Gulf
'ദുബൈയിലെ പുതിയ ട്രാഫിക് നിയമം റോഡ് സുരക്ഷ വര്‍ധിപ്പിക്കും'
ദുബൈ: രാജ്യത്ത് ഏകീകൃതമായി നടപ്പിലാക്കിയ ട്രാഫിക് നിയമം റോഡ് സുരക്ഷയില്‍ പുരോഗനാത്മകമായ പ്രതിഫലനം സൃഷ്ടിക്കുമെന്ന് ദുബൈ പോലീസ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫും ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ വ്യക്തമാക്കി. ദുബൈ പോലീസിന്റെ നേതൃത്വത്തില്‍ ആംഭിച്ച “അപകടങ്ങളില്ലാത്ത ഉഷ്ണകാലം” കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച നിയമ നിര്‍മാണവും അത് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതും മുന്‍നിര രാജ്യങ്ങളുടെ പ്രത്യേകതയാണ്. ആ നിലയില്‍ യു എ ഇ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച നിയമങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായി രാജ്യവ്യാപകമായി ഒറ്റ ട്രാഫിക് നിയമമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.
ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്നതിന് എല്ലാവരും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വാഹനത്തിലെ നായകന്‍ എന്ന നിലയില്‍ ഡ്രൈവറുടെ ചുമതലയാണ് സഹയാത്രികര്‍ നിയമം അനുസരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തല്‍.
എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ നടപടി സുരക്ഷയുടെ ഭാഗമാണ്. ജനങ്ങള്‍ ഇതുമായി നല്ല നിലയില്‍ സഹകരിക്കുന്നുണ്ട്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിലൂടെ ബെല്‍റ്റ് ഉപയോഗിക്കാതെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് പറ്റേ അവസാനിക്കും.
പിന്‍സീറ്റിലെ ബെല്‍റ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പിഴ ഈടാക്കുന്നില്ല. പരിശോധനയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ പോലീസ് അവര്‍ക്ക് ആവശ്യമായ നിര്‍ദേശവും അവബോധവും നല്‍കും. പുതിയ നിയമത്തെ കുറിച്ച് ജനങ്ങളില്‍ അറിവ് ഉണ്ടാവുന്നത് വരെ ഇത് തുടരും. പൊതുവെ ജനങ്ങളില്‍ ചിലര്‍ നിയമങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ താത്പര്യപ്പെടുന്നവരാണ്. അവര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമയമനുവദിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പിഴ ഈടാക്കാതിരിക്കുന്നത്.
രാജ്യത്തെ എല്ലാ റോഡുകളിലെയും വേഗപരിധി ഏകീകരിച്ചിട്ടുണ്ട്. വേഗപരിധിക്ക് 20 കിലോമീറ്റര്‍ അധികം വരെ ഗ്രേസ് സ്പീഡായി അനുവദിക്കും. അത് മറികടക്കുന്നവര്‍ക്കാണ് പിഴ വരികയെന്നും മേജര്‍ ജനറല്‍ സഫീന്‍ വ്യക്തമാക്കി.