Articles
നഗരം എങ്ങനെയാണ് വെള്ളം കുടിക്കുന്നത്?
മഴക്കാലത്തിന്റെ കാല്‍പ്പനിക ഭംഗി വര്‍ണിക്കുന്നവരെല്ലാം ഗ്രാമങ്ങളിലേക്കാണ് നോക്കാറുള്ളത്. നഗരത്തിന് മഴ സവിശേഷമായ അനുഭവമാണ്. അത് അത്രയൊന്നും സന്തോഷകരമല്ല. ഒരു മഴ പെയ്താല്‍ നിറഞ്ഞ് കവിയുന്ന അഴുക്കു ചാലുകള്‍. അഴിയാത്ത ഗതാഗത കുരുക്കുകള്‍. ഒരു ആസൂത്രണവുമില്ലാതെ നഗരത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയെല്ലാം കെടുതികള്‍ രൂക്ഷമായി അനുഭവവേദ്യമാകുക മഴക്കാലത്താണ്. വെള്ളം നിറഞ്ഞ് ഒഴുകുമ്പോഴും ശുദ്ധ ജലമില്ലായ്മയുടെ ദുരിതമാണ് നഗരങ്ങളുടെ ശാപം. വര്‍ഷകാലത്തിന്റെ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് വികസനം നടത്തുകയെന്നതിലേക്ക് ഇപ്പോഴും നമ്മുടെ നഗര ഭരണകൂടങ്ങള്‍ ഉണര്‍ന്നിട്ടില്ല. അതിന്റെ ദുരിതങ്ങള്‍ കേരളത്തിലെ ഏത് നഗരത്തിലും കാണാം. പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് മഴക്കാലം ഏറ്റവും ദുരിതപൂര്‍ണമാകുന്നത്. കേരളത്തിലെ മഹാനഗരമായി വളര്‍ന്നു കഴിഞ്ഞ കൊച്ചിയെ മാത്രം എടുത്താല്‍ ഈ ദുരിതങ്ങളുടെ നേര്‍ ചിത്രം ലഭിക്കും. ചെറുതാകട്ടെ, വലുതാകട്ടെ കേരളത്തിലെ ഏത് നഗരവും കൊച്ചിയുടെ സമാനമായ പ്രതിസന്ധികളിലൂടെ മഴക്കാലം തള്ളിനീക്കുന്നു.
ഗോശ്രീയും ഹഡ്‌കോയും
എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല മലയോര പ്രദേശങ്ങളാണങ്കില്‍ പടിഞ്ഞാന്‍ മേഖല കടല്‍ തീരങ്ങളും കായലോരങ്ങളും നിറഞ്ഞതാണ്. മത്സ്യബന്ധനമാണ് പ്രധാന ഉപജീവനമാര്‍ഗം. നഗരത്തിനോട് ചേര്‍ന്നുകിടക്കുമ്പോള്‍ തന്നെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒരേപോലെ മറന്നുപോകുന്നിടം. ചെറുതും വലുതുമായ നൂറുകണക്കിന് ദ്വീപ് സമൂഹങ്ങളാണ് വേമ്പനാട്ടുകായലിന്റെ ഈ കൈവഴികളിലുള്ളത്. വേമ്പനാട്ടുകായലിലെ കൊച്ചി മേഖലയിലെ പ്രധാന ദ്വീപുകളായ ബോള്‍ഗാട്ടി, മുളവുകാട്, വല്ലാര്‍പാടം എന്നിവയെ എറണാകുളവും വൈപ്പിനുമായി കോര്‍ത്തിണക്കി 2004 ലാണ് ഗോശ്രീ പാലം വരുന്നത്.
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കും സമര പരമ്പരകള്‍ക്കും ശേഷമാണ് വിളിപ്പുറത്തുള്ള നഗരത്തിലേക്ക് ദ്വീപ് നിവാസികള്‍ റോഡ് മാര്‍ഗമെത്തി തുടങ്ങിയത്. ആധുനിക ചികിത്സ കൈയെത്തും ദൂരത്തുണ്ടായിട്ടും ബോട്ടില്ലാത്തതിനാല്‍ മരണത്തിന് കീഴടങ്ങിയവര്‍ അനവധി. പാലമെത്തിയിട്ടും ദ്വീപ് നിവാസികള്‍ക്ക് കുടിവെള്ളമെത്താന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നത് വര്‍ഷങ്ങളാണ്. പാലങ്ങളും റോഡുകളും വരുന്നതിന് മുമ്പ് കുടിവെള്ളത്തിനായി ദ്വീപ് നിവാസികള്‍ പല തവണ കായല്‍ നീന്തികടന്ന് സമരവുമായി നഗരത്തിലേക്കെത്തി. കുമ്പളം, മരട്, കുമ്പളങ്ങി, ചെല്ലാനം, പള്ളുരുത്തി അങ്ങനെ െകാച്ചിയില്‍ കുഴിച്ചാല്‍ ഉപ്പുവെള്ളം മാത്രം കിട്ടുന്ന സ്ഥലത്തെല്ലാം കുടിവെള്ളത്തിനായി ജനം തെരുവിലിറങ്ങി. കടലും കായലും ചേര്‍ന്നുകിടക്കുന്ന പടിഞ്ഞാറന്‍ മേഖലയും ജില്ലയുടെ തെക്കന്‍ അതിര്‍ത്തിയായ അരൂര്‍, ചേര്‍ത്തല പ്രദേശങ്ങളും സമാനസാഹചര്യങ്ങളിലൂടെയാണ് 2007 ന് മുമ്പ് വരെ കടന്നുപോയത്.
കൊച്ചിക്കാരുടെയും സമീപവാസികളുടെയും ദീര്‍ഘകാല ആവശ്യമായിരുന്ന കുടിവെള്ള പദ്ധതിക്ക് പരിഹാരമായി ഹഡ്‌കോ കുടിവെള്ള പദ്ധതി 1994 ലാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ അത് യാഥാര്‍ഥ്യമായതാകട്ടെ 2007ലും. പദ്ധതി പൂര്‍ത്തിയാകുന്നതിന് മുമ്പ് കൊച്ചിയുടെയും സമീപ പ്രദേശങ്ങളിലെയും ജനജീവിതം കുടിവെള്ളത്തിന് വേണ്ടിയുള്ള സമരങ്ങള്‍കൊണ്ട് നിറഞ്ഞതായിരുന്നു. രാത്രിയും പകലുമില്ലാതെ നഗരസഭയുടെയും പഞ്ചായത്തിന്റെയും കുടിവെള്ള ടാങ്കറുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇവരുടെ ജീവിതം. രാത്രി ഒരു മണിക്കും രണ്ടുമണിക്കും വരെ എത്താറുള്ള ടാങ്കര്‍ വണ്ടികളുടെ നീണ്ട ഹോണടികള്‍ക്ക് ഓരോവീടും കാതോര്‍ത്തിരുന്ന നാളുകള്‍.
ഇതിനിടയിലേക്കെത്തുന്ന മഴ, ദുരിതങ്ങളിലേക്കാണ് പെയ്തിറങ്ങുന്നത്. കായലോരങ്ങളില്‍ നിന്നും വെള്ളം പൊങ്ങി വീടിന്റെ അകത്തളങ്ങളില്‍ വരെ ദിവസങ്ങളോളം കെട്ടിനില്‍ക്കും. കൈയില്‍ കിട്ടുന്നതെല്ലാം വാരിക്കെട്ടി ചിലര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടിയേറും. മഴക്കാലം രൂക്ഷമാകുന്നതോടെ റോഡും തോടും കായലുമെല്ലാം തിരിച്ചറിയാനാകാത്തവിധം വെള്ളം കെട്ടിനില്‍ക്കും. ഇതോടെ കുടിവെള്ളം തേടി കുടവും പാത്രങ്ങളുമായി വെള്ളത്തിലൂടെ കിലോമീറ്റര്‍ വഞ്ചിതുഴഞ്ഞും നടന്നും പേകേണ്ട ഗതികേടിലാകും വൈപ്പിന്‍, മുനമ്പം, കുമ്പളം മേഖലയിലെ സാധാരണക്കാര്‍. ഇതിനിടയിലേക്ക് പനിയും ചുമയുമായി രോഗങ്ങള്‍ കൂട്ടുകൂടാനെത്തും. അങ്ങനെ പകര്‍ച്ചവ്യാധികളുടെ മഴക്കാലം പലരുടെയും ജീവനെടുക്കും.
മെട്രോ നഗരമായി വളരുമ്പോഴും കൊച്ചിയിലെ വെള്ളകെട്ടിന് ഇപ്പോഴും പരിഹാരം കണ്ടെത്താനായിട്ടില്ല. കൊച്ചിയുടെ മാലിന്യവാഹിനികളായ മുല്ലശ്ശേരി കനാല്‍, തേവര പേരണ്ടൂര്‍ കനാല്‍ എന്നിവ ഒഴുക്ക് നിലച്ച് കിടക്കുന്നതാണ് വെള്ളകെട്ടിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കാന്‍ തോരാതെ പെയ്യുന്ന പേമാരി വേണ്ട, അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൊടിമഴ മാത്രം മതി. വെള്ളം ഒഴുകിപ്പോകേണ്ട ഓടകളും കാനകളും മാലിന്യങ്ങള്‍ കൊണ്ട് കുമിഞ്ഞ് കൂടിയിരിക്കുകയാണ്. അരമണിക്കൂര്‍ കൊണ്ട് കൊച്ചി നഗരം വെള്ളത്തിനടിയിലാകും. മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്ക്, സാംക്രമിക രോഗങ്ങള്‍, മാലിന്യങ്ങള്‍- അങ്ങനെ മഴക്കാലത്ത് കൊച്ചി കാണുന്നവന്‍ പിന്നെ ഈ മഹാനഗരത്തെ വെറുത്തുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.
വെല്‍ഫെയര്‍
സര്‍വീസസ് വിജയഗാഥ
90 കളില്‍ കുടിവെള്ളത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്ന ജനതയായിരുന്നു കൊച്ചിയിലെത്. അവര്‍ക്ക് കുടിവെള്ളത്തിനായി ഒരു സമാന്തര സംവിധാനം ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല. അപ്പോഴാണ് കേരളത്തിന്റെ അനുഗ്രഹമായ മഴയെ ശാസ്ത്രീയമായി ഉപയോഗിച്ച് കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ സര്‍വീസസ് മുന്നോട്ട് വന്നത്. കൊച്ചിക്കാര്‍ക്ക് മാത്രമല്ല കേരളത്തിലുള്ളവര്‍ക്ക് തന്നെ അന്ന് അതുള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. കിണര്‍ റീചാര്‍ജിംഗ്, കുളങ്ങളുടെ സംരക്ഷണം എന്നിവയൊക്കെ അന്നുതന്നെ മുന്‍കൈ എടുത്ത് വെല്‍ഫെയര്‍ സര്‍വീസസ് നടപ്പാക്കിയിരുന്നു. കായലോര പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഈ മേഖല കേന്ദ്രീകരിച്ച് നിരവധി സെമിനാറുകളും ബോധവത്കരണ ക്ലാസുകളും അവര്‍ സംഘടിപ്പിച്ചു.
1999ല്‍ ഫാ. വര്‍ഗീസ് കാട്ടിപറമ്പില്‍ വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടറായി എത്തിയതോടെയാണ് മഴവെള്ള സംഭരണി എന്ന ആശയം മുന്നോട്ടു വന്നത്. ഫെറോസിമന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകളില്‍ മഴവെള്ള സംഭരണി നിര്‍മിക്കുന്ന ആശയത്തിന് തുടക്കത്തില്‍ അത്ര മികച്ച പ്രതികരണമല്ല സമൂഹത്തില്‍ നിന്നും ലഭിച്ചത്. വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളത്തിലെ അഴുക്ക് എങ്ങനെ നീക്കം ചെയ്യുമെന്ന് വിശദീകരിക്കാന്‍ തീരദേശ മേഖലയില്‍ ബോധവത്കരണ ക്ലാസുകളുടെ പരമ്പര തന്നെ സംഘടിപ്പിച്ചു.
മഴവെള്ള സംഭരണി നിര്‍മിക്കാന്‍ തയ്യാറായവര്‍ക്കു തന്നെ സാമ്പത്തിക ശേഷിയും കുറവായിരുന്നു. മത്സ്യത്തൊഴിലാളി മേഖലയിലെ ദുരിതങ്ങള്‍ മനസ്സിലാക്കി കാരിത്താസ് ഇന്ത്യയും കളമശ്ശേരി റോട്ടറി ക്ലബ്ബും മുന്നോട്ടു വന്നതോടെ മഴവെള്ളസംഭരണി എന്ന ആശയം യാഥാര്‍ഥ്യമായി. വൈപ്പിന്‍ മേഖലയില്‍ 120 -ഉം ചേര്‍ത്തല തൈക്കാട്ടുശേരി പ്രദേശത്ത് 85-ഉം മഴവെള്ള സംഭരണികള്‍ വെല്‍ഫെയര്‍ സര്‍വീസസ് സൗജന്യനിരക്കില്‍ നടപ്പിലാക്കി. അതോടെ കുടിവെള്ളവുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിന് നൂറടി മുന്നില്‍ വെല്‍ഫെയര്‍ സര്‍വീസസ് സാധാരണക്കാരിലേക്കെത്തി.
ഇന്ന് മഴവെള്ള സംഭരണി നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറിന്റെ ജലനിധി പദ്ധതിക്ക് വേണ്ട നിര്‍ദേശങ്ങളും പരിശീലനങ്ങളും വരെ വെല്‍ഫെയര്‍ സര്‍വീസസ് നല്‍കുന്നു. കൊച്ചി നഗരം മഴ പെയ്താല്‍ വെള്ളകെട്ടുകൊണ്ടു പൊറുതിമുട്ടും. അതേസമയം, കുടിവെള്ളക്ഷാമം രൂക്ഷവുമാണ്. കടലിന്റെയും കായലിന്റെയും സാമീപ്യം ഉള്ളതിനാല്‍ മഴവെള്ളം പെെട്ടന്ന് വലിയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മഴവെള്ളത്തെ ഉപയോഗപ്പെടുത്തുകയാണ് നഗരസഭയും ജനങ്ങളും ചെയ്യേണ്ടതെന്ന് വെല്‍ഫെയര്‍ സര്‍വീസസ് അധികൃതര്‍ പറയുന്നു.
നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7000 ത്തിനടുത്ത് മഴവെള്ള സംഭരണികള്‍ വെല്‍ഫെയര്‍ സര്‍വീസസ് നിര്‍മിച്ചുകഴിഞ്ഞു. 5000 മുതല്‍ നാല് ലക്ഷത്തിന്റെ ടാങ്കുവരെ നിര്‍മിച്ചു നല്‍കി. മഴക്കുഴികളും ജലസംഭരണികളും കിണര്‍ റീചാര്‍ജിംഗും ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ തന്നെ ഭാഗമാക്കിയിരിക്കുകയാണ്. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്ക് മുന്നേ ഇത് തിരിച്ചറിഞ്ഞ് തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയ എറണാകുളം വെല്‍ഫെയര്‍ സര്‍വീസസ് സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയില്‍ മഴവെള്ള സംഭരണനിര്‍മാണത്തില്‍ ഇത്രയേറെ അനുഭവ സമ്പത്തുള്ള മറ്റൊരു സംഘടന വിരളമായിരിക്കും.
ധാരാളം മഴ ലഭിച്ചിട്ടും കേരളം കടുത്ത ജലക്ഷാമത്തിലേക്ക് തന്നെയാണ് പോകുന്നതെന്നാണ് 32 വര്‍ഷമായി വെല്‍ഫെയര്‍ സര്‍വീസസ് മഴവെള്ള സംഭരണ നിര്‍മാണത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വി ജി മോഹനന്‍ പറയുന്നത്. എറണാകുളത്തിനും കോട്ടയത്തിന്റെയും അതിര്‍ത്തിയായ തലയോലപറമ്പിലുള്ള പുതിയ മഴവെള്ള സംഭരണിയുടെ നിര്‍മാണം ഉദാഹരണമായി ചൂണ്ടിക്കാട്ടി മോഹനന്‍ പറയുന്നു “നല്ല മഴ ലഭിക്കുന്ന പ്രദേശമാണ് തലയോലപറമ്പിലുള്ള നീര്‍പ്പാറ. അവിടെ കിണറ്റില്‍ വെള്ളമിെല്ലന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ ചെന്നു നോക്കിയപ്പോള്‍ സത്യമാണ്. കാരണം വേറൊന്നുമല്ല. അപ്പുറത്തുള്ള രണ്ട് മലകള്‍ മണ്ണെടുത്ത് പൂര്‍ണമായും ഇല്ലാതായി. ഇപ്പോള്‍ 40 അടി താഴ്ചയുള്ള കിണറ്റില്‍ വെള്ളം നല്‍ക്കാതെയായി” കേരളത്തില്‍ 100 ദിവസത്തില്‍ ഒരു മഴ ലഭിക്കുന്നുണ്ടെന്ന് മോഹനന്‍ പറഞ്ഞു. മഴവെള്ളം ഭൂമിയില്‍ കെട്ടിനിന്നാല്‍ മാത്രമേ കിണറ്റില്‍ വെള്ളമുണ്ടാകുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴവെള്ള സംഭരണി നിര്‍മാണം എന്നതിനപ്പുറം ജല ഉപഭോഗത്തെ കുറിച്ച് ബോധവത്കരണം നടത്താനും എറണാകുളം വെല്‍ഫെയര്‍ സര്‍വീസസ് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിനായി 2002-2003 കാലഘട്ടത്തില്‍ ജലസാക്ഷരത പദ്ധതി ആരംഭിച്ചു. 7000 അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് ജലസാക്ഷരത പദ്ധതി നടപ്പിലാക്കുന്നത്.
മഴവെള്ള സംഭരണ നിര്‍മാണത്തിലും ജലസംരക്ഷണത്തിലും ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രവര്‍ത്തനത്തിന് എറണാകുളം വെല്‍ഫെയര്‍ സര്‍വീസസിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മഴവെള്ള സംഭരണി നിര്‍മാണം
വീടുകളുടെയും സ്ഥാപനങ്ങളുടെയും ടെറസുകളില്‍ വീഴുന്ന മഴവെള്ളം പൈപ്പുവഴി ടാങ്കുകളിലേക്ക് ശേഖരിക്കുന്നു. പൈപ്പുകളിലൂടെ വരുന്ന വെള്ളം ടാങ്കിന് മുകളിലെ ഫില്‍റ്ററില്‍ എത്തിയ ശേഷമാണ് ടാങ്കിലേക്ക് വീഴുന്നത്. വായു കയറാതെ ഫെറോസിമന്റ് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ടാങ്കിലെ വെള്ളം പൂര്‍ണമായും ശുദ്ധമായിരിക്കും. കരി, മെറ്റല്‍ എന്നിവ നിശ്ചിത ശതമാനം ചേര്‍ത്താണ് വെള്ളം ശുദ്ധീകരിക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ കരിയും മെറ്റലും മാറ്റുകയും ടാങ്ക് വൃത്തിയാക്കുകയും വേണം. ടാങ്ക് നിര്‍മാണത്തിന് തുരമ്പെടുക്കാത്ത കമ്പികളാണ് ഉപയോഗിക്കേണ്ടത്.