Ramzan
നോമ്പുകാരന്റെ വിശപ്പ് മാറ്റിയാല്‍

നോമ്പനുഷ്ഠിച്ചവനെ നോമ്പ് തുറപ്പിക്കുന്നതും വിശക്കുന്നവന്റെ വിശപ്പകറ്റുന്നതും റമസാനില്‍ വര്‍ധിതമായ പ്രതിഫലം നേടിത്തരുന്ന കാര്യങ്ങളാണ്. സ്വന്തത്തെ എന്ന പോലെ അപരന്റെ വിശപ്പിന് ശമനം നല്‍കുന്നതിന് ഇസ്‌ലാം പരിഗണന നില്‍കിയിരിക്കുകയാണ്. നോമ്പ് തുറപ്പിക്കുക എന്നതിന് തന്നെ വലിയ പ്രതിഫലമുണ്ട്. അത് വിശപ്പ് മാറുന്നതിനുള്ള ഭക്ഷണം നല്‍കല്‍ കൂടിയാണെങ്കില്‍ പ്രതിഫലം വര്‍ധിക്കുന്നു. നോമ്പുമായി ബന്ധപ്പെട്ട സുന്നത്തുകളില്‍ പ്രധാനമായ ഒന്നാണ് നോമ്പ് തുറപ്പിക്കല്‍. നബി(സ) പറഞ്ഞു: “റമസാനില്‍ നോമ്പ് നോറ്റ ഒരുവനെ നോമ്പ് തുറപ്പിച്ചാല്‍ തുറപ്പിച്ചവന് അത് പാപങ്ങളില്‍ നിന്നുള്ള മോചനത്തിനും നരകമോചനത്തിനും കാരണമാകുന്നതാണ്. മാത്രവുമല്ല, നോമ്പ് തുറന്നവന്റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ തന്നെ അതിന് സമാനമായ പ്രതിഫലം തുറപ്പിച്ചവന് ഉണ്ടായിത്തീരുന്നതുമാണ്.” സ്വഹാബികളപ്പോള്‍ അവരുടെ ആശങ്ക നബി(സ)യെ അറിയിച്ചു. നോമ്പുകാരനെ തുറപ്പിക്കാനാവശ്യമായത് ഞങ്ങളാരുടെയും അടുത്തില്ലല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു: ഒരിറക്ക് പാലോ ഒരു കാരക്കയോ ഒരിറക്ക് വെള്ളമോ നല്‍കി നോമ്പ് തുറപ്പിച്ചവനുള്ള പ്രതിഫലമാണിത്. നോമ്പുകാരന് വിശപ്പ് മാറും വിധം ഭക്ഷണം നല്‍കിയാല്‍ എന്റെ ഹൗളില്‍ നിന്നും അവനെ അല്ലാഹു കുടിപ്പിക്കുന്നതാണ്. അത്രയും അളവ് വെള്ളം എന്റെ ഹൗളില്‍ നിന്ന് കുടിക്കാന്‍ ഭാഗ്യമുണ്ടായവന് പിന്നീട് സ്വര്‍ഗപ്രവേശനം വരെ ദാഹമുണ്ടാകുന്നതല്ല”. സ്വര്‍ഗത്തില്‍ പിന്നെ ദാഹശമനിയുടെ പ്രശ്‌നമില്ല താനും.
പുതിയ കാലത്ത് നാം അനുവര്‍ത്തിക്കുന്ന രീതി നോമ്പ് തുറക്കുന്നതിലായാലും ശേഷഭക്ഷണങ്ങളിലായാലും ഉത്തമ രീതിയല്ല എന്ന് പറയേണ്ടതുണ്ട്. ഒരു പകലില്‍ നോമ്പെടുത്തതിന്റെ പ്രതിഫലം നഷ്ടപ്പെടില്ലെങ്കിലും ആത്മീയമായ ഗുണങ്ങളും ആരോഗ്യപരമായ ഗുണങ്ങളും നഷ്ടപ്പെടുന്നതിന് കാരണമാകുന്ന വിധത്തിലാണ്. വിഭവ സമൃദ്ധമാണ് ഇന്നത്തെ ഇഫ്താര്‍ സുപ്രകള്‍. അതില്‍ പലതും ഒരു വിശപ്പിന്റെ ശേഷം ശരീര പ്രകൃതി പൊരുത്തപ്പെടാത്തവയും. സ്വാഭാവികമായ മിതഭോജനത്തിന്റെ ഗുണങ്ങള്‍ പോലും ലഭ്യമാകാത്ത വിധത്തിലാണ് വിഭവങ്ങളൊരുക്കുന്നത്. കഴിക്കുന്നതിന്റെ അളവിലും അശാസ്ത്രീയവും അപാകവുമായ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ധൂര്‍ത്തായും പാഴാകും വിധത്തിലും ഭക്ഷ്യവിഭവങ്ങളൊരുക്കി പണവും സമയവും നഷ്ടപ്പെടുത്താതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
റമസാനില്‍ നോമ്പിന് ഇളവുള്ളവരില്‍ ചിലര്‍ നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പമോ ഖളാഅ് വീട്ടാതെയോ പ്രായശ്ചിത്തമായി ഭക്ഷണം നല്‍കണമെന്നുണ്ട്. അഗതികള്‍ക്ക് ഭക്ഷണം നല്‍കല്‍ പ്രധാനപ്പെട്ട പ്രായശ്ചിത്തരൂപമാണ്. ഗര്‍ഭിണികളും മുലയൂട്ടുന്നവരും രോഗികളും നിര്‍ദേശിക്കപ്പെട്ടതുപോലെ ഇത്തരത്തില്‍ ഒരു മുദ്ദ് ഭക്ഷണം വീതം ദിവസത്തിന് അഗതികള്‍ക്ക് നല്‍കി പ്രായശ്ചിത്തം ചെയ്യേണ്ടവരില്‍ പെടുന്നു.
റമസാന്‍ മാസത്തിലെ നോമ്പ് നിരുപമമായ ഒരു ഇബാദത്താണ്. അത് കാരണമുണ്ടെങ്കില്‍ തന്നെ നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത്. റമസാനിലെ ഒരു നോമ്പിന് പകരം വെക്കാന്‍ മറ്റു പതിനൊന്ന് മാസത്തെ മുഴുവന്‍ നോമ്പുകള്‍ക്കുമാകില്ല എന്നാണ് പാഠം. ഖളാഅ് വീട്ടിയാല്‍ കടം മാത്രമേ വീടുകയുള്ളൂ. പുണ്യങ്ങള്‍ ലഭിക്കുകയില്ല. ലൈംഗിക ബന്ധം നിരോധിതമാണ് നോമ്പിന്റെ സമയത്ത്. അത് ലംഘിക്കുന്നതിന്റെ പ്രായശ്ചിത്തം അല്‍പ്പം കടുത്തതാണ്. അതില്‍ ഏറ്റവും താഴ്ന്ന രൂപം അറുപത് മിസ്‌കീന്‍മാര്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ്. നോമ്പ് ഖളാഅ് വീട്ടുകയും പ്രായശ്ചിത്തം നടത്തുകയും ചെയ്താല്‍ കുറ്റത്തില്‍ നിന്നൊഴിവാകുമെങ്കിലും പ്രതിഫലം കുറഞ്ഞുപോകുന്നതാണ്.
റമസാന്‍ മാസത്തിന്റെ മഹത്വം വിളംബരപ്പെടുത്തി നബി(സ) നടത്തിയ പ്രഭാഷണത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. “സത്യവിശ്വാസിയുടെ ഭക്ഷണത്തില്‍ വര്‍ധനവുണ്ടാകുന്ന മാസമാണത്.” നോമ്പ് തുറപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക വഴി സഹോദരനായ നോമ്പുകാരന്‍ സത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഇത് പ്രത്യക്ഷമായതാണെങ്കില്‍, മറ്റു വിധേനയും ഭക്ഷണവര്‍ധനവിന് സാധ്യതകളുണ്ട്. ദാനം നല്‍കുന്നത് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെട്ട കാലമാണല്ലോ റമസാന്‍ മാസം. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ദാനം ചെയ്യുന്നതില്‍ ഉത്സാഹം കണിക്കുന്നു. അതിന്റെ ഫലമായി സത്യവിശ്വാസികളായ ദരിദ്രര്‍ക്കും അഗതികള്‍ക്കും ജീവിത വിഭവം കൂടുതല്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നു.
റിലീഫ് പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടുതല്‍ നടക്കുന്ന റമസാന്‍ മാസകാലത്ത് രഹസ്യമായി ദാനം ചെയ്യുന്നവരുമുണ്ടാകും. ആശ്രിതരോട് കൂടുതല്‍ വിശാലത പുലര്‍ത്താനും തൊഴിലാളികളോട് മയത്തില്‍ പെരുമാറാനും റമസാന്‍ മാസത്തില്‍ നിര്‍ദേശമുണ്ട്. അത് വഴിയും ചിലരിലേക്ക് ജീവിത വിഭവങ്ങളെത്തുന്നു.
ഫിത്‌റ് സകാത്ത് ഒരോ വ്യക്തിക്കും നിര്‍ബന്ധമാകുന്ന ദാനമാണ്. റമസാന്‍ മാസത്തിലെ നോമ്പിന്റെ സ്വീകാര്യതക്ക് അനിവാര്യമായ ഭക്ഷ്യദാനമാണിത്. ഓരോ ദാനങ്ങള്‍ക്കും പ്രായശ്ചിത്തങ്ങള്‍ക്കും അതിന്റേതായ ഉപാധികളും വ്യവസ്ഥകളുമുണ്ട് എന്നതിനാല്‍ അവ പരിഗണിച്ചാണ് എല്ലാം നിര്‍വഹിക്കേണ്ടത്. റമസാന്‍ മാസത്തോടനുബന്ധിച്ച് വരുന്ന പ്രത്യേക ഭക്ഷണക്കാര്യമാണ് വിവരിച്ചത്. ഭക്ഷണവുമായി ബന്ധപ്പെട്ട അടിസ്ഥാനവിഷയങ്ങളും നിബന്ധനകളും കരുതലുകളും റമസാനില്‍ കൂടുതല്‍ ജാഗ്രതയോടെ നിര്‍വഹിക്കപ്പെടേണ്ടതാണ്.