Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫി കിരീടം പാക്കിസ്ഥാന്

Published

|

Last Updated

ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.3 ഓവറില്‍ 158 എല്ലാവരും പുറത്തായി. ഇതാദ്യമയാണ് ഒരു ഐ സി സി ടൂര്‍ണമന്റിന്റെ ഫൈനലില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്. സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ നാലിന് 338. ഇന്ത്യ 30.3 ഓവറില്‍ 158 ആള്‍ഔട്ട്. ടൂര്‍ണമെന്റിലുടനീളം മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ശിഖര്‍ ധവാനാണ് ഗോള്‍ഡന്‍ ബാറ്റ്. ഹസന്‍ അലി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പാക്കിസ്ഥാന്റെ പേസ് ആക്രമണത്തെ നേരിടുന്നതില്‍ കനത്ത പരാജയമായി. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ രോഹിത് ശര്‍മയിലൂടെ ആദ്യവിക്കറ്റ് നഷ്ടമായി. മുഹമ്മദ് ആമിറിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുരുങ്ങി. തൊട്ടുപിന്നാലെ കോഹ്‌ലിയെ പുറത്താക്കി ആമിര്‍ ആഞ്ഞടിച്ചു. ഷദാബ് ഖാന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ അഞ്ച് റണ്‍സായിരുന്നു കോഹ് ലിയുടെ സമ്പാദ്യം. സ്ലിപ്പില്‍ ഒരു ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടതിന് തൊട്ടടുത്ത പന്തിലായിരുന്നു കോഹ്‌ലിയുടെ പുറത്താകല്‍. പിന്നീട് ധവാനും യുവ്‌രാജും ചേര്‍ന്ന് രക്ഷപ്രാവര്‍ത്തനം തുടങ്ങി. മികച്ച ബൗണ്ടറികളുമായി മുന്നേറവേ ധവാന്‍ വീണു. ഇത്തവണയും വിക്കറ്റ് നേടിയത് ആമിര്‍ തന്നെ. റണ്ണെടുക്കാന്‍ വിഷമിച്ച യുവ്‌രാജിന്റെ ഊഴമായിരുന്നു അടുത്തത്. 31 പന്തല്‍ 22 റണ്‍സെടുത്ത യുവ് രാജിനെ ഷദാബ് ഖാന്‍ വിക്കറ്റിന് മുമ്പില്‍ കുടുക്കി.

പതിനാറ് പന്തുകളില്‍ നാല് റണ്‍സുമായി ധോണിയും മടങ്ങിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയിലേക്ക് പതിച്ചു. 13.3 ഓവറില്‍ 54 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എന്നാല്‍, ഏഴാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യക്ക് വലിയ ആശ്വാസമായി. പാക് ബൗളര്‍മാരെ നിര്‍ഭയം പ്രഹരിച്ച പാണ്ഡ്യ അതിവേഗത്തില്‍ 32 പന്തില്‍ അര്‍ധ സെഞ്ച്വറി കുറിച്ചു. പാണ്ഡ്യയും ജഡേജയും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍, ഇന്ത്യന്‍ സ്‌കോര്‍ 152 ല്‍ നില്‍ക്കെ പാണ്ഡ്യ റണ്ണൗട്ടായി. 43 പന്തില്‍ ആറ് സിക്‌സറുകളും നാല് ബൗണ്ടറികളും പറത്തിയ പാണ്ഡ്യ, 76 റണ്‍സെടുത്തു. ശേഷിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ പൊരുതാതെ കീഴടങ്ങിയപ്പോള്‍ പാക് ജയം വേഗത്തിലായി.

Latest