Connect with us

Articles

ഇത് മൗലിക മാറ്റങ്ങളുടെ അധ്യയന വര്‍ഷം

Published

|

Last Updated

നിറയെ സ്വപ്‌നങ്ങളും പുത്തന്‍ പ്രതീക്ഷകളുമായി സ്‌കൂളുകളിലേക്ക് കടന്നു വരുന്ന പുതുതലമുറയെ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വാഗതം ചെയ്യുന്നു. അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും സാര്‍ഥകമാക്കുക എന്നതാണ് സര്‍ക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ലക്ഷ്യം. ആ പരിശ്രമങ്ങള്‍ക്കൊപ്പം നിന്ന് ലക്ഷ്യത്തെ പ്രോജ്വലമാക്കുക എന്ന ചുമതലയാണ് അധ്യാപക അനധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും മാതാപിതാക്കള്‍ക്കും നിര്‍വഹിക്കാനുള്ളത്. സ്വപ്‌നങ്ങള്‍ പൂവണിയുമ്പോള്‍ സമൂഹത്തിലുണ്ടാകുന്ന സാമൂഹികസാംസ്‌കാരിക വികാസം വരുംതലമുറക്ക് കൂടുതല്‍ കരുത്ത് നല്‍കും. ഈ സുവര്‍ണ പ്രതീക്ഷക്ക് സമാരംഭം കുറിക്കുന്ന ജൂണ്‍ ഒന്ന് പ്രവേശനോത്സവമായി കേരളം ആഘോഷിക്കുകയാണ്. മലയാള ഭാഷയുടെ പുഞ്ചിരി കൂടി സൗരഭ്യം പരത്തുമ്പോള്‍ പുതുവസന്തം വിരിയുവാനുള്ള ഭൂമിക ഒരുങ്ങിയിരിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ങളും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ ഈ മഹോത്സവത്തില്‍ പങ്കാളികളാകണം.

2017-18 അധ്യയന വര്‍ഷം കേരളം വിദ്യാഭ്യാസ രംഗത്ത് മൗലികമായ നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നതാണ് വിദ്യാഭ്യാസം എന്ന നിര്‍വചനം സാക്ഷാത്കരിക്കാവുന്ന രീതിയിലാണ് വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ കാണുന്നത്. സമഗ്രമാണ് വിദ്യാഭ്യാസം എന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിശ്വസിക്കുന്നു. വിഷയ പഠനത്തോടൊപ്പം കുട്ടിയുടെ സര്‍ഗപരമായ എല്ലാ കഴിവുകളേയും വളര്‍ത്തുകയും പ്രകൃതിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലുള്ള സ്ഥൂലസൂക്ഷ്മ ബന്ധങ്ങളെ കുറിച്ചു കൂടി പഠിക്കുകയും ചെയ്യണം എന്നതാണ് സര്‍ക്കാറിന്റെ കാഴ്ചപ്പാട്. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ ഈ വര്‍ഷം മുഴുവന്‍ ശ്രമിക്കും.

ഈ അധ്യയന വര്‍ഷം എല്ലാ ക്ലാസുകളിലും 1000 മണിക്കൂര്‍ പഠനമൊരുക്കാനുള്ള വലിയ ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കേണ്ടത് എല്ലാവരുടേയും കടമയാണ്. ഓണം, ക്രിസ്തുമസ്, മോഡല്‍, ഫൈനല്‍ പരീക്ഷകള്‍ എന്നെല്ലാം നടക്കും എന്ന് നേരത്തെ തന്നെ പ്രഖ്യാപിക്കും. അങ്ങനെ വിഷയങ്ങള്‍ ചിട്ടപ്പെടുത്തി പഠിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഴിയും. ഓരോ അധ്യാപകനും ഇതനുസരിച്ച് അക്കാദമിക് കലണ്ടര്‍ തന്നെ തയ്യാറാക്കി പഠനാധ്യായങ്ങള്‍ യഥാസമയം തീര്‍ക്കാനും തുടര്‍ പരിശോധന നടത്തുന്നതിനും ശ്രദ്ധിക്കണം. ഓരോ ക്ലാസിലേയും എല്ലാ കുട്ടികളും പഠിക്കേണ്ട കാര്യങ്ങള്‍ പഠിച്ചു എന്നുറപ്പു വരുത്തുന്നതാണ് അധ്യാപകന്റെ കടമ. വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസ പ്രക്രിയയുടെ മര്‍മം ഇതാണ്. ഓരോ കുട്ടിയേയും തുടര്‍ച്ചയായി വിലയിരുത്തി പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ അത് പരിഹരിച്ചു വേണം മുന്നോട്ടു പോകാന്‍. അപ്പോള്‍ മാത്രമേ അക്കാദമിക് മികവ് സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. അക്കാദമിക് മികവാണ് വിദ്യാലയത്തിന്റെ മികവ്. ആ മികവിനെ അന്താരാഷ്ട്ര തലത്തിലെത്തിക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യത്തോടൊപ്പം മലയാള പഠനം കൂടിയാകുമ്പോള്‍ സമൂഹത്തിന്റെയും ആവാസ വ്യവസ്ഥയുടേയും എല്ലാ സ്പന്ദനങ്ങളും തിരിച്ചറിയാനാകും എന്നതിനാല്‍ സമഗ്രമായ അക്കാദമിക് മികവു തന്നെ നേടാനാകും. തികച്ചും അനിവാര്യമായ ഈ വിദ്യാഭ്യാസ സംസ്‌കാരം വികസിപ്പിക്കാന്‍ കേരളത്തിന് കഴിയണം.

അധ്യാപനത്തോടും പഠനത്തോടുമൊപ്പം പരീക്ഷക്കും നിലവിലുള്ള വ്യവസ്ഥയില്‍ വലിയ സ്ഥാനമുണ്ട്. ഈ രംഗത്തും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പരീക്ഷാ പരിഷ്‌കരണം ഈ അക്കാദമിക് വര്‍ഷത്തിലെ പ്രധാന അജന്‍ഡയാണ്. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ മുഴുവന്‍ പരീക്ഷകളും സര്‍ക്കാര്‍ നേരിട്ട് നടത്തും. പാഠപുസ്തകം ആസ്പദമാക്കിയുള്ള ചോദ്യബേങ്ക് രൂപവത്കരിക്കും. സെന്‍ട്രല്‍ പോര്‍ട്ടലില്‍ അത് പ്രസിദ്ധീകരിക്കും. ഇതിലൂടെ പരീക്ഷ സംബന്ധിയായി ഇന്നുള്ള പല ദുഃസ്വാധീനങ്ങളും ഇല്ലാതാക്കുന്നതിനും പരീക്ഷയെക്കുറിച്ച് കുട്ടികള്‍ക്കുള്ള ഭയം കുറക്കാനും കഴിയും. ചോദ്യബാങ്ക് പരീക്ഷാ രംഗത്ത് ഒരു നാഴികക്കല്ലാകും. പരീക്ഷയുടെ ആധുനീകരണം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ചോദ്യപേപ്പറും ഈ വര്‍ഷം പരീക്ഷിക്കും. പരീക്ഷകള്‍ കൃത്യസമയത്തു തന്നെ നടക്കുന്നതിനും നിശ്ചിത സമയത്തു തന്നെ ഫലം പ്രസിദ്ധീകരിക്കുന്നതിനും ആയിരിക്കും ഈ വര്‍ഷത്തെ മറ്റൊരു പ്രധാന ശ്രദ്ധ.
സ്വകാര്യ ട്യൂഷനും ഗൈഡ് സംസ്‌കാരവും എന്‍ട്രന്‍സ് ഭ്രമവും നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്ത് അപകടകരമായ പല പ്രവണതകളും സൃഷ്ടിച്ചിട്ടുണ്ട്. ഇത് നല്ലതല്ല. അതുകൊണ്ടു തന്നെ ഈ പ്രവണതകളെ നിരുത്സാഹപ്പെടുത്തേണ്ട ചുമതല സര്‍ക്കാറിനുണ്ട്. ഈ പ്രശ്‌നത്തെ അത്യന്തം ഗൗരവത്തോടെ തന്നെയാണ് സര്‍ക്കാര്‍ വീക്ഷിക്കുന്നത്. അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമാണ്. അങ്ങനെ തന്നെ അതിനെ കാണും. വിദ്യാഭ്യാസ രംഗത്തെ അനഭിലഷണീയമായ പ്രവണതകളെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ അഴിമതി ഇല്ലാതാക്കാന്‍ വിജിലന്‍സ് വകുപ്പുമായി സഹകരിച്ച് എഡ്യൂവിജില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസത്തിന്റെ ആധുനീകരണത്തിനു വേണ്ടി ക്ലാസുകള്‍ ഹൈടെക് ആക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് എന്നീ നാലു മണ്ഡലങ്ങളിലെ 8,9,10,11,12 ക്ലാസുമുറികള്‍ ഹൈടെക് ആക്കി മാറ്റിക്കഴിഞ്ഞു. ബാക്കി 136 മണ്ഡലങ്ങളിലെ എല്ലാ ക്ലാസ്സുകളും (45,000 ക്ലാസുമുറികള്‍) ഈ അക്കാദമിക് വര്‍ഷത്തില്‍ ഹൈ ടെക് ക്ലാസുകളാക്കി മാറ്റും. ഇതിനായി കിഫ്ബിയില്‍ നിന്ന് 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടെ പഠനത്തിന്റെ തലത്തില്‍ അഭൂതപൂര്‍വവും ഗുണപരവുമായ മാറ്റമുണ്ടാകും. ഈ അനന്ത സാധ്യതകളെ പുതിയ തലമുറക്ക് പകര്‍ന്നു കൊടുക്കുവാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം.

അക്കാദമിക് മികവ് അന്താരാഷ്ട്ര തലത്തിലേക്കെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൗതിക സാഹചര്യങ്ങളും കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഇതിനായി 1000 സ്‌കൂളുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 200 കോടി രൂപയുടെ പദ്ധതി കിഫ്ബിയിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം 140 മണ്ഡലങ്ങളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. തുടര്‍ന്ന് ലാബുകളും ലൈബ്രറികളും നവീകരിക്കും. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഓട്ടിസം പാര്‍ക്കുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്.

ഒരു കുട്ടിയുടേ എല്ലാവിധ കഴിവുകളുടെയും വികാസമാണ് വിദ്യാഭ്യാസം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ഓരോ മണ്ഡലത്തിലും കലാകായിക സാംസ്‌കാരിക പാര്‍ക്ക്, നീന്തല്‍ കുളം എന്നിവ ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കും. കേരളത്തിലെ ആദ്യത്തെ കലാകായിക സാംസ്‌കാരിക പാര്‍ക്ക് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സ്‌കൂളില്‍ നിര്‍മാണം പുരോഗമിച്ചു വരുന്നു. ജൈവവൈവിധ്യ പാര്‍ക്ക് കേരളത്തിലെ എല്ലാ സ്‌കൂളുകളിലും നിര്‍മിക്കണമെന്നും ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മഴക്കൊയ്ത്തുത്സവമായി ആചരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍പ്പെടുത്താനാവുവിധം വിദ്യാലയ ക്യാമ്പസ് തന്നെ ഇതോടെ ഒരു പാഠപുസ്തകമായിമാറും.

ജനകീയവത്കരണത്തിലൂടെയും ജനാധിപത്യവത്കരണത്തിലൂടെയും സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല മാതൃക സൃഷ്ടിച്ച കേരളം, വൈജ്ഞാനിക മേഖലകളിലെ മഹത്തായ നേട്ടങ്ങളെ സ്വാംശീകരിച്ച്, വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കുന്നതിനും അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള പരിശ്രമങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മേല്‍പറഞ്ഞ മാറ്റങ്ങളെല്ലാം ജനകീയമായി നടപ്പിലാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദ്ദേശിക്കുന്നത്. ഇതിന് ജനങ്ങളുടെയും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പൂര്‍ണപിന്തുണ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പലതും നിറവേറ്റിക്കൊണ്ടാണ് പുതുവര്‍ഷത്തിലേക്ക കടക്കുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ തന്നെ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി. യൂനിഫോം വിതരണം ആരംഭിച്ചു. ഒന്നു മുതല്‍ പത്തു വരെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ അപകട ചികിത്സാ പദ്ധതി നടപ്പിലാക്കി. ഹയര്‍സെക്കന്ററി തലത്തിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 13000 സ്‌കൂളുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. ഒന്നര ലക്ഷം അധ്യാപകര്‍ക്ക് ആധുനിക പരിശീലനം നല്‍കി. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുവിധം ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ തയ്യാറാക്കി. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള “കളിപ്പെട്ടി” എന്ന പുസ്തകവും, 5,6,7 ക്ലാസ്സുകളിലെ വിവിധ വിഷയങ്ങളുടെ ഐ സി ടി സാധ്യതകള്‍ സംഗ്രഹിച്ച് തയ്യാറാക്കിയ “ല@വിദ്യ” എന്ന പേരിലുള്ള പുസ്തകങ്ങളും തയ്യാറാക്കി. ഇതെല്ലാം ഈ അക്കാദമിക് വര്‍ഷത്തിന്റെ സമ്പൂര്‍ണ വിജയത്തിന് പശ്ചാത്തലമായി കാണണം. 201718 കേരളത്തിന്റേ പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന്റെ നിര്‍ണായക വര്‍ഷമായി കണ്ട് ജൂണ്‍ ഒന്നിന്റെ പ്രവേശനോത്സവത്തിലും ജൂണ്‍ അഞ്ചിന്റെ മഴക്കൊയ്ത്തുത്സവത്തിലും എല്ലാവരും പങ്കെടുക്കണം.

Latest