Connect with us

Articles

ശുചിത്വം: മാറേണ്ടത് മലയാളിയുടെ മനസ്സ്

Published

|

Last Updated

മാലിന്യക്കൂനകള്‍ സൃഷ്ടിക്കുന്ന പകര്‍ച്ചവ്യാധികളും പാരിസ്ഥിതിക പ്രശ്‌നങ്ങളും രാജ്യത്തെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും പേടിസ്വപ്‌നമാണ്. നമ്മുടെ നാട്ടിലും സ്ഥിതി മറിച്ചല്ല. മഴയിലും വേനലിലും ഇത്തരം മാലിനമല വലുതാകുകയാണ്. പനിച്ച് വിറച്ചെത്തിയ ആളുകളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു. ചേരികളില്ലാത്ത, വൃത്തിയുള്ള റോഡുകളുള്ള, ആരും പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യാത്ത നമ്മുടെ നാട് പകര്‍ച്ച പനികളുടെ വിളഭൂമിയാകുന്നു എന്ന സത്യം നാമിപ്പോള്‍ അനുഭവിച്ചറിയുന്നുണ്ട്. മഴ എന്ന ആലോചനയ്ക്കുമുമ്പേ പകര്‍ച്ചപ്പനികള്‍ പെയ്തു തുടങ്ങുന്നതിനുള്ള ഏറ്റവും പ്രധാന കാരണമെന്തെന്ന് എത് കൊച്ചു കുട്ടിക്കും വിളിച്ചു പറയാനാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തിയത്. ആരോഗ്യ വികസന സൂചികകളില്‍ ഒരുകാലത്ത് മുന്നിലായിരുന്ന സാക്ഷര കേരളമാണ് മലിനീകരണത്തില്‍ അഗ്രഗണ്യ സ്ഥാനത്ത് എന്ന് തിരിച്ചറിയാന്‍ എന്തു കൊണ്ടോ വൈകിയതാണ് നമ്മുടെ സകലദുരിതങ്ങള്‍ക്കുമുള്ള അടിസ്ഥാന കാരണമെന്ന് ഇപ്പോള്‍ പൂര്‍ണ്ണമായും കേരളീയര്‍ മനസ്സിലാക്കിക്കഴിഞ്ഞു. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളായ പൊതുശിശു, മാതൃ, മരണനിരക്കുകള്‍ കുറച്ചുകൊണ്ടുവരാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും ശുചിത്വം ഒരു സംസ്‌കാരമായി മാറ്റിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ലെന്ന് കണ്ടെത്താന്‍ ഇപ്പോഴത്തെ അനുഭവങ്ങള്‍ മാത്രം മതിയാകും.

ഇതാണോ പൗര ബോധം?

പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്തുവെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ തിരിച്ചുവന്നുതുടങ്ങിയതും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മസ്തിഷ്‌കജ്വരം,എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ പുതിയ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടതുമെല്ലാം കേരളത്തിന്റെ ആരോഗ്യമേഖലയെ വലുതായിത്തന്നെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നു. മാലിന്യനിര്‍മാര്‍ജനം, പരിസരശുചിത്വം, കൊതുക് നശീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച പരിപാടികളൊന്നും വേണ്ടത്ര വിജയിക്കാതെ പോയതാണ് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള അടിസ്ഥാനകാരണമായത്. മാലിന്യനിര്‍മാര്‍ജനം ഫലവത്തായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കും ഇതു വരെയായും കഴിഞ്ഞതുമില്ല. ജനസംഖ്യാ വര്‍ധനവിനും നഗരവത്കരണത്തിനും അനുസൃതമായി മലയാളി സാമൂഹിക ശുചിത്വത്തിന് കാണിക്കുന്ന അലംഭാവം പകര്‍ച്ചവ്യാധികളുടെ കടന്നുവരവിനുള്ള പ്രധാന കാരണമായി മാറി. എത്ര തന്നെ പരിഷ്‌കാരിയായാലും മാറാത്ത മലയാളിയുടെ മനസ്സ് തന്നെയാണ് ഒരിക്കലും ഒഴിയാത്ത മാലിന്യം പേറാന്‍ വിധിക്കപ്പെട്ട നാടാക്കി കേരളത്തെ മാറ്റിയത്.

വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹിക ശുചിത്വം എന്ന പാഠം കൃത്യതയോടെ ഒരിക്കലും പഠിച്ചെടുത്തിരുന്നില്ല. വീടുകളും നഗരങ്ങളും കൂടുകയും സമ്പത്തും സൗകര്യങ്ങളും വര്‍ധിക്കുകയും ചെയ്‌തെങ്കിലും പൊതുവായി പാലിക്കേണ്ട മര്യാദകളുടെ കാര്യത്തില്‍ നമ്മുടെ നില വളരെ പരിതാപകരമായി മാറുകയായിരുന്നു. പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ യഥാര്‍ഥത്തില്‍ നമ്മുടെ പൗരബോധത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ഉത്പന്നങ്ങളാണെന്ന് നാം തന്നെ ഇപ്പോള്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. വീടിന്റെ അകം വൃത്തിയാക്കുന്നതില്‍ ശ്രദ്ധാലുക്കളായ നാം ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റു പെരുകാനുള്ള വലിയ സാഹചര്യമാണ് ഒരുക്കിക്കൊടുത്തത്. ജീവിതശൈലി പാടെ മാറ്റിയപ്പോള്‍ മുതലാണ് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ സ്വഭാവവും അളവും ക്രമാതീതമായി പെരുകാനും അവ നിര്‍ദാക്ഷിണ്യം വലിച്ചെറിയാനും നാം ശീലിച്ചത്. നാലും അഞ്ചും സെന്റില്‍ വീടുകളും ഫഌറ്റുകളും നിറഞ്ഞതോടെ അയലത്തെ മുറ്റത്തും റോഡരികിലും പുഴയിലും തോട്ടിലും മാലിന്യം ചേക്കേറാന്‍ തുടങ്ങി. കേരളീയന്റെ ശുചിത്വ ബോധത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ “പെരുമാറ്റ ദൂഷ്യ”ത്തെ അകറ്റാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല. മാലിന്യം ഉത്പാദിപ്പിക്കുന്നവര്‍ തന്നെ അതിന്റെ സംസ്‌കരണത്തിലേക്ക് തിരിയണമെന്ന ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ ചുവടുവെപ്പ് നടത്താന്‍ ആരു പറഞ്ഞിട്ടും മലയാളി കേട്ടതുമില്ല.

ഇരുട്ടേറുകള്‍

വീട്ടില്‍ സൂക്ഷിച്ചു വെച്ച മാലിന്യം പ്ലാസ്റ്റിക് കവറിലാക്കി ഇരുട്ടില്‍ അടുത്ത പറമ്പിലോ തെരുവോരത്തോ കളയാന്‍ വിദ്യാഭ്യാസവും ശുചിത്വബോധവും കേരളീയനെ തടയുന്നില്ലെന്നതാണ് അത്ഭുതം. ഹോട്ടലുകളും ആശുപത്രികളും മാലിന്യം പുഴകളിലേക്ക് ഒഴുക്കി വിടുന്നു. രാത്രികളില്‍ അറവുശാലകളിലെ മാലിന്യം ലോറിയില്‍ കൊണ്ടുവന്ന് റോഡരികിലും പുഴയോരത്തും വയലുകളിലും നിക്ഷേപിച്ച് ആളുകള്‍ ഓടി മറയുന്നു. അടുത്ത കാലത്ത് മലയാളിയുടെ ശുചിത്വ ബോധത്തെക്കുറിച്ച് കേരളം കാണാനെത്തിയ വിദേശികളില്‍ പലരും പരിഹസിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാവരും നിത്യവും ഒന്നോ രണ്ടോ തവണ കുളിക്കും, പല്ല് തേക്കും. ഇതു മാത്രമാണ് മലയാളിയുടെ ശുചിത്വ ബോധമെന്ന നിലയിലേക്കാണ് പരിഹാസത്തിന്റെ കുന്തമുന നീളുന്നത്. ഒരാളും തന്റെ പരിസരത്തെക്കുറിച്ച് ഉത്കണ്ഠാകുലനല്ലെന്നും അതൊക്കെ മറ്റുള്ളവര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതല്ലേയെന്ന ബോധമാണ് കേരളത്തിന്റെ മലിനമായ കാലാവസ്ഥയ്ക്ക് കാരണമെന്ന് ഇവിടെയെത്തിയ വിദേശ ഗവേഷകര്‍ പലരും പറഞ്ഞതും പറയുന്നതും നമ്മുക്ക് വലിയ നാണക്കേടാണുണ്ടാക്കുന്നത്. എല്ലാവരും അവകാശത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നാല്‍ കടമയുടെ കാര്യത്തില്‍ അതില്ലെന്ന് മലയാളിയെ ചൂണ്ടിക്കാട്ടി മറ്റുള്ളവര്‍ പറയുമ്പോഴാണ് നാണക്കേടു കൊണ്ട് നമ്മുടെ ശിരസ്സ് കുനിയുക.

ഗാര്‍ഹിക മാലിന്യം, വ്യാവസായിക മാലിന്യം, ആശുപത്രി മാലിന്യം, ഹോട്ടല്‍ മാലിന്യം തുടങ്ങി ഇ- മാലിന്യങ്ങള്‍ വരെ നമ്മുടെ ഭാവിയെ ആശങ്കാകുലമാക്കുന്നുണ്ട്. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യഭീഷണി മാലിന്യമാണെന്ന് അറിയാത്തവരായി ആരുമില്ല. ലക്ഷക്കണക്കിന് ടണ്‍ മാലിന്യമാണ് നിത്യേനയെന്നോണം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തിന്റെ തെരുവില്‍ വീഴുന്നത്. അടുത്ത കാലത്തായി കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നടത്തിയ ഒരു പഠനപ്രകാരം കേരളത്തിലെ മാലിന്യനിക്ഷേപത്തിന്റെ കണക്ക് ഇങ്ങനെയാണ്. ഏറ്റവുമധികം മാലിന്യം തള്ളുന്നത് വീടുകളില്‍ നിന്നാണെന്ന് പഠനം പറയുന്നു. 49 ശതമാനമാണത്രേ വീടുകളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യത്തിന്റെ അളവ്. അറവു ശാലയില്‍ നിന്ന് മൂന്നു ശതമാനവും നിര്‍മാണമേഖലയില്‍ നിന്ന് ആറ് ശതമാനവും മാലിന്യങ്ങള്‍ പുറെത്തെത്തുന്നു. തെരുവില്‍ നിന്ന് ഒമ്പത് ശതമാനം മാലിന്യം ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ കടകളും ചന്തകളും 16 ശതമാനവും ഹോട്ടലുകളും കല്യാണമണ്ഡപങ്ങളും ചേര്‍ന്ന് 17 ശതമാനം മാലിന്യവും സംഭാവന നല്‍കുന്നു. കല്യാണ സീസണായാല്‍ ചില പ്രദേശങ്ങളിലെ ഗുഡ്‌സ് ഓട്ടോ െ്രെഡവര്‍മാര്‍ക്ക് രാത്രികാലങ്ങളില്‍ തിരക്കാണത്രേ. കല്യാണത്തിന്റെ എച്ചില്‍ക്കൂമ്പാരം വീടിന്റെ നാലതിരുകടത്താനുള്ള കരാര്‍ ഇയാളെടുക്കും. പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ മാംസാവശിഷ്ടങ്ങളും ചീത്തയായ ഭക്ഷണവും പല ചാക്കുകളിലാക്കി യാത്ര തുടങ്ങും. ആളൊഴിഞ്ഞ വഴിയോരത്തോ, കുറ്റിക്കാട്ടിലോ പുഴയിലോ അതെറിഞ്ഞ് തിരിച്ചുപോരും. അര മണിക്കൂറിന്റെ അധ്വാനത്തിന് കീശ നിറയെ കാശ് കിട്ടും. വഴിയോരത്ത് ടയറ് മാറ്റാനെന്ന പേരില്‍ നിര്‍ത്തിയിട്ട ചില ലോറികളില്‍ നിന്ന് മലിനജലം ഒഴുക്കിവിടുന്നതും പല സ്ഥലത്തും പതിവാണ്. ഇതിന് ചില സ്വകാര്യ ആശുപത്രികളില്‍ നിന്ന് കരാര്‍ നല്‍കുന്നവരുമേറെയുണ്ട്. ബോധവത്കരണം കൊണ്ടുമാത്രം വലിച്ചെറിയല്‍ സംസ്‌കാരം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാനാകും.

രോഗം ബാധിച്ച നിയമം

ശക്തമായ നിയമങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണ്. മാലിന്യങ്ങള്‍ ചാക്കിലാക്കി നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ വേണം. എലിപ്പനിയും ഡെങ്കിയും ചിക്കുന്‍ ഗുനിയയുമെല്ലാം വന്നിട്ടും പ്രശ്‌നത്തിന്റെ ഗൗരവം നമുക്ക് ഇപ്പോഴും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഏറ്റവും വലിയ അത്ഭുതമായി അവശേഷിക്കുന്നത്. സംസ്ഥാനത്ത് നിക്ഷേപിക്കപ്പെടുന്ന ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ അഥവാ “ഇ-മാലിന്യങ്ങളും ഗുരുതര ഭീഷണിയായി മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ പ്രതിവര്‍ഷം അഞ്ചുകോടി ടണ്‍ ഇമാലിന്യങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. കമ്പ്യൂട്ടര്‍, ടെലിവിഷന്‍, ടെലിഫോണ്‍ എന്നിവയുടെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് ഇ – മാലിന്യങ്ങളില്‍ അധികവും. ഇവ സുരക്ഷിതമായി സംസ്‌കരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 2008 ല്‍ കൊണ്ടുവന്നെങ്കിലും അതൊന്നും എവിടെ പ്രയോഗത്തില്‍ വരുത്താനായിട്ടില്ല. ഇ- മാലിന്യങ്ങളിലുള്ള രസം, ഈയം തുടങ്ങിയ ലോഹങ്ങള്‍ മറ്റു മാലിന്യങ്ങളുമായി ചേര്‍ന്ന് മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ തള്ളുന്നത് രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ജനകീയ പ്രസ്ഥാനം വരണം

മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാകുന്ന പുതിയ പകര്‍ച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നായിത്തന്നെ കാണുന്നതില്‍ ഭരണകൂടങ്ങള്‍ക്കുണ്ടായ വീഴ്ചയാണ് പ്രധാനമായി ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയം. 2010ല്‍ തന്നെ കേരളത്തില്‍ ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതികളാരംഭിച്ചിരുന്നെങ്കിലും അതിനെ ഗൗരവമായി കാണാതിരുന്നതാണ് മാലിന്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കായി മാറ്റിയത്. പ്ലാസ്റ്റിക്, കടലാസ്, പുല്ല്, റബ്ബര്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, തുടങ്ങി സര്‍വ മാലിന്യങ്ങളും കറുത്ത വലിയ പ്ലാസ്റ്റിക് സഞ്ചികളില്‍ നിറയ്ക്കുന്നതിന് പകരം അവ തരം തിരിച്ച് സംസ്‌കരിക്കുകയെന്ന രീതിക്കായിരുന്നു 2010ലെ മാലിന്യ പദ്ധതിയില്‍ മുന്‍ഗണന നല്‍കിയത്.
എന്നാല്‍ പിന്നീടുണ്ടായ മാലിന്യ നീക്കങ്ങള്‍ കാര്യക്ഷമമായില്ല. ഇത് കാരണം സംസ്‌കരിക്കപ്പെടാത്ത മാലിന്യങ്ങള്‍ കുന്നുകൂടുകയും അത് വലിയ മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ജൈവമാലിന്യം സംസ്‌കരിച്ച് വളമോ ഗ്യാസോ ആക്കി മാറ്റണമെന്നും പ്ലാസ്റ്റിക് തുടങ്ങിയവ പുനരുപയോഗത്തിനായി സംസ്‌കരിക്കണമെന്നും കുന്നിന്‍ മുകളിലെയും ചെരിവുകളിലെയും പുല്ലും പടര്‍പ്പും വെട്ടിക്കിളച്ച് വേരോടെ പിഴുതെടുക്കരുതെന്നുമുള്ള നിര്‍ദേശങ്ങളൊന്നും പിന്നീടുള്ള ശുചിത്വ യജ്ഞങ്ങളില്‍ പാലിക്കപ്പെട്ടില്ല. കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന്റെ വസ്തുനിഷ്ഠകാരണങ്ങള്‍ കണ്ടെത്തി, കുറവുകള്‍ പരിഹരിച്ച് ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണത്തോടും ജനപങ്കാളിത്തത്തോടും കൂടി ബൃഹത്തായ ഒരു പുതിയ ശുചിത്വ പരിപാടിയാണ് ഇനി നടപ്പിലാക്കേണ്ടത്. മാലിന്യങ്ങള്‍ അതിന്റെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ സംസ്‌കരിക്കുന്നതിനുള്ള ബോധവത്കരണവും സമുചിത സാങ്കേതിക വിദ്യകളുടെ വ്യാപനവും വിഭാവനം ചെയ്യണം. സാക്ഷരതാപ്രസ്ഥാനത്തിലും ജനകീയാസൂത്രണത്തിലും ഫലപ്രദമെന്നു തെളിഞ്ഞ ജനകീയ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞാല്‍ സമ്പൂര്‍ണ ശുചിത്വമെന്ന ലക്ഷ്യം നേടാനാകുമെന്നതില്‍ തര്‍ക്കമില്ല. ഇതിന് കൈകോര്‍ത്തിറങ്ങാന്‍ ഇനിയെങ്കിലും എല്ലാവരും തയ്യാറായില്ലെങ്കില്‍ നേരിടേണ്ടിവരിക പരിഹാരമില്ലാത്ത മഹാമാരി തന്നെയാകും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest