Connect with us

Ongoing News

ഹോക്കിയില്‍ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

Published

|

Last Updated

ലണ്ടന്‍: ലോക ഹോക്കി ലീഗ് സെമി ഫൈനല്‍ ലീഗ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തുവിട്ടു. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം ജയം നേടി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ജയമാണിത്. ഹര്‍മന്‍ പ്രീത് സിംഗ്, തല്‍വിന്ദര്‍ സിംഗ്, ആകാശ് ദീപ് സിംഗ് എന്നിവരുടെ ഇരട്ട ഗോള്‍ മികവിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്.

13ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ മുന്നിലെത്തി. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ത്തിന് മുന്നിലായിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ നേടി (21,23) തല്‍വിന്ദര്‍ സിംഗ് ലീഡുയര്‍ത്തി. 47ാം മിനുട്ടില്‍ ആകാശ് ദീപ് സിംഗും 49ാം മിനുട്ടില്‍ പ്രതീപ് മോറും ലക്ഷ്യം കണ്ടതോടെ പാക്കിസ്ഥാന്‍ പതറി. 59ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോള്‍ നേടിയ ആകാശ്ദീപ് ഇന്ത്യന്‍ ജയം ഉജ്ജ്വലമാക്കി. 57ാം മിനുട്ടില്‍ മുഹമ്മദ് ഉമര്‍ ബുട്ടയാണ് പാക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ നേടിയത്. നേരത്തെ, ബി ഗ്രൂപ്പില്‍ കാനഡയെ 3-0നും സ്‌കോട്ട്‌ലാന്‍ഡിനെ 4-1നും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. നാളെ ഹോളണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Latest