Articles
ഇത് ദുരൂഹതകളുടെ മഹാപര്‍വം
വര്‍ത്തമാനകാല ഇന്ത്യയില്‍ ആധാര്‍ ഒരു ദുരൂഹതയുടെയും, അടിച്ചേല്‍പ്പിക്കലിന്റെയും പേരാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍പ്പോലും കോടതി ഇടപെടലുകള്‍ ഉണ്ടായാല്‍, നിയമനിര്‍മാണം നടത്തി അതിനെ മറികടക്കുന്നതിന് പകരം, അക്കാര്യം പറഞ്ഞു പൗരാവകാശങ്ങള്‍ ഹനിക്കുന്ന കാഴ്ച ഇന്ത്യയില്‍ പുതുമയുള്ളതല്ല. എന്നാല്‍ ആധാറിന്റെ കാര്യത്തില്‍ അല്‍പ്പം ജുഗുപ്‌സാവഹമായ രൂപത്തിലാണ് കാര്യങ്ങള്‍ പരിണമിക്കുന്നത്. അതായത് സുപ്രീംകോടതി ആധാറിന്റെ ഭരണഘടനാ സാധുതയില്‍ ന്യായമായ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട്, അത് പൗരന്റെ ഒരു അവകാശങ്ങള്‍ക്കും നിര്‍ബന്ധമാക്കരുത് എന്നാവര്‍ത്തിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോഴും ദുരൂഹമായ കാരണങ്ങളാല്‍ ഭരണകൂടം ആധാര്‍ കൊണ്ട് പൗരനെ വരിഞ്ഞുമുറുക്കുകയാണ്. എന്തിനും, ഏതിനും ആധാറില്ലാതെ കഴിയില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ആരുടെയൊക്കെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് എന്നതെല്ലാം വരാനിരിക്കുന്ന രഹസ്യങ്ങളാണ്.
ഇന്ത്യയിലെ ഓരോ പൗരന്റെയും സൂക്ഷ്മമായ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് സംശയിക്കപ്പെടുന്ന സാഹചര്യം ഇതിനകം സംജാതമായിട്ടുണ്ട്. ക്രിക്കറ്റ് താരം എം എസ് ധോണി അടക്കമുള്ള പതിമൂന്നു ദശലക്ഷം ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഭരണകൂടം തന്നെ പറയാതെ പറയുന്ന സ്ഥിതിയുണ്ട്. ഒരേ നമ്പറുള്ള ഒന്നിലധികം ആധാര്‍ കാര്‍ഡ് സംബന്ധമായ വാര്‍ത്തകളും അടുത്ത കാലത്ത് മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. പൗരന്റെ ഭരണഘടനാവകാശങ്ങള്‍ അടക്കമുള്ള മൗലിക വിഷയങ്ങളില്‍ ഉപരിയായി, വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ആധാറിനെയും സംശയിക്കുന്നത്. സ്വകാര്യതയെന്ന പൗരന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമായും വിലയിരുത്തപ്പെടുകയും, മേല്‍സൂചിപ്പിച്ചത് പോലെ മറ്റു പല അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലുമില്ലാത്ത വേഗതയും ജാഗ്രതയും ഇതിലുണ്ടെന്നതും ദുരൂഹമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.
2010 സെപ്തംബര്‍ 29 ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, 2012 ലാണ് ആധാറുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് സുപ്രീംകോടതിയിലെത്തുന്നത്. യാതൊരുവിധ സേവനവും അവകാശവും ആധാര്‍ ഇല്ല എന്ന കാരണത്താല്‍ നിഷേധിക്കപ്പെടരുത് എന്ന് 2013 സെപ്തംബര്‍ 13 ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐക്ക് അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ കൈമാറരുത് എന്ന് കോടതി 2014 ല്‍ ആവര്‍ത്തിച്ചു. വാദമുഖങ്ങള്‍ക്കിടയില്‍ ആധാര്‍ ഒരു ഭരണഘടനാവകാശ ലംഘനങ്ങളുടെ കേസ് എന്ന നിലയില്‍ മെറിറ്റ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സ്വകാര്യത ഒരു പൗരാവകാശമല്ല എന്ന ഞെട്ടിക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചത്, സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കില്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനും അതിന് അവകാശമുണ്ട് എന്നായിരുന്നു. എന്നാല്‍ ഒരു മനുഷ്യന്റെ അര്‍ഹതപ്പെടല്‍ എന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടലായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
സ്വകാര്യത എന്ന് വിളിക്കുന്നതും ശാരീരികമായ കടന്നുകയറ്റവും സംബന്ധിച്ച് അടുത്ത കാലത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ “കൃത്രിമമായ”താണെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. സ്വകാര്യത എന്നത് അടിസ്ഥാന അവകാശമാണോ അല്ലയോ എന്നാണ് ഭരണഘടനാപരമായ ചോദ്യം. 1994ല്‍ ആണ് സുപ്രീം കോടതി ആദ്യമായി സ്വകാര്യതയെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 മായി ബന്ധിപ്പിച്ചത്. അന്ന് കോടതി ഇങ്ങനെ നിരീക്ഷിച്ചു: “സ്വകാര്യതക്കുള്ള അവകാശം ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഈ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 21ല്‍ അന്തര്‍ലീനമായതാണ്”. വാസ്തവത്തില്‍ ഈ നിരീക്ഷണത്തിന്റെ നഗ്നമായ ലംഘനത്തിന്റെ പേര് മാത്രമാണ് ആധാര്‍ കാര്‍ഡ്. പക്ഷേ, ഇക്കാര്യം ഭരണകൂടവും ജുഡീഷ്യറി തന്നെയും വിസ്മരിക്കുന്നു എന്നതാണ് വസ്തുത.
ഖൗേെശരല ഗട ജൗേേമംെമാ്യ & ഛൃ െ് െഡിശീി ീള കിറശമ & ഛൃ െഎന്ന കേസ് ആധാറിനെ എതിര്‍ത്തുകൊണ്ടുള്ള കേസുകളില്‍ ആദ്യത്തേതാണ്. അതിന്റെ കൂടെ 15 മറ്റ് കാര്യങ്ങളും കൂടെ ചേര്‍ത്തിട്ടുണ്ട്. അത് ഭരണഘടനാ ബഞ്ചിന് 2015 ല്‍ കൈമാറിയതാണ്. എന്നാല്‍ ഇപ്പോഴും അത് വിധിപറയാതെ കാത്തുകിടക്കുന്നു. ഇതുമായുള്ള കാര്യങ്ങളില്‍ കോടതി ഇടക്കിടക്ക് ആധാര്‍ നടപ്പാക്കല്‍ നിര്‍ബന്ധിതമാകാന്‍ പാടില്ല എന്നൊക്കെ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. എന്നാലും കോടതിയലക്ഷ്യ കുറ്റമാകുന്ന രീതിയില്‍ വളരേയേറെ സാമൂഹിക സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കിയിട്ടും കോടതി ഒന്നും പറഞ്ഞില്ല എന്നതാണ് അവിശ്വനീയം. ഇതിനോടൊപ്പം സുപ്രീം കോടതി കേള്‍ക്കാന്‍ ബാധ്യതയുള്ള വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ 21ാം നൂറ്റാണ്ടിലെ പൗരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യാകുലതയുള്ള, നിയമവാഴ്ചയെ അനുകൂലിക്കുന്ന ഏത് സമൂഹവും ചോദിക്കുന്നു. സ്വന്തം പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാറിന് സൃഷ്ടിപരമായ ഒരു ഉത്തരവാദിത്തമില്ലെങ്കില്‍, എന്താണ് നമ്മുടെ ഭരണഘടനയുടെ അവസ്ഥ?!
നമ്മുടെയെല്ലാം വ്യക്തി വിവരങ്ങളും സ്വഭാവവും ശേഖരിച്ച് വെച്ചിരിക്കുന്ന യശീാലൃേശര ശറലിശേളശരമശേീി റമമേയമലെ െനെ പൌരന്‍മാര്‍ക്ക് പരിശോധിക്കാനും മനസിലാക്കാനുമുള്ള അവകാശമില്ലെങ്കില്‍ നാം ഇന്ന് “സ്വതന്ത്ര സമൂഹം” എന്ന് കരുതുന്ന എല്ലാം ഏത് സമയത്തും ഇല്ലാതാക്കാനാകും. ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഉടന്‍ തന്നെ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളുടെ ഹൃദയത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വ്യക്തവും അടിയന്തരവുമായ ചോദ്യങ്ങള്‍ ആണ് ഇന്ത്യയുടെ സുപ്രീം കോടതിയുടെ കേസ് പട്ടികയില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എന്നാല്‍ സ്വകാര്യതയുടെ അവകാശത്തെക്കുറിച്ചുള്ള വാദം കേള്‍ക്കാന്‍ ഒരു ഏഴംഗ ബഞ്ച് രൂപവത്കരിക്കാന്‍ സാധ്യമല്ല എന്ന് അടുത്തിടെ രണ്ട് ചീഫ് ജസ്റ്റീസുമാര്‍ പറഞ്ഞു. എന്നിട്ടും സര്‍ക്കാര്‍ ആധാറിന്റെ കാര്യത്തില്‍ ഒരു തീരുമാനവും എടുത്തില്ല. ഈ ജഡത്വം നിഗൂഢവും ആശ്ചര്യകരവുമാണ്. ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്; തങ്ങളുടെ ശക്തവും അതിബൃഹത്തായതുമായ സമൂഹത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ഭരണഘടനാ വക്കീലന്‍മാരുടെ യുക്തി.
ഇന്ത്യയിലെ സുപ്രീംകോടതി അതിന്റെ റീരസല േനിയന്ത്രിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നത് അമേരിക്കയിലെ സുപ്രീംകോടതിയില്‍ നിന്ന് വ്യത്യസ്തമാണ്. ഒരുവര്‍ഷം കഴിഞ്ഞ കേസുകള്‍ തള്ളിക്കളയുക എന്ന രീതി ഇവിടെ നിര്‍ദേശിക്കാന്‍ പറ്റില്ല. എന്നാല്‍ നമ്മുടെ എല്ലാ കോടതികളും ഇംഗ്ലണ്ടിലെ ജോണ്‍ രാജാവിന്റെ 1215ലെ മാഗ്‌നകാര്‍ട്ടയില്‍ നിന്ന് വന്നതാണ്. അതാണ് വൈകുന്ന നീതി എന്നത് തടയപ്പെടുന്ന നീതിയാണെന്ന സത്യത്തിന്റെ ആദ്യത്തെ വാഗ്ദാനമായി നിരീക്ഷിക്കപ്പെടുന്നത്.
ഇപ്പോള്‍ പരിഗണനയിലുള്ള കേസില്‍ സുപ്രീംകോടതി എങ്ങനെ തീരുമാനിക്കുന്നു എന്നത്, നിയമവാഴ്ചയുടെ താഴെ ജീവിക്കുന്ന മനുഷ്യവംശത്തിന് മൊത്തം വളരെ പ്രധാനപ്പെട്ട പ്രത്യാഘാതമുണ്ടാക്കുന്നതാണ്. വികസിത രാജ്യങ്ങളിലെ ജനാധിപത്യങ്ങളെല്ലാം ഏതെങ്കിലും ഒരു രീതിയില്‍ സര്‍ക്കാറിനെതിരെ ജനങ്ങളുടെ സ്വകാര്യതക്ക് ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്നുണ്ട്. ആ പ്രതിബദ്ധത ഇല്ലാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് നിലനില്‍ക്കാനാകും എന്ന് ഇന്ത്യന്‍ സുപ്രീംകോടതി കാണിച്ചുകൊടുക്കുകയാണെങ്കില്‍, ലോകത്തെ കുറച്ച് രാജ്യങ്ങളിലെയെങ്കിലും നിലനില്‍ക്കുന്ന സ്വകാര്യതയുടെ രമൗലെ നെ ദുര്‍ബലപ്പെടുത്തുകയാകും അത് ചെയ്യുക.
എന്നാല്‍ അതിന് വിപരീതമായി സുപ്രീംകോടതി ഭരണഘടനാ ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളി ആയി ഇന്ത്യയെ കൊണ്ടുവരികയാണെങ്കില്‍ ആധാര്‍, യുപിഐ, ഡിജിറ്റല്‍ ഇന്ത്യയുടെ മറ്റ് വശങ്ങള്‍ എന്നിവയുടെ പരിണാമം ഒരു നിയമ, ഭരണഘടനാ പശ്ചാത്തലത്തിലാകും സംഭവിക്കുക. രാഷ്ട്രങ്ങള്‍ക്ക് അതൊരു വെളിച്ചം വീശും, ലോകത്തെ ഒരു ഉന്നത സമൂഹം എന്ന ഉദാഹരണമാകും. ആധാര്‍ സംബന്ധിച്ച് സുപ്രീംകോടതി വിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്നതും ഇതിലെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. എന്നിട്ടും കോടതി ഇടപെടുന്നില്ല എന്ന് മാത്രമല്ല, വിശാലഭരണഘടനാ ബഞ്ചിന് കേസ് വിട്ടതോടെ ഫലത്തില്‍ സുപ്രീംകോടതി ആധാര്‍ കേസ് കൈവിട്ട അവസ്ഥയാണ്.
ഭരണകൂടം തന്നെ, അതിന്റെ രാഷ്ട്രീയ സ്വഭാവങ്ങള്‍ മാറുന്നതിനനുസരിച്ച് ഈ വ്യക്തിവിവരങ്ങളെ ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്തും എന്ന വലിയ ആശങ്കക്ക് ചരിത്രപരമായിത്തന്നെ ഇടമുണ്ട്. ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ “അപര ജനതയുടെ” അടയാളപ്പെടുത്തലിന് ഇതുപോലൊരു മാര്‍ഗം ഉപയോഗിക്കുമെന്നതില്‍ സംശയമില്ല. യൂറോപ്പിലെ ജൂതന്മാരിലേക്കൊന്നും പോകേണ്ട, മുംബൈ കലാപത്തില്‍ ശിവസേന മുസ്‌ലിംകളെ കൊല്ലാന്‍ വീടുകള്‍ കണ്ടെത്താന്‍ ഉപയോഗിച്ചത് വോട്ടര്‍പ്പട്ടിക ആയിരുന്നു എന്നറിയുമ്പോഴാണ് ആധാര്‍ പോലൊരു സംവിധാനം എത്ര ഭീകരമായ സാധ്യതകള്‍ ഉണ്ടാക്കുന്നു എന്നു മനസിലാവുക. ഈ ആശങ്കകള്‍ എല്ലാം നഗ്നമായി മുന്നില്‍ നില്‍ക്കുമ്പോഴും, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടപെടാന്‍ സുപ്രീംകോടതി എന്തിനാണ് ഇനിയും വൈകുന്നത് എന്ന് മനസ്സിലാകുന്നേയില്ല! അവിടെയാണ് ആധാര്‍ ദുരൂഹതകളുടെ മഹാപര്‍വ്വമായി മാറുന്നതും.