Connect with us

Ramzan

വിശുദ്ധ റമസാനും വിശുദ്ധ ഖുര്‍ആനും

Published

|

Last Updated

വിശുദ്ധ റമസാന്‍ ഖുര്‍ആനിന്റെ മാസമാണ്. അത് വിടവാങ്ങുമ്പോള്‍ ഖുര്‍ആനിനോടുള്ള നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടുവെന്നാണ് നാം ഉറപ്പ് വരുത്തേണ്ടത്. റമസാനിന്റെ ദിനരാത്രങ്ങളില്‍ നാം ധാരാളം ഖുര്‍ആന്‍ ഓതി. ഖുര്‍ആന്‍ വചനങ്ങള്‍ നിറഞ്ഞ ഉപദേശങ്ങള്‍ കേട്ടു. പഠിക്കാന്‍ സമയം ചെലവഴിച്ചു. ഈ ബന്ധം റമസാന്‍ അവസാനിക്കുന്നതോടെ നിലച്ച് പോകരുത്.

ഖുര്‍ആനിന്റെ അവതരണമാണ് റമസാനിന്റെ സവിശേഷതയില്‍ പ്രധാനം. ഇമാം റാസി (റ) പറയുന്നു. പരിശുദ്ധ ഖുര്‍ആന്‍ നബി (സ) ക്ക് ഒന്നിച്ച് അവതരിച്ചതല്ല, ആവശ്യാനുസരണം അല്‍പ്പാല്‍പ്പമായി ഇറങ്ങിയതാണ്. അങ്ങനെയെങ്കില്‍ മിക്കവാറും എല്ലാ മാസത്തിലും ഖുര്‍ആന്‍ അവതരിച്ചിരിക്കും. എങ്കില്‍ റമസാനില്‍ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ പൊരുളെന്താണ് ?
ഈ സംശയത്തിന് രണ്ട് വിധം മറുപടി കണ്ടെത്താവുന്നതാണ്. ഖുര്‍ആന്‍ ലൈത്തുല്‍ ഖദ്‌റില്‍ ഒന്നാം ആകാശത്തേക്ക് അവതരിപ്പിക്കപ്പെട്ടു. അവിടെ നിന്ന് സമയ ബന്ധിതമായി ഭൗമലോകത്തേക്ക് അവതരണം തുടര്‍ന്ന് കൊണ്ടിരുന്നു. ഇങ്ങനെ ഘട്ടംഘട്ടമായി അവതരിപ്പിച്ചതിന് പിന്നില്‍ പല യുക്തികളും നന്മകളും അല്ലാഹു കണ്ടിരിക്കും. വിശുദ്ധ ഖുര്‍ആന്‍ റമസാനില്‍ അവതരിപ്പിക്കപ്പെട്ടു എന്നതു കൊണ്ടുദ്ദേശ്യം ഖുര്‍ആന്‍ അവതരണത്തിന് റമസാനിലെ ലൈലത്തുല്‍ ഖദ്‌റില്‍ തുടക്കം കുറിച്ചു എന്നാണെന്ന് മുഹമ്മദുബ്ന്‍ ഇസ്ഹാഖ് പോലെയുള്ള പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പരിശുദ്ധ ഖുര്‍ആന്‍ പുണ്യം നിറഞ്ഞ ഒരു രാത്രിയില്‍ ഇറക്കപ്പെട്ടു എന്നര്‍ത്ഥം വരുന്ന ഒരു വചനം ഖുര്‍ആനില്‍ കാണാം. ആ വചനത്തിന്റെ താത്പര്യം ലൈലത്തുല്‍ ഖദ്ര്‍ തന്നെ എന്നാണ് പണ്ഡിത പക്ഷം. ലൈലത്തുല്‍ ഖദ്ര്‍ റമസാന്‍ മാസത്തിലാണെന്ന് വന്നാല്‍ ഖുര്‍ആന്‍ അവതരണം റമസാനിലാണെന്ന് പറയേണ്ടതില്ല. ചുരുക്കത്തില്‍ ഖുര്‍ആനിന്റെ അവതരണം റമസാനിന്റെ മഹത്വത്തിന് കാരണമായി.
അബ്ദുല്ലാഹിബിന് മസ്ഊദ് (റ)വില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഓതുന്ന ഓരോ അക്ഷരത്തിനും പ്രതിഫലം ഉറപ്പിക്കാവുന്നതാണ്. ആ പ്രതിഫലം പത്ത് മടങ്ങുകളായിട്ടാണ് പരിഗണിക്കപ്പെടുക. അലിഫ് ലാം മീം എന്നത് ഒരു അക്ഷരമാണെന്ന വാദം നമുക്കില്ല. മറിച്ച് അലിഫും ലാമും മീമും ഓരോ അക്ഷരമായിത്തന്നെയാണ് പരഗിണിക്കപ്പെടുക (തുര്‍മുദി)
ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് ഓതിയാലേ പ്രതിഫലം ലഭിക്കുകയുള്ളൂ എന്ന ധാരണ തെറ്റാണെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാം. അലിഫ്, ലാം, മീം എന്ന സൂക്തത്തെയാണ് ഈ ഹദീസ് ഉദാഹരണമാക്കിയിരിക്കുന്നത്. മറ്റ് വചനങ്ങളെപ്പോലെ ഒരു സവിശേഷ ആശയം ഈ വചനം നല്‍കുന്നില്ല. എന്നിട്ടും അവക്ക് പ്രതിഫലമുണ്ട്.
മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: ഖുര്‍ആനില്‍ നിന്ന് ഒരു ആയത്ത് ശ്രവിക്കുന്നവന് വര്‍ധിതമായ പ്രതിഫലം രേഖപ്പെടുത്തുന്നതാണ്. ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് അന്ത്യദിനത്തില്‍ അതുപ്രകാശിതമായി ഭവിക്കും (അഹ്മദ്).
അബൂ മൂസല്‍ അശ്അരി (റ)ല്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു. “ഖുര്‍ആന്‍ ഓതുന്ന സത്യവിശ്വാസി ഓറഞ്ച് കണക്കെയാണ്. ഓറഞ്ചിന്റെ വാസനയും രുചിയും നല്ലതാണല്ലോ. ഖുര്‍ആന്‍ ഓത്ത് പതിവില്ലാത്ത മുഅ്മിന്‍ കാരക്ക പോലെയാണ്. കാരക്കക്ക് നല്ല മധുരമാണ്. പക്ഷേ, വാസന അത്ര ഹൃദ്യമല്ല. ഖുര്‍ആന്‍ ഓതുന്ന മുനാഫിഖ് റൈഹാന്‍ പോലെയാണ്. നല്ല വാസനയാണതിന്. പക്ഷേ, രുചി കൈപുറ്റതാകുന്നു. ഖൂര്‍ആന്‍ ഓതാത്ത കപട വിശ്വാസി ആട്ടങ്ങക്ക് സമാനമാണ്. അതിന്റെ രുചിയും ഗന്ധവും ചീത്തയാണല്ലോ? (ബുഖാരി, മുസ്‌ലിം). സത്യവിശ്വാസം മനുഷ്യന്റെ അകത്തളത്തെ സുന്ദരമാക്കുമ്പോള്‍ ഖുര്‍ആന്‍ ബാഹ്യസൗന്ദര്യത്തെ വര്‍ധിപ്പിക്കുന്നു. ബാഹ്യദൃഷ്ടിയില്‍ ഈമാന്‍ പ്രകടമാകണമെങ്കില്‍ ഖുര്‍ആനുമായുള്ള ബന്ധം സുസ്ഥിരമാക്കണമെന്നു ചുരുക്കം.

അബൂദര്‍ദാഅ് (റ) പറയുന്നു. ്യൂഞാനൊരിക്കല്‍ നബി (സ)യെ സമീപിച്ച് എനിക്ക് ഉപദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. നബി (സ) പറഞ്ഞു. നീ തഖ്‌വ പുലര്‍ത്തുക, അത് എല്ലാറ്റിന്റെയും കാതലാകുന്നു. ഞാന്‍ വീണ്ടും അപേക്ഷിച്ചു, ഇനിയും ഉപദേശിച്ചാലും. അപ്പോള്‍ അവിടന്ന് പ്രതികരിച്ചു: നീ ഖുര്‍ആന്‍ പാരായണം പതിവാക്കുക, അത് ഇഹത്തില്‍ നിനക്ക് പ്രഭയും പരത്തില്‍ വലിയൊരു നിധിയുമാകുന്നു. (ഇബ്‌നു ഹിബ്ബാന്‍).
ഇബ്‌നു അബ്ബാസ് (റ) വില്‍ നിന്ന്: നബി (സ) പറഞ്ഞു, ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പ്രായാധിക്യത്തിന്റെ അസ്വസ്ഥതകള്‍ ബാധിക്കുന്നതല്ല. വിശുദ്ധ ഖുര്‍ആന്‍ ഈ വസ്തുത വ്യക്തമാക്കിയതായി കാണാം. (ഹാകിം).
റമസാനിന്റെ വെളിച്ചം ജീവിതത്തിലാകെ നിറയണം. സത്യവിശ്വാസത്തിന്റെ യഥാര്‍ഥ സത്ത ശരീരത്തിലും മനസ്സിലും ഊട്ടിയുറപ്പിക്കപ്പെടണം. അതിന് ഖുര്‍ആന്‍ പാരായണം പതിവാക്കാനും യഥാര്‍ഥ പണ്ഡിതരില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കാനും നാം തയ്യാറാകണം.