Articles
ബദ്ര്‍: അതിജീവനത്തിന്റെ സമരം
ബദ്ര്‍ അതിജീവനത്തിനുള്ള സമരമായിരുന്നു. ഇസ്‌ലാം എന്ന വിശ്വപ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി സ്വന്തത്തെ മറന്ന ഒരു കൂട്ടം വിശ്വാസികള്‍ അശ്‌റഫുല്‍ ഖല്‍ഖിനോടൊപ്പം നെഞ്ചു വിരിച്ച് ഇറങ്ങിപ്പുറപ്പെട്ട് ധീരമായി സമരം ജയിച്ച ചരിത്രം പറയുന്ന, ലോകത്തിന്റെ സമരചരിത്രങ്ങള്‍ക്ക് മറക്കാനാകാത്ത അധ്യായം സമ്മാനിച്ച ദിനം. വിശ്വാസത്തെ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി വാളെടുത്തതായിരുന്നോ അശ്‌റഫുല്‍ ഖല്‍ഖും സംഘവും? വിശ്വാസം പ്രത്യക്ഷ ആയുധങ്ങള്‍ക്കും ജല്‍പനങ്ങള്‍ക്കും വഴങ്ങുന്ന ഒന്നായിരുന്നുവെങ്കില്‍ ഇത്തരം വാദത്തിന് പ്രസക്തിയുണ്ടായിരുന്നു. ബദ്‌റും ഇസ്‌ലാമിന്റെ ആശയപ്രചാരണവും തമ്മില്‍ ബന്ധപ്പെടുന്നത് ആശയം അടിച്ചേല്‍പ്പിക്കുന്നിടത്തല്ല, മറിച്ച് ആശയ പ്രചാരണത്തിനും ജീവിക്കാനുമുള്ള അവകാശ നിഷേധത്തിന്റെ ഭാഗത്തിലൂടെയുമാണ്. ബദ്‌റിന്റെ ഓര്‍മകളെ പുതുക്കുമ്പോള്‍ യുദ്ധത്തിന്റെ തീവ്രതയോ ഭീകരതയോ അല്ല സ്മരിക്കപ്പെടുന്നത്, മറിച്ച് പ്രവാചകരുടെയും സ്വഹാബാക്കളുടെയും ചരിത്ര ജീവിതത്തിന്റെ സഹനത്തിന്റെയും ക്ഷമയുടെയും ഓര്‍മ പുതുക്കലുകളാണ്. യുദ്ധത്തിന് അനുമതി നല്‍കിക്കൊണ്ട് വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹജ്ജിലെ സൂക്തം ഇറങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പടയൊരുക്കം. “ആക്രമിക്കപ്പെട്ടവര്‍ക്ക് തിരിച്ച് ആക്രമിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രേ അവര്‍”. പ്രവാചകരും സ്വഹാബാക്കളും അനുഭവിച്ച ത്യാഗങ്ങളിലേക്കുള്ള സൂചനയും ഇത്രമാത്രം ക്രൂരത കാണിച്ചിട്ടും തിരിച്ചടിക്കാതിരിക്കുന്നതെങ്ങനെ എന്ന ആശ്ചര്യവും വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.
ബദ്‌റിന്റെ ആവശ്യകത മനസ്സിലാക്കണമെങ്കില്‍ ബദ്‌റിനുമുമ്പുള്ള അശ്‌റഫുല്‍ ഖല്‍ഖിന്റെയും സ്വഹാബാക്കളുടെയും ജീവിത ചരിത്രത്തെ അടുത്തറിയാന്‍ ശ്രമിക്കണം. ഫ്രഞ്ച് വിപ്ലവവും റഷ്യന്‍ വിപ്ലവവും തുടങ്ങി ലോകത്ത് നടന്ന എല്ലാ മൂവ്‌മെന്റ്‌സും നടന്നതിന്റെ ചോദന എന്തായിരുന്നു? മാന്യമായി ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശ നിഷേധത്തില്‍ നിന്നും തങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കണം എന്ന വികാരത്തില്‍ നിന്നുമായിരുന്നു ഈ വിപ്ലവങ്ങളുടെയെല്ലാം പൊട്ടിപുറപ്പാട്. ലോക വിപ്ലവങ്ങളുടെ ചരിത്രങ്ങളെ മാന്യമായി പഠിക്കാനും തൊഴിലാളി വിപ്ലവങ്ങളെ അവകാശ സമരങ്ങളായി കാണുകയും ചെയ്യുന്ന അതേ മനോഭാവം എന്തുകൊണ്ട് ഇസ്‌ലാമിക ചരിത്രവായന നടത്തുമ്പോള്‍ നഷ്ടമാകുന്നു. സത്യസന്ധമായും വ്യക്തമായ തെളിവുകളോടും കൂടി തന്റെ സമൂഹ മധ്യത്തിലേക്ക് ആശയ പ്രചാരണത്തിന് ഇറങ്ങിയ പ്രവാചകന്‍ മുഹമ്മദ് (സ്വ)ക്ക് അവിടുത്തെ സമൂഹം നല്‍കിയ സ്വീകരണം ചരിത്രമറിയുന്നവരോട് വിവരിക്കേണ്ടതില്ല. അപരിചിതമായ ഒരു സമൂഹത്തില്‍ നിന്ന് പീഡനങ്ങള്‍ അനുഭവിക്കുന്ന വ്യക്തിക്ക് ഒരു പ്രതീക്ഷയുണ്ടാകും. തനിക്ക് രക്ഷയുടെ സഹായഹസ്തവുമായി തന്റെ നാട്ടുകാര്‍ വരുമെന്ന്. അശ്‌റഫുല്‍ ഖല്‍ഖിന്റെ പ്രബോധന ജീവിതത്തിന്റെ തുടക്കകാലം വരെ മക്കക്കാരുടെ കണ്‍കുളിര്‍മയായിരുന്നു അവിടുന്ന്. അവിടുത്തെ ജീവിതം കണ്ട് മക്കയിലെ ഓരോ രക്ഷിതാവും കൊതിച്ചിരിക്കണം തന്റെ മകനും ഇതുപോലെയായിരുന്നുവെങ്കിലെന്ന്. സ്‌നേഹ വാത്സല്യം കൊണ്ട് മക്കയാകമാനം പ്രവാചകരെ അല്‍ അമീന്‍(സത്യസന്ധന്‍) എന്ന് പേരിട്ട് വിളിച്ചു.
തന്റെ ജീവിത വിശുദ്ധികൊണ്ടും സ്വഭാവമഹിമ കൊണ്ടും ഒരു ജനതയുടെ ഇടനെഞ്ചിലെ മിടിപ്പായിരുന്ന പ്രവാചകര്‍ ഒരു സുപ്രഭാതത്തില്‍ തന്റെ ദൗത്യപ്രഖ്യാപനം നടത്തുന്നു. സത്യമല്ലാത്തത് പറയാത്ത അല്‍ അമീന്‍ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തണമെങ്കില്‍ അതില്‍ കാര്യമില്ലാതിരിക്കില്ല എന്നാണ് സ്വാഭാവികമായും സമുദായം ചിന്തിക്കേണ്ടിയിരുന്നത്. മറിച്ച് ചില മേലാളന്‍മാരുടെ വാക്ക് കേട്ട് പ്രവാചകരെ തള്ളിപ്പറയുകയാണ് ആ ജനത ചെയ്തത്. എന്നിട്ടും പ്രവാചകര്‍ തന്റെ ആശയ പ്രചാരണം എന്ന ദൗത്യത്തില്‍ നിന്നും പിന്മാറിയില്ല. രഹസ്യമായിട്ട് അവിടുന്ന് തന്റെ ദൗത്യം തുടര്‍ന്നു.
പ്രവാചകര്‍ അനുഭവിച്ച മര്‍ദനത്തിന്റെ ഒറ്റ ചരിത്രം വായിച്ചാല്‍ തന്നെ നമുക്ക് തോന്നും എങ്ങനെയാണ് തന്റെ പ്രബോധന ജീവിതത്തിന്റെ പതിനഞ്ച് വര്‍ഷക്കാലം പ്രവാചകര്‍ വാളെടുക്കാതെ, പ്രതികരിക്കാതെ ജീവിച്ചത് എന്ന്. ശിഅ്ബു അബീത്വാലിബിലെ പ്രവാചകരുടെ ജീവിതത്തെ നിങ്ങളൊന്ന് പുനരാവിഷ്‌കരിച്ച് നോക്കൂ. മക്കയിലെ ഖുറൈശികള്‍ അശ്‌റഫുല്‍ ഖല്‍ഖിനും കുടുംബത്തിനും നല്‍കിയ ബഹിഷ്‌കരണത്തിന്റെ കറുത്ത അധ്യായങ്ങളെ പറഞ്ഞു തരും ശിഅ്ബു അബീത്വാലിബ്. തന്റെ കൂടെ വിശ്വസിച്ചിരുന്ന വിശ്വാസികള്‍ക്ക് മക്കയില്‍ ജീവിക്കാന്‍ പ്രയാസമായപ്പോള്‍ അവരോട് ഹബ്ശയിലേക്ക് (അബ്‌സീനിയ) പലായനം ചെയ്യാന്‍ പ്രവാചകര്‍ പറഞ്ഞു. മക്കയില്‍ ബാക്കിയായത് പ്രവാചകരും കുടുംബവും അടങ്ങുന്ന വളരെ കുറഞ്ഞ പേര്‍. അവരെല്ലാവരും ശിഅ്ബു അബീത്വാലിബില്‍ ഒരുമിച്ചുകൂടി. ഖുറൈശികളുടെ ബഹിഷ്‌കരണ വിജ്ഞാപനം വന്നു. ഇവരുമായിട്ട് ഇടപഴകാനോ സംസാരിക്കാനോ വിവാഹ ബന്ധത്തിലേര്‍പ്പെടാനോ കൂടിയിരിക്കാനോ പാടില്ല. ഈ വിജ്ഞാപനം കഅ്ബയുടെ ഉള്ളില്‍ എഴുതി തൂക്കപ്പെട്ടു. പ്രവാചകത്വത്തിന്റെ ഏഴാം വര്‍ഷമായിരുന്നു അത്. പിന്നീട് പ്രവാചകത്വത്തിന്റെ പത്താം വര്‍ഷമാണ് ആ ബഹിഷ്‌കരണം പിന്‍വലിക്കുന്നത്. അതുവരെയുള്ള പ്രവാചകരുടെയും കുടുംബത്തിന്റെയും ജീവിതം അതിദയനീയമായിരുന്നു. ഒന്ന് മനസ്സില്‍ നിനച്ചിരുന്നുവെങ്കില്‍ അല്ലാഹു ലോകത്തുള്ള സകല പര്‍വതങ്ങളും കനകമായി ഹബീബിന്റെ മുമ്പില്‍ വരുത്തുമായിരുന്നു. കൊട്ടാര സമാനമായ ഭവനത്തില്‍ അവിടുത്തേക്ക് ജീവിക്കാമായിരുന്നു. എന്നിട്ടും ശിഅ്ബു അബീ ത്വാലിബില്‍ ഭക്ഷണത്തിനു വകയില്ലാതെ പച്ചില ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തി അശ്‌റഫുല്‍ ഖല്‍ഖ്(സ്വ). ശിഅ്ബു അബീത്വാലിബിലെ ഉമ്മമാരുടെ അമൃതകുംഭത്തില്‍ പാലില്ലാത്തതിന്റെ പേരില്‍ വിശന്ന് കരയുന്ന പിഞ്ചുബാല്യങ്ങളുടെ നിലവിളിയില്‍ മനംനൊന്താണ് ചില ഖുറൈശി നേതാക്കള്‍ ആ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ മുതിരുന്നത്. ചുരുക്കത്തില്‍ പ്രവാചകരെ ആക്രമിച്ചവരും മുഖത്ത് കാര്‍ക്കിച്ച് തുപ്പാന്‍ ശ്രമിച്ചവരും ക്രൂരമായി വധിക്കാന്‍ പദ്ധതിയിട്ടവരും എല്ലാം ഉണ്ടായിരുന്നു മക്കത്ത്. അന്നും ഹബീബിന്റെ കൂടെ ഉമറും ഹംസയും അലിയും അടക്കമുള്ള ധീരയോദ്ധാക്കളുണ്ടായിരുന്നു. എന്നിട്ടും അവിടുന്ന് ഖുറൈശികള്‍ക്ക് എതിരില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. അവിടുന്ന് ക്ഷമിച്ചു, സഹിച്ചു, മക്ക വിട്ടു. തിരിച്ചുവരും എന്ന പ്രതീക്ഷയോടെ ആയിരുന്നില്ല ആ പലായനം. അവിടെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന സ്ഥിതി വന്നപ്പോഴാണ് നമ്മള്‍ നടേ പറഞ്ഞ വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹജ്ജിലെ ആ സൂക്തം ഇറങ്ങുന്നത്. പ്രശസ്ത പണ്ഡിതന്‍ ഇബ്‌നു ഹജറുല്‍ ഹൈത്തമി തന്റെ തുഹ്ഫത്തുല്‍ മുഹ്താജ് എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെയാണ്: ഹിജ്‌റയുടെ മുമ്പ് യുദ്ധം വിലക്കപ്പെട്ടിരുന്നു. പ്രവാചകരുടെ പ്രബോധനത്തിന്റെ തുടക്ക കാലത്ത് അവിടുത്തേക്കുള്ള അല്ലാഹുവിന്റെ അടുത്തു നിന്നുള്ള ഉത്തരവ് പ്രബോധനം, പാരത്രിക ജീവിതത്തെ കുറിച്ചും മറ്റും ഭയപ്പെടുത്തി അറിയിക്കല്‍, അവിശ്വാസികളുടെ പ്രയാസപ്പെടുത്തലിന്റെ മേലില്‍ ക്ഷമിക്കുക എന്നിവയായിരുന്നു. ശേഷം അല്ലാഹു വിശ്വാസികള്‍ക്ക് യുദ്ധം കൊണ്ട് അനുമതി നല്‍കുന്നതിന്റെ മുമ്പ് എഴുപതിലധികം തവണ യുദ്ധത്തെ നിരുത്സാഹപ്പെടുത്തി കൊണ്ട് പറഞ്ഞിട്ടുണ്ട് വിശുദ്ധ ഖുര്‍ആനില്‍. ഇമാം റാസിയടക്കമുള്ള പ്രസിദ്ധ പണ്ഡിതരും ഇതേ അഭിപ്രായം അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബദ്‌റിലെ ഇരുവിഭാഗങ്ങളുടെയും അംഗബലവും ആയുധങ്ങളുടെയും വാഹനങ്ങളുടെയും എണ്ണവും സുവിതിദമാണല്ലോ. പ്രവാചകനും 313ഓളം വരുന്ന സ്വഹാബാക്കളുമാണ് ആയിരത്തോളം വരുന്ന ശത്രുപക്ഷത്തിനു നേരെ പട നയിക്കുന്നത്. ഒരിക്കലും പ്രവാചകര്‍ മദീനത്ത് നിന്ന് ഒരു യുദ്ധ സന്നാഹവുമായിട്ടല്ല പുറപ്പെട്ടിരുന്നത് എന്നും അവസാനം ആ പുറപ്പാട് എങ്ങനെ ബദ്ര്‍ യുദ്ധമായി പരിണമിച്ച് എന്നതും വിശാലമായ ചരിത്രമാണ്. വിവരണത്തിനിവിടെ ഇടം പോരാത്തത് കൊണ്ട് മുതിരുന്നില്ല. “നിങ്ങള്‍ തുലോം തുഛമായിരുന്നെന്നും നിങ്ങളെ ബദ്‌റില്‍ സഹായിച്ചത് അല്ലാഹുവാണ്” എന്നതുമായ സൂറത്തു ആലുഇംറാനിലെ സൂക്തം മാത്രം മതി ബദ്‌റിലേക്ക് പോകുമ്പോഴുള്ള വിശ്വാസികളുടെ അംഗബലവും ആയുധ ബലവും മനസ്സിലാക്കാന്‍. മുസ്‌ലിംകള്‍ക്ക് യുദ്ധം ചെയ്യാനുള്ള ആയത്ത് ഇറങ്ങിയത് കൊണ്ടുള്ള ഉദ്ദേശ്യം അവിശ്വാസികളെ കൊന്നൊടുക്കലല്ലെന്നും മറിച്ച്, തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള അവകാശം നേടിയെടുക്കലാണെന്നും ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. കൊല്ലലായിരുന്നില്ല ലക്ഷ്യം എന്ന് മനസ്സിലാക്കണമെങ്കില്‍ യുദ്ധത്തിനു മുമ്പ് യോദ്ധാക്കളോടുള്ള പ്രവാചകരുടെ ഉപദേശത്തിന്റെ പാഠങ്ങള്‍ പരതിയാല്‍ മതിയാവും. യുദ്ധത്തിന് പുറപ്പെടുന്ന അവസരത്തില്‍ പ്രവാചകര്‍ സ്വഹാബാക്കളെ ഉപദേശിച്ചത് ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്തിട്ടുണ്ട്: “നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ പുറപ്പെടുക, അല്ലാഹുവാണേ സത്യം, നിങ്ങള്‍ വൃദ്ധന്മാരെ ഉപദ്രവിക്കരുത്. കുട്ടികളെ ആക്രമിക്കരുത്, സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കരുത്, മൃഗങ്ങളെയും മരങ്ങളെയും നശിപ്പിക്കരുത്. നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കണം, നന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹുവിന് എന്തെന്നില്ലാത്ത ഇഷ്ടമാണ്”.
എത്രമാത്രം മഹത്തരമാണ് അശ്‌റഫുല്‍ ഖല്‍ഖിന്റെ ഈ ഉപദേശം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അഴിച്ചുവിടുകയും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും വധശ്രമം വരെ ആസൂത്രണം ചെയ്യുകയും ചെയ്ത, തങ്ങളുടെ സ്വത്തുക്കളും സമ്പാദ്യവും എല്ലാം പിടിച്ചടക്കിയ ഒരു സമൂഹത്തെ മുമ്പില്‍ കിട്ടിയിട്ടും അശ്‌റഫുല്‍ ഖല്‍ഖിന്റെ ഉപദേശം സംയമനം പാലിക്കാനായിരുന്നു. ചുരുക്കമിതാണ്. ബദ്ര്‍ ഒരിക്കലും മറ്റൊരു സമൂഹത്തെ കടന്നാക്രമിക്കാന്‍ വേണ്ടി പ്രവാചകര്‍ നല്‍കിയ അനുമതിയായിരുന്നില്ല. ഈ പേരു പറഞ്ഞു കൊണ്ട് മഹത്തായ ബദ്‌റിനെ ചൂഷണം ചെയ്യുന്ന ഒട്ടനവധി തീവ്രവാദ ഗ്രൂപ്പുകളുണ്ട്. ബദ്‌റിലെ സ്വഹാബാക്കളുടെ അംഗബലത്തെയും ആയുധമില്ലാത്ത അവസ്ഥയും പറഞ്ഞ് ചരിത്രത്തെ മനസ്സിലാക്കാത്ത യുവാക്കളെ പ്രലോഭിപ്പിച്ച് അവരെ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നയിക്കുന്നവര്‍ ഒരു കാര്യം മറന്നു. അന്ന് ബദ്‌റില്‍ അവരെ സഹായിച്ചത് അല്ലാഹുവായിരുന്നു. എഴുപത് തവണ യുദ്ധം വിരോധിച്ചുകൊണ്ട് ആയത്തിറക്കിയ അല്ലാഹു അവസാനം സമ്മതം കൊടുത്തത് ഇനിയും വൈകിയാല്‍ വിശുദ്ധ ഇസ്‌ലാമിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാലാണ്. എന്നും ഇസ്‌ലാമിന്റെ നയം യുദ്ധത്തെയും അക്രമത്തെയും നിരുത്സാഹപ്പെടുത്തലായിരുന്നു. അത്‌കൊണ്ട് ബദ്‌റിനെ വക്രബുദ്ധിയിലൂടെ വളച്ചൊടിക്കുന്നവരെ മനസ്സിലാക്കാനും ബദ്‌റിന്റെ യഥാര്‍ഥ ചരിത്രം മനസ്സിലാക്കാനും വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും സാധിക്കണം.