Ramzan
അത്താഴവും നോമ്പ് തുറക്കലും
നോമ്പില്‍ ഭക്ഷണ നിഷേധമല്ല, നിയന്ത്രണമാണുള്ളത്. നിശ്ചിത സമയത്തിന് മുമ്പും ശേഷവും ഭക്ഷണം ആകാമെന്നല്ല, അത് ഒരു പുണ്യകര്‍മവും കൂടിയാണ്. ഇസ്‌ലാമില്‍ ഭക്ഷണ കാര്യവുമായി ബന്ധപ്പെട്ട് നിരോധനങ്ങളും നിയന്ത്രണങ്ങളും നിര്‍ദേശങ്ങളുമുണ്ട്. നോമ്പിന്റെ ഭാഗമായി നിയന്ത്രണങ്ങളാണുള്ളത്.
ജീവനോ ആരോഗ്യത്തിനോ നാശം സംഭവിക്കുന്ന വിധത്തില്‍ ഭക്ഷണം വര്‍ജിക്കല്‍ കുറ്റകരമാണ്. ഭക്ഷണം ഒഴിവാക്കി മരണം വരിക്കുന്നതും ആത്മഹത്യയുടെ ഇനത്തിലാണ് ഉള്‍പ്പെടുന്നത്. വിശപ്പടക്കാന്‍ അനുവദനീയമായ ഒന്നും ലഭിക്കാതെ മരണത്തെ മുന്നില്‍ കാണുന്ന അവസ്ഥയില്‍ നിഷിദ്ധമായ ഭക്ഷണമാണെങ്കില്‍ പോലും അത് കഴിച്ച് ജീവന്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കല്‍ നിര്‍ബന്ധമാണ്. നമ്മുടെ ഭൗതിക നിയമത്തില്‍ തന്നെ ഉപവാസം മരണവക്ത്രത്തിലെത്തിയാല്‍ നിര്‍ബന്ധിച്ച് അവസാനിപ്പിക്കുന്നുണ്ടല്ലോ.
നോമ്പിന്റെ കാരണമായി ഭക്ഷണം ഉപേക്ഷിക്കേണ്ടത് മഗരിബ്(സൂര്യാസ്തമയം) വരെ മാത്രമാണ്. സൂര്യാസ്തമയ സമയത്ത് വല്ലതും കഴിച്ച് നോമ്പവസാനിപ്പിക്കേണ്ടതുമാണ്. കൃത്യമായ ഒരു സമയത്തിനപ്പുറത്ത് നോമ്പില്ല. ഭക്ഷണമുപേക്ഷിക്കുക എന്നതില്‍ മാത്രമല്ല നോമ്പിന്റെ മഹത്വം കുടികൊള്ളുന്നത് എന്നര്‍ഥം. നോമ്പിന്റെ ആരംഭത്തിലും ഒരു പുണ്യമായി ഭക്ഷണം കഴിക്കലുണ്ട്. രാത്രി ഭക്ഷണം കഴിക്കുന്നതിന് പൊതുവെ അത്താഴം എന്ന് പറയാറുണ്ടെങ്കിലും അര്‍ധരാത്രിക്ക് ശേഷം വല്ലതും കഴിക്കുന്നതിനാണ് “സുഹര്‍”/അത്താഴം കഴിക്കല്‍ എന്ന് ഫിഖ്ഹിലെ പ്രയോഗം. നോമ്പിന് ഇത് ഒരു അനുഷ്ഠാനമായി, പുണ്യമായിട്ടാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നബി(സ)പറഞ്ഞു: നിങ്ങള്‍ നോമ്പിന് അത്താഴം കഴിക്കണം. നിശ്ചയം അതില്‍ ബറകത്തുണ്ട്.” “പകലിലെ നോമ്പിന് നിങ്ങള്‍ അത്താഴം കഴിച്ച് സഹായം തേടുക”.
ഭക്ഷണമുപേക്ഷിക്കല്‍ പ്രധാനമായി നോമ്പിന്റെ ആരംഭത്തിന് മുമ്പായി അല്‍പം എന്തെങ്കിലും കഴിക്കുക എന്നത് സുന്നത്താക്കിയിരിക്കുന്നു. ഭക്ഷണം ആവശ്യമില്ലെന്നു തോന്നിയാലും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലെങ്കിലും അത്താഴം കഴിക്കുക എന്ന സുന്നത്ത് നേടാന്‍ ശ്രമിക്കണം. അതിന് ഒരിറക്ക് വെള്ളം മാത്രം നിയ്യത്തോടെ കുടിച്ചാല്‍ മതി. അധികം കഴിക്കണമെന്നോ വയര്‍ നിറക്കണമെന്നോ ഇന്നതായിരിക്കണമെന്നോ ഇല്ല. നബി(സ) നിര്‍ദേശിച്ചു; ഒരിറക്ക് വെള്ളം കൊണ്ടെങ്കിലും നിങ്ങള്‍ അത്താഴം കഴിക്കല്‍ എന്ന സുന്നത്ത് നേടുക.
നോമ്പ് ഒരു പീഡനമെന്ന നിലയിലല്ലാത്തതിനാല്‍ വൈകി അത്താഴം കഴിച്ച് പകല്‍ സമയത്തെ ഉന്‍മേഷം സംരക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. അതിന് ഗുണമുണ്ടെന്ന് അറിയിച്ചിട്ടുമുണ്ട്. നബി(സ) പറഞ്ഞു: അത്താഴം കഴിക്കല്‍ പിന്തിക്കുകയും നോമ്പ് തുറക്കല്‍ വേഗത്തില്‍ നിര്‍വഹിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ എന്റെ സമുദായം ഗുണത്തിലായിരിക്കും. നബി(സ) സ്വന്തം ജീവിതത്തിലൂടെ അത്താഴസമയത്തെ കുറിച്ച് മാതൃക നല്‍കിയിട്ടുണ്ട്. സൈദ്ബ്‌നു സാബിത്(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം അത്താഴം കഴിച്ചു. പിന്നെ ഞങ്ങള്‍ നിസ്‌കരിച്ചു. നിസ്‌കാരത്തിന്റെയും അത്താഴത്തിന്റെയും ഇടയില്‍ അമ്പത് ഖുര്‍ആന്‍ ആയത്തുകള്‍ പാരായണം ചെയ്യാനെടുക്കുന്നതിന് സമാനമായ സമയമുണ്ടായിരുന്നു”. നബി(സ)യില്‍ നിന്ന് മാതൃക സ്വീകരിച്ച സ്വഹാബികളും അതാണ് പിന്തുടര്‍ന്നത്. സഹ്ല്‍ (റ) പറയുന്നു. “ഞാന്‍ എന്റെ കുടുംബത്തോടൊപ്പം അത്താഴം കഴിച്ചതിന് ശേഷം വേഗത്തില്‍ പള്ളിയില്‍ ചെന്ന് നബി(സ)യോടൊപ്പം നിസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു”
അത്താഴം കഴിക്കല്‍ സുന്നത്തായ ഒരു കര്‍മമാണ്. അത് വൈകിക്കുന്നത് നല്ലതുമാണ്. പക്ഷേ, നോമ്പിന്റെ സമയം, ആരംഭിക്കുന്നതിന് മുമ്പ് തന്നെ അതവസാനിപ്പിച്ചിരിക്കണം. നമ്മുടെ നാടുകളില്‍ വ്യത്യസ്തമായ ബാങ്കുകള്‍ കേള്‍ക്കാറുണ്ട്. കൃത്യസമയത്ത് വിളിക്കപ്പെടുന്ന ബാങ്കിനെ മാത്രമേ നാം അവലംഭിക്കാവൂ. സുബ്ഹിയുടെ സമയം ആയിക്കഴിഞ്ഞ ശേഷം വൈകി ബാങ്ക് വിളിക്കുന്നവരുണ്ട്. അതിനനുസരിച്ച് അത്താഴത്തെ വൈകിച്ച് നോമ്പ് നഷ്ടപ്പെടുത്തരുത്.
നോമ്പവസാനിപ്പിക്കുന്ന സമയത്ത് എന്തെങ്കിലും കഴിക്കുന്നതിന് നോമ്പ് തുറക്കല്‍ എന്ന് പറയുന്നു. നിശ്ചിത സമയം, വല്ലതും കഴിക്കുന്നതിനെ ഒരു പുണ്യകര്‍മമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതിന് ഒരു രൂപവും നിശ്ചയിച്ചിട്ടുണ്ട്. സമയമായാല്‍ പിന്നീട് അല്‍പം പോലും താമസിക്കാതെ നോമ്പ് തുറക്കണം. ഒരു ആരാധനയുടെ വിരാമഘട്ടത്തെ വ്യക്തമായി അനുഷ്ഠിക്കുകയാണിതില്‍. മേല്‍ഹദീസില്‍ സൂചിപ്പിച്ചപോലെ, ഗുണനിമിത്തമായിട്ടാണ് വേഗത്തില്‍ നോമ്പ് തുറക്കുന്നതിനെ വിവരിച്ചിരിക്കുന്നത്. നോമ്പവസാനിപ്പിച്ച് എന്തെങ്കിലും കഴിക്കണമെന്ന മനുഷ്യന്റെ പ്രകൃതിപരമായ ആവശ്യത്തെ ആത് വേഗത്തില്‍ നിര്‍വഹിച്ച് പുണ്യമാക്കിത്തീര്‍ക്കാന്‍ വിശ്വാസിക്ക് സാധിക്കുന്നു. താമസിപ്പിക്കുന്നതാണ് ഗുണമെന്നോ സൂക്ഷ്മതയെന്നോ കരുതി അങ്ങനെ ചെയ്യുന്നത് കറാഹത്താണ്. സമയമായി എന്നുറപ്പായാല്‍ പിന്നെ വൈകിക്കുന്നത് നല്ലതല്ലാത്തതും പുണ്യത്തെ നഷ്ടപ്പെടുത്തലുമാണ്.
നബി(സ) മഗ്‌രിബ് നിസ്‌കരിക്കുന്നതിന് മുമ്പ് ഈത്തപ്പഴം ഉപയോഗിച്ച് നോമ്പ് തുറന്നിരുന്നു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഈത്തപ്പഴം, കാരക്ക, വെള്ളം എന്നിങ്ങനെയാണ് നോമ്പ് തുറക്കാനുപയോഗിക്കുന്നവയുടെ ക്രമം. ഈത്തപ്പഴം ലഭിക്കാതെ വന്നാല്‍ കാരക്കയും അതും ലഭിക്കാതെ വന്നാല്‍, മൂന്ന് ഇറക്ക് വെള്ളം ഇതാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. തുറക്കാന്‍ വെള്ളമായാല്‍ മൂന്ന് ഇറക്കും ഈത്തപ്പഴമോ കാരക്കയോ ആണെങ്കില്‍ മൂന്നെണ്ണവും ആകുന്നത് സുന്നത്ത് തന്നെയാണ്. നോമ്പ് തുറക്കുമ്പോള്‍ തുറക്കുക എന്ന പ്രവൃത്തിയാല്‍ തന്നെ വേഗത്തിലാകുക, ഇന്നത് കൊണ്ടാവുക, മൂന്നാവുക എന്നീ പുണ്യങ്ങള്‍ ഒന്നിച്ച് ലഭിക്കുന്നു.
നോമ്പ് തുറക്കുന്നതിന് നിശ്ചയിക്കപ്പെട്ട ഈത്തപ്പഴത്തിന്റെയും കാരക്കയുടെയും ഗുണമേന്മകള്‍ വിവരിക്കപ്പെട്ടതാണ്. വെള്ളം തീരെ ഘനം കുറഞ്ഞതായതിനാല്‍ അത് വരെ കാലിയായിക്കിടന്ന വയറിനോട് യോജിച്ചതായിരിക്കും. നിസ്‌കാരത്തിന് മുമ്പ് തന്നെ നോമ്പ് തുറന്ന് നിസ്‌കാര ശേഷം ഭക്ഷണം കഴിക്കുക എന്ന നിലയില്‍ വല്ലതും കഴിച്ചാല്‍ സുന്നത്ത് ലഭിക്കുകയും വിശപ്പ് മാറുകയും ക്ഷീണം പോകുകയും ചെയ്യുന്നു. സാധാരണ ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഇതിനോട് കൂടെ ചേരുമ്പോള്‍ പുണ്യങ്ങള്‍ ഇനിയും വര്‍ധിക്കുന്നു.