Connect with us

Articles

ഖദ്‌റിന്റെ രാത്രിയില്‍

Published

|

Last Updated

സ്വര്‍ണവും ഇരുമ്പും ലോഹമെന്ന ജനുസ്സില്‍ പെട്ടതാണല്ലോ? എന്നാല്‍ മൂല്യത്തിന്റെ വിഷയത്തില്‍ രണ്ടും അജഗജാന്തരമുണ്ട്. അല്ലാഹു തആല എല്ലാവസ്തുക്കളുടെയും സൃഷ്ടിപ്പ് നടത്തിയത് അങ്ങനെയാണ്. സുഗന്ധങ്ങളില്‍ കസ്തൂരി, സ്ഥലങ്ങളില്‍ അര്‍ശ്, രത്‌നങ്ങളില്‍ മാണിക്യം, പ്രകാശം പരത്തുന്ന വസ്തുക്കളില്‍ സൂര്യന്‍, ഗ്രന്ഥങ്ങളില്‍ നിന്ന് ഖുര്‍ആന്‍, മധുരങ്ങളില്‍ തേന്‍, വസ്ത്രങ്ങളില്‍ പട്ട്, മരങ്ങളില്‍ സൈത്തൂന്‍, മാസങ്ങളില്‍ റമസാന്‍, ദിവസങ്ങളില്‍ വെള്ളിഴായ്ച, രാത്രികളില്‍ നിന്ന് ലൈലത്തുല്‍ ഖദ്‌റ് എന്നിങ്ങനെ അല്ലാഹു വ്യത്യസ്തമാക്കിയവയെ പണ്ഡിതന്മാര്‍ രേഖപെടുത്തുന്നതായി കാണാം. വര്‍ഷത്തിലെ ഏറ്റവും പുണ്യ രാത്രി ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയാണ്. ഖദ്‌റ് എന്നാല്‍ വിധി, തീരുമാനം, മഹത്വം എന്നല്ലാം അര്‍ഥമുണ്ട്. ഇമാം റാസി തഫ്‌സീറില്‍ അബൂബക്കരില്‍ വര്‍റാഖ് എന്നവരെ ഉദ്ധരിക്കുന്നു: “ലൈലത്തുല്‍ ഖദ്ര്‍ എന്നു പേരുവെക്കാനുള്ള കാരണം മഹത്വമുള്ള ഗ്രന്ഥം സ്ഥാനമുള്ള മലക്ക് മുഖേനെ മഹത്തായ സമൂഹത്തിന്റെ മേല്‍ ഇറക്കപെട്ട ദിവസമാണ് അത് എന്നത് കൊണ്ടാണ്.
വിശുദ്ധ ഖുര്‍ആനില്‍ 114 അധ്യായങ്ങളുണ്ട്. അവകളിലൊന്നും സൂറത്ത് സ്വൗം എന്ന പേരിലോ സൂറത്ത് സക്കാത്ത് എന്ന പേരിലോ ഒരു പ്രത്യേക അധ്യായം കാണാന്‍ സാധിക്കില്ല. ഇത്തരം സുപ്രധാന ആരാധനാ കര്‍മങ്ങളെല്ലാം അല്ലാഹു മറ്റു സൂറത്തുകളുടെ കൂടെ പറഞ്ഞതാണ്. എന്നാല്‍ ലൈലത്തുല്‍ ഖദറിനെ പരാമര്‍ശിക്കുന്ന ഒരു അധ്യായം ഇറക്കുകയും ആ അധ്യായത്തില്‍ തന്നെ ആവര്‍ത്തിച്ച് ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ച് പറയുകയും ചെയ്യുമ്പോള്‍ അതിന്റെ പ്രസക്തി എത്രമാത്രമാണ്. ഒരു ബില്ലിനെ കുറിച്ച് മാത്രം ചര്‍ച്ചചെയ്യാന്‍ മന്ത്രിസഭാ യോഗവും പാര്‍ലിമെന്റും കൂടുമ്പോള്‍ ആ ബില്ല് എത്രമാത്രം കര്യപ്രസക്തമായിരിക്കും എന്നത് പോലെയാണ് ഖുര്‍ആനിലെ ഈ സൂറത്തെന്ന് നമുക്ക് വിശേഷിപ്പിക്കാം. കാരണം പല വിഷയങ്ങളെ ഒരു അധ്യായത്തില്‍ സമ്മേളിപ്പിക്കുക എന്ന ഖുര്‍ആനിന്റെ പൊതുസ്വഭാവത്തില്‍ നിന്ന് വിഭിന്നമായിട്ടാണ് ഈ അധ്യായത്തെ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.

എന്തുകൊണ്ട് വ്യക്തമാക്കിയില്ല?
ഉബാദത്ത് ബ്‌നു സ്വാമിത്തില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു: “നബി(സ)തങ്ങള്‍ ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ച് അറിയിച്ചുതരാന്‍ ഞങ്ങളിലേക്ക് പുറപ്പെട്ടു. വഴിമധ്യേ വിശ്വാസികളില്‍ നിന്നുള്ള രണ്ടാളുകള്‍ പരസ്പരം തര്‍ക്കിക്കുന്നത് കാണാനിടയായി. അഷ്‌റഫുല്‍ ഖല്‍ഖ്(സ)പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ച് അറിയിച്ചു തരാന്‍ പുറപ്പെട്ടതായിരുന്നു. എന്നാല്‍ വഴിമധ്യ രണ്ടുപേര്‍ പരസ്പരം തര്‍ക്കിക്കുകയും അത് കാരണമായി ആ വിവരം എന്നില്‍ നിന്ന് ഉയര്‍ത്തപെടുകയും ചെയ്തു. ഇത് ഒരുപക്ഷേ നിങ്ങള്‍ക്ക് നല്ലതിനായിരിക്കാം. നിങ്ങള്‍ 29നും 27നും 25 നും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചോളു””. ഈ ഹദീസിനെ ആസ്പദമാക്കി പണ്ഡിതര്‍ പലവിധ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഖാളി ഇയാള് തങ്ങള്‍ പറയുന്നു: തര്‍ക്കിക്കല്‍ ഏറ്റവും വെറുക്കപെട്ട കാര്യമാണെന്നും അതുകാരണമായി നമ്മിലേക്ക് ഇറക്കാനുദ്ദേശിച്ച പല നന്മകളും അല്ലാഹു ഉയര്‍ത്തുമെന്നും തര്‍ക്കിക്കുന്ന സ്ഥലങ്ങളില്‍ പിശാചിന്റെ സാന്നിധ്യമുണ്ടാകുമെന്നും അതിനാല്‍ തന്നെ അത്തരം സ്ഥലങ്ങളില്‍ നിന്ന് ഖൈറും ബറക്കത്തും ഉയര്‍ത്തപെടും എന്നും ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
വളരെയെറെ കാര്യങ്ങളെ ഉള്‍കൊള്ളാനുണ്ട് ഈ വിശദീകരണത്തില്‍ നിന്ന്. വളരെ നിസ്സാര പ്രശ്‌നത്തിന് പോലും കൊലയും കൊലവിളിയും നടത്തി പരസ്പരം തര്‍ക്കിച്ചും തെറിവിളിച്ചും ഒരു സമാധാനവും ഇല്ലാതെ ജീവിക്കുന്ന ഒരു പാട് പേരെ ചുറ്റും കാണാം. സമാധാനപരമായി ജീവിച്ച് ഇരുലോക ജീവിതം സുഖകരമായി ആസ്വദിക്കണം എന്നാണ് ഉദ്ദേശ്യമെങ്കില്‍ പരസ്പരം കലഹിക്കാതെ സഹകരണത്തോടെ ജീവിക്കാന്‍ സാധിക്കണം.

ലൈലത്തുല്‍ ഖദ്‌റിനെ അല്ലാഹു വ്യക്തമാക്കാത്തതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ഇമാം റാസി(റ)പറയുന്ന ചില കാരണങ്ങളിതാണ്: അല്ലാഹു പല കാര്യങ്ങളെയും മറച്ചു വെച്ചത് പോലെതന്നെയാണ് ഈ രാത്രിയേയും മറച്ചുവെച്ചത്. അല്ലാഹു അവന്റെ തൃപ്തിയെ ആരാധനകളില്‍ മറച്ചുവെച്ചു, ഏത് ആരാധന നിര്‍വഹിച്ചാലാണ് അല്ലഹുവിന്റെ തൃപ്തി ലഭിക്കുക എന്ന് വ്യക്തമാക്കിയില്ല, കാരണം എല്ലാ ആരാധനകളിലും താത്പര്യം ജനിക്കാന്‍ വേണ്ടിയാണിത്. അല്ലാഹു അവന്റെ കോപത്തെ തെറ്റുകളില്‍ മറച്ചുവെച്ചു പക്ഷേ, ഏത് തെറ്റ് എന്ന് പറഞ്ഞില്ല. കാരണം അടിമകള്‍ എല്ലാ തെറ്റുകളില്‍ നിന്നും സൂക്ഷ്മത പാലിക്കാന്‍ വേണ്ടി. വലിയ്യുകളെ അല്ലാഹു ജനങ്ങള്‍ക്കിടയില്‍ മറച്ചുവെച്ചു. എല്ലാവരെയും ആദരിക്കാന്‍, പ്രാര്‍ഥനകളുടെ ഉത്തരങ്ങളെ അല്ലാഹു മറച്ചുവെച്ചത് എല്ല പ്രാര്‍ഥനകളെയും പരിഗണിക്കാന്‍ വേണ്ടി. അല്ലാഹുവിന്റെ നാമങ്ങളില്‍ നിന്ന് ഇസ്മു അഅഌമി(ഏറ്റവും മഹത്വരമായ നാമം)നെ മറച്ചുവെച്ചത് എല്ലാ നാമങ്ങളെയും ബഹുമാനിക്കാന്‍ വേണ്ടി എന്നിങ്ങനെ ഓരോ കാര്യങ്ങളെ എണ്ണി പറഞ്ഞതിനു ശേഷം മഹാനവര്‍കള്‍ പറഞ്ഞു: അല്ലാഹു ഈ രാത്രിയെ മറച്ചുവെച്ചത് റമസാനിലെ എല്ലാ രാത്രികളെയും ബഹുമാനിക്കാന്‍ വേണ്ടിയാണ്.
റമസാനിലെ ഒറ്റപെട്ട ദിനരാത്രങ്ങളിലാണ് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കേണ്ടത് എന്ന് തിരുവചനങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒറ്റപെട്ട രാവുകളില്‍ ഏതു ദിവസമാണ് എന്നതില്‍ പണ്ഡിതര്‍ക്ക് ഏകദേശം എട്ടോ മറ്റോ അഭിപ്രായങ്ങളുണ്ട്. റമസാനിന്റെ ആദ്യ രാത്രിയാണ് എന്ന് പറഞ്ഞവരും 17ന്റെ രാത്രിയാണെന്ന് പറഞ്ഞവരും 19താണെന്ന് അഭിപ്രായപെട്ടവരുമെല്ലാമുണ്ട്. എന്നാല്‍ ഭൂരിപക്ഷം ആളുകളും റമസാനിന്റെ അവസാന പത്തിലെ ഒറ്റ ദിനങ്ങളിലാണ് എന്ന് പറഞ്ഞവരാണ്. ഇമാം ശാഫിഇ(റ)വിനെ പോലുള്ളവര്‍ റമസാന്‍ 21ലോ 23ലോ എന്ന് അഭിപ്രായപെട്ടു. റമസാന്‍ ഒന്ന് ശനിയാഴ്ചയാണെങ്കില്‍ 21ാം രാവിലായിരിക്കും ലൈലത്തുല്‍ ഖദ്‌റ് എന്നു പറഞ്ഞ നിരവധി പണ്ഡിതരെ കാണാം. ഇമാം ഗസ്സാലിയെ പോലുള്ളവര്‍ പറഞ്ഞത് റമസാന്‍ ഒന്ന് ശനിയാഴ്ചയാണെങ്കില്‍ റമളാന്‍ 23നായിരിക്കും എന്നാണ്. ഇമാം അബൂദര്‍റുല്‍ ഗിഫാരിയെ പോലുള്ളവര്‍ 25നാണ് എന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ലോകത്ത് ഏറ്റവും പ്രചുരപ്രചാരം നേടിയതും പണ്ഡിതരും സ്വഹാബി ശ്രേഷ്ടരും അഭിപ്രായപെട്ടതും 27ാം രാവിലാണെന്നാണ്. ഉമറുബ്‌നുല്‍ ഖത്താബ്(റ), ഇബ്‌നു അബ്ബാസ്(റ), ഉബയ്യിബ്‌നു കഅ്ബ്(റ)തുടങ്ങിയവരെല്ലാം ഈ അഭിപ്രായത്തിലാണ്. ഈ അഭിപ്രായത്തെ ആസ്പദിച്ചാണ് ലോകതലത്തില്‍ തന്നെ ലൈലത്തുല്‍ ഖദ്‌റിനെ വിശ്വാസികള്‍ പ്രതീക്ഷിക്കാറ് എന്ന് പണ്ഡിതര്‍ രേഖപെടുത്തുന്നുണ്ട്.

ഇമാം റാസി (റ) 27-ാം രാവില്‍ പ്രതീക്ഷിക്കാന്‍ കാരണമായി പല അഭിപ്രായങ്ങളെയും ഉദ്ധരിക്കുന്നുണ്ട്. അതില്‍ ഒന്നാമത്തെ കാരണം ഇബ്‌നു അബ്ബാസ്(റ)പറഞ്ഞതായി കാണാം: ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ചിറങ്ങിയ ഈ സൂറത്തില്‍ ആകെ 30 വാചകങ്ങളാണ് ഉള്ളത്. അതില്‍ ഈ രാത്രിയിലേക്ക് സൂചന നല്‍കുന്ന “”ഹിയ””എന്ന പ്രയോഗം(ള്വമീര്‍)ഈ സൂറത്തിലെ 27-ാമത്തെ വാചകമായിട്ടാണ് വന്നത്. രണ്ടാമത്തെ കാരണം പറഞ്ഞത് അല്ലാഹു ഒറ്റയെ ഇഷ്ടപെടുന്നവനാണ്, ഒറ്റകളില്‍ നിന്ന് അല്ലാഹുവിന് ഏറ്റവും ഇഷ്ടം ഏഴിനോടാണ്. ആകാശവും ഭൂമിയും ആഴ്ചകളിലെ ദിവസങ്ങളും ത്വവാഫിന്റെ എണ്ണവും നരകത്തിന്റെ തട്ടുകളും തുടങ്ങി പലതും അല്ലാഹു ഏഴിലാണ് അവസാനിപ്പിച്ചത്. ഇത് റമസാന്‍ 27-ാം രാവിലാണ് ലൈലത്തുല്‍ ഖദ്‌റ് എന്നതിലേക്കുള്ള സൂചനയാണ്. മൂന്നാമത്തെ കാരണം ലൈലത്തുല്‍ ഖദ്‌റ് എന്നതില്‍ ഒന്‍പത് അക്ഷരങ്ങളാണ.് ഈ സൂറത്തില്‍ മൂന്ന് തവണയാണ് ലൈലത്തുല്‍ ഖദ്‌റിനെ പരാമര്‍ശിച്ചത്. മൂന്ന് ഒമ്പത് കൂടിയാല്‍ 27 ആണ്. ലൈലത്തുല്‍ ഖദ്‌റ് 29-ാം രാവിലാണ് എന്ന് പറഞ്ഞ പണ്ഡിതരും ഉണ്ട്. ചുരുക്കത്തില്‍ റമസാനിലെ അവസാന പത്തിലെ എല്ലാ ദിവസങ്ങളിലും സല്‍കര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കാന്‍ നമുക്ക് സാധിക്കണം.

സൂറത്തുല്‍ ഖദ്‌റില്‍ ആ ദിവത്തിലെ മലക്കുകളുടെ ഇറക്കത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മലക്കുകളാല്‍ നിബിഡമായ ആ രാത്രി സമാപിച്ചാല്‍ അന്നത്തെ പ്രഭാതത്തില്‍ മലക്കുകളുടെ നേതാവ് ജിബ്‌രീല്‍ (അ)വിളിച്ച് പറയും “ഇനി യാത്ര തിരിച്ചോളു”. മലക്കുകളെല്ലാം ജിബ്‌രീലിന്റെ അടുത്ത് ഒരുമിച്ചു കൂടും എന്നിട്ട് മലക്കുകള്‍ ചോദിക്കും “എന്താണ് ഈ രാത്രിയില്‍ മുഹമ്മദി(സ)ന്റെ സമുദായത്തിന് അല്ലാഹു നല്‍കിയ പ്രത്യേകതകള്‍?”. ജിബ്‌രീല്‍(അ)അവരോട് മറുപടി പറയും: “അല്ലാഹു അവരിലേക്ക് അവന്റെ റഹ്മത്തിന്റെ തിരുനോട്ടം നോക്കുകയും അവര്‍ക്ക് പൊറുത്ത് നല്‍കുകയും ചെയ്തു. നാലു വിഭാഗങ്ങള്‍ക്കല്ലാത്ത എല്ലാവര്‍ക്കും പൊറുത്തു കൊടുത്തിട്ടുണ്ട്”. മലക്കുകള്‍ ചോദിക്കും “ഏതൊക്കെയാണ് ആ നാലു വിഭാഗങ്ങള്‍? മറുപടി: കള്ളിന് അടിമപെട്ടവര്‍, മതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവര്‍, കുടുംബബന്ധം വിച്ഛേധിക്കുന്നവര്‍, മുന്ന് ദിവസത്തിലധികം പരസ്പരം തെറ്റി നില്‍ക്കുന്നവര്‍ എന്നിവരാണവര്‍. നമ്മള്‍ നിസ്സാരമായി കാണുന്ന കാര്യങ്ങളാണ് ഇത്തരം പ്രശ്‌നങ്ങളെങ്കിലും അല്ലാഹു തആല വളരെ ഗൗരവപൂര്‍വ്വം കാണുന്ന വിഷയങ്ങളാണിവകള്‍.

എന്താണ് റൂഹ്?
ഈ സൂറത്തിലെ റൂഹ് എന്ന പ്രയോഗത്തെ കുറിച്ച് കൂടി പറഞ്ഞിട്ട് നമുക്ക് അവസാനിപ്പിക്കാം. ഏകദേശം പതിനാലോ മറ്റോ അഭിപ്രായങ്ങളുണ്ടിവിടെ പണ്ഡിതര്‍ക്ക്. ഏറ്റവും പ്രഭലമായ അഭിപ്രായ പ്രകാരം അത് ജീബ്‌രീല്‍ ആണെന്ന് ഇമാം റാസി പറയുന്നുണ്ട്. ഈ 14 അഭിപ്രായങ്ങളില്‍ 13-ാമത്തെ അഭിപ്രായമായി പറയുന്നത് ബന്ധുമിത്രാതികളില്‍ നിന്ന് മരണപെട്ടുപോയവരുടെ ആത്മാക്കളാണ് എന്നാണ്. അവര്‍ ഈ രാത്രിയില്‍ അല്ലാഹുവിനോട് ചോദിക്കും.”അല്ലാഹുവേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ വീടുകളില്‍ പോകാനും കൂട്ടുകുടുംബങ്ങളെ സന്ദര്‍ശിക്കാനുമുള്ള അനുമതി നല്‍കണേ”യെന്ന്. അവര്‍ അവരുടെ വീടുകളുടെ മുമ്പില്‍ വന്നിട്ട് പറയും: ഞങ്ങളുടെ മേലില്‍ ഈ രാത്രി നിങ്ങള്‍ ദാനധര്‍മങ്ങള്‍ നടത്തൂ, ഞങ്ങള്‍ അതിലേക്ക് ആവശ്യക്കാരാണിപ്പോള്‍. ഞങ്ങളുടെ വീടുകളില്‍ താമസിക്കുകയും ഞങ്ങളുട സ്ത്രീകളെ വിവാഹം കഴിക്കുകയും ഞങ്ങളുപേക്ഷിച്ചതിനെയെല്ലാം ഉപയോഗികുകയും ചെയ്യുന്നവരേ നിങ്ങള്‍ എന്താണ് ഞങ്ങളെ കുറിച്ച് ഓര്‍ക്കാത്തത്? നിങ്ങള്‍ ഞങ്ങളുടെ വീടിന്റെ സുഖാഡംബരതയില്‍ സുഖസുശൂപ്തിയിലാകുമ്പോള്‍ ഞങ്ങള്‍ ഖബറിന്റെ ഞെരുക്കത്തില്‍ പ്രയാസപ്പെടുകയാണെന്ന് നിങ്ങള്‍ക്ക് ചിന്തയില്ലേ? ഇങ്ങനെ പൂര്‍വികരുടെ ആത്മാക്കള്‍ വന്ന് പരിഭവം പറയുകയും പരിഹാരം തേടുകയും ചെയ്യും. നാളെ നമുക്കും വരാനുള്ളതാണ് ഖബ്‌റും മറ്റു ജീവിതങ്ങളും. നമ്മുടെ പിന്‍ഗാമികള്‍ നമ്മളെ ഓര്‍ക്കണമെങ്കില്‍ നമ്മുടെ മുന്‍ഗാമികളെ നമ്മള്‍ ഓര്‍ത്ത് മാതൃക കാണിക്കാണം.

ചുരുക്കത്തില്‍, ജീവിതത്തിലെ ഏറ്റവും അസുലഭ മുഹൂര്‍ത്തങ്ങളെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു നിമിഷം പാഴായിപ്പോയാല്‍ തീര്‍ത്താല്‍ തീരാത്ത നഷ്ടമായിരിക്കും നമുക്കുണ്ടാവുക. ഇബ്‌നു റജബുല്‍ ഹംമ്പലി എന്ന പണ്ഡിതന്‍ ഖത്താദഃ എന്നിവരെ ഉദ്ധരിക്കുന്നത് കാണാം “റമസാനില്‍ പാപങ്ങള്‍ പൊറുക്കപ്പെടാത്ത വ്യക്തിക്ക് പിന്നെ എപ്പോയാണ് പാപങ്ങള്‍ പൊറുക്കപെടുക? ലൈലത്തുല്‍ ഖദ്‌റില്‍ തള്ളപെട്ട വ്യക്തിയെ പിന്നെ ആരാണ് സ്വീകരിക്കുക? ഫലഭൂയ്ഷ്ടമാകേണ്ട സമയത്ത് ഫലം കാഴ്ച്ചില്ലെങ്കില്‍ ആ മരങ്ങളെ മുറിച്ച് കളയുന്നതാണ് നല്ലത്.” റമസാന്‍ വിടപറയുകയാണ്. തുടക്കത്തില്‍ നമ്മള്‍ കാണിച്ച ആവേശം എത്രയാണോ അതിനെക്കാള്‍ പതിന്‍മടങ്ങായി നമ്മള്‍ അരയുടുപ്പ് മുറിക്കിയുടുത്ത് സജീവമാകണം ഇനിയുള്ള രാത്രികളില്‍.