Articles
സുകൃതത്തേരിലേറി
റമസാന്‍ സദ്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുകൂലമായ കാലമാണ്. മനുഷ്യനെ സദ്കര്‍മങ്ങളില്‍ നിന്ന് വഴിമാറ്റി ദുഷ്‌കര്‍മങ്ങള്‍ ചെയ്യിക്കുന്നതില്‍ വ്യാപൃതനാണ് പിശാച്. നോമ്പ് കാലത്ത് അവന് ചങ്ങല വീഴുകയാണ്. അഥവാ, അവന്റെ ശല്യമില്ലാതെ സുകൃതങ്ങള്‍ ചെയ്യാന്‍ വിശ്വാസിക്ക് ലഭിക്കുന്ന അവസരമാണ് റമസാന്‍. നോമ്പനുഷ്ഠിക്കുക കൂടി ചെയ്യുന്നതോടെ പിശാചിന് വിശ്വാസിയുമായി അകലം വീണ്ടും വര്‍ധിക്കുന്നു.
നമുക്ക് ഗുണമായി, നന്മകള്‍ക്കുള്ള അവസരമായ ഒരു മാസക്കാലത്തെ നിശ്ചയിച്ച അല്ലാഹു പ്രതിബന്ധങ്ങളെ അകറ്റി കൂടുതല്‍ അനുകൂലാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മനുഷ്യന്റെ ആജന്മ ശത്രുത ചോദിച്ചുവാങ്ങി അത് നിര്‍വഹിച്ച് വരുന്നവന് റമസാന്‍ മാസത്തിലേതിന് സമാനമായ ഒരു തുടര്‍ശല്യം വേറെയില്ല. ഒരു മാസക്കാലം മുഴുവന്‍ വിലക്കില്‍ കഴിയേണ്ടിവരുന്നവന് നാം തന്നെ സഹായികളാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിശ്വാസികളുടെ ആവേശം കാണുമ്പോള്‍ നിരാശയില്‍ കഴിയുന്ന പിശാചിനെ അവനിഷ്ടമുള്ളത് ചെയ്തും പറഞ്ഞും ബന്ധനത്തില്‍ നിന്ന് മുക്തനാക്കരുത്. നമ്മുടെ ഗുണത്തിനായി കരുണാമയനായ നാഥന്‍ നമ്മുടെ ശത്രുവിനെ ബന്ധനസ്ഥനാക്കിയാല്‍ അത് അനുകൂലമാക്കി നന്മ വിളയിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. പിശാചിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കണം.
റമസാനിന്റെ അസഹ്യതയില്‍ വിശപ്പിന്റെ പ്രഹരവും ചേര്‍ന്ന് നിന്ദിതനായിക്കഴിയാന്‍ അവനെ വിടുകയാണ് വേണ്ടത്. റമസാന്‍ മാസത്തിന്റെ പിറവിയുണ്ടാകുമ്പോള്‍ ഉയരുന്ന ഒരു ആഹ്വാനം നബി(സ) പഠിപ്പിച്ചിട്ടുണ്ട്. റമസാന്‍ മാസം സമാഗതമായാല്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടും. നരക കവാടങ്ങള്‍ അടക്കപ്പെടും. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടും. ഒരു വിളിയാളമുണ്ടാകും. നന്മ ഉദ്ദേശിക്കുന്നവരേ കടുന്നുവരൂ. തിന്‍മ ആഗ്രഹിക്കുന്നവരേ അവസാനിപ്പിക്കൂ(തുര്‍മുദി). ഈ ഹദീസിന്റെ ആശയം വിശദീകരിച്ച് ഇബ്‌നു റജബില്‍ ഹന്‍ബലി (റ) പറയുന്നു: സത്യവിശ്വാസികളേ, സന്തോഷിക്കുക. നിങ്ങള്‍ക്കായി ഈ വിശുദ്ധ മാസത്തില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു. അതിന്റെ കുളിര്‍ തെന്നലുകള്‍ സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ പതിച്ചിരിക്കുന്നു. നരകവാതിലുകള്‍ മുഴുവനും നിങ്ങള്‍ക്ക് ഗുണത്തിനായി അടക്കപ്പെട്ടിരിക്കുന്നു. ഇബ്‌ലീസിന്റെയും സന്തതികളുടെയും പാദങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ മാസത്തില്‍ പിശാചിനോട് പ്രതികാരം ചോദിക്കപ്പെടുന്നു. പാപികള്‍ അവന്റെ തടവില്‍ നിന്ന് രക്ഷപ്പെടുന്ന കാലമാണത്. അങ്ങനെ അവരുടെ മേല്‍ അവന് യാതൊരു സ്വാധീനവുമില്ലാതാകും. പിശാച് അവന്റെ കൂട്ടിനകത്ത് തന്റെ കുട്ടികളെയെന്ന പോലെ വികാരങ്ങളെ ഭക്ഷണമായി നല്‍കി ചിലരെ തടവിലാക്കിയിരുന്നു. ഇന്ന് ആ കൂടുകളും താവളങ്ങളും അവര്‍ ഭേദിക്കുകയും അവഗണിക്കുകയും ചെയ്തിരിക്കുന്നു. തൗബയുടെയും ഇസ്തിഗ്ഫാറിന്റെയും പിക്കാസ് കൊണ്ടാണവരത് എതിര്‍ത്തിരിക്കുന്നത്. ഇപ്പോള്‍ അവന്റെ ജയിലില്‍ നിന്നും മോചിതരായി തഖ്‌വയുടെയും സത്യവിശ്വാസത്തിന്റെയും കോട്ടയില്‍ അവര്‍ പ്രവേശിച്ചിരിക്കുന്നു. അങ്ങനെ നരകശിക്ഷയില്‍ നിന്ന് അവര്‍ നിര്‍ഭയരായിരിക്കുന്നു. തൗഹീദിന്റെ കലിമത്ത് കൊണ്ട് പിശാചിന്റെ നെടുംപുറം അവര്‍ തകര്‍ത്തിരിക്കുന്നു. വിശേഷാവസരങ്ങളിലെല്ലാം ഈ ദുരനുഭവത്തിന്റെ വേദന അവന്‍ അനുഭവിക്കുന്നു. ഈ വിശുദ്ധമാസത്തില്‍ അവതീര്‍ണമാകുന്ന റഹ്മത്തും വിശ്വാസികള്‍ക്ക് ലഭിക്കുന്ന പാപമോചനവും കാണുമ്പോള്‍ അവന്‍ തന്റെ നാശവിലാപം നടത്തുകയാണ്. പിശാചിന്റെ പാര്‍ട്ടിയെ അല്ലാഹുവിന്റെ പാര്‍ട്ടി അതിജയിച്ചിരിക്കുന്നു. അവിശ്വാസികളുടെ മേലിലല്ലാതെ അവനൊരധികാരവും ഇല്ലാതായിരിക്കുന്നു. വികാരങ്ങളുടെ അധീശാധീകാരിയെ നിഷ്‌കാസനം ചെയ്യപ്പെടുകയും ഭക്തിയുടെ അധീശാധികാരിയുടെ അധികാരം സ്ഥാപിതമാകുകയും ചെയ്തിരിക്കുന്നു. (ലത്വാഇഫുല്‍ മആരിഫ്)
റമസാന്‍ വിശുദ്ധിയും അത് വിശ്വാസിക്ക് നല്‍കുന്ന വിശുദ്ധിയും അപാരമാണ്. ഈ സൗഭാഗ്യം മൂല്യമറിയാതെ അവഗണിക്കപ്പെടുന്നത് ദൗര്‍ഭാഗ്യമാണ്. ഇത്രയേറെ അനുകൂലാവസ്ഥയുണ്ടായിട്ടും സത്കര്‍മങ്ങളില്‍ ആവേശം ജനിക്കാതിരിക്കുന്നത് നല്ല ലക്ഷണമായിരിക്കില്ല. ബോധമുള്ള നല്ല ഒരു നോമ്പുകാരന്‍ നോമ്പിന്റെ ഘടകങ്ങളും പ്രചോദനങ്ങളും ഒരുപോലെ പാലിക്കുന്നവനായിരിക്കും.
റമസാന്‍ മാസമെത്തിയാല്‍ പൊതുവെ വിശ്വാസികളില്‍ നന്മയോടുള്ള ആഭിമുഖ്യം കൂടുതലായി കാണാറുണ്ട്. തുടക്കത്തില്‍ വലിയ ആവേശം പ്രകടിപ്പിക്കുന്നവരില്‍ ചിലര്‍ ക്രമേണ ആവേശം കുറഞ്ഞ് പിന്‍മാറുന്നതും അനുഭവമാണ്. സാഹചര്യപരമായ പ്രതിബന്ധങ്ങളും പ്രതികൂലങ്ങളും സ്വാഭാവികമാണ്. പക്ഷേ, നമ്മില്‍ ഉണ്ടായിത്തീരുന്ന പിന്‍മാറ്റത്തിന്റെ കാരണമെന്തെന്ന് കൃത്യമായി നിരീക്ഷിച്ച് ചികിത്സിക്കണം. അതിനാവശ്യമായ കാരണങ്ങള്‍ അവഗണിച്ചില്ലെങ്കിലും ചെറിയ കാരണങ്ങള്‍ സദ്കര്‍മങ്ങള്‍ക്ക് പ്രതിബന്ധങ്ങളാകാതെ നോക്കണം.
നോമ്പും റമസാന്‍ മാസവും ശരിയാംവിധം സ്വാധീനം നേടിയവരായി നാം മാറിയെന്ന് നമുക്ക് തന്നെ തോന്നണം. നോമ്പിന്റെയും നോമ്പ് കാലത്തിന്റെയും കടാക്ഷവും സാക്ഷീകരണവും വിശ്വാസിക്ക് വലിയ ഭാഗ്യമാണ്. മുന്നിലെത്തി നില്‍ക്കുന്ന സൗഭാഗ്യം പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. ഒരു ഫര്‍ളിന് എഴുപത് ഫര്‍ളിന്റെയും ഒരു സുന്നത്തിന് ഒരു ഫര്‍ളിന്റെയും പ്രതിഫലം ലഭിക്കുന്ന കാലത്ത് ഫര്‍ളുകളൊന്നും പാഴാവരുത് എന്ന് ഉണര്‍ത്തേണ്ടതില്ല. സുന്നത്തായ കര്‍മങ്ങള്‍ പരമാവധി ചെയ്യാന്‍ ശ്രമിക്കണം.
റമസാനില്‍ മാത്രമായുള്ള സുന്നത്തുകള്‍ റമസാന്‍ പിരിയുന്നതോടെ നഷ്ടമാകും. അവയില്‍ പ്രധാനമാണ് തറാവീഹ് നിസ്‌കാരം. നമുക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന നമുക്ക് മനഃസംതൃപ്തിയുള്ള കേന്ദ്രത്തില്‍ ജമാഅത്തായി തന്നെ തറാവീഹ് നിസ്‌കരിക്കാന്‍ നമുക്കിന്ന് സൗകര്യങ്ങളുണ്ട്. റമസാന്‍ മാസത്തിലെ ഓരോ രാത്രികളും നമുക്ക് വേണ്ടിയായിത്തീരുന്നതില്‍ തറാവീഹ് നിസ്‌കാരത്തിന് വലിയ പങ്കുണ്ട്. ഇരുപത് റകഅത്ത് തറാവീഹ് നിസ്‌കരിക്കുമ്പോള്‍ എത്രയോ പുണ്യങ്ങളാണ് ലഭ്യമാകുന്നത്. തറാവീഹ് നിസ്‌കാരത്തിന് റമസാനിലുള്ള ഒരു നിസ്‌കാരമെന്നത് തന്നെ വലിയ മഹത്വമാണ്. നോമ്പിന് ലഭിക്കുമെന്നറിയിച്ച അതേ ഫലം തറാവീഹ് കൊണ്ടും ലഭിക്കും. അതേപദങ്ങളുപയോഗിച്ച് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. “അവിനില്‍ നിന്നുണ്ടായിട്ടുള്ള മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കും”(ബുഖാരി). പാപം പൊറുക്കപ്പെടുക എന്നത് റമസാനിലെ ഒരു പ്രത്യേക പുണ്യകര്‍മത്തെ അനുഷ്ഠിച്ചു എന്ന നിലക്കാണ്. കാരണം, നബി(സ) പറഞ്ഞു. റമസാന്‍ മാസത്തിലെ നിസ്‌കാരം ഞാന്‍ സുന്നത്താക്കിയിരിക്കുന്നു എന്നാണ്. റമസാനില്‍ നിര്‍വഹിക്കപ്പെടുന്ന ഒരു കര്‍മമെന്ന നിലയിലുള്ള പുണ്യവും പ്രതിഫലവും വേറെയും ലഭ്യമാകും. റമസാനില്‍ നിന്ന് അല്‍പസമയത്തെ നിസ്‌കാരമെന്ന മഹത്കര്‍മം നിര്‍വഹിക്കുക വഴി തീര്‍ത്തും അല്ലാഹുവിന്റെ മാര്‍ഗത്തിലും പൊരുത്തത്തിലും ആക്കുക എന്നത് ഒരു നല്ല കാര്യമാണെന്നതില്‍ സന്ദേഹമില്ല. വളരെ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഇശാഅ് മുതല്‍ വിത്‌റ് നിസ്‌കാരം വരെ തുര്‍ച്ചയും, നോമ്പുകാരനെ സംബന്ധിച്ചിടത്തോളം ഈ അടിസ്ഥാന പുണ്യത്തോടൊപ്പം ഒരു ആദരവ് കൂടി അധികമായി നല്‍കപ്പെടുന്നുണ്ട്.
നോമ്പ് തുറക്കാനുപയോഗിക്കുന്ന ഭക്ഷണം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവിഹിതമായി സമ്പാദിച്ചതും നിഷിദ്ധമായതുമായ ഭക്ഷണമാകരുത്. നിഷിദ്ധമായ ഭക്ഷണം ഉപയോഗിക്കുന്നവന്റെ പ്രാര്‍ഥന സ്വീകാര്യമായിരിക്കില്ലെന്ന് ഹദീസില്‍ വന്നിട്ടുള്ളതാണ്. നോമ്പുകാരന്റെ ഭാഗ്യത്തെ കുറിച്ച് ഇബ്‌നു റജബ്(റ) എഴുതുന്നു: “നോമ്പുകാരന്‍ രാപ്പകലുകളിലെല്ലാം ഇബാദത്തിലാണ്. നോമ്പുള്ളപ്പോഴും തുറക്കുമ്പോഴും അവന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടുന്നു. പകലില്‍ അവന്‍ ക്ഷമാശീലനായ നോമ്പുകാരനാണ്. രാത്രിയിലവന്‍ നന്ദിയുള്ളവനായ ഭക്ഷണം കഴിക്കുന്നവനുമാകുന്നു. (ലത്വാഇഫുല്‍ മആരിഫ്) നോമ്പില്ലാത്ത അവസ്ഥയില്‍ ഭക്ഷണം കഴിക്കുന്ന നന്ദിയുള്ള വിശ്വാസി ക്ഷമാശീലനായ നോമ്പുകാരന്റെ സ്ഥാനത്താണെന്ന് നബി(സ)പറഞ്ഞിട്ടുണ്ട്. (തുര്‍മുദി)