Kerala
മിമ്പറുകളിൽ നിന്ന് റമസാന് വിടചൊല്ലി; അവസാന വെള്ളിയാഴ്ച പള്ളികൾ ജനനിബിഢം


വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ച ഡൽഹി ജുമാ മസ്ജിദിൽ ജുമുഅ നിസ്കാരത്തിന് എത്തിവരുടെ തിരക്ക്
കോഴിക്കോട്: അസ്സലാമു അലൈക്ക യാ ഷഹ്‌റ റമസാന്‍….. പള്ളി മിമ്പറുകളില്‍ നിന്ന് വിശുദ്ധമാസത്തിന് സലാം ചൊല്ലിയപ്പോള്‍ വിശ്വാസികളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയെ വിശ്വാസി സമൂഹം പ്രാര്‍ഥനാ നിര്‍ഭരം എതിരേറ്റു. മസ്ജിദുകളില്‍ ജുമുഅ നിസ്‌കാരത്തിനും മറ്റും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ പള്ളിയില്‍ സ്ഥലം തികയാതെ സ്വഫു (നിര) കള്‍ പുറത്തേക്ക് നീണ്ടു.
നോമ്പിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും രാത്രി നമസ്‌കാരത്തിലൂടെയും ആര്‍ജിച്ചെടുത്ത ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഖത്തീബുമാര്‍ ജുമുഅ ഖുത്തുബയില്‍ ഉദ്‌ബോധിപ്പിച്ചു. പ്രാര്‍ഥനയില്‍ സ്ഫുടം ചെയ്ത മനസും കരഞ്ഞുകലങ്ങിയ കണ്ണുകളോടെയുമാണ് വിശ്വാസികള്‍ റമസാനിലെ അവസാന വെള്ളിയെ യാത്രയാക്കിയത്. ഇത് ജീവിതത്തിലെ അവസാന വെള്ളിയാഴ്ചയാവരുതെന്നും പാപങ്ങള്‍ കഴുകി വിശുദ്ധനാക്കണമെന്നും നരകമോചനത്തിന്നായി പ്രത്യേകം നിശ്ചയിക്കപ്പെട്ട നാളുകളില്‍ അത് നല്‍കണമെന്നുമായിരുന്നു വിശ്വാസികളുടെ പ്രാര്‍ഥന. കുടുംബങ്ങളില്‍ നിന്നും മറ്റും മരണപ്പെട്ടവര്‍ക്കു വേണ്ടിയും ഈ ദിവസസത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയിരുന്നു.
റമസാന്‍ അവസാന ദിനങ്ങളിലെത്തിയതോടെ ഫിത്ത്ര്‍ സകാത്ത് നല്‍കുന്നതിനും ഈദ് ആഘോഷിക്കുന്നതിനുമുള്ള തയാറെടുപ്പും തുടങ്ങിക്കഴിഞ്ഞു. പുത്തനുടുപ്പുകളും വീട്ടുസാധനങ്ങളും വാങ്ങി മുന്നൊരുക്കം നടത്തുന്നു. ഈദ് വിപണികളും സജീവമാകുകയാണ്. മിക്കയിടത്തും ഓഫറുകളുടെ പെരുമഴയാണ്. പല വ്യാപാര സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവര്‍ത്തിക്കുന്നു. മാളുകളിലും സൂപ്പര്‍ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ജനത്തിരക്കിലേക്ക് മാറുകയാണ്.