Connect with us

Ramzan

നരകം തൊടാതെ സ്വര്‍ഗത്തിലേക്ക്‌

Published

|

Last Updated

എങ്ങനെയും സ്വര്‍ഗത്തിലെത്തണം; വിചാരണയോ നരക ശിക്ഷയോ ഇല്ലാതെ സ്വര്‍ഗപ്രവേശനം സാധ്യമാകണം. നോമ്പുകാര്‍ക്ക് സ്‌പെഷ്യലായി ഒരുക്കി വെച്ച റയ്യാന്‍ കവാടത്തിലൂടെ പ്രവേശിക്കണം. അത്യുന്നത സ്വര്‍ഗമായ ജന്നാത്തുല്‍ ഫിര്‍ദൗസ് തന്നെ ലഭിക്കണം. സത്യവിശ്വാസികളുടെ അടങ്ങാത്ത ആഗ്രഹമാണിത്. ഈ അഭിലാഷം പൂവണിയാന്‍ വേണ്ടി പ്രാര്‍ഥനയിലും പ്രവര്‍ത്തനത്തിലുമാണവര്‍. റമസാന്‍ അവസാന സമയത്ത് വിശേഷിച്ചും.

സ്വര്‍ഗത്തിന് എട്ട് തട്ടുകളും എട്ട് കവാടങ്ങളുമുണ്ട്. അവയില്‍ ഏറ്റവും ഉന്നതമായത് ജന്നാത്തുല്‍ ഫിര്‍ദൗസ് ആണ്. നിങ്ങള്‍ അല്ലാഹുവോട് സ്വര്‍ഗം ചോദിക്കുമ്പോള്‍ ഫിര്‍ദൗസ് ചോദിക്കണമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. അദ്ന്‍, ഖുല്‍ദ്, നഈം, മഅ്‌വ, ദാറുല്‍ ഖറാര്‍, മുഖാമ എന്നിവയാണ് ബാക്കി ഏഴ് സ്വര്‍ഗങ്ങള്‍.
കളങ്കമേശാത്ത ജീവിതത്തിന്റെ ഉടമകള്‍ വിചാരണ നേരിടേണ്ടി വരില്ല. തിരുനബി(സ) അരുളി. എഴുപതിനായിരം പേരെ എന്റെ രക്ഷിതാവ് വിചാരണയോ ശിക്ഷയോ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്ന് എന്നോട് വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഓരോ ആയിരത്തോടൊപ്പം മറ്റൊരു എഴുപതിനായിരം ചേര്‍ക്കപ്പെടുന്നതാണ്. ഒടുവില്‍ മൂന്ന് വട്ടം
വലിയൊരു വിഭാഗമാളുകളെ അക്കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യും(ഹദീസ് അഹ്മദ്).

സദ്‌വൃത്തരുടെ വിചാരണ വളരെ ലഘുവായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഗ്രന്ഥം വലതുകൈയില്‍ നല്‍കപ്പെട്ടവര്‍ ലഘുവായി വിചാരണ ചെയ്യപ്പെടും. എന്നിട്ട് അവന്‍ സന്തുഷ്ടനായി തന്റെ കുടുംബത്തിലേക്ക് മടങ്ങും(84-7,8,9).
ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീസിന്റെ സംക്ഷിപ്ത വിവരണം ഇങ്ങനെയാണ്. “സത്യവിശ്വാസികളോടുള്ള അല്ലാഹുവിന്റെ കാരുണ്യവും പരിഗണനയുമെന്ന നിലക്ക് അവരുടെ പരസ്യമാകാതിരുന്ന ചില പാപങ്ങളെ കുറിച്ച് അവരെ ഓര്‍മിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്ത ശേഷം പൊറുത്ത് കൊടുക്കുമത്രെ.” ഇങ്ങനെ വിചാരണയില്ലാതെയോ ലഘുവായി വിചാരണ നേരിടേണ്ടി വരുന്നവരോ അല്ലാത്തവരെല്ലാം അപകടത്തിന്റെ പിടിയിലായിരിക്കുമെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. ” വിശാലമായ വിചാരണ അഭിമുഖീകരിക്കേണ്ടി വരുന്നവരെല്ലാം നശിച്ചത് തന്നെ” എന്ന് തിരുനബി(സ) പറഞ്ഞപ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ചോദിച്ചു. സത്യവിശ്വാസികളുടെ വിചാരണ ലഘുവായിരിക്കുമെന്ന് ഖുര്‍ആന്‍ പറഞ്ഞതാണല്ലോ, അപ്പോള്‍ നബി(സ) പറഞ്ഞു.” അതൊരു രേഖ പരിശോധന മാത്രമാണ്. അല്ലാത്ത വിസ്തരിച്ച് വിചാരണ നേരിടേണ്ടി വരുന്നവര്‍ നശിച്ചത് തന്നെ(ബുഖാരി, മുസ്‌ലിം).
ഒരിക്കല്‍ തിരുനബി(സ) നിസ്‌കാര ശേഷം ഇങ്ങനെ പ്രാര്‍ഥിച്ചു. ” അല്ലാഹുമ്മ ഹാസിബ്‌നീ ഹിസാബന്‍ യസീറാ”. അല്ലാഹുവേ എന്നെ ലഘുവായി മാത്രം വിചാരണ ചെയ്യണേ- ഇത് കേട്ട ആഇശ(റ)ചോദിച്ചു. എന്താണ് ലഘുവിചാരണ. തിരുദൂതര്‍ മറുപടി പറഞ്ഞു” കര്‍മ പുസ്തകത്തിലൂടെ കണ്ണോടിച്ച ശേഷം സ്വര്‍ഗത്തിലേക്ക് പോകാന്‍ അനുവദിക്കുന്നതാണ് ലഘുവിചാരണ. ആ ദിവസം വിചാരണയില്‍ കുടുങ്ങിയവന്‍ നശിച്ചത് തന്നെ(ഹദീസ് അഹ്മദ്).
അത്യുന്നത സ്വര്‍ഗം ലഭിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹത്താല്‍ ചില സ്വഹാബികള്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു.
“അല്ലാഹുമ്മര്‍സുഖ്‌നീ ജന്നത്തുല്‍ ഫിര്‍ദൗസില്‍ അഅ്‌ലാ ബി ഗയ്‌റി ഹിസാബിന്‍ വലാ സാബിഖി അദാബ്” .
അല്ലാഹുവേ എനിക്ക് വിചാരണ ഇല്ലാതെയും ശിക്ഷ അനുഭവിക്കാതെയും നീ സ്വര്‍ഗം തരണമേ” ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

Latest