Connect with us

Gulf

നോമ്പെടുക്കുന്ന ഗര്‍ഭിണികള്‍ ഡോക്ടറുടെ അനുമതി തേടണം

Published

|

Last Updated

ദോഹ: ഡോക്ടറുടെ അനുവാദം തേടിയ ശേഷമേ ഗര്‍ഭിണികള്‍ നോമ്പെടുക്കാവൂ എന്ന് പ്രാഥമികാരോഗ്യ കോര്‍പറേഷന്‍ (പി എച്ച് സി സി) നിര്‍ദേശം. നോമ്പെടുക്കാന്‍ കഴിയാത്ത തരത്തില്‍ മറ്റ് രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പി എച്ച് സി സി ഫാമിലി ഡോ. മറിയം അല്‍ ഫദാലഹ് നിര്‍ദേശിച്ചു. ഗര്‍ഭകാലത്ത് സങ്കീര്‍ണതകളുള്ള ഗര്‍ഭിണികള്‍ നോമ്പെടുക്കുന്നത് അമ്മയെ മാത്രമല്ല കുഞ്ഞിനെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവേ ഗര്‍ഭിണികളുടെ ശരാശരി പ്രതിദിന ഊര്‍ജം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ചില സമയങ്ങളില്‍ അത് ഇരുപത് ശതമാനത്തോളമെത്തും. ഗര്‍ഭകാലത്തെ മൂന്ന് ഘട്ടങ്ങളായാണ് വിഭജിക്കുന്നത്. ഈ മൂന്ന് ഘട്ടങ്ങളും നിശ്ചിത അവസ്ഥയും ലക്ഷണങ്ങളും വെല്ലുവിളികളും നിറഞ്ഞതാണെന്നും ഡോ. മറിയം പറഞ്ഞു.
ആദ്യ മൂന്ന് മാസക്കാലം ഛര്‍ദിയും മറ്റുമുണ്ടാകുന്നതിനാല്‍ ശരീര ഭാരം കുറയാന്‍ ഇടയാകും. ഇത്തരം ലക്ഷണങ്ങള്‍ സങ്കീര്‍ണമല്ലെങ്കില്‍ ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമായി നോമ്പെടുക്കാം. ഇഫ്താറിനു ശേഷവും സുഹൂറിനു മുമ്പും ആവശ്യമായ ചികിത്സയും തേടണം.
അതേസമയം ഛര്‍ദി, തലകറക്കം തുടങ്ങിയവ നേരിട്ടാല്‍ ഉടന്‍ നോമ്പ് അവസാനിപ്പിക്കണം. ഗര്‍ഭകാലത്തെ നാല്, അഞ്ച്, ആറ് മാസങ്ങളാണ് രണ്ടാം ഘട്ടം. ഭക്ഷണത്തിന് ശേഷം തളര്‍ച്ചയും പുളിച്ചുതികട്ടലും (അസിഡിറ്റി) ഉണ്ടാകും. അതുകൊണ്ട് ഈ അവസ്ഥയിലുള്ള ഗര്‍ഭിണികള്‍ക്ക് നോമ്പെടുക്കാം. ഇഫ്താറിന് ശേഷം ഭക്ഷണം ചെറിയ അളവില്‍ കഴിക്കാം.
എന്നാല്‍ രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ പ്രശ്‌നം എന്നിവ നേരിടുന്ന നാല് മുതല്‍ ആറ് മാസം വരെയുള്ള ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും അളവ് വര്‍ധിപ്പിക്കണം.
നടക്കാന്‍ പ്രയാസം, അസിഡിറ്റി, ഉദരവേദന, നടുവേദന തുടങ്ങിയ ഉണ്ടാകുന്നതാണ് മൂന്നാമത്തേയും ഗര്‍ഭകാലത്തിന്റെ അവസാന നാളും. ഇത്തരം സാഹചര്യങ്ങളില്‍ നോമ്പെടുക്കുന്നതിന് കുഴപ്പമില്ലെങ്കിലും ലക്ഷണങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ കഴിയുന്നുണ്ടെന്നും കുഞ്ഞിന്റെ ചലനം സാധാരണ ഗതിയിലാണെന്നും ഉറപ്പാക്കിയിരിക്കണം. ഗര്‍ഭവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള രോഗമുള്ളവരാണെങ്കില്‍ നോമ്പെടുക്കുന്നത് അമ്മയേയും കുഞ്ഞിനേയും ബാധിക്കും. അത്തരക്കാര്‍ നോമ്പെടുക്കാന്‍ പാടില്ല.