Kozhikode
അയ്യായിരം പേര്‍ക്ക് ഇഫ്താറൊരുക്കി മര്‍കസ്
കാരന്തൂര്‍: മര്‍കസ് ആത്മീയ സമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തിലധികം വിശ്വാസികള്‍ക്ക് മര്‍കസില്‍ ഒരുക്കിയ സമൂഹ നോമ്പുതുറ ശ്രദ്ധേയമായി.
റമസാനിലെ പവിത്ര രാവുകളില്‍ ഒന്നായി ഗണിക്കപ്പെടുന്ന ഇരുപത്തിയഞ്ചാം രാവിന്റെ ഭാഗമായുള്ള പരിപാടികളില്‍ സംബന്ധിക്കാന്‍ ഇന്നലെ ഉച്ച മുതലേ വിശ്വാസികള്‍ മര്‍കസിലേക്ക് ഒഴുകുകയായിരുന്നു . മര്‍കസ് പ്രധാന ഓഡിറ്റോറിയത്തിലും കന്റീനിലുമായാണ് നോമ്പുതുറക്ക് സൗകര്യമൊരുക്കിയത്.
നാടന്‍ പത്തിരിയായിരുന്നു നോമ്പുതുറയിലെ പ്രധാന വിഭവം. മര്‍കസ് പരിസരത്തുള്ള അഞ്ഞൂറോളം വീടുകളില്‍ നിന്ന് കുടുംബിനികള്‍ തയ്യാറാക്കി നല്‍കിയതായിരുന്നു വിഭവങ്ങള്‍. റമസാന്‍ ഒന്ന് മുതല്‍ മര്‍കസില്‍ നടക്കുന്ന ആയിരത്തോളം വിശ്വാസികള്‍ക്കുള്ള നോമ്പ് തുറക്കുള്ള വിഭവങ്ങളും വീട്ടമ്മമാര്‍ ഇങ്ങനെ തയ്യാറാക്കി അയക്കുന്നതാണ്.
ഇഫ്താര്‍ സദസ്സിലെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വിശ്വാസികളെ സ്വീകരിച്ചു. ഭക്ഷണം തയാറാക്കാനും സുഗമമായ രീതിയില്‍ സജ്ജീകരിക്കാനും മുന്‍കൈ എടുത്തവര്‍ക്കും വേണ്ടി അദ്ദേഹം പ്രത്യേക പ്രാര്‍ഥന നടത്തി.