Malappuram
ഇസ്‌ലാമിലെ ആധികാരിക അളവ് പാത്രം മുദ്ദുകള്‍ ആധുനിക രൂപത്തില്‍

തിരൂരങ്ങാടി: ഇസ്‌ലാമിലെ ആധികാരിക അളവ് ഉപകരണമായ മുദ്ദിന് ആവശ്യക്കാര്‍ കൂടുതല്‍. പ്രവാചകന്റെ കാലത്ത് തുടക്കം കുറിച്ചതും മുസ്‌ലിം ലോകത്തും ആഗോള തലത്തില്‍ അറിയപ്പെട്ടതുമായ ഈ അളവ് കൃത്യപ്പെടുത്തി കൊണ്ട് പൗരാണികവും ആധുനികവുമായ അളവു പാത്രങ്ങള്‍ ഇന്ന് വിപണിയില്‍ സജീവമാണ്.
ധാന്യത്തിന്റെ സകാത്ത് വിതരണത്തിനും ഫിത്വര്‍ സകാത്ത് വിതരണത്തിനും നോമ്പനുഷ്ടിക്കാന്‍ കഴിയാത്തവര്‍ അതിനുള്ള പ്രതിവിധിയായി നല്‍കുന്ന ഭക്ഷണ വിതരണത്തിനും മുദ്ദാണ് അളവായി കണക്കാക്കി വരുന്നത്.
പഴയകാല പണ്ഡിതന്‍മാര്‍ പലരും കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് കണ്ടെത്തിയ അളവനുസരിച്ച് ഇത്തരം മുദ്ദ് പാത്രങ്ങള്‍ നിര്‍മിച്ചിരുന്നു. ചെമ്പ്, പിച്ചള തുടങ്ങിയവ കൊണ്ട് നിര്‍മിക്കപ്പെട്ട ഇത്തരം മുദ്ദ് പാത്രങ്ങള്‍ ഒരു കുടുംബത്തില്‍ ഒന്ന് എന്ന തോതില്‍ ഉണ്ടാകാറുണ്ട്. ആ കുടുംബത്തിലെ ഓരോ വീട്ടുകാരും ഇത് ഉപയോഗിച്ചാണ് അളക്കാന്‍ ഉപയോഗിച്ചിരുന്നത്.
ഇപ്പോള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച മുദ്ദുകള്‍ ലഭിക്കുന്നുണ്ട്. തൂക്കി തിട്ടപ്പെടുത്തുമ്പോള്‍ ചില ധാന്യങ്ങള്‍ തൂക്കം കൂടുന്നതും ചിലത് കുറയുന്നതും കാരണം അളവില്‍ വ്യത്യാസം സംഭവിക്കുന്നു. ഇതില്ലാതാവാനാണ് മുദ്ദ് പാത്രം ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തുന്നത്. ഫിത്വര്‍ സകാത്തിന്റെ നിശ്ചിത അളവ് വ്യക്തമാക്കുകയും തൂക്കവുമായി ബന്ധപ്പെട്ട ഭിന്നതകള്‍ ഇതുമൂലം അവസാനിക്കുകയും ചെയ്യുന്നു. കൂടാതെ റമസാന്‍ നോമ്പ് അനുഷ്ടിക്കാന്‍ സാധിക്കാത്ത വൃദ്ധ ജനങ്ങള്‍ക്കും നിത്യ രോഗികള്‍ക്കും സംശയമില്ലാതെ ഓരോ ദിവസത്തെ നോമ്പിന് വേണ്ടിയും ഒരു മുദ്ദ് വീതം കൃത്യമായി അളന്നു നല്‍കാന്‍ സാധിക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.