Connect with us

Ramzan

ചേരമാന്‍ മസ്ജിദില്‍ ഇഫ്താര്‍ വിളമ്പാന്‍ നോമ്പെടുത്ത് രതീഷ്‌

Published

|

Last Updated

ചേരമാന്‍ ജുമാമസ്ജിദില്‍ നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്ന രതീഷ്‌

കൊടുങ്ങല്ലൂര്‍: ചേരമാന്‍ ജുമാമസ്ജിദില്‍ നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് വിഭവങ്ങള്‍ വിളമ്പി ഹൈന്ദവ സഹോദരന്‍. പുത്തന്‍ചിറ മാണിയന്‍കാവ് മുല്ലേഴത്ത് രാജന്റെ മകന്‍ രതീഷ്(45)ആണ് പതിനഞ്ച് വര്‍ഷമായി നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് പഴവര്‍ഗങ്ങളും കാരക്കയും വെള്ളവും തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 15 വര്‍ഷമായി നോമ്പെടുക്കുകയും ചെയ്യുന്നുണ്ട് മസ്ജിദിന് സമീപം അക്വ അലുമിനിയം ഫാബ്രിക്കേഷന്‍സ് എന്ന സ്ഥാപനം നടത്തുന്ന രതീഷ്.

നോമ്പ് തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പള്ളിയിലെത്തുന്ന രതീഷ് പഴവര്‍ഗങ്ങള്‍ കഴുകി പ്ലേറ്റുകളില്‍ സജ്ജീകരിക്കാനും കാരക്കയും സമൂസയും നാരങ്ങ വെള്ളവും തയ്യാറാക്കി മേശകളില്‍ എത്തിക്കുന്നതിനും മറ്റുള്ളവര്‍ക്കൊപ്പം വ്യാപൃതനാകും. നോമ്പുതുറ സമയത്ത് ചാരിതാര്‍ഥ്യത്തോടെ രതീഷും ഒരു കാരക്ക നുണയും. എല്ലാവരും നിസ്‌കാരത്തിന് നീങ്ങുമ്പോള്‍ നിസ്‌കാരത്തിന് ശേഷമുള്ള ഭക്ഷണം ക്രമീകരിക്കുന്ന തിരക്കിലാകും രതീഷ്. 15 വര്‍ഷമായി തുടരുന്ന സേവനം മതത്തിന്റെ പേരില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഉന്നത മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് നോമ്പുതുറക്കെത്തുന്ന വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പുല്ലൂറ്റ് കൊമ്പറാത്ത് മാലതിയുടെ മകനായ രതീഷ് സാമൂഹിക പ്രവര്‍ത്തകനും ഹൈവേ ജാഗ്രതാ സമിതി വളണ്ടിയറുമാണ്.