Articles
പ്രതീക്ഷിക്കാം, ഖദ്‌റിന്റെ രാത്രിയെ
റമസാന്‍ അവസാന പത്ത് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന പത്താണ്. ഒറ്റയൊറ്റ രാവുകളിലാണതിനെ പ്രതീക്ഷിക്കേണ്ടത്. അന്ത്യ പത്തിലെ ഒറ്റയായ അഞ്ച് രാത്രികളെ പ്രത്യേകം ശ്രദ്ധിക്കുന്ന ആര്‍ക്കും ഖദ്‌റിന്റെ രാത്രിയെ പ്രാപിക്കാം. 27ാം രാവില്‍ കൂടുതലായി പ്രതീക്ഷിക്കാമെന്ന് മാത്രം. എന്തുമാത്രം മഹത്വമാണതിന് ഓഫര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ലൈലത്തുല്‍ ഖദ്‌റിലാണ്. ഖുര്‍ആന്റെ വാര്‍ഷിക നിശയാണത്. അന്ന് മുസ്‌ലിം ലോകം ഉറങ്ങുന്നില്ല. അവര്‍ വിനോദിക്കാനും ആഹ്ലാദിക്കാനുമില്ല. കളിക്കാനും ചിരിക്കാനുമില്ല. പ്രാര്‍ഥനയിലും ആരാധനയിലുമാണവര്‍.ഇഅ ്തികാഫിലും ദാനധര്‍മങ്ങളിലുമാണവര്‍. കണ്ണുനീര്‍ കൊണ്ട് ഹൃദയം കഴുകി ശുദ്ധിയാക്കുന്ന തിരക്കിലാണവര്‍.
അത്യുദാരനായ അല്ലാഹുവിന്റെ കാരുണ്യ തരംഗങ്ങള്‍ സത്യവിശ്വാസികളെ തഴുകുന്ന രാത്രിയാണ് ഖദ്‌റിന്റെ രാത്രി. അനുഗ്രഹ വര്‍ഷത്തിന്റെ മാലാഖമാര്‍ കൂട്ടമായിറങ്ങി ആദം സന്തതികളെ ആവേശപൂര്‍വം ആശീര്‍വദിക്കുന്ന രാത്രി. ഏത് സാധാരണക്കാരനും അവന്റെ പാപഭാരം ഇറക്കിവെക്കാന്‍ പരമാവധി ശ്രമിക്കുന്ന രാത്രി. നന്മകള്‍്ക്ക് പരസഹസ്രം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മഹത്തായ രാത്രി. അതാണ് ആയിരം മാസങ്ങളെക്കാള്‍ അത്യുത്തമമായ ഖദ്‌റിന്റെ രാത്രി. അതിശ്രേഷ്ടമായഈരാത്രിയെ ശരിക്കും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് വിജയം. ഫലപ്രദമായി സജീവമാക്കാന്‍ കഴിയാത്തവര്‍ക്ക് പരാജയവും അപരിഹാര്യമായ നഷ്ടവുമാണ്. ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം തടയപ്പെടുന്നവര്‍ സകല നന്മകളും തടയപ്പെടുന്ന ഹതഭാഗ്യരാണ്(ഹദീസ് അബൂദാവൂദ്). തിരുനബി (സ) ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികളില്‍ വിരുപ്പ് മടക്കിവെക്കുമായിരുന്നു. ഭാര്യമാരില്‍ നിന്ന് വിട്ടുനില്‍ക്കുകയും രാത്രി ഭക്ഷണം അത്താഴ സമയത്താക്കുകയും ചെയ്യും. രാത്രി കുളിച്ച് നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും ചെയ്യും. നിസ്‌കാര സ്ഥലവും സുഗന്ധം പുകക്കുമായിരുന്നു. തമീമു ദാരി(റ) ആയിരം ദിര്‍ഹം വിലവരുന്ന വസ്ത്രം വാങ്ങുകയും ലൈലത്തുല്‍ ഖദ്‌റിന് സാധ്യതയുള്ള ദിവസങ്ങളില്‍ ധരിക്കുകയും ചെയ്യുമായിരുന്നു. വെള്ളിയാഴ്ച ജുമുഅക്ക് വേണ്ടിയും പെരുന്നാളുകള്‍ക്ക് വേണ്ടിയും അണിഞ്ഞൊരുങ്ങും വിധം ഖദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികളിലും മികച്ച ഒരുക്കാം നടത്തുന്നത് പൂര്‍വിക സച്ചരിതരുടെ മാതൃകയായിരുന്നു. നന്മ വിളവെടുക്കണമെങ്കില്‍ നന്നായി അധ്വാനിക്കുകയും നല്ല വിത്തിറക്കുകയും വേണമല്ലോ.
രാത്രി മുഴുസമയമോ ഭൂരിഭാഗം സമയമോ നബി(സ) ഉറക്കൊഴിച്ച് ആരാധനകളില്‍ സജീവമാകുമെന്നും ഭാര്യ.മാരെ വിളിച്ചുണര്‍ത്തി ഇബാദത്തുകളില്‍ സജീവമാകുമെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. 27ാം രാവില്‍ മാത്രം സജീവമായാല്‍ പോരെന്ന് വ്യക്തം. അത് തിരുത്തപ്പെടേണ്ടതാണ്.