Articles
റീചാര്‍ജ് ചെയ്തു വെക്കാം, വേനല്‍ക്കാലത്തിനായി
മഴക്കാലത്തെ മഴക്കാലത്തിനുമപ്പുറത്തേക്ക് സംഭരിച്ചുവെക്കുകയല്ലാതെ കേരളത്തിന്റെ ജലദൗര്‍ലഭ്യത്തിന് വേറെ പരിഹാരമില്ല. മഴവെള്ളം ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ പുതിയൊരു സാക്ഷരത തന്നെ കൈവരിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ മുറ്റങ്ങളില്‍ വര്‍ഷം തോറും വീഴുന്ന മഴവെള്ളത്തില്‍ ചെറിയ അളവിലെങ്കിലും സംഭരിക്കാന്‍ കഴിഞ്ഞുവെങ്കില്‍ കുടിനീരിനായി വേനലില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ മലയാളിക്ക് വരില്ലെന്ന് കോഴിക്കോട് സി ഡബ്ല്യൂ ആര്‍ ഡി എം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് മാനേജ്‌മെന്റ്) വിദഗ്ധര്‍ പറയുന്നു. മഴവെള്ളം ഒഴുക്കിവിടാതെയും ഒഴുകാന്‍ അനുവദിക്കാതെയും ജീവിത രീതിയില്‍ ചെറിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഈ പ്രതിസന്ധി മറികടക്കാന്‍ മലയാളിക്ക് കഴിയണം. കെട്ടിടങ്ങളിലെ മഴവെള്ള സംഭരണികളുടെയും പറമ്പുകളിലെ മഴക്കുഴികളുടെയുമൊക്കെ പ്രധാന്യം ഇവിടെയാണ്.
ഒരു ചതുരശ്ര മീറ്ററില്‍ ഒരു മില്ലിമീറ്റര്‍ മഴ പെയ്താല്‍ ഒരു വര്‍ഷംകൊണ്ട് ഒരു ലിറ്റര്‍ വെള്ളം ലഭിക്കും. കേരളത്തില്‍ ശരാശരി 2500 മില്ലി മീറ്റര്‍ മഴ ലഭിക്കുന്നതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മഴയുടെ അളവില്‍ വലിയ കുറവുണ്ടായിട്ടും 1600 മില്ലി ലിറ്റര്‍ മഴ ലഭിച്ചു. 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീടിന്റെ മുകളില്‍ 3,00,592 ലിറ്റര്‍ വെള്ളം ലഭിക്കും. കേരളത്തില്‍ ശരാശരി ഒരു കടുംബത്തിന് രണ്ടേമുക്കാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ആവശ്യമെന്നിരിക്കെ ഈ വെള്ളം മാത്രം സംഭരിച്ചാല്‍ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
കിണര്‍ റീ ചാര്‍ജ്
ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ് ആണ് മഴവെള്ള സംഭരണത്തിന് ഇന്ന് നിലവിലെ പ്രധാന പദ്ധതി. മഴ ഉള്ള എല്ലാ സമയങ്ങളിലും വെള്ളം സംഭരിക്കാമെങ്കിലും തുലാവര്‍ഷത്തിലേതും വേനല്‍ മഴയുമാണ് നിര്‍ബന്ധമായും സംഭരിക്കേണ്ടത്. ഈ വെള്ളമാകും കൂടുതലും വേനലില്‍ ഉപകാരപ്പെടുക. കിണറുകള്‍ റീചാര്‍ജ് ചെയ്യല്‍, മഴക്കുഴി തീര്‍ക്കല്‍, ബോര്‍വെല്‍ റീചാര്‍ജ്, വാട്ടര്‍ കിണറും മഴവെള്ള സംഭരണിയും ഒരുമിച്ചുള്ളത് തുടങ്ങിയ മാര്‍ഗങ്ങളാണ് മഴവെള്ള സംഭരണത്തിന് പ്രധാനമായും ഉള്ളത്. ചെലവ് കുറഞ്ഞതും ഏതൊരാള്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതുമായ കിണര്‍ റീചാര്‍ജിംഗ് പദ്ധതിയാണ് ഇതില്‍ ശ്രദ്ധേയമെന്ന് സി ഡബ്ല്യൂ ആര്‍ ഡി എമ്മിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ പി ശശിധരന്‍ പറയുന്നു.
രണ്ട് രൂപത്തില്‍
കിണര്‍ റീചാര്‍ജ് ചെയ്യാം
വീടിന്റെ മേല്‍ക്കൂരയുടെ അഗ്രഭാഗങ്ങളിലെ പാത്തികളില്‍ നിന്നും പി വി സി പൈപ്പിലൂടെ അരിപ്പസംവിധാനമുള്ള ടാങ്കിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം, ശുദ്ധീകരിച്ച ശേഷം ടാങ്കിന് അടിഭാഗത്തെ പൈപ്പിലൂടെ കിണറിലേക്ക് കടത്തിവിടുന്നതാണ് ഒന്ന്.
ഹ ഫെറോ സിമെന്റ് മഴവെള്ള സംഭരണിയാണ് മറ്റൊന്ന്. ഭൂമിക്കടിയില്‍ സിമെന്റ് ഉപയോഗിച്ച് തീര്‍ക്കുന്ന കുഴികളില്‍ വെള്ളം സംഭരിച്ച ശേഷം ശുദ്ധീകരിച്ച് പൈപ്പ് വഴി കിണറ്റിലെത്തിക്കുന്നതാണിത്.
ഹ ഫെറോ സിമെന്റ് മഴവെള്ള സംഭരണി തീര്‍ക്കുമ്പോള്‍ കഴിയുന്നതും വീടിന് അടുത്തും കിണറിനോട് ചേര്‍ന്നുമാണ് കുഴി എടുക്കേണ്ടത്. പൈപ്പുകളുടെ വലുപ്പം മൂലമുണ്ടാകുന്ന തകാറുകള്‍ പരിഹരിക്കാന്‍ ഇത് എളുപ്പമാകും. കൂടാതെ നിരന്ന സ്ഥലങ്ങളില്‍ മാത്രമേ കുഴികള്‍ തീര്‍ക്കാവൂ.
മരത്തിന് ചുവട്ടിലും മരത്തിന്റെ വേരുകള്‍ വരാന്‍ സാധ്യതയുള്ളിടത്തും കുഴികള്‍ തീര്‍ക്കരുത്. 5000 രൂപ മുതല്‍ 25,000 രൂപ വരെ ഇതിന് ചെലവ് വരും.
മഴ വെള്ള സംഭരണി സ്ഥാപിക്കുമ്പോള്‍ വീടുകളിലെ അംഗങ്ങളുടെ എണ്ണം, ഒരു വര്‍ഷത്തില്‍ എത്ര ജലം ആവശ്യമാണ് എന്ന കാര്യത്തില്‍ ധാരണ വേണം. ഇതിന് അനുസരിച്ചാണ് കുഴികള്‍ തീര്‍ക്കേണ്ടത്.
മഴക്കുഴികള്‍
മഴക്കുഴികള്‍ ഉപയോഗിച്ചുള്ള ജലസംഭരണവും ഇന്ന് വ്യാപകമായുണ്ട്. പുതുതായി കിണര്‍ കുഴിക്കുമ്പോള്‍ മഴക്കുഴികള്‍ വേണമെന്നത് അധികൃതര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിരപ്പായ സ്ഥലങ്ങളില്‍ മാത്രമേ മഴക്കുഴികള്‍ തീര്‍ക്കാന്‍ പാടുള്ളൂ. പറമ്പിലൂടെ വെള്ളം ഒഴുകുന്നതിന്റെ നേര്‍ എതിര്‍ ദിശയിലായിരിക്കണം കുഴികള്‍ തീര്‍ക്കേണ്ടത്.
ഭൂഗര്‍ഭ ജലം റീചാര്‍ജ് ചെയ്യുന്ന പദ്ധതിയാണ് ബോര്‍വെല്‍ റീചാര്‍ജ്. കിണറിന് മുകളിലും മഴവെള്ള സംഭരണി സി ഡബ്ല്യൂ ആര്‍ ഡി എമ്മിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്.
കിണറുകള്‍ക്ക് മുകളില്‍ സിമെന്റ് സ്ലാബ് ഉപയോഗിച്ച് മൂടിയ ശേഷം പ്ലാസ്റ്റിക് ഉപയോഗിച്ച് മഴവെള്ള സംഭരണി തീര്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സംഭരിച്ച വെള്ളം ശുദ്ധീകരിച്ച ശേഷം പൈപ്പ് വഴി കിണറിലേക്ക് ഒഴുക്കണം.
നഗര പ്രദേശങ്ങളിലും മറ്റും ഇരുനില വീടുകളില്‍ ഒന്നാം നിലക്ക് മുകളില്‍ ടാങ്ക് സ്ഥാപിച്ച് മഴവെള്ളം സംഭരിക്കുന്ന മാര്‍ഗങ്ങള്‍ ചില വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും നടപ്പാക്കുന്നുണ്ട്. ടാങ്കില്‍ സംഭരിക്കുന്ന വെള്ളം പൈപ്പ് വഴി ബാത്ത്‌റൂമിലേക്കും ശുദ്ധീകരിച്ച ശേഷം അടുക്കള ആവശ്യത്തിനുമെല്ലാം ഉപയോഗപ്പെടുത്തുന്നതാണിത്.
തെങ്ങിന്‍ തടം
മഴക്കാലമാകുന്നതോടെ പറമ്പുകള്‍ കിളച്ചിടുന്നതും തെങ്ങുകള്‍ അടക്കമുള്ള കാര്‍ഷിക വിളകള്‍ക്ക് തടമിടുന്നതും പണ്ട് കാലങ്ങളില്‍ നമ്മുടെ നാട്ടുകളില്‍ സര്‍വ സാധാരണമായിരുന്നു. ഇത്തരം പരമ്പരാഗത കൃഷി രീതികള്‍ വലിയ തോതില്‍ ഭൂഗര്‍ഭജലം സംരക്ഷിച്ചിരുന്നു. കേരളത്തില്‍ ലക്ഷക്കണക്കിന് തെങ്ങുകളുണ്ട്. ഒരു ഹെക്ടറില്‍ മാത്രം 175 തെങ്ങുകളുണ്ടെന്നാണ് കണക്ക്. ഇതിന് തടമെടുത്താല്‍ തന്നെ ഓരോ വീട്ടിലും സ്ഥായിയായ ജലസംരക്ഷണം ഉറപ്പിക്കാനാകും. അടുക്കളയില്‍ പാചകത്തിനും പാത്രം കഴുകുന്നതിനും ഉപയോഗിക്കുന്ന വെള്ളം പിന്നീട് ഒഴുക്കികളയുന്നതാണ് പതിവ്. ഇത് ചെറിയ ടാങ്കുകളിലും മറ്റും ശേഖരിച്ചാല്‍ പറമ്പിലെ കൃഷിക്കും മറ്റും ഉപയോഗിക്കാവുന്നതാണ്.
കുളങ്ങള്‍ അവഗണിക്കരുത്
കുളങ്ങളുടെയും മറ്റ് സ്വാഭാവിക ജലസ്രോതസുകളുടെയും നവീകരണമാണ് മറ്റൊന്ന്. മഴക്കാലത്ത് വലിയ തോതില്‍ ജലം കുളങ്ങളില്‍ വന്ന് നിറയുന്നു. എന്നാല്‍ നാട്ടിന്‍ പുറങ്ങളിലും മറ്റും നിരവധി കുളങ്ങളും പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറികളിലെ വെള്ളകെട്ടുകളും മറ്റ് ജലസ്രോതസുകളും മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാല്‍ ഉപയോഗിക്കാനാകുന്നില്ല. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പൈപ്പ് വെള്ളം എത്തിയതോടെയാണ് ജനം ഇത്തരം സ്വാഭാവിക ജലസ്രോതസുകളെ അവഗണിച്ച് തുടങ്ങിയത്. വന്‍കിട ജലസേചന പദ്ധതികളും സ്വാഭാവിക കുളങ്ങളെ ഉപേക്ഷിക്കാന്‍ കാരണമായി. ഇതിനെക്കുറിച്ച് പഠനം നടത്തിയ സി ഡബ്ല്യൂ ആര്‍ ഡി എം സംസ്ഥാനത്തെ കുളങ്ങള്‍ നവീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തില്‍ 40 കുളങ്ങള്‍ അഞ്ച് വര്‍ഷം കൊണ്ട് ജലസമൃദ്ധി ഉറപ്പുനല്‍കുന്ന ബൃഹത്തായ കുടിവെള്ള സ്രോതസ്സാക്കി മാറ്റാന്‍ സി ഡബ്ല്യൂ ആര്‍ ഡി എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. മാലിന്യങ്ങള്‍ നീക്കം ചെയ്തും അരികുകള്‍ കെട്ടിയും കുളങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ സമീപപ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം ഉറപ്പുവരുത്താന്‍ സാധിക്കും. കൂടാതെ പുഴയുടെ കൈവഴികളും തോടുകളും പുനരുജ്ജീവിപ്പിക്കണം. തോടുകളും കാനാലുകളും വഴി വലിയ തോതില്‍ നീരൊഴുക്ക് മഴക്കാലത്തുണ്ടാകും. ചെറിയ തടയണകളും മറ്റും നിര്‍മിച്ച് ഇവിടങ്ങളിലെ വെള്ളം സംഭരിച്ച് നിര്‍ത്താവുന്നതാണ്. പറമ്പുകളിലും മറ്റും മഴക്കാലത്ത് ഉണ്ടാകുന്ന ഉറവകള്‍ സംരക്ഷിക്കപ്പെടണം.
മുറ്റത്ത് ഇന്റര്‍ലോക്ക് വേണ്ട
മുറ്റം കോണ്‍ക്രീറ്റ് ചെയ്തും ഇന്റര്‍ലോക്ക് പാകിയും മോടികൂട്ടുമ്പോള്‍ മഴ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നത് തടയപ്പെടുകയാണ്. ചെളി വന്ന് അടയുന്നതിനാല്‍ ഇന്റര്‍ലോക്കിന് ഇടയിലുള്ള ചെറിയ വിടവുകളിലൂടെ പോലും വെള്ളം താഴേക്ക് ഇറങ്ങാതെ പോകുന്നു. ഭൂമിയിലെവിടെ നിന്നെങ്കിലും ബാഷ്പീകരിക്കപ്പെടുന്ന വെള്ളത്തുള്ളി, മഴയായി വീണ്ടും ഭൂമിയില്‍ പതിക്കുകയാണ് ചെയ്യുന്നത്. വനത്തിലും വയലിലും തുറസ്സായ പറമ്പിലും മഴത്തുള്ളി പതിയുമ്പോള്‍ സ്വാഭാവികമായും അത് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് “ജലചക്ര”ത്തിന്റെ ഭാഗമാകും. അതേസമയം, സിമിന്റിട്ടുറപ്പിച്ച പ്രതലത്തിലോ കെട്ടിടങ്ങള്‍ക്ക് മുകളിലോ ആണ് പതിക്കുന്നതെങ്കില്‍ ആ വെള്ളത്തുള്ളി ഒഴുകി നേരെ കടലിലേക്കാണ് പോവുക. ഇങ്ങനെ സംഭവിക്കുമ്പോള്‍ ആ വെള്ളം ജലചക്രത്തില്‍ നിന്ന് നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
മഴവെള്ളത്തോടൊപ്പം ഭൂഗര്‍ഭ ജലവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇത് ഏതെങ്കിലും അധികൃതരുടെ ഉത്തരവാദിത്വമായി കാണാതെ ഓരോ മലയാളിയും ജല സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയേ തീരൂ.
വിവരങ്ങള്‍ക്ക്: ശശിധരന്‍ പി -9447611250
(സി ഡബ്ല്യൂ ആര്‍ ഡി ശാസ്ത്രജ്ഞന്‍)