Connect with us

Articles

സ്വഹാബികളുടെ റമസാന്‍

Published

|

Last Updated

റമസാന്‍ മഹാസൗഭാഗ്യമാണെന്ന് മനസ്സിലാക്കാന്‍ സ്വഹാബികളെ പോലെ അവസരം ലഭിച്ചവര്‍ ഉമ്മത്ത് മുഹമ്മദിയ്യയില്‍ ഇല്ല. നബി(സ)യില്‍ നിന്ന് നേരിട്ട് റമസാന്റെ മഹത്വവും അതിലെ പുണ്യാവസരങ്ങളും അവരറിഞ്ഞിട്ടുണ്ട്. അങ്ങനെ റമസാന്‍ മാസത്തില്‍ സാധ്യമായ പുണ്യകര്‍മങ്ങളനുഷ്ഠിക്കാന്‍ അവര്‍ ഉത്സാഹം കാണിച്ചു. ഉമര്‍(റ) റമസാന് സ്വാഗതമോതിക്കൊണ്ട് പറഞ്ഞു: “മര്‍ഹബന്‍ ബി മുത്വഹ്ഹിരി നാ മിനദ്ദുനൂബ്- ദോഷങ്ങളില്‍ നിന്ന് ഞങ്ങളെ ശുദ്ധീകരിക്കുന്ന കാലത്തിന് സ്വാഗതം. ഒരു റമസാന്‍ വിടപറഞ്ഞ ശേഷമുള്ള കാലത്തില്‍ നിന്ന് പകുതി ഭാഗവും റമസാന്‍ ഇനിയും ലഭിക്കുന്നതിനുള്ള പ്രാര്‍ഥനയായിരുന്നു. വിശുദ്ധ മാസം വന്നെത്തിയാല്‍ പിന്നെ ഐച്ഛികമായ പല ഇബാദത്തുകളിലും അവര്‍ കണിശത കാണിച്ചു.

അബൂഹുറൈറ(റ)വും ബന്ധുക്കളും റമസാന്‍ മാസത്തിലും മറ്റും നോമ്പനുഷ്ഠിച്ചാല്‍ പള്ളിയില്‍ കഴിയും. അതിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയുന്നതിതാണ്: “ഞങ്ങളുടെ നോമ്പിനെ ശുദ്ധീകരിക്കുകയാണ് ഞങ്ങള്‍”. അദ്ദേഹത്തിന്റെ വീട്ടില്‍ രാത്രി നിസ്‌കാരമില്ലാത്ത സമയങ്ങള്‍ തന്നെ ഉണ്ടായിരുന്നില്ല. രാത്രിയെ മൂന്നാക്കി ഭാഗിച്ച് ഓരോ ഭാഗങ്ങളിലും രാത്രി നിസ്‌കാരത്തിനായി കുടുംബാംഗങ്ങളെ വിഭജിക്കുകയായിരുന്നു.
ഇബ്‌നു ഉമര്‍(റ) നോമ്പ് തുറക്കാന്‍ അഗതികളെ കൂടെ കൂട്ടിയിരുന്നു. സ്ഥിരമായി അദ്ദേഹം ഇങ്ങനെ ചെയ്തുവന്നു. ഭക്ഷണം കുറവായതിനാലോ മറ്റോ ബന്ധുക്കളില്‍ നിന്ന് ഇതിന് വിയോജിപ്പ് ഉയര്‍ന്നാല്‍, തനിക്കുള്ള വിഹിതം എടുത്ത് അഗതികള്‍ക്ക് നല്‍കി അദ്ദേഹം ഭക്ഷണം കഴിക്കാതിരിക്കും. ചിലര്‍ സ്വന്തമായി ഭക്ഷണം കഴിക്കുകയോ നോമ്പ് തുറക്കുകയോ ചെയ്യുമായിരുന്നില്ല. കൂടെ ദരിദ്രരോ അഗതികളോ ഉണ്ടാകണമെന്നവര്‍ക്ക് നിര്‍ബന്ധമായിരുന്നു.
അബുസ്സിവാര്‍ അല്‍ അദവി(റ) പറയുന്നു: “ബനൂ അദിയ്യ് കുടുംബത്തില്‍ പെട്ട ആളുകള്‍ നിസ്‌കാരവുമായി പള്ളിയില്‍ കഴിയും. അവര്‍ സ്വന്തമായി നോമ്പ് തുറക്കുമായിരുന്നില്ല. കൂടെ കഴിക്കാന്‍ ആരെയെങ്കിലും ലഭിച്ചാല്‍ അവരോടൊപ്പം കഴിക്കും. ഇല്ലെങ്കില്‍ ഭക്ഷണം പള്ളിയിലേക്ക് കൊണ്ട് പോകും. എന്നിട്ട് അവിടെയുണ്ടാകുന്നവരെ കൂട്ടി ഒന്നിച്ച് കഴിക്കും. ചിലര്‍ നോമ്പെടുത്താലും ഭക്ഷണം കഴിക്കുന്ന സമയമായാല്‍ കൂട്ടുകാര്‍ക്കും അതിഥികള്‍ക്കും ഭക്ഷണം നല്‍കും. താന്‍ അവര്‍ക്കൊപ്പമിരുന്ന് സേവനം ചെയ്യുന്നതും ആശ്വാസം നല്‍കുന്നതുമായിരുന്നു അവര്‍ക്കിഷ്ടം. (ഇഖ്തിയാറുല്‍ ഔലാ). വിശുദ്ധ ഹറമൈനിയില്‍ ഇന്നും ഈ നല്ല ശീലത്തിന്റെ തുടര്‍ച്ച കാണാന്‍ സാധിക്കും.
ഭക്ഷണം നല്‍കുന്നതിന്റെ മഹത്വം സാധാരണ സദഖകള്‍ക്കും മീതെയാണ്. നാം നല്‍കുന്നത് നേരിട്ട് അതിഥിയില്‍ പ്രവേശിക്കുന്നു. അവര്‍ പിന്നീട് നടത്തുന്ന സത്കര്‍മങ്ങള്‍ക്കെല്ലാം അത് ഊര്‍ജം പകരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണത്തേക്കാള്‍ ആവശ്യം പണം തന്നെയായിരിക്കാം. ആസമയത്ത് പണം നല്‍കുന്നത് തന്നെയാണ് വളരെ പുണ്യമുള്ളതാകുക. അബൂ ജഅ്ഫര്‍(റ)പറയുന്നു: എന്റെ സുഹൃത്തുക്കളില്‍ പെട്ട പത്താളുകളെ ക്ഷണിച്ച്‌വരുത്തി അവര്‍ക്കിഷ്ടമുള്ള ഭക്ഷണം നല്‍കുന്നത് പത്ത് ഇസ്മാഈല്‍ സന്തതികളായ അടിമകളെ മോചിപ്പിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടമാണ്.

റമസാന്‍ മാസവും ഖുര്‍ആനും തമ്മിലുള്ള ബന്ധം പോലെത്തന്നെ സുദൃഢവും ഊഷ്മളവുമായ ബന്ധമായിരുന്നു റമസാനിലെ സ്വഹാബിമാരും ഖുര്‍ആനും തമ്മില്‍. ഖതാദ(റ) ഖത്മ് പതിവാക്കിയിരുന്നത് ആഴ്ചയിലൊരിക്കലായിരുന്നു. റമസാനില്‍ മൂന്ന് ദിവസത്തിലൊരു പ്രാവശ്യം ഖത്മ് ചെയ്യുമായിരുന്നു. അവസാനത്തെ പത്തില്‍ അത് ഒരു രാത്രിയില്‍ തന്നെ ഖത്മ് ചെയ്തിരുന്നു. ഉസ്മാനു ബിന് അഫ്ഫാന്‍(റ) ഒരു ദിവസം ഒരു ഖത്മ് ചെയ്തിരുന്നു. ചില സ്വഹാബികള്‍ ഏഴ് ദിവസത്തെ തറാവീഹ് നിസ്‌കാരത്തില്‍ ഒരു ഖത്മ് ചെയ്തിരുന്നു. ഉമര്‍(റ) ഒറ്റ ഇമാമിന്റെ കീഴില്‍ തറാവീഹ് ജമാഅത്താക്കുന്നത് വരെ വ്യത്യസ്ത സംഘങ്ങളായാണ് നിസ്‌കരിച്ചതെന്ന് നമുക്കറിയാം. കാരണമിതാണ്. ഓത്തറിയുന്ന മനഃപാഠമുള്ളവരാണ് സാധാരണ തറാവീഹിന് ഇമാമാകുക. അപ്പോള്‍ ഓരോരുത്തരും തങ്ങള്‍ക്ക് കൂടുതലിഷ്ടമുള്ള ഇമാമുകള്‍ക്കൊപ്പം, തങ്ങള്‍ക്ക് സാധിക്കുന്ന വിധം നീട്ടി നിസ്‌കരിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നുവരികയായിരുന്നു. പിന്നീടാണ് ഉമര്‍(റ) ക്രമീകരിക്കുന്നത്. അങ്ങനെ അല്‍ബഖറ സൂറത്ത് പന്ത്രണ്ട് റകഅത്തുകളിലായി ഓതിത്തീര്‍ക്കുന്ന വിധത്തിലായി.
ഇബ്‌നു ഉമര്‍(റ) റമസാന്‍ മാസത്തില്‍ വീട്ടില്‍ ഒതുങ്ങിക്കഴിയാനായിരുന്നു കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. പൂര്‍ണമായും ജനസമ്പര്‍ക്കം ഒഴിവാക്കി ഇബാദത്തിലും ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റിലുമായി സമയം വിനിയോഗിക്കാനായിരുന്നു ഇത്. ജനങ്ങള്‍ പള്ളിയില്‍ നിന്ന് പോയിക്കഴിഞ്ഞാല്‍, അദ്ദേഹം പള്ളിയില്‍ പോയി ഇഅ്തികാഫിലും ഇബാദത്തിലും കഴിയും. സമ്പൂര്‍ണമായും അല്ലാഹുവില്‍ ലയിക്കുന്നതിനായി റമസാന്‍ മാസത്തെ കണക്കാക്കിയ അദ്ദേഹം പൂര്‍ണമായും ജനങ്ങളില്‍ നിന്നകലുന്ന രീതിയാണ് തിരഞ്ഞെടുത്തത്.
എത്ര പ്രയാസം സഹിച്ചും തറാവീഹിന് പള്ളിയിലെത്തി ജമാഅത്തിന് സംബന്ധിക്കുന്നതിന് ആവേശം കാണിച്ചവരും സ്വഹാബികളിലുണ്ടായിരുന്നു. അബൂറജാഅ്(റ)130 വയസ്സുള്ളപ്പോഴും ഒരു റകഅത്തില്‍ നാല്‍പത് ആയത്തുകള്‍ വരെ ഓതി തറാവീഹ് നിസ്‌കാരത്തിന് ഇമാമായിരുന്നു. അദ്ദേഹത്തെ നിസ്‌കാരത്തിനായി പള്ളിയിലേക്ക് എടുത്തുകൊണ്ടുവരികയായിരുന്നു ചെയ്തിരുന്നത്.
റമസാന്‍ മാസത്തില്‍ സ്വഹാബത്തിന്റെയും പൂര്‍വികരുടെയും മാതൃക സാധാരണ ചെയ്യുന്ന ഇബാദത്തുകള്‍ വര്‍ധിപ്പിക്കുകയും ആവേശപൂര്‍വം ചെയ്യുകയുമാണ്. വലിയ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ തന്നെ അവരത് സാധിച്ചിട്ടുണ്ട്. സമയം പാഴാക്കുന്നതിന് ധാരാളം സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ഇക്കാലത്ത് ഖുര്‍ആനെ ഉത്തമ കൂട്ടുകാരാക്കി റമസാന്‍ പുണ്യത്തെ സ്വീകരിക്കാനും സ്വന്തമാക്കാനും നാം തയ്യാറാകേണ്ടതുണ്ട്. റമസാന്‍ വിട വാങ്ങുന്ന ഈ നേരത്ത് ഇതാവണം ഓരോരുത്തരുടെയും പ്രതിജ്ഞ.

Latest