട്ടുണ്ടെങ്കില്‍ അത് നമുക്ക് വ്യാഖ്യാനിക്കാനും പറ്റില്ല. മുഹ്കമാത്തും മുതശാബിഹാത്തുമുണ്ടല്ലോ, മുതശാബിഹാത്തിന് നമുക്ക് വ്യാഖ്യാനം പറയാന്‍ പാടില്ല എന്നാണ്.ഹൃദയത്തില്‍ വളവുള്ള വിഭാഗക്കാര്‍ മുതശാബിഹാത്തിനെ പിന്‍പറ്റും. എന്നിട്ട് മുതശാബിഹാത്തിനെ വ്യാഖാനിച്ച് ജനങ്ങളെ വഴിതെറ്റിക്കും. ഇല്‍മില്‍ നല്ല ത്രാണിത്വം ഉള്ളവര്‍ക്കേ ഖുര്‍ആന്‍ മനസ്സിലാവുകയുള്ളൂ. ഞങ്ങള്‍ ഇരുമ്പുചോല ഓത്ണ കാലത്ത് ഒരു മുസ്‌ലിയാര്‍, “രാവ് പകുതിയായാല്‍ അല്ലാഹു ഇറങ്ങിവരും” എന്ന ഹദീസ് ഓതി വയള് പറഞ്ഞു. അവിടെ പഠിക്കുന്ന ആളാണ് മുസ്‌ലിയാര്‍. പിറ്റേന്ന് ക്ലാസിന് ചെന്നപ്പോള്‍ ഉസ്താദ് ചോദിച്ചു: എന്താ ജ്ജ് ആ പറഞ്ഞത്? അന്റെ മാതിരി ഒരാളാണ് അല്ലാഹു എന്ന് വിചാരിച്ചൊ, ഇറങ്ങിവരാന്‍. ഏട്‌ന്നേ അനക്ക് ആ ഹദീസ് കിട്ടിയത്. അത് ഓതിയാ ജനങ്ങക്ക് മനസ്സിലാക്ണ വ്യാഖ്യാനം പറയണ്ടെ?” ഇത്തരം കാര്യങ്ങളില്‍ ശൈഖുനാ ഒ കെ ഉസ്താദ് കര്‍ശനമായിരുന്നു. അപ്പോള്‍ നമ്മുടെ പൂര്‍വികരായ സത്യവാദികള്‍ മുതശാബിഹാത്തിന് പദാര്‍ഥം പറയുക തന്നെയില്ല.

? അതുകൊണ്ടാണോ ഖുര്‍ആന്‍ പരിഭാഷ പാടില്ലെന്ന് പറയുന്നത്?

അതെ, പദാനുപദ വിവര്‍ത്തനം പാടില്ല. പദാനുപദ വിവര്‍ത്തനം കൊണ്ട് പല നാശവും വരാനുണ്ട്. ഒന്ന് അറബി ഭാഷയുടെ ഘടന അനുസരിച്ചു “മുളാഫ് ഇലൈഹി” മുന്തീട്ടും “മുളാഫ്” പിന്തീട്ടുമാണ്. അത് മലയാളത്തിലേക്ക് മാറ്റുമ്പോള്‍ വ്യത്യാസപ്പെടുമല്ലോ. അല്ലാഹുവിന്റെ അടിമ എന്നതില്‍ അല്ലാഹു എന്നതിനെ മുന്തിച്ചിട്ടാണ് മലയാളത്തില്‍ പറയുക. അതേസമയം അറബിയില്‍ അബ്ദുല്ല എന്ന് പറയുമ്പോള്‍ അല്ലാഹുവിനെ പിന്തിച്ചാണ് പറയുന്നത്. ഇങ്ങനെ പ്രയോഗങ്ങളിലൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടാകും. അങ്ങനെ പരിഭാഷ ചെയ്യേണ്ടി വന്നപ്പോഴാണ് കൂറ്റനാട് മുഹമ്മദ് മുസ്‌ലിയാര്‍ ജലാലൈനിയുടെ പരിഭാഷ ഇറക്കേണ്ടി വന്നത്. എന്നിട്ടും ശംസുല്‍ ഉലമ അതിനെ എതിര്‍ത്തു. ഈ വിഷയത്തില്‍ ശംസുല്‍ ഉലമയും കെ വിയും തമ്മില്‍ ശക്തമായ വിവാദമുണ്ടായല്ലോ. ഖുര്‍ആന്റെ വലിപ്പം മനസ്സിലാക്കിയ ഒരാള്‍ക്ക് അത് പരിഭാഷ ചെയ്യാന്‍ ധൈര്യം വരില്ല. ഖുര്‍ആനിലെ ചില വാക്യങ്ങളെക്കുറിച്ചു എന്താണ് ആ പറഞ്ഞതെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കാ കഴിയുക?

? ചെറുപ്പകാലത്തെക്കുറിച്ച്

കുട്ടികളായിരുന്ന കാലത്ത് ഞങ്ങള്‍ നോമ്പ്ങ്ങട്ടായാല്‍ ധാരാളം ഖുര്‍ആന്‍ ഓതും. മത്സരിച്ച് ഓതും. മറ്റുള്ളവര്‍ ഓതിയതിനേക്കാള്‍ കൂടുതല്‍ ഖത്തം ഓതാനുള്ള മത്സരം. തജ്‌വീദോട് കൂടിയാണ് ഓത്ത്. അക്ഷരവൃത്തിയോടെ. അതല്ലാത്ത കാലത്ത് ഓത്ണ മാതിരിയല്ല. റമസാനില്‍ നല്ല തജ്‌വീദോട് കൂടിയാ. ചെലപ്പം തജ്‌വീദിന്റെ ക്ലാസും വെക്കും. ചെറുപ്പത്തില്‍ നല്ല ചിട്ടയായിരുന്നു, ഇത്തരം വിഷയങ്ങളില്‍. അക്കാലത്ത് ഓത്ത് പള്ളിയായിരുന്നു. മദ്‌റസ അല്ല. ഞാന്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയിട്ടുണ്ട്. അന്ന് ബാപ്പ എഴുതിത്തരും, ഉമ്മ വായിച്ച് തരും. അന്ന് പെണ്ണുങ്ങള്‍ എഴുത്ത് പഠിക്കില്ലായിരുന്നു. വീടിന്റെ അടുത്ത് തന്നെയായിരുന്നു ഓത്തുപള്ളി. ബാപ്പയായിരുന്നു ഉസ്താദ്. ഞാന്‍ ഇളയ മോനായിരുന്നു. എന്നെ മിക്കവാറും വീട്ടിന്ന് തന്നെയാണ് പഠിപ്പിച്ചത്.

ചെറുശ്ശേരി (സൈനുദ്ദീന്‍ മുസ്‌ലിയാര്‍)യും ഞാനും ചാലിയത്ത് ഒരുമിച്ചു ഓതിയിട്ടുണ്ട്. എ പിയും ഞാനും ശരീക്കന്മാരല്ല. എ പി ചാലിയത്ത് നിന്ന് വെല്ലൂര്‍ക്ക് പോയ വര്‍ഷമാണ് ഞാന്‍ ചാലിയത്ത് ചേരുന്നത്. ഞങ്ങള്‍ രണ്ട് പേരും ഒ കെ ഉസ്താദിന്റെ അടുത്ത് മൂന്ന് വര്‍ഷമാണ് ഓതിയത്.

മദ്‌റസ ഉണ്ടായത് സ്‌കൂളിന് പ്രാധാന്യം വന്നപ്പോഴാണ്. ഓത്ത് പള്ളിയുടെ സ്വഭാവം എന്താ? രാവിലെ ചായ കുടിച്ച് പോയാല്‍ വൈകുന്നേരം വരെ അവിടെ തന്നെ. എന്നാല്‍ സ്‌കൂള്‍ പഠനം വന്നപ്പോള്‍ ഇത് പറ്റില്ലല്ലോ. ഇതിന് പരിഹാരമായി പറവണ്ണയെപ്പോലെയുള്ള നമ്മുടെ ആളുകള്‍ ചേര്‍ന്ന് മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡുണ്ടാക്കി. പറവണ്ണ പറഞ്ഞു: ദീന്‍ ഇനി ഇക്കാലത്ത് കുറച്ചെങ്കിലും പഠിക്കണമെങ്കില്‍ പുതിയ ടൈം ടേബിള്‍ വേണം. രണ്ട് മണിക്കൂര്‍ പഠിക്കാന്‍ പറ്റ്ണ കിത്താബുകളും അദ്ദേഹം ഉണ്ടാക്കി. അന്ന് പറവണ്ണന്റെ വഴിയില്‍ പോന്ന ആളാണ് നമ്മളെ എം എ ഉസ്താദ്. അന്ന് അവര്‍ ചേര്‍ന്ന് അറബി മലയാളത്തിലാണ് പാഠപുസ്തകങ്ങള്‍ ഉണ്ടാക്കിയത്. പറവണ്ണ മരിച്ചതോട് കൂടി അദ്ദേഹത്തിന്റെ മക്കള്‍ ഈ പുസ്തകത്തിന്റെ പകര്‍പ്പവകാശം വിട്ടുതന്നില്ല. അപ്പോള്‍ നമ്മള്‍ വേറെ പുസ്തകം ഉണ്ടാക്കി.

? ഉസ്താദിന്റെ വീട്ടിലെ ചിട്ടകള്‍. ഉമ്മയുടെയും ഉപ്പയുടെയും രീതികള്‍. ആദ്യത്തെ ഗുരുക്കന്‍മാര്‍ അവര്‍ തന്നെയായിരുന്നുവല്ലോ?

ശരിയാണ് അവര്‍ പഠിപ്പിച്ച് തന്നതൊന്നും ഇന്നും മാറ്റേണ്ടി വന്നിട്ടില്ല. എല്ലാ പഠനങ്ങളും അതിനോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അവര്‍ പഠിപ്പിച്ച് തന്നതൊന്നും ഒഴിവാക്കേണ്ടി വന്നിട്ടില്ല. പറഞ്ഞല്ലോ, ഞാന്‍ ഇമ്മാന്റെ ഇളയ മോനാ. ഉമ്മ മൂന്ന് ദിവസം കൊണ്ടൊക്കെ ഒരു ഖത്തം ഓതും. അത്രക്ക് സൂക്ഷ്മതയുള്ളയാളായിരുന്നു. എല്ലാ മാസത്തിലും ഖത്തം തീര്‍ക്കാനുണ്ടാകും. അതിന് ഓരോ കാരണങ്ങള്‍ ഉണ്ടാകും. മരിച്ചുപിരിഞ്ഞ ബാപ്പ പാപ്പമാരൊക്കെ ഏത് മാസത്തിലാ മരിച്ചതെന്ന് ഇമ്മക്ക് ഓര്‍മണ്ടാകും. ആ മാസങ്ങളിലൊക്കെ ഖത്തം ദുആ നടത്തും. ന്റെ ബാപ്പ മരിച്ചത് ദുല്‍ഹിജ്ജ മാസം അഞ്ചിനാണ്. അതിന്റെ പതിമൂന്ന് കൊല്ലം കഴിഞ്ഞാണ് ഉമ്മ മരിച്ചത്. അതുകൊണ്ട് ആ പതിമൂന്ന് വര്‍ഷവും ആ മാസത്തില്‍ പ്രത്യേക ദുആകളും ഖത്തം തീര്‍ക്കലുകളും ഉണ്ടാകും. റബീഉല്‍ അവ്വല്‍ ആയാ പിന്നെ എല്ലാ ദിവസവും മൗലിദ് ഓതും. പിന്നെ “ബിസ്മില്‍ മുഹൈമിനി അബ്തദീ ഇംലാഈ എന്ന് തുടങ്ങുന്ന ബദ്‌റ് ബൈത്ത് ഉമ്മ ദിനേന ചൊല്ലുമായിരുന്നു. മഗ്‌രിബിന് ശേഷം “സൂറത്തുല്‍ വാഖിഅ” ഓതും. അത് ന്റെ ബാപ്പ ന്നെ പഠിപ്പിച്ചതാണ്. അത് ഓതിയാല്‍ സാമ്പത്തിക ഞെരുക്കം വരൂല. അങ്ങനത്തെ ചിട്ടയായിരുന്നു അന്ന്.

ഒതുക്കുങ്ങല്‍ മുദര്‍രിസായപ്പോള്‍ ശമ്പളം നിശ്ചയിച്ചത് അറുപത് ഉറുപ്പികയായിരുന്നു. ന്റെ വല്യ പെങ്ങളെ കെട്ട്യ ആള് ചോദിച്ചു: അതോണ്ടൊക്കെ ജീവിക്കാനാകുമോ എന്ന്. ഇത് കേട്ട് ന്റെ ഇമ്മ പറഞ്ഞു: എത്താ ണ്യാളേ ഇങ്ങള് പറയിണത്. അല്ലാഹുന്റെ ഇല്‍മ് പഠിപ്പിക്കല് അല്ലാഹുവിന് പൊരുത്തള്ള കാര്യാണ്. രിസ്ഖ് അല്ലാഹു തന്നുകൊള്ളും. ആ വാക്ക് എനിക്ക് എക്കാലത്തേക്കും വലിയ പ്രചോദനമായി. ബാപ്പ വല്യ വിവരമുള്ള മനുഷ്യനായിരുന്നു. മൊല്ല എന്നാണ് അറിയപ്പെടുക. അയമ്മത് മൊല്ല. വായനാപ്രിയനായിരുന്നു. അല്‍ബയാനൊക്കെ വരുത്തുമായിരുന്നു.

? പഠനത്തിന്റെ വഴികള്‍ ഒന്ന് വിശദമാക്കാമോ…

്യൂഞാന്‍ ഫസ്റ്റില് ചേര്‍ന്ന് പഠിച്ചത് മടിക്കീലെ പള്ളിയിലായിരുന്നു. അവിടെയായിരുന്നു എന്റെ ബന്ധുവായിരുന്ന കുഞ്ഞിബീരാന്‍ പഠിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം ദര്‍സിലേക്ക് പുറപ്പെടുമ്പോള്‍ ഞാന്‍ പറഞ്ഞു; ഞാനും പോര്ണ്. അങ്ങനെയങ്ങ് പോരാന്‍ പറ്റില്ല, കൈയില്‍ കിതാബൊക്കെ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ബാപ്പാന്റെ ശേഖരം പരതിയപ്പോള്‍ കിട്ടിയ പത്ത്കിതാബുമായിട്ടാണ് കുഞ്ഞിബീരാന്റെ കൂടെ ദര്‍സിലേക്ക് പുറപ്പെട്ടത്. തോട്ടശ്ശേരിയറ ശംസുദ്ദീന്‍ മുസ്‌ലിയാരായിരുന്നു അന്ന് മടിക്കീല്‍ പള്ളിയില്‍ മുദര്‍രിസ്. മുതഫര്‍രിദ് അവിടെ നിന്ന് ഓതിയ ശേഷം പുകയൂര്‍ ദര്‍സില്‍ ചേര്‍ന്നു. പിന്നെ മലയില്‍ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാരുടെ അടുത്താണ് ഓതിയത്. തുടര്‍ന്ന് പെരുവള്ളൂര്‍ അരീക്കാട് പള്ളിയില്‍. പിന്നെ വിളയില്‍ പറപ്പൂരില്‍ ഒരു വര്‍ഷം. പിന്നെ വാവൂര്‍ പോയി. വീണ്ടും പുകയൂരില്‍ തന്നെ. ചെറിയ വളമ്പ് അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാരുടെ കൂടെ ഓതിക്കൊണ്ടിരിക്കെ ഒരു ദിവസം അദ്ദേഹം പറഞ്ഞു, “ഞാന്‍ മുത്തഅല്ലിമായി മരിക്കാന്‍ പോകുകയാണ്. മുതഅല്ലിമായി മരിച്ചാല്‍ ശഹീദിന്റെ കൂലിയാണ്.” അതും പറഞ്ഞ് ഞങ്ങള്‍ ആറ് പേരെയും ഇരുമ്പുചോല ബീരാന്‍കുട്ടി മുസ്‌ലിയാരുടെ അടുത്തേക്ക് പറഞ്ഞയച്ചു. ചെറിയ വളമ്പ് ഉസ്താദ്, കരിങ്ങപ്പാറയുടെ അടുത്ത് ഓതാന്‍ പോയി. അദ്ദേഹം ആഗ്രഹിച്ചത് പോലെ അവിടെ നിന്ന് തന്നെ മുതഅല്ലിമായി മരിക്കുകയും ചെയ്തു. അവിടെയാണ് അദ്ദേഹത്തിന്റെ ഖബ്‌റ്. ഞങ്ങള്‍ ഇരുമ്പുചോലയില്‍ പോയി. ഫത്ഹുല്‍മുഈന്‍ പൂര്‍ത്തിയാക്കിയതും തസ്‌രീഹുല്‍ മന്‍ഥിഖ്, ജലാലൈനി തുടങ്ങിയവയും മഹല്ലിയുടെ തുടക്കവുമൊക്കെ അവിടെ വെച്ചായിരുന്നു. നാലര വര്‍ഷം അവിടെ ഓതിത്താമസിച്ചു. അവിടെ നിന്ന് ചാലിയത്ത്ക്ക് പോയി. അവിടെ മൂന്ന് കൊല്ലം.

?ദയൂബന്തില്‍ പോയില്ലേ

ഒരു കൊല്ലം. അവിടെ ഹദീസിന്റെ പത്ത് ക്ലാസുണ്ടാകും. ബുഖാരി, മുസ്‌ലിം, തിര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, മുവത്വ മാലികി, മുവത്വ മുഹമ്മദ്, ശമാഇലുത്തിമിദി, ത്വഹാവീ എന്നിങ്ങനെ പത്ത് കിതാബുകള്‍

?ശൈഖുനാ കാന്തപുരവും ചെറുശ്ശേരിയും ഉസ്താദിന്റെ ശരീക്കന്മാരാണോ

ചെറുശ്ശേരി (സൈനുദ്ദീന്‍ മുസ്‌ലിയാര്‍)യും ഞാനും ചാലിയത്ത് ഒരുമിച്ചു ഓതിയിട്ടുണ്ട്. എ പിയും ഞാനും ശരീക്കന്മാരല്ല. എ പി ചാലിയത്ത് നിന്ന് വെല്ലൂര്‍ക്ക് പോയ വര്‍ഷമാണ് ഞാന്‍ ചാലിയത്ത് ചേരുന്നത്. ഞങ്ങള്‍ രണ്ട് പേരും ഒ കെ ഉസ്താദിന്റെ അടുത്ത് മൂന്ന് വര്‍ഷമാണ് ഓതിയത്.

? ദയൂബന്ത് വിട്ട ശേഷം ഒതുക്കുങ്ങലല്ലേ ആദ്യമായി മുദര്‍രിസായി സേവനമനുഷ്ഠിച്ചത്.

ദയൂബന്ത് നിന്ന് വന്നപ്പോള്‍ ശൈഖുനാ ഒ കെ ഉസ്താദ് എന്നോട് പറഞ്ഞു: “ഒതുക്കുങ്ങലില്‍ നിന്നോളി. ശമ്പളം തരൂല” എന്ന്. ശമ്പളം തരാതെ നിക്കാന്‍ വേണ്ടിയല്ല. പക്ഷേ, ഇന്നോട് പറഞ്ഞത് അങ്ങനെയാണ്. ഒതുക്കുങ്ങലിലെ സേവനം ശൈഖുനയുമായുള്ള ബന്ധം പിന്നെയും തുടരാന്‍ സഹായകമായി. ഇടക്കിടെ ഉസ്താദ് ദര്‍സില്‍ വരും. ആ ബന്ധം വളരെ വലുതായിരുന്നു. വല്ലാത്ത അടുപ്പം. ഒതുക്കുങ്ങലില്‍ നിന്ന് പിന്നെ ഞാന്‍ എങ്ങോട്ടും പോയിട്ടില്ല. അമ്പത് കൊല്ലമായി അവിടെ തന്നെ സേവനം തുടരുന്നു.

? അമ്പത് കൊല്ലം ഒരേ ദര്‍സില്‍ നില്‍ക്കുകയെന്നത് അപൂര്‍വതയാണ്

ഞാന്‍ എനിക്ക് 27 വയസ്സുള്ളപ്പോള്‍ ഒതുക്കുങ്ങലില്‍ നിന്നതാണ്. ഇപ്പം എനിക്ക് 77 വയസ്സായി. അതിനിടക്ക് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സഅദിയ്യയുടെ ഭാരവാഹികള്‍ അവിടേക്ക് ക്ഷണിച്ചിരുന്നു. ഒ കെ ഉസ്താദ് ഉള്ള കാലത്താണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു: “ന്നോട് ഒ കെ ഉസ്താദ് ഇവിടെ നിക്കാന്‍ പറഞ്ഞിട്ട് നിന്നതാണ്, പോകാന്‍ പറയുമ്പോഴേ പോകുകയുള്ളൂ”. ഞങ്ങള്‍ ഒ കെ ഉസ്താദിനോട് ചോദിച്ചോളാം എന്നായി അവര്‍. ഞാന്‍ പറഞ്ഞു “ങ്ങള് ചോദിച്ചോളി, പക്ഷേ ഞാന്‍ പറഞ്ഞിക്ക്ണ്ന്ന് പറയരുത്” അവര്‍ ചോദിെച്ചങ്കിലും ശൈഖുന സമ്മതിച്ചില്ല. വെള്ളിയാഴ്ചയാണ് ചോദ്യവും ഉത്തരവും ഒക്കെണ്ടായത്. ശനിയാഴ്ച എന്നെ കണ്ടപ്പോ ശൈഖുന പറഞ്ഞു: ഇങ്ങളെ ശരീഖ് ഇങ്ങളെ കാസര്‍കോട്ടേക്ക് കൊണ്ടുപോകാന്‍ വന്നിരുന്നു. ഞാന്‍ തരൂലാന്ന് പറഞ്ഞിക്കണ്. ഞമ്മക്ക് മരിച്ച് പിരിയാം എന്ന് ഉസ്താദ് അന്ന് പറഞ്ഞു. പ്രശ്‌നം ഉണ്ടായപ്പോള്‍ സ്ഥാപനം പൂട്ടിയപ്പോഴും ഞാന്‍ എങ്ങോട്ടും പോയില്ല. ശൈഖുനയുടെ ആ വാക്ക് പുലര്‍ന്നു.

?പിളര്‍പ്പിന് ശേഷമല്ലേ ഉസ്താദ് സമസ്തയില്‍ ചേരുന്നത്

എന്താണ് ങ്ങള് സമസ്തയിലേക്ക് വരാത്തതെന്ന് ഇ കെയും കോട്ടുമലയും മറ്റും എന്നോട് ചോദിച്ചിരുന്നു. “എനിക്ക് ഇവിടെ കുറേ കിതാബ് ഓതിക്കൊടുക്കാന്‍ ഉണ്ട്. അത് മൊടങ്ങൂന്ന് വെച്ചിട്ടാണ്. സമസ്ത വേണ്ടാ എന്ന അഭിപ്രായം ഉള്ളത് കൊണ്ടല്ല. അത് നിങ്ങള് അങ്ങട്ട് നോക്കീന്ന്” ഞാന്‍ പറഞ്ഞു. തിരൂര് താലൂക്ക് സമസ്തണ്ടാക്കിയപ്പോള്‍ ബശീര്‍ മുസ്‌ലിയാരും ഹൈദ്രൂസ് മുസ്‌ലിയാരും നിര്‍ബന്ധിച്ച് എന്റെ പേരെഴുതി. തിരുന്നാവായ വെച്ച് ഒരു യോഗമുണ്ടായിരുന്നു. അവിടെ വെച്ച് തിരൂര് താലൂക്ക് വൈസ് പ്രസിഡന്റായി എന്റെ പേരെഴുതി. അങ്ങനെ തിരൂര് താലൂക്കിലാണ് ഞാന്‍ അംഗമാകുന്നത്. മറ്റീന്നൊക്കെ ഞാന്‍ ഊരി. വല്യ മുശാവറേക്ക് പോയിട്ടില്ല. അവര്‍ എന്നെ വിളിക്കാത്തോണ്ടല്ല. ഞാന്‍ പോകാത്തതോണ്ടാ. എനിക്ക് പഠിപ്പിക്കലായിരുന്നു മുഖ്യം. ഒ കെ ഉസ്താദിനെ അവര്‍ സമസ്തയില്‍ അംഗമാക്കിയിരുന്നു. പക്ഷേ ഓത്ത് മുടങ്ങുമെന്ന് കണ്ട് ഉസ്താദ് യോഗത്തിന് പോകൂല്ല. കുറേ യോഗത്തിന് പോകാതായപ്പോള്‍ പേര് വെട്ടി. പിന്നത്തെ ജനറല്‍ ബോഡി വന്നപ്പോള്‍ അദ്ദേഹത്തിന്റെ അംഗത്വം ഒഴിവാക്കി. പിന്നെ ഒതുക്കുങ്ങല്‍ കോളജ് തുടങ്ങിയപ്പോള്‍ ഒരിക്കല്‍ ബാഫഖി തങ്ങളെ ക്ഷണിക്കാന്‍ പോയി. അന്ന് തങ്ങള്‍ സമസ്തയുടെ ഖജാന്‍ജിയാണല്ലോ. അപ്പോള്‍ അവര് അവിടെ മുശാവറ കൂടുകയാണ്. ശൈഖുനയെ കണ്ടപ്പോള്‍ ശംസുല്‍ ഉലമ തലയുയര്‍ത്തി നോക്കി. “ആ…. മൂപ്പരെ പേരൊന്ന് എഴുതിക്കാളീ” എന്ന് പറഞ്ഞു. അങ്ങനെ ശൈഖുന പിന്നെയും സമസ്തയില്‍ അംഗമായി.

? ഒ കെ ഉസ്താദിന്റെ ഉസ്താദാണോ ഇ കെ

അതെ. വെല്ലൂര്ന്ന്. വല്യ കിത്താബൊന്നുമില്ല. എന്നാലും ഉസ്താദിയത്ത് ഉണ്ട്. ഉസ്താദാണെന്ന് പറയലുമുണ്ട്.

? അവസാന കാലത്ത് അവര്‍ തമ്മില്‍ അകല്‍ച്ച ഉണ്ടായല്ലോ, സമസ്ത പിളരുന്നതിന് മുമ്പ് തന്നെ

അകല്‍ച്ച എന്ന് പറയാമോ. അന്ന് ഒരു അഖില സമസ്തയുണ്ടായല്ലോ. അതില്‍ ശൈഖുന ചേര്‍ന്നിരുന്നു. ശൈഖ് ഹസന്‍ മുസ്‌ലിയാരുമായുള്ള സൗഹൃദത്തിന്റെ പുറത്തായിരുന്നു അത്. ഹസന്‍ മുസ്‌ലിയാര്‍, ഒ കെ ഉസ്താദിന്റെ പേരെഴുതി. ഒ കെ ഉസ്താദിന്റെ ഉസ്താദാണല്ലോ സദക്കത്തുല്ല മുസ്‌ലിയാര്‍. മൂപ്പരോട് ചോദിച്ചപ്പോള്‍ “ആ പോയ്‌ക്കോ” എന്ന് പറഞ്ഞു. അങ്ങനെ അഖിലയുടെ ഒരു യോഗത്തിന് പോയിട്ടുണ്ട്. അപ്പോഴാണ് സദക്കത്തുല്ല മുസ്‌ലിയാരെ സമസ്ത പ്രസിഡന്റാക്കുന്നത്. അതോടെ അദ്ദേഹം സജീവമായി. അപ്പോള്‍ ചാലിയത്ത് വന്ന് ശൈഖുനയോട് സദക്കത്തുല്ല പറഞ്ഞു: അഖില വിടണം. രാജി വെച്ചോളണം എന്ന് പറഞ്ഞു. ഉസ്താദല്ലേ, അനുസരിക്കണമല്ലോ. രാജിവാര്‍ത്ത പത്രത്തില്‍ കൊടുക്കണമെന്നായി സദക്കത്തുല്ല മുസ്‌ലിയാര്‍. അത് വേണ്ടെന്ന് ശൈഖുനയും. യോഗത്തിനൊന്നും പോകില്ല എന്ന് തീര്‍ത്ത് പറയുകയും ചെയ്തു. അപ്പോള്‍ സദക്കത്തുല്ല മുസ്‌ലിയാര്‍ തെറ്റി. ചായ ഒന്നും കുടിക്കാതെ ഇറങ്ങിപ്പോയി. സമസ്തയുടെ പ്രസിഡന്റായ ഞാന്‍ പറഞ്ഞത് കേട്ടില്ല എന്നൊരു തോന്നല്‍ അദ്ദേഹത്തിന് ഉണ്ടായി. ശൈഖുന അഖിലയായി എന്ന് അവര്‍ വിധിയെഴുതുകയും ചെയ്തു. ഇതാണ് അകല്‍ച്ചക്ക് കാരണമായത്. അത് പക്ഷേ ഇ കെയുമായി അകല്‍ച്ചക്ക് കാരണമാകുകയോ അകല്‍ച്ച ഉണ്ടാകുകയോ ചെയ്തിട്ടില്ല. പിന്നെ സമസ്ത ഒരു സ്ഥാപനം ഉണ്ടാക്കണമെന്ന് ആലോചിച്ചപ്പോള്‍ ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന ചോദിച്ചിരുന്നു. പക്ഷേ ഒ കെ ഉസ്താദ് കൊടുത്തില്ല. “ഇത് ചെറിയ സ്ഥാപനം. നിങ്ങള്‍ വലുത് പണിഞ്ഞോളൂ” എന്നായി ശൈഖുനയുടെ മറുപടി. ഇഹ്‌യാഉസ്സുന്നയെ സ്വതന്ത്ര സ്ഥാപനമായി നിലനിര്‍ത്തി. ഇത് ചിലര്‍ക്ക് അതൃപ്തിക്ക് കാരണമായി എന്ന് തോന്നുന്നു.

? ഒ കെ ഉസ്താദിന് ലീഗുമായി ബന്ധമുണ്ടായിരുന്നോ

ഒരു ബന്ധവുമില്ല. അദ്ദേഹം ആരോടെങ്കിലും ലീഗിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞതായി ഒരു ചരിത്രവും ഇല്ല. ഒ കെ ഉസ്താദ് വോട്ട് ചെയ്ത്ക്ക്‌ണോ എന്നറിയില്ല. ചെലപ്പം ചെയ്ത് കാണണം. അന്ന് ഉലമാക്കന്‍മാരാരും രാഷ്ട്രീയത്തില്‍ സജീവായിട്ടില്ല. ഇ കെ കോണ്‍ഗ്രസിലാകാന്‍ കാരണം അദ്ദേഹത്തിന്റെ യുടെ പേരില്‍ ഒരു കേസ് വന്നതാണ്. എന്ന് വെച്ചാല്‍ പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍. അന്ന് സഹായം തേടിയത് കോണ്‍ഗ്രസുകാരില്‍ നിന്നാണ്. ലീഗുകാര്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞില്ല.

? മാത്രമല്ല അന്ന് പുത്തന്‍വാദക്കാര്‍ മുഴുവന്‍ ലീഗിലായിരുന്നുവല്ലോ. അതും കോണ്‍ഗ്രസിനോടുള്ള അനുഭാവത്തിന് കാരണമായില്ലേ

എന്നാലും…. അന്ന് ലീഗ്- കോണ്‍ഗ്രസ് – പി എസ് പി എന്നിങ്ങനെ മുക്കൂട്ട് മുന്നണിയായിരുന്നു. ലീഗും കോണ്‍ഗ്രസും കൂടി ഇന്നത്തെ മാതിരി അന്നും ഒന്നിച്ചാണ് നില്‍ക്കുന്നത്. അന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരെ അങ്ങട്ട് തള്ളിയ നിലയിലായിരുന്നു. ഇ കെയൊക്കെ മാര്‍ക്‌സിസ്റ്റ് എതിരില് ക്ലാസെടുത്തിട്ടുണ്ട്. മൂന്ന് ദിവസത്തെ ക്ലാസ് തലപ്പാറ വെച്ചിട്ട് ഉണ്ടായിരുന്നു. കാറല്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും ആശയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു ക്ലാസ്. അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത് ലീഗും കോണ്‍ഗ്രസും അന്ന് സഖ്യത്തിലാണ് എന്നാണ്. ലീഗില്‍ മുജാഹിദിന് പ്രാമുഖ്യം ഉണ്ട് എങ്കിലും പണ്ഡിതര്‍ പൂര്‍ണമായി തള്ളിയിരുന്നില്ല. പതി (അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍) വന്നപ്പോള്‍ ലീഗിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു.

? ഒ കെ ഉസ്താദുമായി എ പി ഉസ്താദിന് നേരത്തേ തന്നെ നല്ല ബന്ധമായിരുന്നല്ലോ. സമസ്ത പിളര്‍ന്നപ്പോഴും അത് തുടര്‍ന്നു. ഒ കെ ഉസ്താദ് മുശാവറയില്‍ അംഗമായിരുന്നോ.

ഉള്ളാള്‍ തങ്ങളും എ പിയും മറ്റും ചേര്‍ന്ന് സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചപ്പോള്‍ ശൈഖുനാ ഒ കെ ഉസ്താദ് എന്റെ അടുത്ത് വന്ന് പറഞ്ഞു: ഇനിക്കിപ്പം വയ്യാതായി. ങ്ങള് ഇനി ഇതില് നിന്നോളി എന്ന്. എന്നെ ഇതില്‍ നിര്‍ത്തിയത് ശൈഖുനയാണ്. ഒ കെ ഉസ്താദും പലപ്പോഴും നമ്മുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. കോട്ടക്കല് വെച്ച് ഒരു പണ്ഡിത സമ്മേളനമുണ്ടായിരുന്നു. അന്ന് ശൈഖുന വന്നല്ലൊ. അന്ന് കോണി കയറാന്‍ വയ്യാഞ്ഞിട്ട് കോണിന്റെ താഴെ നിന്ന് ദുആ ചെയ്തു പോയി. നമ്മളെ കൂടെ തന്നെയായിരുന്നു ശൈഖുന. അത് ഇപ്പോള്‍ കുതുബിയും അങ്ങനെ തന്നെ ആയിരുന്നുവല്ലോ. അദ്ദേഹം സമസ്തയില്‍ അംഗമായിട്ടില്ല. എന്നാല്‍ മുശാവറയില്‍ വല്ല മസ്അല ചര്‍ച്ചയും ഉണ്ടായാല്‍ അദ്ദേഹത്തെ അധ്യക്ഷനാക്കിയിരുന്നു. അംഗമായിട്ടില്ല. യോഗത്തിന് വരും. മൂപ്പരാണ് ഈ ഖുതുബ പരിഭാഷക്കൊക്കെ തക്കതായ ഒരു തീരുമാനം ഉണ്ടാക്കിയത്.

? മത പരിഷ്‌കരണ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കല്‍ സമസ്തയുടെ മുഖ്യ ലക്ഷ്യമായിരുന്നുവല്ലോ. ഇന്ന് നോക്കുമ്പോള്‍ അതില്‍ വിജയം വരിക്കാന്‍ സാധിച്ചിട്ടുണ്ടോ

ലക്ഷ്യം…. അതോണ്ട് ആ മുജാഹിദ് ഇപ്പോള്‍ ഒന്നുമല്ലാതായിരിക്കുന്നു. അത് ഒരു ശാഫി ഹനഫി മാതിരിയുള്ള തര്‍ക്കായിട്ട് തള്ളിയിരുന്നുവെങ്കില്‍ മുജാഹിദിന് സുന്നികളെപ്പോലുള്ള ഒരു കെട്ടുറപ്പ് ഇവിടെ ഉണ്ടാകുമായിരുന്നു. നമ്മള്‍ ശക്തമായി എതിര്‍ത്തത് കൊണ്ട് ദീനില്‍ അവര്‍ക്ക് ഒരു അംഗീകാരവുമില്ല. അത് അന്നത്തെ കര്‍ശനം കൊണ്ട് കിട്ടിയ ഉപകാരം തന്നെയാണ്. ഇപ്പോള്‍ കര്‍ശനം ഇല്ലാ എന്നല്ല. ഇപ്പോള്‍ ചില വിഷയത്തില്… നമ്മക്ക് ഒരു പഞ്ചായത്ത് മെമ്പറെ, അല്ലെങ്കില്‍ പ്രസിഡന്റിനെ, അതല്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയെ നമ്മുടെ ഭൗതിക ആവശ്യത്തിന് സമീപിക്കേണ്ടി വരും. അത് ആ നിലക്ക് തന്നെ സമീപിക്കുകയും വേണം. അതിന്റെ അര്‍ഥം അവനെ വിശ്വസിക്കുക എന്നല്ല. അക്കാര്യം നേടാന്‍ വേണ്ടിയുള്ള ബന്ധമാണ് അത്. അടിസ്ഥാനപരമായ ആശയം വിട്ടിട്ടല്ല അത്.

?മുജാഹിദിനും മറ്റും സ്വാധീനം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ക്ക് വലിയ പങ്കില്ലേ

രാഷ്ട്രീയം എന്ന് പറയുന്നത് ജനാധിപത്യം അല്ലേ. അപ്പോള്‍ അവര്‍ ജനങ്ങളെ ഒന്നായിട്ട് കാണുമല്ലോ. ഇവിടുത്തെ പൗരനാണോ എന്നതാണല്ലോ അവരുടെ നോട്ടം. അതില്‍ മതവാദ, സത്യാസത്യം നോക്കിയിട്ടല്ലല്ലോ. അവര്‍ക്ക് ആരെയും തള്ളാന്‍ കഴിയില്ല. അതുകൊണ്ടാണല്ലോ നമ്മള്‍ രാഷ്ട്രീയത്തില്‍ നില്‍ക്കാത്തത്.

? നമ്മുടെ സമസ്ത ഭാവിയിലെപ്പോഴെങ്കിലും ഒരു രാഷ്ട്രീയ ഇടപെടല്‍ നടത്തുമോ, ഇപ്പോഴത്തെ നിലപാട് മാറ്റി ഒരു രാഷ്ട്രീയ ചിന്ത എടുക്കുമോ

അത് ഇനി വല്ല കാലത്തും നടക്കുമോ എന്ന് ചോദിച്ചാല്‍ കാലം എങ്ങനെയാണ് വരുന്നത് എന്നത് ഇപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ. നിര്‍ബന്ധിത ഘട്ടം വരുന്ന ഒരു സമയം വന്നാല്‍, രാഷ്ട്രീയത്തില്‍ കൈവെക്കുന്നത് രാഷ്ട്രീയം കൈവിടുന്നതിനേക്കാള്‍ ഫലപ്രദമാകുന്ന കാര്യം വരുന്നുണ്ടെങ്കില്‍ അന്ന് അത് വേണ്ടി വരും. നമ്മളിപ്പോള്‍… “അഖഫ്ഫുല്‍ മഫ്‌സദത്തൈനി” എടുക്കുക എന്നത് നമ്മുടെ അടിസ്ഥാനമാണല്ലോ. രണ്ട് ഫസാദുണ്ടെങ്കില്‍ ഒന്ന് എടുക്കല്‍ നിര്‍ബന്ധിതമായാല്‍ കനം കുറഞ്ഞ ഫസാദ് എടുക്കുമല്ലോ. അങ്ങനത്തെ ഒരു കാലഘട്ടം വരുമോ വരൂലേ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല. രാഷ്ട്രീയം വേണ്ടാന്ന് പറഞ്ഞ് ഹുകുമത്തേ ഇലാഹി വാദിച്ചിരുന്നവര്‍ രാഷ്ട്രീയം കൊണ്ടുവന്നല്ലോ. എന്ന മാതിരി നമ്മള്‍ ആകും എന്നല്ല. അങ്ങനെ ആകരുത് എന്ന് വെച്ചിട്ടാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

? അനിവാര്യമായി വന്നാല്‍….

രാഷ്ട്രീയ പ്രവേശം എടുത്തെങ്കിലേ മുന്നോട്ട് പോകാനാകൂ എന്ന ഘട്ടം വന്നാല്‍ അപ്പോഴത്തെ അവസരത്തിനനുസരിച്ച് ചെയ്യേണ്ടി വരും.

? പഴയ ദര്‍സ് സംവിധാനം ദഅ്‌വ കോളജുകള്‍ക്ക് വഴി മാറുകയാണല്ലോ. അത് ദര്‍സ് സംവിധാനത്തിന്റെ മൂല്യം കളഞ്ഞുകുളിച്ചോ

ദഅ്‌വ കൊണ്ട് ദര്‍സ് തന്നെയാണ് ഉദ്ദേശിക്കുന്നത്. പണ്ട് കാലത്ത് ദര്‍സിലൊക്കെ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്നു. ഗോളശാസ്ത്രം പഠിപ്പിച്ചിരുന്നു. ജ്യോമട്രി പഠിപ്പിച്ചിരുന്നു. പിന്നെ ഖുലാസ, തസ്‌രീഹുല്‍ അഫ്‌ലാഖ്, ചഗ്മീനി, ഉഖ്‌ലൈദിസ് തുടങ്ങിയ കിത്താബുകള്‍ പഴയ കാലത്തേ ഉണ്ടായിരുന്നല്ലോ. അതെന്തിനാ? ഖുര്‍ആന്‍ പഠിക്കുമ്പോള്‍ തന്നെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശാസ്ത്രങ്ങളും പരിചയപ്പെടണമെന്ന് പണ്ഡിതന്‍മാര്‍ മനസ്സിലാക്കിയത് കൊണ്ടാണല്ലോ. മതം ശരിയായി മനുഷ്യര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഈ ശാസ്ത്രങ്ങളെല്ലാം വേണമെന്ന് അന്നത്തെ പണ്ഡിതന്‍മാര്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് അത്. എന്ന മാതിരി ഇന്നത്തെ മത-ഭൗതിക രംഗം തരണം ചെയ്യണമെങ്കില്‍ ഭാഷയും മറ്റുള്ള ഭൗതിക സമ്പാദ്യങ്ങളും കൈയില്‍ വേണം എന്ന് ചിന്തിക്കുമ്പോള്‍ ദര്‍സിനെ തന്നെ പുരോഗമിപ്പിക്കുകയാണ് ദഅ്‌വാ കോളജുകള്‍ ചെയ്യുന്നത്. അപ്പോള്‍ ദഅ്‌വ ദര്‍സിനോട് എതിര് എന്ന് പറയാന്‍ കഴിയില്ല. ദഅ്‌വ ദര്‍സ് തന്നെയാണ് കേട്ടോ. എന്നാല്‍ പഠനത്തിന്റെ ആഴത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം.

? പണ്ടത്തേക്കാള്‍ വിപുലമായ ഉദ്‌ബോധന സംവിധാനങ്ങള്‍ ഇന്നുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ എല്ലാ സംഘടനകളും ഇക്കാര്യത്തില്‍ ശ്രദ്ധ വെക്കുന്നു. എന്നിട്ടും കുറ്റവാസനയും മറ്റും ഗണ്യമായി കുറയാത്തത് എന്തുകൊണ്ടാണ്

അറിവ് മാത്രം പോരല്ലോ. അറിവിനനുസരിച്ച് പ്രവൃത്തി വേണ്ടേ? സത്യം എന്താ, അസത്യം എന്താ എന്ന് മനസ്സിലാക്കല്‍ അറിവാണ്. എന്നാല്‍ ആ അറിവനുസരിച്ച് പ്രവൃത്തിയില്ലെങ്കില്‍ അധഃപതിക്കും. ഒരു കത്തി മുറിക്കാനാണ് എന്ന് അറിയാം. എന്ത് മുറിക്കണം എന്നും അറിഞ്ഞിരിക്കണമല്ലോ. ഇന്നത് മുറിക്കാം, ഇന്നത് മുറിക്കരുത് എന്നും ബോധം വേണം. അങ്ങനെയല്ലാതെ ഒരാള്‍ ചെയ്യുന്നുണ്ടെങ്കില്‍ കത്തിയൊക്കെ വായില്ലാതെ ആക്കണം എന്ന് അര്‍ഥമില്ലല്ലോ. കണ്ണു കൊണ്ട് ഹലാലും നോക്കാം, ഹറാമും നോക്കാം. ഹറാമിലേക്ക് നോക്കും എന്ന് വെച്ച് കണ്ണു പൊട്ടിക്കണം എന്ന് പറയാന്‍ പറ്റില്ലല്ലോ. ഖുര്‍ആനില്‍ പറഞ്ഞു: മുഅ്മിനീംകളേ നിങ്ങളുടെ കണ്ണുകള്‍ ചിമ്മുക. അപ്പോള്‍ അറിവൊക്കെ ഇന്ന് എന്നത്തേക്കാളും കൂടുതലാണ്. അധഃപതനവും കൂടുതലാണ്. അറിവിനെ ഉപയോഗപ്പെടുത്തുന്നില്ല. അതാണ് പ്രശ്‌നം. അറിവിന് എതിരാണ് ജീവിതം. ശരീരത്തിന്റെ വികാരത്തിന് അനുസരിച്ച് നീങ്ങുകയാണ്. ശരീരത്തിന്റെ ഇച്ഛക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അറിവിനല്ല. ആത്മീയശുദ്ധി വരുത്തുന്നില്ല. ശാരീരിക ഇച്ഛക്ക് എതിരിലുള്ള പ്രവൃത്തി ശക്തിയാകേണ്ടതുണ്ട്. അതാണ് നോമ്പിന്റെ സന്ദേശം.
.

Latest