Articles
റമസാന്‍: വിശപ്പ്, ഭക്ഷണം
നോമ്പനുഷ്ഠാനമാണ് റമസാനിലെ പ്രധാന ഇബാദത്ത്. അന്നപാനാദികള്‍ നിശ്ചിത സമയം പൂര്‍ണമായും വെടിയണമെന്നത് നോമ്പിന്റെ പ്രത്യക്ഷമായ ഘടകങ്ങളില്‍ പ്രധാനവുമാണ്. വിശപ്പ് ജീവികളെ സംബന്ധിച്ചിടത്തോളം പ്രകൃതിപരമായ ഒരവസ്ഥയാണ്. ജീവന്റെ നിലനില്‍പ്പിനായി വിശപ്പിന് പൂരണം കാണല്‍ ആവശ്യമായിവരുന്നു. വിശപ്പ് മാറാന്‍ ഭക്ഷണമാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. വിശുദ്ധ നോമ്പനുഷ്ഠാനത്തില്‍ വിശപ്പിന് കാരണമാകുന്ന അന്നപാനാദികളുടെ വര്‍ജനം വരുന്നുണ്ട്. അതിനാല്‍ തന്നെ നോമ്പും വിശപ്പും തമ്മില്‍ ബന്ധമുണ്ട്.
ഭക്ഷണത്തെ നിശ്ചിത സമയത്തില്‍ വര്‍ജിച്ച് വിശപ്പിനെ വിളിച്ചുവരുത്തുന്ന ഉപവാസം പൊതുവെ ചര്‍ച്ചയിലുള്ളതാണ്. ഉപവാസത്തെ ചകിത്സാമുറയായും നല്ല ആരോഗ്യ ശീലമായും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. നിശ്ചിത വസ്തുക്കള്‍ നിശ്ചിത സമയം വര്‍ജിക്കുന്നതല്ല ഇസ്‌ലാമിലെ അനുഷ്ഠാനമായ നോമ്പ്. നിയതമായ സമയം എല്ലാതരം ഭക്ഷണ പാനീയങ്ങളും വര്‍ജിക്കുന്ന സമ്പൂര്‍ണ ഉപവാസമാണ് അത്.
നോമ്പിന്റെ ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങള്‍ പണ്ഡിതന്മാരും ഭിഷഗ്വരന്മാരും എണ്ണിപ്പറഞ്ഞിട്ടുണ്ട്. ആധ്യാത്മികമായ ഗുണങ്ങളേറെയുള്ള നോമ്പിന്റെ അനുഷ്ഠാനത്തോടൊപ്പം ഈ ഗുണങ്ങള്‍ അധികമായി വിശ്വാസിക്ക് ലഭിക്കുന്നു. അതിനാല്‍ തന്നെ വിശപ്പനുഭവിക്കുക എന്നതല്ല, നോമ്പനുഷ്ഠിക്കുക എന്നത് തന്നെയാണ് വിശ്വാസിയുടെ ഉദ്ദ്യേശ്യം. മനുഷ്യപ്രകൃതം താത്പര്യപ്പെടാത്ത വിശപ്പ് സഹിക്കലിനെ തന്റെ ദീനിന്റെ നിര്‍ബന്ധമായ ഒരനുഷ്ഠാനമെന്ന നിലയില്‍ സ്വീകരിക്കാന്‍ തയ്യാറാകുക എന്നതാണിവിടെ പ്രധാനം. നോമ്പിന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലങ്ങള്‍ അതിന്റെ മഹത്വത്തെ വിളംബരപ്പെടുത്തുന്നതാണ്.
ആത്മനിയന്ത്രണം കൈക്കൊള്ളുന്നവനാണ് നോമ്പുകാരന്‍. അതിനാലാണ് “നോമ്പ് എനിക്കുള്ളതാണ്, എനിക്ക് വേണ്ടി അന്നപാനാദികള്‍ വര്‍ജിച്ചവന് ഞാന്‍ തന്നെ പ്രതിഫലം നല്‍കുന്നതാണ്” എന്ന് അല്ലാഹു പഠിപ്പിച്ചത്. അല്ലാഹുവിന് വേണ്ടി വ്രതമനുഷ്ഠിക്കുന്നു, അതിന്റെ ഭാഗമായി അന്നപാനാദികള്‍ വര്‍ജിക്കുന്നു എന്നത് നോമ്പിന്റെ പ്രധാനമാണെന്നര്‍ഥം.
നോമ്പിന്റെ ലക്ഷ്യമായി പഠിപ്പിക്കപ്പെട്ട “തഖ്‌വയെ ആര്‍ജിക്കല്‍” സാധ്യമാകാന്‍ വിശപ്പ് സഹായകമെന്നല്ല; ഒരു മുഖ്യ ഉപാധിയാണ്. ഇസ്‌ലാമിലെ ആത്മസംസ്‌കരണ ശാസ്ത്രത്തില്‍ വിശപ്പിന് മുന്തിയ പരിഗണന നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യനിലെ ദുര്‍വിചാരങ്ങളും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ വിശപ്പിന് വലിയ പങ്ക് നിര്‍വഹിക്കാനാകുമെന്നാണ് പഠിപ്പിക്കുന്നത്. ഇമാം ഗസ്സാലി (റ) പഠിപ്പിക്കുന്നു: വിശപ്പ് അല്ലാഹുവിന്റെ ഗുണ ഭണ്ഡാരങ്ങളിലൊന്നാണ്. വിശപ്പ് കൊണ്ട് ഇല്ലാതായിപ്പോകുന്നതിന്റെ ഏറ്റവും ചെറുത് നാവിന്റെയും രഹസ്യാവയവത്തിന്റെയും വികാരങ്ങളാണ്. കാരണം, വിശക്കുന്നവന് അനാവശ്യ സംസാര മോഹമുണ്ടാകില്ല. അത് വഴി പരദൂഷണം, കളവ്, ഏഷണി, ചീത്ത വര്‍ത്തമാനം തുടങ്ങിയ നാവിന്റെ വിനകളില്‍ നിന്ന് അവന്‍ രക്ഷപ്പെടും. വിശപ്പാണല്ലോ അതിന് കാരണമായത്. നരകത്തിലേക്കെത്തിക്കാന്‍ കാരണമാകുന്ന സംസാരങ്ങളില്‍ നിന്നാണവന് രക്ഷപ്പെടാനാകുന്നത്. ലൈംഗിക വികാരത്തിന്റെ ദൂഷ്യങ്ങള്‍ പറയേണ്ടതില്ല. എന്നാല്‍, വിശക്കുന്നവനില്‍ അതിന് വലിയ സ്വാധീനമുണ്ടാകില്ല. വയര്‍ നിറഞ്ഞ് വിശപ്പില്ലാത്ത അവസ്ഥയില്‍ ലൈംഗിക പ്രവര്‍ത്തനമോ അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശാരീരികമായ ശേഷിയും ശക്തിയുമാണ് അരുതായ്മകള്‍ക്ക് ശരീരത്തിന് സഹായിയാകുന്നത് എന്ന് വിവരിക്കേണ്ടതില്ല.”
അടിസ്ഥാനപരമായ, വിശപ്പില്ലായ്മയില്‍ തന്നെ ശാരീരികമായ വികൃതികള്‍ സ്വാഭാവികമാണ്. എന്നിരിക്കെ അമിതഭോജനത്തിന്റെ ആരോഗ്യപരവും ആധ്യാത്മികവുമായ ദോഷങ്ങള്‍ എത്രയോ വലുതാണ്. ശാരീരികവും ആരോഗ്യപരവുമായ ദോഷങ്ങള്‍ തന്നെ മതപരമായി അമിത ഭോജനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് കാരണമാണ്. സ്വന്തത്തിന് അപകടം വരുത്തുന്ന ഒന്നും മൗലികമായി മതത്തില്‍ അനുവാദമില്ലാത്തതാണ്. മിതഭോജനത്തിന്റെ ലക്ഷ്യം വിശപ്പകറ്റലാണ്. അമിത ഭോജനത്തെക്കുറിച്ച് സാത്വികര്‍ പഠിപ്പിച്ചത് വിനാശകരം എന്നാണ്.
പ്രത്യക്ഷവും ശാരീരികവുമായ വിശപ്പിനൊപ്പം വേറെയും ചില പ്രേരണകളെയും വിളികളെയും നിയന്ത്രിക്കാനും അവഗണിക്കാനും സാധിക്കുമ്പോഴാണ് കൃത്യമായ നോമ്പനുഷ്ഠാനമാകുന്നത്. ഫലത്തില്‍ നോമ്പ് എന്നാല്‍, പ്രത്യേകമായ “ഒരു ചെയ്യല്‍” എന്ന് പറയാനാകില്ല. അല്ലാഹുവിന്റെ നിര്‍ദേശത്തിന് വഴങ്ങുക എന്ന അനുഷ്ഠാനമാണ് അതിലുള്ളത്. എന്നാല്‍, വര്‍ജിക്കലുകളാണ് നോമ്പിന്റെ ആകെത്തുക എന്ന് കാണാം. ഭക്ഷണം, പാനീയം, ലൈംഗിക വൃത്തി എന്നിവ നിശ്ചിത സമയത്ത് പൂര്‍ണമായും വര്‍ജിക്കുന്നു. അനാവശ്യ സംസാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ദുഃശ്ശീലങ്ങള്‍ വര്‍ജിക്കുന്നതില്‍ കൂടുതല്‍ കണിശപ്പെടുന്നു. പുണ്യങ്ങള്‍ പലതും ആവേശപൂര്‍വം ചെയ്യുന്നു എന്നത് നോമ്പിന്റെ ഭാഗമല്ല. നോമ്പിന്റെ ഫലങ്ങളാണ്.
വര്‍ജിക്കുന്നതും ആര്‍ജിക്കുന്നതും അവയുമായി ബന്ധപ്പെട്ട ചില ഗുണദോഷങ്ങള്‍ക്കും കാരണമാകുന്നു. വിശപ്പ് സഹിക്കുമ്പോള്‍ വയര്‍ നിറഞ്ഞുണ്ടാവുന്ന ദുര്‍ഗുണങ്ങള്‍ ഇല്ലാതാവുന്നു. അഥവാ, നോമ്പിന്റെ ഭാഗമായും ഫലമായും ഉണ്ടാകുന്ന എല്ലാ കാര്യങ്ങളും മനുഷ്യനിലെ ജൈവികവും ആധ്യാത്മികവുമായ നേട്ടങ്ങള്‍ക്കാണ് കാരണമാകുന്നത്. നോമ്പ് എന്ന അനുഷ്ഠാനത്തെ ഇഴകീറി പരിശോധനക്ക് വെച്ചാല്‍ വിശപ്പിനെ അനുഷ്ഠിക്കുക എന്നത് മുഖ്യമായ ഒന്നായി വരുന്നു. അത് ശാരീരികവും ആത്മീയവുമായ പ്രതിരോധ ദൗത്യം നിര്‍വഹിക്കുന്നു. ശരീരത്തിനും ആത്മാവിനും ഗുണം നേടിത്തരുന്നു എന്നും ഗ്രഹിക്കാനാകും.
വിശപ്പനുഷ്ഠാനത്തിന്റെ അടിസ്ഥാന ഗുണങ്ങള്‍ ആരോഗ്യ ശാസ്ത്രത്തില്‍ വിവരിക്കപ്പെട്ടതാണ്. വിശ്വാസിക്കും അല്ലാത്തവര്‍ക്കും അത് ലഭിക്കുമെന്നത് അനുഭവമാണ് താനും. എന്നാല്‍, “സൗമ്” എന്ന് സാങ്കേതികമായി പറയുന്ന, ഇസ്‌ലാമിലെ ഒരു കര്‍മം എന്ന “വ്യക്തിത്വം” അതിന് ലഭിക്കാന്‍ ഏറെ ചേരുവകളുണ്ടെന്ന് ഉപരിസൂചനകളില്‍ നിന്ന് തന്നെ മനസ്സിലാക്കാനാകും. അനാവശ്യമായ വര്‍ത്തമാനവും പ്രവൃത്തിയും വര്‍ജിക്കാത്തവന്റെ നോമ്പ് അല്ലാഹുവിനാവശ്യമില്ലെന്നും അവന് വിശപ്പ് മാത്രമേ ശേഷിക്കുകയുള്ളൂ എന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. വിശപ്പ് കൊണ്ട് നേടാനാവുന്നതൊക്കെ ലഭിച്ചാലും നോമ്പനുഷ്ഠാനത്തെ കൃത്യമായി നിര്‍വഹിക്കാനായിട്ടില്ല എന്നാണത് പഠിപ്പിക്കുന്നത്. ചുരുക്കത്തില്‍ നോമ്പിന് വിശപ്പുണ്ട്. പക്ഷേ, വിശപ്പ് കൊണ്ട് മാത്രം, നോമ്പാവില്ല. അതുകൊണ്ട് വിശപ്പ് സഹിച്ചതുകൊണ്ട് മാത്രം നോമ്പുകാരനാകില്ല. നോമ്പിന്റെ ആധ്യാത്മിക ഗുണങ്ങള്‍ പ്രാപിക്കാനുമാകില്ല.
പതിനൊന്ന് മാസക്കാലം നാം തുടര്‍ന്നുവന്ന ജീവിതത്തിന് നാം തന്നെ ഒരു നിയന്ത്രണമേര്‍പ്പെടുത്താന്‍ തയ്യാറായിരിക്കുകയാണ്. ചെറിയ അര്‍ഥത്തിലെങ്കിലും “വിശപ്പി”ന്റെ ഗുണപാഠങ്ങള്‍ നമ്മെ സ്വാധീനിക്കേണ്ടതുണ്ട്. അത്മീയവും ശാരീരികവുമായ ഗുണം ലഭിക്കുന്ന വിധം നമ്മുടെ നോമ്പായിത്തീരണം. അതോടൊപ്പം നോമ്പിന്റെ സാമൂഹിക പ്രാധാന്യം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വിശപ്പ് മാറ്റുക എന്നതില്‍ നിന്ന് ഭിന്നമായി സുഭിക്ഷവും ആര്‍ഭാടവുമായ ഭക്ഷണശീലമായിരുന്നു നാം സ്വീകരിച്ചിരുന്നത്. ധൂര്‍ത്തായ രൂപത്തില്‍ നമ്മുടെ തീന്‍മേശകളില്‍ നിരന്ന ഭക്ഷ്യ വിഭവങ്ങള്‍ പലതും പാഴാക്കപ്പെട്ടിരിക്കുന്നു. അമിതമായി നാം വലിച്ചുകയറ്റിയത് നമ്മുടെ ശരീരത്തെ തന്നെ കടന്നാക്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ പകല്‍ സമയങ്ങളിലെ നമ്മുടെ ഭക്ഷണ മോഹത്തിന് നാം നിയന്ത്രണം നല്‍കിയിരിക്കുന്നു. ഇതൊരു പരിശീലനമാകണം. ഇഷ്ടപ്പെട്ടതെന്തും തയ്യാറാക്കിയും സംഘടിപ്പിച്ചും ഉപയോഗിക്കുക എന്ന ശീലത്തില്‍ നിന്നു നാം മോചിതരാകണം.
ക്ഷുത്തടക്കാന്‍ പോലും ഭക്ഷണം ലഭിക്കാത്തവര്‍ നാം ജീവിക്കുന്ന ലോകത്തുണ്ട്. പലപ്പോഴും പരിസരത്തുമുണ്ടാകാം. വിശപ്പിന്റെ വിലയിറിയാന്‍ നോമ്പ് മുഖേന സാധിക്കുമെന്നാണ്. നമ്മുടെ നോമ്പും അതിന് സാധിക്കുന്നത് തന്നെയാണ്. വിശപ്പ് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ ഉണര്‍ത്തുന്നു എന്നത് സ്വാഭാവികം. സാങ്കേതികമായ വശപ്പ് ഭക്ഷണത്തിന് വേണ്ടിയാണെങ്കില്‍, നാമറിയാത്ത ഒട്ടേറെ “വിശപ്പുകള്‍” നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ ജീവിതത്തില്‍ നാമറിയാത്ത വിശപ്പുകളായിരിക്കാമത്. ജീവിതത്തിലെ ഒട്ടേറെ അത്യാവശ്യങ്ങള്‍ പൂര്‍ത്തീകിരക്കപ്പെടാത്തവര്‍ നമുക്കിടയില്‍ തന്നെയുണ്ടാകാം. അത്തരമൊരു വിശപ്പിന്റെ വിളി നമ്മില്‍ നിന്നുയരുന്നില്ലെങ്കിലും വിശപ്പുകളുമായി കഴിയുന്നവര്‍ക്ക് പരിഹാരമാകാനും നോമ്പ് നമ്മോടാവശ്യപ്പെടുന്നുണ്ട്. ഭക്ഷണം ആവശ്യമായ വിശപ്പിനേക്കാളും ശക്തമായി കത്തി നില്‍ക്കുന്ന വിശപ്പുകള്‍ക്ക് പരിഹാരമുണ്ടാകണം. നോമ്പിന്റെ വിശപ്പ് പോലെ നമുക്കനുഷ്ഠിക്കാനാവാത്തതാണാവിശപ്പ്. അതനുഭവിക്കാതെ തന്നെ അതിന്റെ കാഠിന്യമറിയാനും റമസാനിലെ വിശപ്പനുഷ്ഠാനം കാരണമാകണം.
ഒരു ആരാധനയുടെ ഭാഗമായി വിശപ്പ് സഹിക്കാനവസരം നല്‍കിയ നാഥന്‍ നിശ്ചിത പരിധിയില്‍ അതൊതുക്കിയിരിക്കുന്നു എന്ന് നമുക്ക് സമാധാനിക്കാം. എന്നാല്‍, മറ്റു വിശപ്പുകള്‍ നമ്മെ തേടി വരാതെയിരിക്കണമെന്ന മോഹം നമുക്കുണ്ടെന്നത് നമ്മെ കര്‍മകുശലന്മാരാക്കുന്നു. പ്രത്യക്ഷത്തില്‍ അമ്പിയാക്കളും ഔലിയാക്കളും മഹാന്മാരുമെല്ലാം വിശപ്പനുഭവിച്ചിട്ടുണ്ട്. വയറ്റത്ത് കല്ല് വെച്ചുകെട്ടി ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തിയ പൂര്‍വികരുടെ കഥകള്‍ നമുക്കറിയാം. സാധിക്കാനാകുമായിരുന്നിട്ടും ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും പരിഹാരം കാണാതെ ക്ഷമാശീലരായ സാത്വികര്‍ നമുക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. വകുപ്പില്ലാത്തതിന്റെ പേരില്‍ വിശപ്പ് സഹിച്ചവരും ത്യാഗമെന്ന നിലയില്‍ വിശപ്പിനെ വരിച്ചവരും നേടിയ ആത്മീയമായ ഫലങ്ങളെ നോടാന്‍ നമുക്ക് നോമ്പിലൂടെ നാഥന്‍ അവസര സൗഭാഗ്യം നല്‍കിയിരിക്കുകയാണ്. എന്നാല്‍, അതിന്റെ പ്രതിഫലവും പുണ്യവും നേടാന്‍ നമ്മുടെ നോമ്പുകള്‍ക്ക് കരുത്തുണ്ടാകണം. നോമ്പിന്റെ അനുഷ്ഠാനവും അനുഭവവും മാത്രമാകരുത് നമ്മെ സ്വാധീനിക്കേണ്ടത്. നോമ്പിന്റെ ആയിരം നാക്കുകള്‍ കൊണ്ടുള്ള ആഹ്വാനങ്ങളും കൂടി നാം കേള്‍ക്കണം. അതില്‍ ശാരീരികവും ആത്മീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ആഹ്വാനങ്ങളുണ്ട്.