Connect with us

Ramzan

വിശുദ്ധ ഖുര്‍ആനിന്റെ സ്വാധീനം

Published

|

Last Updated

“Three “Ws had made the arab life perfect: wine, war, and woman”
“”മൂന്ന് ഡബ്ല്യുകള്‍ അഥവാ ഡബ്ല്യൂ കൊണ്ട് തുടങ്ങുന്ന മൂന്ന് കാര്യങ്ങള്‍ അറബികളുടെ ജീവിതത്തെ സമ്പൂര്‍ണമാക്കുകയുണ്ടായി. Wine (മദ്യം), War (യുദ്ധം), Woman (സ്ത്രീ) എന്നിവയാണ് ആ കാര്യങ്ങള്‍”” എന്ന് ഒരു പാശ്ചാത്യന്‍ എഴുതുകയുണ്ടായത്രെ.
ഈ അഭിപ്രായം തികച്ചും ശരിയാണെന്നു ബോധ്യപ്പെടുത്തുന്നതാണ് അറബിക്കവിയായ ത്വര്‍ഫത്തുബ്‌നുല്‍ അബ്ദിന്റെ വരികള്‍. ത്വര്‍ഫ സാധാരണ കവിയല്ല. അറബ് ലോകത്ത് ഏറ്റവും പേരുപെറ്റ സാഹിത്യകൃതികളായ “മുഅല്ലഖ” കാവ്യങ്ങളുടെ കര്‍ത്താക്കളില്‍ ഒരാളാണ്. ഓരോ കുടുംബത്തിലെയും ഏറ്റവും പ്രശസ്തരായ കവികള്‍ “ഉക്കാള്” ചന്താമേളയില്‍ നടക്കുന്ന സാഹിത്യ മത്സരങ്ങളില്‍ തങ്ങളുടെ കവിത അവതരിപ്പിക്കുമായിരുന്നു. നിശ്ചിത ജഡ്ജിമാരുടെ സൂക്ഷ്മ നിരൂപണങ്ങള്‍ക്കു ശേഷം തിരഞ്ഞെടുത്തു സമ്മാനാര്‍ഹമായി പ്രഖ്യാപിക്കുന്ന കവിതകള്‍ സ്വര്‍ണ്ണലിപികളില്‍ എഴുതി മക്കയിലെ വിശുദ്ധ കഅ്ബാലയത്തില്‍ കെട്ടിത്തൂക്കും. അത്തരം “മുഅല്ലഖ” കളില്‍ ഏറ്റവും പ്രധാനവും പ്രശസ്തവുമായ സപ്തകാവ്യങ്ങളില്‍ ഒന്നാണ് ത്വര്‍ഫത്തിന്റെ “മുഅല്ലഖ”.
അതിലെ ഏതാനും വരികള്‍ ഇങ്ങനെ സംഗ്രഹിക്കാം:

“”ഒരു യുവാവിന്റെ ജീവിതത്തില്‍ മൂന്നു കാര്യങ്ങളില്ലെങ്കില്‍ ഞാന്‍ എപ്പോള്‍ മരിച്ചാലും എനിക്കു മരണം പ്രശ്‌നമല്ല””.
“”മദ്യപാനത്തിന്റെ പേരില്‍ എന്നെ അധിക്ഷേപിക്കുന്ന എന്റെ കാമുകിമാര്‍ ഉണരും മുമ്പ് എഴുന്നേറ്റു നല്ല വീര്യമുള്ള മദ്യം – വെള്ളമൊഴിച്ചാല്‍ നുരയെറിയുന്ന മദ്യം – കുടിക്കുക. ഇതാണ് ഒന്നാമത്തെ കാര്യം””.
“”ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ഒരു വ്യക്തി എന്നെ സഹായത്തിനു വിളിക്കുമ്പോള്‍ പരിശീലനം ലഭിച്ചതും അനുസരണയുള്ളതും ഘോരവന സിംഹത്തോടു സദൃശമായതുമായ ഒരു കുതിരപ്പുറത്ത് യുദ്ധത്തിനായി കുതിക്കുക. ഇതാണ് മറ്റൊരു കാര്യം””.
“”പേമാരി ദിവസം – പേമാരി അഭികാമ്യം തന്നെ – സൗകര്യപ്രദമായ ഒരു കൂടാരത്തില്‍ ഒരു സുന്ദരിയുമായി കഴിച്ചുകൂട്ടുക. ഇതാണ് മൂന്നാമത്തെ കാര്യം””.

ഇത് ത്വര്‍ഫത്തിന്റെ വരികളാണെങ്കിലും ആശയം അദ്ദേഹത്തിന്റെ സ്വന്തമല്ല. സമകാലീന അറബികളുടെ ജീവിത ലക്ഷ്യത്തിന്റെയും ജീവിത രീതികളുടെയും ഒരു ദര്‍പ്പണവും നിദര്‍ശനവുമാണത്. ഈ സമൂഹത്തിലേക്കാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്. ജീവിതത്തില്‍ കള്ളുകുടിയും പെണ്ണുപിടിയും അടിപിടിയും മാത്രം ലക്ഷ്യമാക്കുകയും അതിനു വേണ്ടി എന്തു അനീതിയും അക്രമവും ചെയ്യുവാനും എന്തു അസഭ്യവും അശ്ലീലവും പറയുവാനും ധൃഷ്ടരായ ഒരു സമൂഹത്തെ ഖുര്‍ആന്‍ ഹ്രസ്വകാലം കൊണ്ട് സംസ്‌കരിച്ചുദ്ധരിച്ച് ഏറ്റവും ഉദാത്തമായ മാതൃകാ പുരുഷരാക്കി മാറ്റി. സത്യത്തിന്റെയും നീതിയുടെയും ധര്‍മ്മത്തിന്റെയും വാഹകരും പ്രബോധകരുമാക്കി അവരെ മാറ്റി.
ജീവിതത്തിന്റെ ഏതെങ്കിലും ഒന്നോ രണ്ടോ മേഖലയില്‍ മാത്രമുള്ള മാറ്റമായിരുന്നില്ല അത്. വിശ്വാസം, ആചാരം, ആരാധന എല്ലാം മാറ്റിയെടുത്തു. ഗാര്‍ഹിക, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം പരിവര്‍ത്തനം സൃഷ്ടിച്ചു. ലക്ഷ്യം, ചിന്താരീതി എല്ലാം പുനരാവിഷ്‌കൃതമായി. സംസാര സംസ്‌കാരം പോലും മാറി. ഭാഗിക മാറ്റമല്ല, സമഗ്ര മാറ്റം. ലഘുവായ പരിവര്‍ത്തനമല്ല, ദൃശ്യവും സ്പര്‍ശ്യവുമായ ശ്രദ്ധേയ മാറ്റം. മനം മാറി. അതോടെ ജനം മാറി.

വിശുദ്ധ ഖുര്‍ആന്‍ അവരെ അന്ധവിശ്വാസത്തിന്റെ അന്ധകാരത്തില്‍ നിന്ന് സത്യവിശ്വാസത്തിന്റെ പ്രോജ്ജ്വല പ്രഭയിലേക്കും അനാചാരത്തിന്റെ തടവറയില്‍ നിന്ന് സദാചാരത്തിന്റെ മലര്‍വാടിയിലേക്കും ആനയിച്ചപ്പോള്‍ അവര്‍, ഖുര്‍ആനിനെയും ഖുര്‍ആന്‍ തങ്ങള്‍ക്കു സമ്മാനിച്ച പ്രവാചകനെയും അത്യധികം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ചരിത്രത്തില്‍ തുല്യതയില്ലാത്ത സ്‌നേഹാദരങ്ങള്‍. പേര്‍ഷ്യന്‍, റോമന്‍ രാജ കൊട്ടാരങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച അറേബ്യന്‍ നേതാവ് അബൂ സുഫ്‌യാന്‍, “”മൂഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നതു പോലെ ഒരു സമൂഹവും അവരുടെ നേതാവിനെ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല”” എന്ന് അന്നു പറഞ്ഞുവെങ്കില്‍, “”മുസ്‌ലിംകള്‍ തങ്ങളുടെ വേദഗ്രന്ഥമായ ഖുര്‍ആനിനെ ആദരിക്കുന്നതുപോലെ, ഒരു സമൂഹവും ഒരു ഗ്രന്ഥത്തെയും ആദരിക്കുന്നതു ഞാന്‍ കണ്ടിട്ടില്ലെന്ന്, വിവിധ ജനസമൂഹങ്ങളെ നേരില്‍ കാണാന്‍ അവസരം ലഭിച്ച അമേരിക്കക്കാരനായ നൂഹ് കെല്ലര്‍ ഇന്ന് പറയുകയുണ്ടായി. കത്തോലിക്കന്‍ ക്രിസ്ത്യനായിരുന്ന നൂഹ് കെല്ലര്‍ (ചൗവ ങശി ഗലഹഹലൃ) 1977 ല്‍ മതം മാറി ഇസ്‌ലാം ആശ്ലേഷിച്ചു, മുസ്‌ലിം പണ്ഡിതരിലൊരാളായിത്തീര്‍ന്നു. അദ്ദേഹം ഈജിപ്തില്‍ താമസിക്കുമ്പോള്‍ കൈറോവില്‍ തന്റെ ഒരു യമനീ സുഹൃത്തിനോട് അറബി പഠനത്തിനു ഒരു പുസ്തകം ആവശ്യപ്പെട്ടു. അദ്ദേഹം കൊടുത്തത് വിശുദ്ധ ഖുര്‍ആനിന്റെ ഒരു കോപ്പിയായിരുന്നു. തന്റെ റൂമില്‍ മറ്റു സൗകര്യങ്ങളൊന്നുമില്ലാത്തതു കൊണ്ട് തറയിലായിരുന്നു തന്റെ ഗ്രന്ഥങ്ങളെല്ലാം വെച്ചിരുന്നത്. അക്കൂട്ടത്തില്‍ ഖുര്‍ആന്‍ കോപ്പിയുമുണ്ടായിരുന്നു. യമനീ മുസ്‌ലിം അവിടെ കടന്നുവന്നപ്പോള്‍ ഇതു കാണാനിടയായി. അദ്ദേഹം അസ്വസ്ഥനായി. അത്യാദരവോടെ ഖുര്‍ആന്‍ അദ്ദേഹം പൊക്കിയെടുത്തു. “”ഒരു മനുഷ്യനോടെന്ന പോലെ ജീവനില്ലാത്ത ഖുര്‍ആനിനോട് ആദരവു കാണിക്കുന്നതായി എനിക്കനുഭവപ്പെട്ടു, അത്രയൊന്നും തന്നെ മതകീയനല്ലാത്ത എന്റെ സുഹൃത്തിന്റെ പ്രവര്‍ത്തനം മുസ്‌ലിമിന്റെ മേലുള്ള ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ സ്വാധീനം എന്നെ ബോധ്യപ്പെടുത്തി”” എന്നാണ് ഈ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ബഹുദൈവത്വവും തജ്ജന്യമായ അനാചാരങ്ങളും അറേബ്യയെ മറ്റു രാജ്യങ്ങളെയെന്നപോലെ കീഴടക്കിയ കാലഘട്ടത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ രംഗത്തു വരുന്നത്. ഓരോ നാട്ടിലും കുടുംബത്തിലും വീട്ടിലും പ്രത്യേകം വിഗ്രഹങ്ങളുണ്ടായിരുന്നു. വിശുദ്ധ കഅ്ബയില്‍ പോലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. അവിടെ അകത്തും പുറത്തുമായി മുന്നൂറ്റി അറുപതില്‍ പരം വിഗ്രഹങ്ങളുണ്ടായിരുന്നു. ഈ എണ്ണമറ്റ വിഗ്രഹങ്ങളെയും അവയെ ചുറ്റിപ്പറ്റിയുള്ള അനാചാരങ്ങളെയും നിഷ്‌കാസനം ചെയ്യുന്നതിന് വിശുദ്ധ ഖുര്‍ആന്‍ സ്വീകരിച്ചത് ഏറ്റവും പ്രായോഗികമായ മാര്‍ഗമായിരുന്നു. ആദ്യമായി ജനമനങ്ങളില്‍ നിന്ന് വിഗ്രഹങ്ങളെ എടുത്തുമാറ്റി അവിടെ കറ കളഞ്ഞ ഏകദൈവ വിശ്വാസം നട്ടുപിടിപ്പിച്ചു. അതോടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച കരങ്ങള്‍ തന്നെ അതെടുത്തു മാറ്റാന്‍ തുടങ്ങി. വിഗ്രഹാരാധകര്‍ തന്നെ വിഗ്രഹങ്ങളെ ധ്വംസിക്കുകയായി. അറേബ്യ വിഗ്രഹമുക്തമായി മാറി. പിന്നീട് ഇസ്‌ലാം ലോകത്തുടനീളം പ്രചരിച്ചു തുടങ്ങിയപ്പോള്‍ സകല നാട്ടുകാരായ മുസ്‌ലിംകളും വിഗ്രഹത്തില്‍ നിന്നും വിഷസര്‍പ്പത്തില്‍ നിന്നെന്ന പോലെ വിട്ടകലുകയാണുണ്ടായത്.

വിശുദ്ധ ഖുര്‍ആന്‍ തൗഹീദ് പ്രചാരണം തുടങ്ങിയിട്ട് പതിനഞ്ചു നൂറ്റാണ്ടോളമായി. ഇന്നും ഒരു നാട്ടിലും ഒരു മുസ്‌ലിമും ദൈവത്തിന്റെ വിഗ്രഹം പോയിട്ട് പ്രവാചകന്റെ പ്രതിമ പോലും പ്രതിഷ്ഠിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്നില്ല. ലോകത്ത് എല്ലാ വിഭാഗങ്ങളും, നിരീശ്വരവാദികള്‍ പോലും പ്രതിമാ പൂജ നടത്തുമ്പോള്‍ ലോകത്താസകലമുള്ള സകല മുസ്‌ലിംകളും എക്കാലത്തും വിഗ്രഹപൂജയില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്നത് വിശുദ്ധ ഖുര്‍ആന്‍ ചെലുത്തിയ മാസ്മരിക സ്വാധീനത്തിന്റെ ജീവിക്കുന്ന തെളിവാണ്. വൈദിക സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള വിഗ്രഹാരാധന എന്ന ഗ്രന്ഥത്തില്‍ ആചാര്യ നരേന്ദ്ര ഭൂഷണ്‍ എഴുതുന്നതു കാണുക.

“”ഇസ്‌ലാം മതം വിഗ്രഹാരാധനയെ എതിര്‍ത്തു തകര്‍ത്തു കൊണ്ടാണ് ലോകമെങ്ങും വ്യാപിച്ചത്”” (പേജ് 7).
“”എല്ലാ ധര്‍മ്മവും മതവും ഇസങ്ങളും അവയുടെ അനുയായികളും വിച്യുതിയിലാണെങ്കിലും അവരവരുടെ നേതാക്കന്‍മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ പ്രതിമയുണ്ടാക്കാത്ത നിരീശ്വരവാദികള്‍ പോലും ഇവിടെയില്ല. ഇസ്‌ലാം മാത്രമാണിതിനൊരപവാദം. ദൈവ നിഷേധികളായ കമ്മ്യൂണിസ്റ്റുകള്‍ പോലും ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമയുണ്ടാക്കി, ശവശരീരം വെച്ച് പൂജിച്ച് താന്താങ്ങളുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്ക് ജൈനച്ഛായ നല്‍കുന്നു. അനസ്യൂതമായ ധാര്‍മ്മിക പാരമ്പര്യമില്ലാതെ വന്നതു നിമിത്തമാണ് ആധുനിക നിരീശ്വരമതക്കാരായവര്‍ പോലും ജൈന പരമ്പരയില്‍ പെട്ടുപോയത്. ജൈനര്‍ തങ്ങളുടെ തീര്‍ഥങ്കരന്‍മാരുടെ പ്രതിമ ഉണ്ടാക്കി പൂജിക്കുമ്പോള്‍, നിരീശ്വര മതക്കാര്‍ അവരുടെ തീര്‍ഥങ്കരന്‍മാരുടെ ശവം കണ്ണാടിക്കൂട്ടിലിട്ട് ചുവന്ന ബള്‍ബ് കത്തിച്ച് അഭിവാദ്യങ്ങളര്‍പ്പിക്കുന്നു”” (പേജ് 17)
നബിയുടെ അനുയായികള്‍ മാത്രമേ അദ്ദേഹത്തിന്റെ ചിത്രം വരക്കുന്നതു പോലും നിഷേധിക്കുന്നുള്ളൂ (പേജ് 26).
ഖുര്‍ആന്‍ ഒരു രാജ്യത്തിന്റെയോ ഒരു ഭാഷയുടെയോ ഒരു വര്‍ഗത്തിന്റെയോ ഒരു കാലഘട്ടത്തിന്റെയോ കൃതിയല്ല. അത് മാനുഷികതയുടെ കൃതിയാണ്. മാനുഷികതയെയാണ് അത് അഭിസംബോധന ചെയ്യുന്നത്. കാല – ദേശ – വര്‍ഗ – ഭാഷ വിവേചനങ്ങള്‍ക്കതീതമായ മാനുഷികതയെ. ഓ മനുഷ്യരേ എന്ന അഭിസംബോധന ഖുര്‍ആനിലുടനീളം കാണാം. രണ്ടാം അധ്യായം ഇരുപത്തിയൊന്ന്, ഇരുപത്തിരണ്ട് സൂക്തങ്ങള്‍ കാണുക. ഓ മനുഷ്യരെ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക, നിങ്ങള്‍ ഭക്തരായിത്തീരുവാന്‍ വേണ്ടി. നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പ്പുരയുമാക്കിത്തന്നവനാണവന്‍. മാത്രമല്ല, അവന്‍ കാര്‍മേഘത്തില്‍ നിന്നു വെള്ളം വര്‍ഷിപ്പിച്ചു തരികയും അത് മുഖേന നിങ്ങള്‍ക്കു ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിനു സമന്‍മാരെ ഉണ്ടാക്കരുത് (അല്‍ ബഖറ 21-22).

ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് പ്രകൃതിയുടെ മതമാണ്, മനുഷ്യന്റെ സ്വച്ഛമായ പ്രകൃതിയുടെ മതം. ജനിച്ചു വീഴുമ്പോള്‍, മനുഷ്യനു ജാതിയില്ല, വര്‍ഗമില്ല, ഭാഷയില്ല, പാര്‍ട്ടിയില്ല, ഗ്രൂപ്പില്ല. സത്യം അംഗീകരിക്കാവുന്ന പ്രകൃതത്തിലാണ് അവന്‍ ജാതനാകുന്നത്. വിവേകവും ചിന്താശക്തിയും കൈവരുമ്പോള്‍ തന്റെയും താന്‍ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെയും ഏകനായ സ്രഷ്ടാവിനെ അന്വേഷിക്കുകയും തന്റെ ജീവിത ലക്ഷ്യത്തെക്കുറിച്ചു ചിന്തിക്കുകയും ഈ ചിന്തയെ ശരിയായ ലക്ഷ്യത്തിലെത്തിക്കുന്ന പ്രസ്ഥാനം സ്വീകരിക്കുന്നതിന് സഹായകമായ പ്രകൃതിയോടെയാണ് അവന്‍ ജനിക്കുന്നത്. ഇക്കാര്യത്തില്‍ എക്കാലത്തെ മനുഷ്യരും ഏതു രാജ്യത്തെ മനുഷ്യരും തുല്യരാണ്. തുല്യ പ്രകൃതരായ മനുഷ്യ പുത്രന്‍മാരുടെ പ്രകൃതിയില്‍ വൈകൃതമുണ്ടാക്കി അവരെ വിവിധ ചിന്താഗതിക്കാരും പ്രസ്ഥാനക്കാരുമാക്കി വൈരുദ്ധ്യം സൃഷ്ടിച്ചത് അവര്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളാണ്. സ്വതന്ത്രരായി പിറവി കൊണ്ട മനുഷ്യപുത്രന്‍മാരെ, അന്ധവിശ്വാസത്തിന്റെയും അബദ്ധ ധാരണകളുടെയും അനാചാരത്തിന്റെയും അധര്‍മ്മത്തിന്റെയും അടിമകളാക്കി മാറ്റിയത് പ്രതികൂല സാഹചര്യങ്ങളും സമൂഹങ്ങളുമാണ്.

ഈ പ്രകൃതി വൈകൃതത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിച്ചു, സ്വച്ഛ പ്രകൃതിയിലേക്കു തിരിച്ചു കൊണ്ടുവന്ന് സ്വതന്ത്രരാക്കുവാനാണ് ഖുര്‍ആന്‍ ശ്രമിച്ചതും ശ്രമിച്ചു കൊണ്ടിരിക്കുന്നതും. എല്ലാ കാലത്തും എല്ലാ മനുഷ്യരുടെയും പ്രകൃതം ഒന്നായതുകൊണ്ട്, എല്ലാ മനുഷ്യര്‍ക്കും സ്വീകരിക്കാവുന്ന പ്രകൃതിമതമാണ് ഇസ്‌ലാം.

“”എല്ലാ അസത്യങ്ങളില്‍ നിന്നും വിട്ടകന്ന് സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നവനായിട്ട് നിന്റെ മുഖം മതത്തിലേക്കു തിരിക്കുക. അഥവാ അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിക്കനുസൃതമായ മതം സ്വീകരിക്കുക. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്കു യാതൊരു മാറ്റവുമില്ല. അതാണ് ഋജുവായ മതം. പക്ഷേ, മനുഷ്യരിലധിക പേരും മനസ്സിലാക്കുന്നില്ല”” (വിശുദ്ധ ഖുര്‍ആന്‍ 30: 30). മനുഷ്യ പ്രകൃതി അന്വേഷിക്കുന്ന മതം, ദാഹിക്കുന്ന ജീവിത വ്യവസ്ഥ ഇതാണ് ഖുര്‍ആന്‍ മനുഷ്യരാശിക്കു സമര്‍പ്പിച്ചത്. അതുകൊണ്ടു തന്നെ പ്രകൃതിയുടെ ആഹ്വാനത്തിനു മറുപടി നല്‍കി സാഹചര്യ പ്രാതികൂല്യങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ സന്നദ്ധരായവരൊക്കെ ഹ്രസ്വകാലം കൊണ്ട് ഖുര്‍ആനിന്റെ അനുയായികളായി മാറി.

ഖുര്‍ആന്‍, ആശയത്തിലെന്ന പോലെ അതിന്റെ രചനാസൗകുമാര്യത്തിലും അമാനുഷികമായിരുന്നു. സാഹിത്യം, വിശിഷ്യാ, അറബീ സാഹിത്യം അതിന്റെ കൊടുമുടി പ്രാപിച്ച കാലഘട്ടത്തിലാണ് ഖുര്‍ആനിന്റെ അവതരണം. ഖുര്‍ആനിന്റെ ശൈലി തന്നെ അതിനൂതനമായിരുന്നു. നിലവിലുണ്ടായിരുന്ന ഗദ്യ പദ്യ ശൈലികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അത്. അകത്ത് മാധുര്യം, പുറത്ത് സൗന്ദര്യം, പരിസരത്ത് സൗരഭ്യം ഇതാണ് ഖുര്‍ആന്‍. സൗന്ദര്യം കണ്ടു ആസ്വാദകര്‍ തടിച്ചു കൂടി. സൗരഭ്യം കൊണ്ടു സാഹിത്യകാരന്‍മാര്‍ അടുത്തൂകൂടി.

നിര്‍മത്സരബുദ്ധ്യാ സമീപിക്കുന്നവരൊക്കെ ഖുര്‍ആനിന്റെ അനുയായികളായി മാറി. അബദ്ധജടിലമായ പാരമ്പര്യത്തില്‍ പിടിച്ചുതൂങ്ങിയവരും, അസൂയ നിമിത്തം ദുര്‍വാശിയില്‍ കടിച്ചുതൂങ്ങിയവരും മുഴുകഴിവുകളുപയോഗിച്ച് എതിര്‍ത്തു നോക്കി. പക്ഷേ, എല്ലാം പരാജയപ്പെട്ടു. ഖുര്‍ആന്‍ അതിന്റെ ജൈത്രയാത്ര തുടര്‍ന്നു. എതിരാളികള്‍ ഖുര്‍ആനിനു മുമ്പില്‍ ആയുധം വെച്ചു കീഴടങ്ങി. മക്കയിലെ ധീരയുവാവും വിശ്രുത ഖുറൈശീ പരാക്രമിയുമായ ഉമറുബ്‌നുല്‍ ഖത്താബ് ഇസ്‌ലാമിന്റെ വ്യാപനത്തില്‍ അരിശം പൂണ്ട് പ്രവാചകനെ വധിക്കാന്‍ പ്രതിജ്ഞയെടുത്ത് ആയുധധാരിയായി പുറപ്പെട്ടു. വഴിമധ്യേ, നുഐം എന്ന പരിചിതനെ കണ്ടു. അദ്ദേഹം ഉമറിന്റെ ശ്രദ്ധ മറ്റൊരു വഴിക്കു തിരിച്ചുവിട്ടു. “”താങ്കള്‍ക്കു ഞാനൊരു അത്ഭുതം അറിയിച്ചു തരട്ടെയോ?: താങ്കളുടെ സഹോദരി ഫാത്വിമയും അവരുടെ ഭര്‍ത്താവ് സഈദും ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു””.
കോപാകുലനായ ഉമര്‍ അവരെ ലക്ഷ്യം വച്ചോടി. വാതിലിനൊരിടി കൊടുത്തു. അകത്ത് ഖബ്ബാബ് എന്ന സ്വഹാബി അവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുകയായിരുന്നു. ഖബ്ബാബ്, ഉടനെ വീട്ടിലൊരിടത്തൊളിച്ചു. ഫാത്വിമ: ഖുര്‍ആന്‍ ഏട്് ഒളിപ്പിച്ചു വെച്ചു. പിന്നീട് മുമ്പോട്ടു വന്നു വാതില്‍ തുറന്നു. “എന്താണിവിടെ നിന്നൊരു ശബ്ദം മുഴങ്ങിക്കേട്ടത്?”” കടന്നയുടനെ ഉമര്‍ ചോദിച്ചു. “”അതു ഞങ്ങള്‍ പരസ്പരം സംസാരിച്ചതാണ്””. ദമ്പതിമാര്‍ പറഞ്ഞു. നിങ്ങള്‍ മതം മാറിയിട്ടുണ്ടായിരിക്കാം എന്നു പറഞ്ഞു കൊണ്ട്, ഉമര്‍ അളിയന്‍ സഈദിനെ ശക്തമായൊന്നു ചവിട്ടി. തടുക്കാന്‍ ശ്രമിച്ച സഹോദരിയെ അടിച്ചു രക്തമൊഴുക്കി. ക്ഷുഭിതരായ ദമ്പതിമാര്‍, സൗമ്യത വിട്ടു, അല്‍പം പരുഷമായി സംസാരിക്കാന്‍ തുടങ്ങി: “അതെ, ഞങ്ങള്‍ ഇരുവരും ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ട്, അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചിട്ടുണ്ട്, താങ്കള്‍ തോന്നിയതു ചെയ്തു കൊള്ളുക”.
സ്വന്തം സഹോദരിയുടെ മുഖത്തു നിന്നു പ്രവഹിച്ച രക്തവും, അവരുടെ സ്ഥൈര്യവും കണ്ടപ്പോള്‍ ഉമറിന് അല്‍പം ഖേദം തോന്നി. “”ആ ഗ്രന്ഥം ഒന്നു കാണിച്ചു തരൂ”” അദ്ദേഹം പറഞ്ഞു. “”അശുദ്ധര്‍ക്കു അത് സ്പര്‍ശിക്കാന്‍ പറ്റില്ല”” ഫാത്വിമ പറഞ്ഞു. ഉടനെ ഉമര്‍ പോയി കുളിച്ചു വൃത്തിയായി തിരിച്ചുവന്നു. അവര്‍ കിതാബ് കൊടുത്തു. തുറന്നുനോക്കുമ്പോള്‍ 20 ാം അധ്യായത്തിലെ ആദ്യത്തെ എട്ടു ആയത്തുകളാണ് അദ്ദേഹത്തിന്റെ ദൃഷ്ടിക്കു വിധേയമായത്. ഖുര്‍ആന്‍ വാക്യങ്ങള്‍ ഉമറിനെ കീഴടക്കി. അദ്ദേഹം ശാന്തനായി. “”ഈ വചനങ്ങള്‍ എത്ര സുന്ദരം! എത്ര മനോഹരം!!”” അദ്ദേഹം വിസ്മയം പ്രകടിപ്പിച്ചു. ഉമറിന്റെ മാനസാന്തരം കണ്ടു ഒളിച്ചിരിക്കുകയായിരുന്ന ഖബ്ബാബ് രംഗത്തേക്കു വന്നു.

“”ഉമറേ, സന്തോഷിച്ചു കൊള്ളുക, പ്രവാചകരുടെ പ്രാര്‍ഥന താങ്കളുടെ കാര്യത്തില്‍ സഫലമാവുകയാണ്”” ഖബ്ബാബ് പറഞ്ഞു. മക്കയിലെ ഏറ്റവും വലിയ വീര പുരുഷന്‍മാരില്‍ പെട്ടവരായിരുന്നു അംറുബ്‌നു ഹിശാം എന്ന പേരില്‍ അറിയപ്പെടുന്ന അബൂ ജഹ്‌ലും, ഖത്താബിന്റെ മകനായ ഉമറും. ശത്രുക്കളുടെ മര്‍ദ്ദനങ്ങളില്‍ നിന്ന് മുസ്‌ലിംകളെ രക്ഷിക്കുന്നതിന് ഈ രണ്ടിലൊരാളുടെ ഇസ്‌ലാം മതാശ്ലേഷം സഹായകമാകുമെന്ന് നബി(സ)ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ട് തിരുമേനി(സ) പ്രാര്‍ത്ഥിക്കുകയുണ്ടായി: “”അല്ലാഹുവെ, ഉമറുബ്‌നുല്‍ ഖത്താബ്, അംറുബ്‌നു ഹിശാം ഇവരില്‍ നിനക്ക് ഇഷ്ടപ്പെട്ട വ്യക്തിയെക്കൊണ്ട് ഇസ്‌ലാമിനു ശക്തി നല്‍കേണമേ!””.

ഈ പ്രാര്‍ഥന കുറിക്കു കൊണ്ടു. അല്ലാഹുവിന് ഇഷ്ടം ഉമറിനോടായിരുന്നു. ശ്രദ്ധാപൂര്‍വ്വം ഖുര്‍ആന്‍ വായിക്കുന്നതിന്, അല്ലാഹു അദ്ദേഹത്തിന് അവസരമൊരുക്കി. ബദ്ധവൈരിയായ, രക്തദാഹിയായ ഉമറിനെ ഖുര്‍ആന്‍ കീഴടക്കി. നിമിഷങ്ങള്‍ക്കകം മാനസാന്തരപ്പെടുത്തി. അദ്ദേഹം നബി(സ)യെ അന്വേഷിച്ചു. ഖബ്ബാബ്(റ) അദ്ദേഹത്തെ ദാറുല്‍ അര്‍ഖമിലേക്കു നയിച്ചു. തിരുമേനി(സ), അനുയായികളോടൊപ്പം ശത്രുക്കളെ ഭയന്ന് അവിടെ ഒളിച്ചിരിക്കുകയായിരുന്നു. ദുര്‍ബലരായ അനുയായികളെ ശത്രുക്കള്‍ ഉപദ്രവിക്കുമോ എന്ന ആശങ്കയായിരുന്നു ഈ ഒളിച്ചിരിപ്പിനു കാരണം.

ഉമര്‍ കവാടത്തിനു മുട്ടി. എല്ലാവരും ഞെട്ടി. വാതില്‍ തുറക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. നബി തിരുമേനി(സ) വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു പേര്‍ ഇടവും വലവും നിന്ന് തോള്‍ക്കൈകള്‍ പിടിച്ച് ഉമറിനെ പ്രവാചകരുടെ സന്നിധാനത്തിലേക്കു കൊണ്ടുവന്നു. “”നിങ്ങള്‍ അവനെ വിട്ടേക്കുക”” തിരുമേനി പറഞ്ഞു. എന്നിട്ട് ഉമറിന്റെ കഴുത്തിലെ വാള്‍പട്ടയും കുപ്പായമാറും കൂട്ടിപിടിച്ചു, തന്റെ സന്നിധാനത്തിലേക്കു വലിച്ചുകൊണ്ട്, പറഞ്ഞു: “”ഖത്താബിന്റെ മകനേ ഇസ്‌ലാം സ്വീകരിക്കൂ””. ഉമര്‍(റ) കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. ഹര്‍ഷപുളകിതരായ മുസ്‌ലിംകള്‍ അത്യുച്ചത്തില്‍ തക്ബീര്‍ ചൊല്ലി. മക്കയുടെ പെരുവഴികളില്‍ ആ ശബ്ദം അലയടിച്ചു.

ഒന്നു പുറത്തിറങ്ങി പ്രകടനം നടത്തണമെന്നും, തന്റെ ഇസ്‌ലാം നാട്ടുകാരറിയണമെന്നും ഉമറിനു താല്‍പര്യം. “”അല്ലയോ പ്രവാചകരേ, നാം സത്യത്തിലല്ലോ, പിന്നെയെന്തിനു ഒളിച്ചിരിക്കണം?”” അദ്ദേഹം ചോദിച്ചു. പ്രകടനത്തിനു തിരുമേനി അനുവാദം നല്‍കി. ഇരുനിരയായി മുസ്‌ലിംകള്‍ അണിനിരന്നു. ഒന്നാം നിരക്ക് മൂന്ന് ദിവസം മുമ്പ് ഇസ്‌ലാം സ്വീകരിച്ച ഹംസ(റ)വും, രണ്ടാം നിരക്ക് ഉമര്‍(റ)വും നേതൃത്വം നല്‍കി. ഖുറൈശീ യുവാക്കളില്‍ ഏറ്റവും പ്രതാപിയായിരുന്നു നബി(സ)യുടെ പിതൃവ്യനും അബ്ദുല്‍ മുത്തലിബിന്റെ മകനുമായ ഹംസ(റ). മസ്ജിദുല്‍ ഹറാമിലേക്കായിരുന്നു ജാഥ നീങ്ങിയത്. ശത്രുക്കള്‍ ഇതു കണ്ടു അതീവ ദു:ഖിതരായി. നബി(സ) ഉമറിനു അല്‍ഫാറൂഖ് (സത്യാസത്യ വിവേചകന്‍) എന്നു അഭിധാനം നല്‍കി. നുബുവ്വത്തിന്റെ ആറാം വര്‍ഷം ദുര്‍ഹിജ്ജ മാസത്തിലായിരുന്നു ഈ സംഭവം (ഇബ്‌നു ഹിശാം 1: 364-368, ഇബ്‌നു കസീര്‍ 3: 37-38, 3: 92-95, ശര്‍ഹുല്‍ മവാഹിബ് 2: 3-11).

ഖുര്‍ആനിന്റെ സ്വാധീനം അനുദിനം വര്‍ധിച്ചുകൊണ്ടിരുന്നു. മുസ്‌ലിംകളുടെ സംഖ്യയും ശക്തിയും കൂടിക്കൊണ്ടിരുന്നു. ഖുര്‍ആനിന്റെ മുന്നേറ്റം ഒന്നു തളച്ചിടാനെന്തുണ്ട് മാര്‍ഗ്ഗം? ശത്രുക്കളായ ഖുറൈശികള്‍ ചിന്തിക്കുകയായി. സുരക്ഷയില്‍ തിരുമേനിക്കു ഏകാവലംബമായ അബൂ ത്വാലിബ് എന്ന ഖുറൈശീ നേതാവിനെ സമീപിച്ചു, തന്റെ സഹോദര പുത്രനായ മുഹമ്മദിനെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്നു തടയണമെന്നും അല്ലാത്തപക്ഷം മരണം വരെ സമരം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അബൂ ത്വാലിബ് തിരുമേനിയെ വിളിച്ചു ഉപദേശിച്ചു നോക്കി. പ്രതികരണം ഊഷ്മളമായിരുന്നു: “”എന്റെ പിതൃവ്യരേ, അവര്‍ സൂര്യനെ എന്റെ വലതു കൈയിലും ചന്ദ്രനെ ഇടതു കൈയിലും വച്ചുതന്നുകൊണ്ടാണ് ഈ ദൗത്യത്തില്‍ നിന്നു പിന്‍വാങ്ങാന്‍ പറയുന്നതെങ്കില്‍ പോലും, ഈ പ്രസ്ഥാനത്തെ അല്ലാഹു വെളിപ്പെടുത്തുകയോ അല്ലെങ്കില്‍ ഞാന്‍ മരിക്കുകയോ ചെയ്യുന്നതുവരെ ഞാനീ പ്രസ്ഥാന പ്രബോധനം ഉപേക്ഷിക്കുകയില്ല”” (ഇബ്‌നു ഹിശാം 1/278).

“”ഖുറൈശീ കുലത്തിലെ ഏറ്റവും സുന്ദരനായ ഉമാറത്തുബ്‌നു വലീദിനെ താങ്കള്‍ക്കു ദത്തുപുത്രനായി നല്‍കാം, പകരം മുഹമ്മദിനെ ഞങ്ങള്‍ക്കു വിട്ടുതരൂ”” ഇതായിരുന്നു അവരുടെ അടുത്ത അഭ്യര്‍ത്ഥന. “”നിങ്ങളുടെ മകനെ ഞാന്‍ തീറ്റിപ്പോറ്റുകയും പകരം എന്റെ മകനെ വധിക്കാന്‍ വിട്ടുതരികയും ചെയ്യണമെന്നാണോ പറയുന്നത്?”” അബൂത്വാലിബിന്റെ മറുപടി വീണ്ടും അവരെ നിരാശരാക്കി (ഇബ്‌നു ഹിശാം 1/279). മുഹമ്മദിന്റെ താല്‍പര്യങ്ങള്‍ അന്വേഷിച്ചു നിറവേറ്റി, അദ്ദേഹത്തെ പ്രീണിപ്പിച്ചു, അനുനയത്തിലൂടെ രമ്യമായി പ്രശ്‌നം പരിഹരിക്കാമെന്നായി അവരുടെ അടുത്ത നിലപാട്.

അതിനു വാചാലനായ ഉത്ബതുബ്‌നുല്‍ വലീദിനെ തിരഞ്ഞെടുത്തയച്ചു. അദ്ദേഹം പ്രമേയം അവതരിപ്പിച്ചു. സഹോദര പുത്രാ, താങ്കള്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത് സമ്പത്താണെങ്കില്‍ ഞങ്ങള്‍ ധനശേഖരണം നടത്തി താങ്കളെ ഞങ്ങളിലേറ്റവും വലിയ സമ്പന്നനാക്കിത്തരാം, പ്രതാപമാണ് ഉദ്ദേശ്യമെങ്കില്‍ താങ്കളുടെ നിര്‍ദ്ദേശമില്ലാതെ ഒരു കാര്യവും തീരുമാനിക്കാത്ത വിധം താങ്കളെ ഞങ്ങളുടെ നേതാവാക്കിത്തരാം. രാജാധികാരമാണുദ്ദേശ്യമെങ്കില്‍ ഞങ്ങളുടെ രാജാവായി താങ്കളെ വാഴിക്കാം. അതല്ല, താങ്കള്‍ക്കു തടുക്കാന്‍ കഴിയാത്ത പ്രേതബാധയാണെങ്കില്‍ ഞങ്ങള്‍ ചികിത്സയന്വേഷിക്കാം. താങ്കളെ സുഖപ്പെടുത്തുന്നതു വരെ ഞങ്ങള്‍ ധനം ചെലവിടാം. ചിലപ്പോള്‍ പ്രേതം വ്യക്തിയെ കീഴടക്കും, ചികിത്സിച്ചാല്‍ അതു മാറുകയും ചെയ്യും””.

ഉത്ബത് പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ നബി(സ) അയാളുടെ ശ്രദ്ധ ക്ഷണിച്ചു. എന്നിട്ട്, വിശുദ്ധ ഖുര്‍ആന്‍ 41 ാം അധ്യായത്തിലെ പ്രഥമ ഭാഗത്തെ മുപ്പത്തി ഏഴ് ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ചു. ആവേശപൂര്‍വ്വം കേട്ടിരുന്ന ഉത്ബയോട് തിരുമേനി പറഞ്ഞു: ഇത്രയും താങ്കള്‍ കേട്ടുവല്ലോ, ഇനി താങ്കളുടെ ഇഷ്ടം പോലെയാവാം.
കാത്തിരിക്കുന്ന കൂട്ടുകാരുടെ സമീപത്തേക്ക്, കേട്ട വാക്യങ്ങളില്‍ ആകൃഷ്ടനായ ഉത്ബത് തിരിച്ചു ചെന്നപ്പോള്‍ ഇപ്രകാരമായിരുന്നു പ്രതികരണം: ഞാനൊരു സംസാരം കേട്ടു, അല്ലാഹു തന്നെ സത്യം, തത്തുല്യമായൊരു സംസാരം ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണ് സത്യം അതു കവിതയല്ല, അതു ക്ഷുഭ്രമന്ത്രമല്ല, ജ്യോത്സ്യ പ്രവചനവുമല്ല. ഓ, ഖുറൈശീ സമൂഹമേ, നിങ്ങള്‍ എന്നെ അനുസരിക്കുക, അത് എന്റെ അഭിപ്രായത്തിനു വിടുക. ഈ മനുഷ്യനെയും അയാളുടെ സംസാരത്തെയും അതിന്റെ വഴിക്കു വിടുക, അവനെ വെടിഞ്ഞേക്കുക, തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തില്‍ നിന്നു കേട്ട സംസാരത്തിനു ഒരു വലിയ വൃത്താന്തമുണ്ടാകും. മറ്റു അറബികള്‍ അവനു ആപത്തു വരുത്തുന്നുവെങ്കില്‍, അവരെക്കൊണ്ട് അവന്റെ പ്രശ്‌നം നിങ്ങള്‍ക്കു തീരും. അവന്‍ അറബികളെ അതിജയിക്കുന്നുവെങ്കില്‍ (അവന്‍ നിങ്ങളുടെ കുടുംബാംഗമായതു കൊണ്ട്) അവന്റെ അധികാരം നിങ്ങളുടെ അധികാരമാണ്, അവന്റെ പ്രതാപം നിങ്ങളുടെ പ്രതാപവും. നിങ്ങള്‍ ജനങ്ങളില്‍ ഏറ്റവും സൗഭാഗ്യവാന്‍മാരായിത്തീരുകയും ചെയ്യും””.

ഉത്ബത്തിന്റെ അപ്രതീക്ഷിതമായ ഈ പ്രതികരണം കേട്ടപ്പോള്‍ അവരുടെ നിലപാട് ഇങ്ങനെയായിരുന്നു: “”അല്ലാഹുവാണ് സത്യം, അവന്റെ നാവ് കൊണ്ട് അവന്‍ താങ്കളെ മെസ്മറൈസ് ചെയ്തിരിക്കുന്നു””. “ഇത് എന്റെ അഭിപ്രായമാണ്, നിങ്ങള്‍ക്കു തോന്നിയതു നിങ്ങള്‍ക്കു ചെയ്യാം” ഉത്ബത്ത് അവസാനമായി പറഞ്ഞു (ഇബ്‌നു ഹിശാം 1/313-314, ഇബ്‌നു കസീര്‍ 3/75-76).

വിശുദ്ധ ഖുര്‍ആനിന്റെ മാസ്മരിക സ്വാധീനം മനസ്സിലാക്കിയ ശത്രുക്കള്‍ അതിനെതിരെ ശക്തമായ ഉപരോധം തന്നെ ഏര്‍പ്പെടുത്തുകയുണ്ടായി. മക്കയില്‍ തീര്‍ത്ഥാടനത്തിനു വരുന്നവര്‍ നബി(സ)യെ കാണാനും ഖുര്‍ആന്‍ കേള്‍ക്കാനും ഇടവരാതിരിക്കുന്നതിനു സത്വര നടപടികള്‍ സ്വീകരിച്ചു. ഒരിക്കല്‍ “ദൗസ്” എന്ന പ്രസിദ്ധ അറബീ ഗോത്രത്തിന്റെ നേതാവായ ത്വുഫൈലുബ്‌നു അംറുദ്ദൗസി ഉംറ തീര്‍ത്ഥാടനാര്‍ത്ഥം മക്കയില്‍ വന്നു. ഖുറൈശികള്‍ നബി(സ) യെക്കുറിച്ചു ജാഗ്രത പാലിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. സാഹിത്യകാരനായ അദ്ദേഹം ഖുര്‍ആന്‍ കേട്ടു മുസ്‌ലിമായി മാറിയേക്കുമോ എന്ന അതിരറ്റ ആശങ്കയായിരുന്നു കാരണം. നിര്‍ബന്ധിതനായ തുഫൈല്‍ തന്റെ ഇരുചെകിട്ടിലും പഞ്ഞി തിരുകിയാണ് പ്രദക്ഷിണത്തിനായി കഅ്ബയുടെ ചാരത്തെത്തിയത്.

തദവസരം പ്രവാചക ശിരോമണി, അവിടെ ആഗതനായി നിസ്‌കാരം തുടങ്ങി. ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം തുടങ്ങി. ഖുര്‍ആനിന്റെ അനിതരസാധാരണമായ ഈണം തുഫൈലിന്റെ പഞ്ഞിതിരുകിയ കര്‍ണ്ണപുടങ്ങളെ തലോടി. ഈണം ഇത്ര ഇമ്പമാര്‍ന്നതെങ്കില്‍ ആ വാക്യങ്ങള്‍ എത്ര മനോഹരമായിരിക്കും?! ഞാന്‍, ബുദ്ധിമാനും സാഹിത്യകാരനുമായിരിക്കെ എന്നെ വഞ്ചിക്കാന്‍ ആര്‍ക്കും കഴിയില്ല. പിന്നെയെന്തിനു ഞാന്‍ മറ്റുള്ളവരുടെ പ്രേരണക്കു വഴങ്ങി, ഇത്രക്കു ജാഗ്രത പാലിക്കണം. തുഫൈല്‍ ചിന്തിക്കുകയായി. അദ്ദേഹം ചെകിട്ടിലെ പഞ്ഞിയെടുത്തു മാറ്റി ഖുര്‍ആന്‍ ശ്രദ്ധിക്കുകയായി.
ഖുറൈശികള്‍ ആശങ്കിച്ചതു സംഭവിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ അപ്രതിഹതമായ സാഹിത്യ ധോരണി പഞ്ഞി നീക്കിയ കര്‍ണ്ണങ്ങളില്‍ അലയടിച്ചു. അതു അന്തരംഗത്തു പ്രതിഫലനം സൃഷ്ടിച്ചു. ഥുഫൈല്‍ ഖുര്‍ആനിന്റെ അനുയായി ആയി മാറി. നബി(സ) നിസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ ഥുഫൈല്‍ പിന്തുടര്‍ന്നു. വീട്ടിലെത്തിയപ്പോള്‍ തിരുമേനി, ഖുര്‍ആന്‍ നേരിട്ടു കേള്‍പ്പിച്ചു, ഇസ്‌ലാമിലേക്കു ക്ഷണിച്ചു. “”അല്ലാഹുവാണ് സത്യം, ഇതിനേക്കാള്‍ മനോഹരമായ ഒരു വാക്യവും ഇതിനേക്കാള്‍ ഋജുവായ ഒരു സംഗതിയും ഞാനിതുവരെ കേട്ടിട്ടില്ല””. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിന്റെ പ്രബോധകനായി, തന്റെ നാട്ടിലേക്കും ജനതയിലേക്കും തിരിച്ചു (ഇബ്‌നു ഹിശാം 1/407-409, ഇബ്‌നു കസീര്‍ 3/115-117).

മുഹമ്മദുല്‍ അമീന്‍(സ) സത്യ പ്രവാചകനാണെന്നും വിശുദ്ധ ഖുര്‍ആന്‍ ദിവ്യ ഗ്രന്ഥമാണെന്നും ശത്രുക്കള്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. അസൂയയും, അഹങ്കാരവും, ദുര്‍വാശിയും, സ്ഥാപിത താല്‍പര്യങ്ങളുമായിരുന്നു അവരെ പ്രതികൂലികളാക്കി മാറ്റിയത്. അതുകൊണ്ടു തന്നെയാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാവാതെ, പരിഹാസത്തിന്റെയും, മര്‍ദ്ദനത്തിന്റെയും, യുദ്ധത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിച്ചത്.

ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കാതിരിക്കുകയും മറ്റുള്ളവര്‍ കേള്‍ക്കാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുക എന്ന അവരുടെ നിലപാടിനെ വിശുദ്ധ ഖുര്‍ആന്‍ അനാവരണം ചെയ്യുകയുണ്ടായി: “”അവിശ്വാസികള്‍ പറഞ്ഞു. നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അതു പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളം സൃഷ്ടിക്കുക. നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിച്ചേക്കാം”” (41: 26).

ഇതല്ലാതെ വിജയത്തിനു മറ്റൊരു മാര്‍ഗവും അവര്‍ കണ്ടിരുന്നില്ല. കാരണം ശ്രദ്ധാപൂര്‍വ്വം ഖുര്‍ആന്‍ കേള്‍ക്കാനിടവരുന്ന ഏതൊരു സത്യാന്വേഷിയും അതിന്റെ അനുയായി ആയി മാറുകയായിരുന്നു. നബി തിരുമേനി(സ) മക്കയിലായിരിക്കെ, ഹിജ്‌റക്ക് മുമ്പ്, അഖബ ഉടമ്പടിക്കു വന്ന മദീനക്കാരോടൊപ്പം അധ്യാപകരും പ്രബോധകരുമായി മദീനയിലേക്ക് മുസ്അബ് ബ്‌നു ഉമൈര്‍, അബ്ദുല്ലാഹി ബ്‌നു ഉമ്മി മക്തൂം എന്നിവരെ അയച്ചു കൊടുക്കുകയുണ്ടായി. അവര്‍ മദീനയില്‍ ചിന്താ വിപ്ലവവും പ്രചാരണ ചലനവും സൃഷ്ടിച്ചു. ഇതു കണ്ടു മദീനയിലെ പ്രമുഖ ഗോത്രമായ ഔസ് ഖബീലയുടെ നേതാവ് സഅ്ദ് ബ്‌നു മുആദ് അക്ഷമനായി, അദ്ദേഹം തന്റെ സഹോദര പുത്രനായ ഉസൈദു ബ്‌നു ഹുളൈറിനോട് അവരെ വിരട്ടിയോടിക്കാന്‍ കല്‍പ്പിച്ചു. ഉസൈദ് ചെന്ന് അവരിരുവരോടും നിങ്ങള്‍ക്കു ജീവനില്‍ കൊതിയുണ്ടെങ്കില്‍ സ്ഥലം വിടണമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.

തദവസരം മുസ്അബ് ഈ ഭീഷണി അവഗണിച്ചു കൊണ്ട് സധൈര്യം പറഞ്ഞു: താങ്കള്‍ ഒന്നിരുന്നു കേള്‍ക്കുമോ? വല്ല കാര്യവും താങ്കള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ താങ്കള്‍ക്കതു സ്വീകരിക്കാം. അനിഷ്ടമെങ്കില്‍ അപ്രിയമായതു ഞങ്ങള്‍ നിര്‍ത്തിക്കൊള്ളാം. ഉസൈദ് കേള്‍ക്കാനായി ഇരുന്നു. മുസ്അബ് വിശുദ്ധ ഖുര്‍ആന്‍ ഓതിത്തുടങ്ങി. സദസ്സ് വിടുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഖുര്‍ആനിനു കീഴടങ്ങി, ഇസ്‌ലാം സ്വീകരിച്ചു. തിരിച്ചു ചെന്ന് തന്നെ പറഞ്ഞുവിട്ട പിതൃവ്യനോട് പറഞ്ഞു. “”അല്ലാഹുവാണ് സത്യം, അവരിരുവരിലും ഒരു ദോഷവും ഞാന്‍ കണ്ടിട്ടില്ല””.

ഇതു കേട്ടു കോപാകുലനായ സഅ്ദ് ക്ഷോഭത്തോടെ പുറപ്പെട്ടു. സ്വന്തമായി തന്നെ അവരെ നേരിടുകയായിരുന്നു ലക്ഷ്യം. മുസ്അബ് നേരത്തെ ഉസൈദിനോട് നടത്തിയ പ്രയോഗം തന്നെ സഅ്ദിനോടും നടത്തി. ശ്രവണ മധുരവും ആശയ ഗംഭീരവുമായ ഖുര്‍ആന്‍ വാക്യങ്ങള്‍ കേട്ട് ഉസൈദിനെപ്പോലെ സഅ്ദും ഇരുന്ന ഇരുപ്പില്‍ തന്നെ ഇസ്‌ലാം ആശ്ലേഷിച്ചു. തിരിച്ചു ചെന്ന് തന്റെ ഗോത്രത്തെ വിളിച്ചു കൂട്ടി അവരോടു ചോദിച്ചു “”എന്നെ നിങ്ങള്‍ എങ്ങനെയാണ് ഗണിക്കുന്നത്?”” “”താങ്കള്‍ ഞങ്ങളുടെ നേതാവും നേതാവിന്റെ പുത്രനുമാണ്””. അവര്‍ പ്രതിവചിച്ചു. അവസരം ഉപയോഗപ്പെടുത്തി സഅ്ദ് പറഞ്ഞു. “”നിങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുന്നതു വരെ നിങ്ങളോടു ഞാന്‍ സംസാരിക്കില്ല. നിങ്ങളുടെ കൂട്ടത്തിലെ പുരുഷന്‍മാരോടും സ്ത്രീകളോടും എനിക്കു സംസാരം ഹറാമാണ്””. ബുദ്ധിമാനും തങ്ങളുടെ ഗുണകാംക്ഷിയുമായ നേതാവ് നന്‍മയിലേക്കല്ലാതെ ക്ഷണിക്കുകയില്ലെന്ന് ഉത്തമ ബോധ്യമുള്ള അനുയായികള്‍ സകലരും ഒന്നിച്ചു ഇസ്‌ലാം സ്വീകരിച്ചു (മനാഹിലുല്‍ ഇര്‍ഫാന്‍ 2/327).

ഇപ്രകാരം വിശുദ്ധ ഖുര്‍ആന്‍ അതിന്റെ വെട്ടം പരത്തിക്കൊണ്ടിരുന്നു. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് അറേബ്യന്‍ ഉപദ്വീപും പരിസര നാടുകളും ആ പ്രകാശത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി മാറി. ലോകത്ത് എവിടെ മനുഷ്യരുണ്ടോ അവിടെയെല്ലാം ഇന്ന് അഞ്ചു നേരം ഖുര്‍ആന്‍ പാരായണം ചെയ്തു നിസ്‌കരിക്കുന്ന മുസ്‌ലിംകളുണ്ട് എന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. അത്യുജ്വല ജ്യോതിര്‍ഗോളമായ വിശുദ്ധ ഖുര്‍ആനിനെ ഊതിക്കെടുത്താന്‍ അന്നു തൊട്ട് ഇന്നു വരെ പ്രകാശത്തിന്റെ ശത്രുക്കള്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ, മധ്യാഹ്ന സൂര്യന്റെ വെട്ടം തമസ്‌കരിക്കാന്‍ ആര്‍ക്കാണ് കഴിയുക?! വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയട്ടെ: “”അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായകള്‍ കൊണ്ട് ഊതിക്കെടുത്തുവാന്‍ അവരുദ്ദേശിക്കുന്നു. അവിശ്വാസികള്‍ക്ക് അനിഷ്ടകരമെങ്കിലും അല്ലാഹു തന്റെ പ്രകാശം പൂര്‍ത്തീകരിക്കുന്നവനാണ്. സന്‍മാര്‍ഗ്ഗവും സത്യമതവുമായിട്ട്, സകല മതത്തേക്കാളും അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചയച്ചവനാണവന്‍. ബഹുദൈവ വിശ്വാസികള്‍ക്ക് അത് അനിഷ്ടകരമാണെങ്കിലും”” (61: 8-9).
.

Latest