Connect with us

Articles

സ്വയം പരിശോധന നടത്താം

Published

|

Last Updated

റമസാന്‍ വിടപറയാനൊരുങ്ങുന്നു. ഈ വിശുദ്ധ മാസത്തിലേക്ക് എത്തിക്കണേ എന്ന പ്രാര്‍ഥന സ്വീകരിച്ചതിനും വ്രതമനുഷ്ഠിക്കാനും വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനും നിസ്‌കരിക്കാനും, ദാനധര്‍മ്മങ്ങള്‍ ചെയ്യാനുമെല്ലാം അവസരമുണ്ടാക്കിയതിനു നാം റബ്ബിനെ സ്തുതിക്കുക. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം കൊണ്ട് നമുക്ക് എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് കരഗതമായത് എന്ന് ശരിക്കും ഒരു ഓഡിറ്റ് നടത്തണം. ഈ മാസം സംയമനത്തിന്റെയും മിതത്വത്തിന്റെയും ഉത്തമമായ ജീവിത ശൈലികള്‍ സ്വായത്തമാക്കാനുള്ള കാലമായിരുന്നു.

ശാരീരികാസ്വസ്ഥതകളുള്ളവര്‍ അവ പരിഹരിക്കാന്‍ ഭക്ഷണം ക്രമീകരിച്ചതുകൊണ്ട് നോമ്പ് അവര്‍ക്ക് അങ്ങനെ ഒരു ഗുണം നല്‍കി എന്ന് പറയാം. അതിനുമപ്പുറം ആത്മീയമായ എന്ത് മാറ്റം നമുക്കുണ്ടായി എന്നതാണ് വിഷയം. ഈ അര്‍ഥത്തില്‍ നമ്മുടെ ജീവിത ശൈലിക്ക് വന്ന പരിവര്‍ത്തനങ്ങളെന്തെല്ലാമാണ്? സമ്പദ് വിനിയോഗത്തില്‍ മാത്രമല്ല, നമ്മുടെ സംസാരത്തില്‍, ചിന്തകളില്‍, ചെയ്തികളില്‍ നമുക്കുണ്ടായിരുന്ന അപകടകരവും ദയനീയവുമായ ധൂര്‍ത്ത് ഇല്ലാതായോ? ഇവിടെയാണ് മിതത്വം. വിശ്വാസത്തിന്റെ വിശുദ്ധി കളഞ്ഞു പോയേക്കാവുന്ന ദൗര്‍ബല്യങ്ങളെ, ഭൗതികമായ പ്രലോഭനങ്ങളെ അഭിമുഖീകരിക്കുന്നിടത്താണ് സംയമനം.

പടച്ചവനെ കുറിച്ച് മാത്രം ചിന്തിച്ച് അവന് ആരാധനകളര്‍പ്പിച്ച് ജീവിക്കേണ്ട വിശ്വാസി എത്രമാത്രം നിസാരമായ കാര്യങ്ങള്‍ക്കു പിന്നാലെയാണ് സമയം അഴിച്ചുവിടുന്നത്. നമ്മെ ബാധിക്കില്ല എന്ന് നാം തീരുമാനിക്കേണ്ട രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളെ വലിയ പ്രതിസന്ധിയും പ്രശ്‌നവുമാണെന്ന് വരുത്തിത്തീര്‍ക്കുക കൂടി ചെയ്യുന്നു. ധാരണകളില്ലാത്ത വിഷയങ്ങളില്‍ സംവാദങ്ങളിലേര്‍പ്പെട്ടും വ്യക്തിഹത്യ, ഏഷണി, പരദൂഷണം, കളവ്, ദുരാരോപണം തുടങ്ങിയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെയും അല്ലാതെയും വിതരണം ചെയ്തും നാം നമുക്കുണ്ടാക്കിത്തീര്‍ക്കുന്ന ബാധ്യതകളെ കുറിച്ച് ഈ മാസത്തില്‍ നമുക്ക് തിരിച്ചറിവുണ്ടാകുന്നില്ലെങ്കില്‍ പിന്നെ എന്നാണത് ഉണ്ടാവുക?
കുടുംബ ബന്ധങ്ങള്‍, സുഹൃദ് വലയങ്ങള്‍, പരിസ്ഥിതി എന്നിങ്ങനെ മാനുഷികവും സാമൂഹികവുമായ ചില കര്‍ത്തവ്യങ്ങളെ കുറിച്ച് ബോധവാന്മാരാകേണ്ട സമയം കൂടിയാണിത്. മനുഷ്യന്‍ ഇടപെടുന്നിടങ്ങളിലെല്ലാം ഒരു വിശ്വാസി കാഴ്ചവെക്കേണ്ട മര്യാദകള്‍ പാലിക്കപ്പെടണമെന്ന് സാരം. കുടുംബ ബന്ധം പുലര്‍ത്തുന്ന കാര്യങ്ങളില്‍ നാം പിന്നോട്ടടിക്കുന്നുണ്ടോ എന്ന് ആലോചിച്ചു നോക്കണം. വളരെ ഗൗരതരമായ ഒരു കാര്യമാണ് കുടുംബ ബന്ധങ്ങള്‍ പരിപാലിക്കുക എന്നത്. കുടുംബക്കാരെയും സുഹൃത്തുക്കളെയും നാം പരിഗണിക്കേണ്ട വിധം പരിഗണിക്കാറുണ്ടാ? വലിയ സത്കാരങ്ങളും ആഘോഷങ്ങളും മാത്രമാണ് പലപ്പോഴും ഇത്തരം അടുപ്പങ്ങളെ ഒരുമിപ്പിക്കുന്നതെന്ന വസ്തുത നമ്മുടെ ബന്ധങ്ങളുടെ ഊഷ്മളത ഇത്രയാണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.
ഇക്കാര്യത്തില്‍ അറബികള്‍ക്കിടയില്‍ നിന്ന് ചിലതൊക്കെ മാതൃകയാക്കാനുണ്ട്. യു എ ഇയിലൊക്കെ ഉള്ള ഒരു നല്ല സമ്പ്രദായം നമ്മളും ശീലിച്ചാല്‍ നന്നാകുമെന്ന് തോന്നി. അവിടെ നോമ്പ്തുറ കഴിഞ്ഞാല്‍ അധികനേരെമാന്നുമുണ്ടാകില്ല ഇശാഇന്. എല്ലാവരും തറാവീഹിന് തയ്യാറാകും. തറാവീഹ് കഴിഞ്ഞാല്‍ ഇവിടത്തെ പോലെ വേഗം കിടന്നുറങ്ങാന്‍ നോക്കുന്നതല്ല അവരുടെ ശീലം. നിസ്‌കാരം കഴിഞ്ഞാല്‍ അവര്‍ ലൈെറ്റാക്കെ തെളിച്ച് വിശേഷ ദിനങ്ങളുടെ രാത്രികളെ പോലെ വീടൊരുക്കി നില്‍ക്കും. കുടുംബക്കാര്‍ തമ്മില്‍ വീടുകളില്‍ വന്നു പോകുന്ന സമയമാണിത്. റമസാന്‍ മാസത്തിന്റെ വിശുദ്ധനാളുകളില്‍ കുടുംബ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതിലുള്ള അവരുടെ താത്പര്യം ശ്രദ്ധേയമാണ്.
നിസ്‌കാരമൊക്കെ കഴിഞ്ഞ് രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തിനിടക്കാണ് സന്ദര്‍ശകരെത്തുക. ചില പ്രത്യേക ദിവസങ്ങള്‍ ഓരോരുത്തരും സന്ദര്‍ശകരെ സ്വീകരിക്കാനും, അവര്‍ക്ക് മറ്റുള്ളവരെ സന്ദര്‍ശിക്കാനും നിശ്ചയിച്ചിട്ടുണ്ടാകും. അത് പരസ്പരം ധാരണയുണ്ടാവുകയും ചെയ്യും. വീട്ടിലേക്ക് വരുന്നവര്‍ക്ക് നേരത്തേ തയ്യാറാക്കി വെച്ചിട്ടുള്ള കാവയും ഈത്തപ്പഴവും നല്‍കിയാണ് സത്കാരം. വിശേഷങ്ങളാരാഞ്ഞും പരസ്പരം പ്രാര്‍ഥിച്ചും അഥിതികള്‍ വേഗം പിരിയുകയും ചെയ്യും.

അതുപോലെ അറബ് നാടുകളിലുള്ള മജ്‌ലിസുകളില്‍ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. കുവൈത്തില്‍ ദീവാനിയ്യ എന്നാണ് മജ്‌ലിസുകളറിയപ്പെടുന്നത്. നമ്മുടെ സ്വീകരണമുറിക്ക് സമാനമായ അറബികളുടെ രീതിയാണിത്. ഓരോരുത്തരുടെയും സാമ്പത്തികവും സാമൂഹികവുമായ സ്ഥിതിയനുസരിച്ച് മുറികള്‍ക്ക് വലുപ്പ വ്യത്യാസമുണ്ടാകും. ഈ ഹാളിനകത്ത് ചുറ്റും സോഫ സജ്ജീകരിച്ചിട്ടുണ്ടാകും. അതില്‍ ഏറ്റവും അറ്റത്താണ് ആതിഥേയനുണ്ടാകുക. വരുന്നവര്‍ മജ്‌ലിസില്‍ നേരത്തേ സന്നിഹിതരായവര്‍ക്കെല്ലാം ഹസ്തദാനം ചെയ്തിട്ടേ ഒരിടത്ത് ഇരിക്കൂ. അതുപോലെ ആര് അവിടേക്ക് കടന്നു വന്നാലും ആദരപൂര്‍വം എല്ലാവരും എഴുന്നേറ്റ് നില്‍ക്കും. വന്ന ആള്‍ എല്ലാവരെയും ഹസ്തദാനം ചെയ്ത് തീരുന്നതുവരെ എല്ലാവരും നില്‍പ്പ് തുടരുകയും ശേഷം എല്ലാവരും ഒരുമിച്ചിരിക്കുകയും ചെയ്യും. കൂട്ടത്തില്‍ പണ്ഡിതരുണ്ടെങ്കില്‍ മജ്‌ലിസിന്റെ സ്വഭാവമെന്താണെങ്കിലും അദ്ദേഹത്തെക്കൊണ്ട് എന്തെങ്കിലും ഉപദേശം പറയിപ്പിക്കുകയും പ്രാര്‍ഥിപ്പിക്കുകയും ചെയ്യും.
വ്രതശുദ്ധിയുടെ ഒരു മാസം കഴിയുന്നതോടെ പെരുന്നാള്‍ വരുന്നു. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കട്ടെ. പുതുവസ്ത്രം ധരിക്കുന്നത് ഒരു ആരാധനയാണെന്നോര്‍ക്കുക. ഇസ്‌ലാമിക സംസ്‌കൃതിക്ക് യോജിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. അന്ധവും മൗഢ്യവുമായ ഫാഷന്‍ അനുകരണങ്ങള്‍ നമുക്കുണ്ടായിക്കൂടാ. പിന്നിക്കീറിയ ജീന്‍സുകള്‍ തിരഞ്ഞ് വാങ്ങുന്ന (അങ്ങനെ കിട്ടിയില്ലെങ്കില്‍ നല്ലത് വാങ്ങി കീറി ധരിക്കുന്നവരുണ്ടെന്ന് കേട്ടു.) ചെറുപ്പക്കാര്‍ക്ക് അറിയുമോ, അമേരിക്കയിലെ ഖനിത്തൊഴിലാളികള്‍ക്ക് വേണ്ടി 1800കളില്‍ ലെവിസ്‌ട്രോസ്, ജേക്കബ് ഡേവിസ് എന്നീ ആളുകള്‍ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണ് ജീന്‍സെന്ന്? ഇതുപോലെ പാശ്ചാത്യ നാടുകളില്‍ എത്രയോ മുമ്പേ കാലഹരണപ്പെട്ടു പോയ എത്ര ഫാഷന്‍ ട്രെന്‍ഡുകളാണ് നമുക്കിടയില്‍ ഇന്നുള്ളത്!

വെള്ള വസ്ത്രം ആണ് ഉത്തമമായത്. പള്ളിയിലേക്ക് വരുമ്പോള്‍ മുതിര്‍ന്നവരെ പോലെ ചെറുപ്പക്കാരും വെളുത്ത കുപ്പായം ധരിക്കാന്‍ ശ്രമിക്കണം. പുതുവസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ആര്‍ഭാടങ്ങളൊഴിവാക്കാനും, പുതുവസ്ത്രം വാങ്ങാന്‍ സാധിക്കാത്ത പാവങ്ങളെ സഹായിക്കാനും മറക്കരുത്. അതുപോലെ സുഗന്ധമുപയോഗിക്കുന്നതും തലമറക്കുന്നതുമടക്കം നബി ചര്യകള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ താത്പര്യം കാണിക്കണം. പടച്ചവന്‍ നമ്മെ എപ്പോഴും അനുഗ്രഹിക്കട്ടെ.

Latest