Connect with us

Articles

വയല്‍ നിറഞ്ഞാല്‍ കിണര്‍ നിറയും

Published

|

Last Updated

19-ാം നൂറ്റാണ്ടിന്റെ അവസാനം വടക്കന്‍ ആസ്‌ത്രേലിയയില്‍ മുയലുകളെ തുരത്താന്‍ ഒരു വേലി നിര്‍മിച്ചിരുന്നു. തടിയും കമ്പിയും കൊണ്ട് 3256 കിലോ മീറ്റര്‍ നീളത്തിലായിരുന്നു വേലിയുടെ നിര്‍മാണം. ആസ്‌ത്രേലിയയുടെ പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് മുയല്‍ക്കൂട്ടത്തിന്റെ ശല്യം പ്രതിരോധിക്കുന്നതിനായി ഏഴു വര്‍ഷത്തോളമെടുത്ത് നിര്‍മിച്ച നെടുനീളന്‍ വേലി പിന്നീട് ആ നാടിന്റെ കാലാവസ്ഥയെക്കൂടി ബാധിച്ചിരുന്നുവത്രെ. വേലിക്കാലുകളായി ഉപയോഗിച്ച മരത്തടികള്‍ വളര്‍ന്ന് നിറഞ്ഞതാണ് കാലാവസ്ഥാമാറ്റത്തിനിടയാക്കിയത്. വരണ്ട മണ്ണുള്ള മേഖലയില്‍ ആകാശം മുട്ടെ വളര്‍ന്ന വേലിക്കാലുകള്‍ കിഴക്കന്‍ മേഖലയില്‍ പതിവായുള്ള മഴക്കിടയാക്കി. ഇതു മൂലം വരണ്ടുണങ്ങിയ മണ്ണ് ജലസമൃദ്ധമായി. നൂറ്റാണ്ടു മുമ്പുള്ള അവിടത്തെ അനുഭവങ്ങളെ ചൂണ്ടിക്കാട്ടി ചില വിദേശ ശാസ്ത്ര മാസികകളാണ് ഇക്കാര്യങ്ങള്‍ പിന്നീട് ലോകത്തെയറിച്ചത്. മഴക്കും വെള്ളം ഭൂമിയില്‍ പിടിച്ചു നിര്‍ത്താനും സസ്യങ്ങള്‍ക്കുള്ളത്ര കഴിവ് മറ്റൊന്നിനുമില്ലെന്ന് ഇത്തരം ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ തെളിവാകുന്നു. നമ്മുടെ നാട്ടിലും ജലസംരക്ഷണത്തിന് പരമ്പരാഗതമായ ഇത്തരം ഒട്ടേറെ മാര്‍ഗങ്ങള്‍ പണ്ടുമുതലേയുണ്ടായിരുന്നുവെന്ന് കാര്‍ഷിക സമ്പ്രദായത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇന്ന് ഉയര്‍ന്നു കാണുന്ന മതിലുകള്‍ക്കു പകരം ഇടവിള മരങ്ങള്‍ നട്ട് ഉയര്‍ത്തിയ സസ്യവേലികളും വെള്ളം കാത്തു സൂക്ഷിക്കുന്ന ഫലവൃക്ഷങ്ങളും ഏറ്റവും വലിയ തണ്ണീര്‍ത്തടങ്ങളായ നെല്‍വയലുകളുടെ സംരക്ഷണവുമെല്ലാമാണ് പഴയ കേരളത്തില്‍ ഉറവ വറ്റാത്ത കിണറുകളും കുളങ്ങളും സൃഷ്ടിച്ചത്. കൊടും വരള്‍ച്ചയുടെ ചൂട് പൊള്ളിച്ചു തുടങ്ങിയതോടെ പഴയ കൃഷിരീതിയും ജലസംരക്ഷണ മാര്‍ഗങ്ങളും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ജലസംരക്ഷണ കൃഷിയുടെ ഗുണങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

എന്നാല്‍, പ്രകൃതിയും കൃഷിയും വ്യവസായവും ലാഭംനോക്കികളുടെ കൈയിലകപ്പെടുമ്പോള്‍ പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ക്രൂരമായി അവഗണിക്കപ്പെട്ടുവെന്ന തിരിച്ചറിവ് അടുത്ത കാലത്ത് വീണ്ടും ഉണ്ടായതോടു കൂടിയാണ് ജലസംരക്ഷണ കൃഷിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നെല്‍വയലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം വേണമെന്ന ആശയം ശക്തിപ്പെട്ടത്. വികസനത്തിനും വ്യവസായവത്കരണത്തിനുമെന്ന പേരില്‍ കൃഷിഭൂമി വന്‍തോതില്‍ ഏറ്റെടുക്കുകയെന്ന അശാസ്ത്രീയവും നിരുത്തരവാദപരവുമായ നിലപാടുകളെ സര്‍ക്കാര്‍ തന്നെ അടുത്തിടെ തള്ളിക്കളയുകയും ചെയ്തു. അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലാത്തയത്ര ശക്തിയോടെ കേരളത്തില്‍ ഇപ്പോള്‍ വയലുകള്‍ പുനര്‍ജനിച്ചു തുടങ്ങിയത് പ്രതീക്ഷക്കു വക നല്‍കുന്നുമുണ്ട്.
ഏഴ് ഹെക്ടര്‍ വനം സമം
ഒരു ഹെക്ടര്‍ വയല്‍

നെല്‍വയലുകളുടെ പാരിസ്ഥിതിക പ്രാധാന്യമാണ് ജലസംരക്ഷണ കൃഷിയില്‍ ഏറ്റവുമാദ്യം ചര്‍ച്ച ചെയ്യേണ്ടത്. സംസ്ഥാനത്ത് മണ്ണില്‍ പെയ്തിറങ്ങുന്ന മഴയുടെ 70 ശതമാനവും പ്രയോജനരഹിതമായി ഒഴുകി സമുദ്രത്തിലേക്കാണ് എത്തിച്ചേരുന്നത്. പ്രതിവര്‍ഷം 43 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാന്‍ സംസ്ഥാനത്തിന് കഴിയുമെങ്കിലും കേവലം 800 കോടി ക്യൂബിക് മീറ്റര്‍ ജലമേ സംഭരിക്കാന്‍ കഴിയുന്നുള്ളൂ. പെയ്യുന്ന മഴവെള്ളത്തില്‍ ഭൂരിഭാഗവും ഒഴുകിപ്പോകുന്നുവെന്നര്‍ഥം. കായലുകളും ചതുപ്പുനിലങ്ങളും മറ്റു ജലാശയങ്ങളുമായി 217 തണ്ണീര്‍തടങ്ങളാണ് പ്രധാനമായും സംസ്ഥാനത്തുള്ളത്. ഇവയില്‍ 157 എണ്ണം 50 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ളതാണ്. ഇവയുടെ ആകെ വിസ്തൃതി 1,27,930 ഹെക്ടറാണ്. നമ്മുടെ 34 കായലുകളുടെ മൊത്ത വിസ്തൃതി കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 1,36,000 ഏക്കറായിരുന്നുവെങ്കില്‍ ഇപ്പോഴത് 60,000 ഏക്കറായി മാറിയിട്ടുണ്ട്. എന്നാല്‍ തണ്ണീര്‍ത്തടങ്ങളായി ഏറ്റവുമധികം വ്യപിച്ചു കിടക്കുന്നത് സംസ്ഥാനത്തെ നെല്‍വയലുകളാണെന്നതില്‍ തര്‍ക്കമില്ല. അതേസമയം 1975-76ല്‍ 8.76 ലക്ഷം ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന നെല്‍കൃഷി 1980കളുടെ ആരംഭത്തോടെ ചുരുങ്ങി 1.98 ലക്ഷം ഹെക്ടറായി മാറുകയും ചെയ്തു. എന്നാലും നിലവിലുള്ള നെല്‍വയലുകളുടെ ജലസംരക്ഷണ പ്രക്രിയ ചെറുതായി കാണാനുമാകില്ല. നെല്ലുത്പാദന കേന്ദ്രങ്ങള്‍ എന്നതിനപ്പുറം നെല്‍വയലുകള്‍ നിര്‍വഹിക്കുന്ന പാരിസ്ഥിതിക ധര്‍മ്മം വളരെ വലുതാണ്. ഏഴു ഹെക്ടര്‍ വനപ്രദേശങ്ങള്‍ കൊള്ളുന്നയത്ര അളവിലുളള മഴവെളളമാണ് ഒരു ഹെക്ടര്‍ വയല്‍ സംരക്ഷിക്കുന്നതെന്നു പറയുമ്പോഴാണ് വയലുകളുടെ പ്രാധാന്യം മനസ്സിലാക്കാനാകുക. കേരളത്തിലെ പരമ്പരാഗത രീതിയിലുള്ള മൂന്ന് കൃഷിവേളകളിലുമായി ഒരു ഹെക്ടര്‍ നെല്‍വയലില്‍ ഒരു വര്‍ഷം രണ്ടു കോടി ലിറ്റര്‍ വെള്ളം താഴുമെന്നാണ് കണക്ക്. ഇത് വലിയൊരളവില്‍ ആഴത്തിലേക്ക് ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലത്തെ പരിപോഷിപ്പിക്കുന്നു. കാലവര്‍ഷം തുടങ്ങുന്നതിനുമുന്‍പ് മേടമാസത്തില്‍ ആരംഭിക്കുന്ന വിരിപ്പ് കൃഷിയും പിന്നീടുള്ള മുണ്ടകനും ആഴം കൂടിയ പാടങ്ങളിലെ പുഞ്ചകൃഷിയുമെല്ലാം ജല സംരക്ഷണത്തിന് ഏറ്റവും വലിയ മുതല്‍ക്കൂട്ടാണെന്ന് ഇതില്‍ നിന്ന് കാണാനാകും. വര്‍ഷത്തില്‍ 2.5 സെന്റീ മീറ്റര്‍ മുതല്‍ 300 സെന്റീ മീറ്റര്‍ വരെ വെള്ളം കെട്ടി നില്‍ക്കുന്ന വയലില്‍ വെള്ളത്തിന്റെ 49 ശതമാനമാണ് ഭൂഗര്‍ഭജലമാക്കി മാറ്റപ്പെടുന്നതെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ഷകനെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി നെല്‍കൃഷി ആകര്‍ഷകമല്ലെങ്കിലും ഇതുണ്ടാക്കുന്ന ഗുണപരമായ പാര്‍ശ്വഫലം വില മതിക്കാനാവാത്തതാണ്. പെയ്തിറങ്ങുന്ന മഴ തുള്ളിവിടാതെ നെല്‍വയലുകള്‍ ശേഖരിച്ചു നിര്‍ത്തുമെന്നത് പഠിക്കാന്‍ വൈകിയതാണ് വലിയ തോതിലുള്ള പാടശേഖരങ്ങളുടെ നികത്തലിന് വഴിവെച്ചത്.
മേല്‍മണ്ണിന്റെ ശ്വാസകോശം

സൂക്ഷ്മജീവികള്‍, തവളകള്‍, മറ്റ് ജന്തുജാലങ്ങള്‍ എന്നിവയുള്‍പ്പെടെയുളള വലിയ ആവാസ പ്രദേശം തന്നെയാണ് വയലുകള്‍. സമുദ്രനിരപ്പില്‍ നിന്ന് മൂന്നു നാല് മീറ്റര്‍ താഴെ കിടക്കുന്ന കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മുതല്‍ 1000-1500 മീറ്റര്‍ ഉയരമുള്ള ഹൈറേഞ്ച് പ്രദേശം വരെ നെല്‍കൃഷി വ്യാപിച്ചു കിടക്കുന്നുണ്ട്. മണ്ണിനടിയിലും പുറത്തുമുള്ള സൂക്ഷ്മ ജീവികള്‍ മുതല്‍ തവളയും പാമ്പും നീര്‍പ്പക്ഷികളുമുള്‍പ്പടെയുള്ള ഒട്ടനേകം ജീവിവര്‍ഗങ്ങള്‍ വയലിന്റെ ജലസംഭരണ ശേഷിക്ക് സഹായകമാകുന്നുണ്ടെന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഓരോ ജീവികള്‍ക്കും മണ്ണിനടിയിലെ ജലസംരക്ഷണത്തിന് അവരുടേതായ പങ്കുണ്ട്. മണ്ണിനടിയില്‍ മണ്ണിര പോകുന്ന ചാലുകളിലൂടെയാണ് മഴക്കാലത്ത് മഴ വെള്ളം ഇറങ്ങുന്നത്. മണ്ണിലെ കോടാനുകോടി ജൈവാണുക്കളും ഫംഗസും പ്ലവഗങ്ങളും ഇങ്ങനെ മണ്ണൊരുക്കലിന് പ്രകൃതിയെ സഹായിക്കുന്നു. ജൈവ വിഘടനത്തിനും മേല്‍മണ്ണിനെ കീഴ്‌മേല്‍ മറിക്കാനും മണ്ണിരക്ക് കഴിയും. മേല്‍മണ്ണിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ഈ ജീവിക്ക് ഏകദേശം മൂന്നടി താഴ്ചയില്‍ വരെയുള്ള മണ്ണിളക്കി മുകളില്‍ലെത്തിക്കാന്‍ കഴിവുണ്ട്. മണ്ണിനടിയിലെ ഭൂഗര്‍ഭജലവിതാനം വരെ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ചിതലുകള്‍. ഇത്തരത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ ജീവികളാണ് വയലിലെ നീരൊഴുക്ക് ഭൂഗര്‍ഭജലമായി മാറ്റാനും അതിനെ മണ്ണില്‍ പിടിച്ചു നിര്‍ത്താനും സഹായിക്കുന്നത്. കുറ്റിച്ചെടികളും ചെറു മരക്കൂട്ടങ്ങളും തഴ, ഈറ്റ പോലുള്ള സസ്യങ്ങളുമെല്ലാം വയലുകളിലെ ജല സംരക്ഷണം കാക്കാന്‍ അവരുടേതായ പങ്ക് വഹിക്കുന്നു. വയലുകളിലെ കളിമണ്ണും നല്ലൊരു ജലസംരക്ഷണ മാധ്യമമാണ്. കുഴമ്പ് പരുവത്തില്‍ കാണപ്പെടുന്ന മൃദുലമായ ഈ മണ്ണ് ശുദ്ധജലത്തെ അങ്ങനെത്തന്നെ വയലുകളില്‍ കെട്ടിനിര്‍ത്താന്‍ സഹായിക്കും. പുഴ കടലിനോട് ചേരുന്ന അഴിമുഖത്തിന് പിറകിലായി ഓരുജലം കെട്ടിനില്‍ക്കുന്ന കായലിനോട് ചേര്‍ന്ന ഏറ്റിറക്കങ്ങളില്‍ കൃഷിയോജ്യമാകുന്ന ചതുപ്പ് നിലങ്ങളിലെ കയ്പ്പാട് അഥവാ പൊക്കാളികൃഷിയും ശുദ്ധജലസംരക്ഷണത്തില്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. കുണ്ടുപാടങ്ങളിലെ കരിങ്കൊറ, കുട്ടാടന്‍ തുടങ്ങിയ കൃഷിരീതികളും ജലസംരക്ഷണത്തിന് ആക്കം കൂട്ടുന്നു.
വയനാടന്‍ അനുഭവം

നെല്‍വയലിന്റെ അഭാവം പൊടുന്നനെ വയല്‍നാടെന്നറിയപ്പെട്ട വയനാടിനെ കൊടും വരള്‍ച്ചയിലേക്കെത്തിച്ചതിന്റെ അനുഭവം ഇപ്പോഴാണ് നമുക്ക് മുന്നിലൂടെ കടന്നു പോയത്. ഭൂഗര്‍ഭജലവിതാനത്തിന്റെ അളവിലുണ്ടായ താഴ്ചയാണ് മറ്റെല്ലായിടത്തുമുള്ളതിനേക്കാളും വേഗത്തില്‍ വയനാട് ജില്ലയെ വരള്‍ച്ചയുടെ വക്കിലെത്തിച്ചത്. അശാസ്ത്രീയമായ രീതിയിലുള്ള ഭൂവിനിയോഗമാണ് വയനാട്ടിലുണ്ടായത്. നേരത്തെ ഇവിടെ 3500 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍, 1985 മുതല്‍ 2015 വരെയുള്ള 30 വര്‍ഷത്തെ ശരാശരിയനുസരിച്ച് വയനാട്ടില്‍ ലഭിക്കുന്നത് 3253 മില്ലീ മീറ്റര്‍ മഴയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വര്‍ഷം ഒഴിച്ച് എല്ലാ വര്‍ഷവും വയനാട്ടില്‍ മഴ കുറവാണ്. മഴ കുറഞ്ഞാലും ജലക്ഷാമം വലിയ തോതില്‍ തടയാന്‍ കഴിഞ്ഞത് വയനാട്ടിലെ ജലസംഭരണികളായ വയലിന്റെ പ്രത്യേകതകള്‍ കൊണ്ടു കൂടിയായിരുന്നു. വനങ്ങളെപ്പോലെതന്നെ പ്രകൃതിദത്തമായ രീതിയില്‍ ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജ് നടത്തിയിരുന്നത് ഇവിടത്തെ നെല്‍വയലുകളായിരുന്നു. കൃഷി ചെയ്താലും ഇല്ലെങ്കിലും ചുറ്റുപാടും ആറ് മുതല്‍ എട്ട് മീറ്റര്‍ വരെ ജലം മണ്ണിനടിയിലേക്ക് ഇവിടത്തെ നെല്‍വയലുകള്‍ റീചാര്‍ജ് ചെയ്തിരുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. 3057 ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്ന വയനാട്ടില്‍ 1148 ഹെ്കടറായി ചുരുങ്ങിയതാണ് ഇവിടെ ഭൂഗര്‍ഭ ജലനിരപ്പ് കുറയാനും വരള്‍ച്ച കടുക്കാനുമുണ്ടായ ഏറ്റവും പ്രധാനമായ കാരണമായത്.

സമീപ പ്രദേശങ്ങളിലെ കിണറുകളിലും കരഭാഗങ്ങളിലും ജലശേഷി നിലനിറുത്തുന്നതില്‍ വയലുകള്‍ക്ക് വലിയ പങ്കാണുള്ളത്. സംസ്ഥാനത്ത് ജലലഭ്യത ഉറപ്പുവരുത്താന്‍ ചുരുങ്ങിയത് അഞ്ചു ലക്ഷം ഹെക്ടര്‍ സ്ഥലത്തെങ്കിലും നെല്‍കൃഷി വേണമെന്നാണ് കണക്ക്. ജലം സംരക്ഷിക്കാന്‍ നെല്‍ കൃഷി തിരികെ കൊണ്ട് വരുക എന്നുള്ളതാണ് ഏറ്റവും പ്രധാന മാര്‍ഗം എന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.
വേലികള്‍ വയ്യാവേലികളല്ല

ഇടവിള മരങ്ങളൊരുക്കുന്ന സസ്യവേലിയാണ് ജലസംരക്ഷണത്തിനുള്ള മറ്റൊരു പ്രധാന മാര്‍ഗം. ഇലന്ത, കരിനെച്ചി, ശീമക്കൊന്ന തുടങ്ങിയ ചെറു മരങ്ങളൊരുക്കുന്ന സസ്യവേലികള്‍ ആഴത്തില്‍ മഴവെള്ളത്തെ തടുത്തു നിര്‍ത്തും. മണ്ണ് -ജല സംരക്ഷണത്തിനും കാറ്റിനെ ചെറുക്കുന്നതിനുമാണ് മുന്‍കാലങ്ങളില്‍ കൃഷിയിടത്തിനു ചുറ്റും ചെറുമരങ്ങള്‍ വച്ചു പിടിപ്പിച്ച് സസ്യവേലിയുണ്ടാക്കിയിരുന്നത്. മണ്ണിനൊപ്പം കൃഷിയിടത്തിലെ വെള്ളവും സംരക്ഷിച്ചു നിര്‍ത്തുന്നതിനും പൂക്കളെയും ഫലങ്ങളെയും കാറ്റില്‍ നിന്നു സംരക്ഷിക്കുന്നതിനുമെല്ലാം സസ്യവേലി ഉപകരിക്കുന്നു. ഇതോടൊപ്പം നിത്യഹരിത മരമായ പ്ലാവ്, മാവ് തുടങ്ങിയവയെല്ലാം വലിയ തോതില്‍ ജലം കാത്തു സൂക്ഷിക്കുന്നുണ്ട്. കാര്‍ഷിക സംസ്‌കാരത്തില്‍ നിന്ന് സേവനാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിലേക്കു വികസിച്ച കേരളത്തിലെ തോട്ട വിളകൃഷികളും ജല സംരക്ഷണത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇതില്‍ പ്രധാനം തെങ്ങ് കൃഷിയാണ്. ജലം അധികം കെട്ടിക്കിടക്കാത്ത മണ്ണില്‍ എന്നാല്‍ ജലസാമീപ്യമുള്ള പ്രദേശങ്ങളിലാണ് തെങ്ങ് വളരുന്നതെങ്കിലും തെങ്ങിന്‍ തടം ജലസംരക്ഷത്തിന് സഹായം നല്‍കുന്നുണ്ട്. വീതിയേറിയ തെങ്ങിന്‍തടം മഴവെള്ള സംരക്ഷിക്കാനുള്ള ഒരു മാര്‍ഗമായി അവലംബിക്കാറുണ്ട്. തെങ്ങിനു പുറമെ പയറു വര്‍ഗങ്ങള്‍, കമുക്, ഏലം, കാപ്പി, തേയില, കശുമാവ്, മരച്ചീനി, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കൊക്കോ, ഗ്രാമ്പൂ, ജാതി തുടങ്ങിയവയെല്ലാം കേരളത്തിലെ പ്രധാന കാര്‍ഷിക വിളകളാണ്. ഇവയുടെ വ്യാപനവും തരിശായ മലഞ്ചെരുവുകളിലെ ജല സംരക്ഷണത്തിനും മണ്ണൊലിപ്പു തടയാനും ചെറിയൊരളവില്‍ ഉപകരിക്കുന്നു.
ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും കണ്ടല്‍കാടുകളില്‍ എത്തിച്ചേരുന്നു. അതേക്കുറിച്ച് നാളെ.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest