Ramzan
പെരുന്നാള്‍ അടുക്കുന്നു; വസ്ത്ര വിപണി സജീവം
അരീക്കോട്: റമസാന്‍ അവസാന പത്തിലേക്ക് അടുക്കുന്നതോടെ പെരുന്നാള്‍ വിപണി സജീവമാകുന്നു. പെരുന്നാളിന് പുത്തന്‍ ഉടുപ്പുകള്‍ ധരിക്കാനായി അവ ശേഖരിക്കുന്ന തിരക്കിലാണ് പലരും. വീട്ടുകാര്‍ കുടുംബ സമേതമാണ് ആവശ്യമായ വസ്ത്രങ്ങള്‍ ശേഖരിക്കാനായി വസ്ത്രാലയങ്ങള്‍ കയറുന്നത്. രണ്ട് ദിവസമായി വസ്ത്രാലയങ്ങളില്‍ തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയിട്ട്. പെരുന്നാള്‍ അടുക്കുന്നതോടെ തിരക്കുകള്‍ അധികരിക്കുമെന്ന് വ്യാപാരികളും പറയുന്നു.
പെരുന്നാള്‍ വിപണി മുമ്പില്‍ കണ്ട് ധാരാളം ചെറുതും വലുതുമായ വസ്ത്ര ശാലകള്‍ തുറന്നിട്ടുണ്ട്. എല്ലായിടത്തും കാര്യമായ തിരക്കും അനുഭവപെടുന്നുണ്ട്. ഒരു കാലത്ത് തുണി തരങ്ങള്‍ക്കായിരുന്നു ആവശ്യക്കാര്‍ ഏറെയെങ്കില്‍ ഇന്ന് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ജില്ലയില്‍ മുസ്‌ലിം സ്ത്രീകളില്‍ അധികവും പര്‍ദയിലേക്ക് നീങ്ങിയതോടെയാണ് ടൈലര്‍മാരുടെ എണ്ണം കുറയാന്‍ തുടങ്ങിയത്. പുതുതായി വസ്ത്ര വിപണി വരുന്നതും ജില്ലയിലാണ്. റമസാന്‍ വ്രതമായിട്ടും വസ്ത്രങ്ങള്‍ വാങ്ങാനായി കുടുംബ സമേതം കാലത്ത് തന്നെ എത്തുന്നവര്‍ വൈകീട്ടോടെയാണ് മടങ്ങുന്നത്.