Connect with us

Kerala

മിസോറാം ലോട്ടറി നിരോധിക്കണം; കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയെന്ന് ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മിസോറാം സര്‍ക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സും തമ്മിലുണ്ടാക്കിയ ലോട്ടറി കരാര്‍ നിയമവിരുദ്ധമാണെന്നും മിസോറാം ലോട്ടറി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയെന്നും ധനമന്ത്രി തോമസ് ഐസക്. ക്രമക്കേടുകള്‍ വിശദമായി ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ടു അവഗണിച്ച് നിയമവിരുദ്ധമായ കരാറുമായി ലോട്ടറി നടത്താന്‍ ശ്രമിച്ച മിസോറാം ലോട്ടറി ഡയറക്ടറെ കേന്ദ്ര ലോട്ടറി നിയമം ഏഴാം വകുപ്പു പ്രകാരം ശിക്ഷിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മിസോറാം ലോട്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടെന്നും ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

മിസോറാം സര്‍ക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സും തമ്മിലുണ്ടാക്കിയ ലോട്ടറി കരാര്‍ നിയമവിരുദ്ധമാണെന്നും മിസോറാം ലോട്ടറി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളം കത്തു നല്‍കി. ക്രമക്കേടുകള്‍ വിശദമായി ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ടു അവഗണിച്ച് നിയമവിരുദ്ധമായ കരാറുമായി ലോട്ടറി നടത്താന്‍ ശ്രമിച്ച മിസോറാം ലോട്ടറി ഡയറക്ടറെ കേന്ദ്ര ലോട്ടറി നിയമം ഏഴാം വകുപ്പു പ്രകാരം ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മിസോറാം ലോട്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

ലോട്ടറിയെ സംബന്ധിച്ച അറിയിപ്പു കേരള സര്‍ക്കാരിനെ അറിയിച്ചതില്‍ തുടങ്ങി ക്രമക്കേടുകളുടെ പരമ്പര തന്നെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്ത് ലോട്ടറി വില്‍ക്കുമ്പോള്‍, ആ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വിപണന സംവിധാനത്തിന്റെ സമഗ്രമായ വിവരങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരിനെ വളരെ മുമ്പേ അറിയിച്ചിരിക്കണമെന്നാണ് 02082011ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം. മിസോറാം ലോട്ടറിയുടെ പരസ്യം വന്നതിനു ശേഷമാണ് മിസോറാം സര്‍ക്കാരിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചത്.

കേന്ദ്ര ലോട്ടറി നിയമത്തിലെ നാല് (ഡി) വകുപ്പിന്റെ ലംഘനമാണ് ഏറ്റവും നിയമവിരുദ്ധം. വിറ്റ ലോട്ടറിയുടെ മുഴുവന്‍ വരുമാനവും സംസ്ഥാന ഖജനാവില്‍ അടയ്ക്കണമെന്നാണ് ഈ വകുപ്പു വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ മിസോറാം സര്‍ക്കാരിന് തുച്ഛമായ തുകയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിനിമം ഗ്യാരണ്ടീഡ് റവന്യൂ എന്ന നിയമവിരുദ്ധമായ വ്യവസ്ഥയുടെ മറവിലാണ് ഈ കള്ളക്കളി.
പ്രതിദിന നറുക്കെടുപ്പുകള്‍ക്ക് പന്തീരായിരം രൂപയും ബംബര്‍ നറുക്കെടുപ്പിന് അഞ്ചു ലക്ഷം രൂപയുമാണ് സര്‍ക്കാരിന് വിതരണക്കാര്‍ കൊടുക്കേണ്ടത്. മൂന്നു വര്‍ഷം കൊണ്ട് വെറും 25 കോടി രൂപയാണ് ഇത്തരത്തില്‍ മിസോറാം ഖജനാവില്‍ ഒടുക്കിയത്. ലോട്ടറി വില്‍പനയിലൂടെ വിതരണക്കാര്‍ കൈക്കലാക്കിയത് 11808 കോടി രൂപയും. നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിഎജി തള്ളിക്കളഞ്ഞ മിനിമം ഗ്യാരണ്ടീഡ് റെവന്യൂ എന്ന വ്യവസ്ഥ, കേരളത്തിനു നല്‍കിയ കരാറിലും മിസോറാം സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

ടിക്കറ്റിന്റെ അച്ചടിയിലാണ് അടുത്ത ക്രമക്കേട്. ലോട്ടറി നിയമത്തിലെ വകുപ്പ് നാല് (ബി) പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടാണ് ടിക്കറ്റ് അച്ചടിക്കേണ്ടത്. കറന്‍സി നോട്ടുകള്‍ക്കും മുദ്രപ്പത്രങ്ങള്‍ക്കുമുള്ള പ്രാധാന്യം ലോട്ടറി ടിക്കറ്റിനുമുണ്ട്. കള്ളനോട്ടും വ്യാജമുദ്രപ്പത്രവും ഇറക്കുന്നതുപോലെ വ്യാജ ലോട്ടറികളുടെ സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് ലോട്ടറി ടിക്കറ്റ് അച്ചടിക്കണമെന്ന് പാര്‍ലമെന്റ് വ്യവസ്ഥ ചെയ്തത്.
എന്നാല്‍ മിസോറാം ലോട്ടറി അച്ചടിക്കുന്നത് ഏജന്റുമാരാണ്. പ്രസുകളും സര്‍ക്കാരും തമ്മില്‍ ഒരു കരാറുമില്ല. മിസോറാം ലോട്ടറി ഡയറക്ടറേറ്റിന്റെ വിലാസമോ ഫോണ്‍ നമ്പരോ വെബ് വിലാസമോ ടിക്കറ്റുകളില്‍ അച്ചടിച്ചിട്ടില്ല. ബാര്‍ കോഡ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങളും മിസോറം ലോട്ടറി ടിക്കറ്റില്‍ ഇല്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

ഫരീദാബാദിലെ പ്രസ് സന്ദര്‍ശിച്ചപ്പോള്‍ നേരിട്ടു ബോധ്യമായ കാര്യങ്ങളും സിഎജി വിശദമാക്കിയിട്ടുണ്ട്. നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൌണ്‍സില്‍ തുടങ്ങിയവരും ഇതേ പ്രസുമായി ലോട്ടറി ടിക്കറ്റ് അച്ചടിക്കുള്ള കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ പലര്‍ക്കു വേണ്ടി അച്ചടി നടത്തുമ്പോള്‍ ചെലവു കുറയ്ക്കാനായി ടിക്കറ്റിന്റെ വലിപ്പവും ഡിസൈനും പ്രസുകാര്‍ തന്നെയാണ് തീരുമാനിക്കുന്നത്. ഇത്തരത്തില്‍ ഏജന്റുമാര്‍ കൊണ്ടുവരുന്ന ഡിസൈന്‍ അംഗീകരിക്കുന്ന പണി മാത്രമാണ് മിസോറാം സര്‍ക്കാരിനുള്ളത്. ടിക്കറ്റിന്റെ മറുവശത്ത് സ്‌കീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും അച്ചടിച്ചിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

ടിക്കറ്റുകളുടെ വില്‍പനയില്‍ മാത്രമേ വിതരണക്കാരെയും വില്‍പന ഏജന്റുമാരെയും പങ്കെടുപ്പിക്കാവൂ എന്ന് ലോട്ടറി നിയമം നാല് (സി) വകുപ്പു നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ മിസോറാം ലോട്ടറിയുടെ ഡിസൈനും സ്‌കീമുകളും അച്ചടിയും ഭൌതികസൌകര്യങ്ങളും നറുക്കെടുപ്പും സമ്മാനവിതരണവും സാങ്കേതികവിദ്യയുമെല്ലാം വിതരണക്കാര്‍ നേരിട്ടാണ് നടത്തുന്നത്. നറുക്കെടുപ്പു ഫലം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന സര്‍ക്കാരല്ല. സ്വന്തം ചെലവില്‍ വിതരണക്കാരാണ് രണ്ടു പത്രങ്ങളില്‍ മിസോറാം ലോട്ടറിയുടെ ഫലം പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണ് ഈ ക്രമക്കേടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

പതിനായിരം രൂപയ്ക്കു മുകളിലുള്ള സമ്മാനവിതരണവും വിതരണക്കാര്‍ തന്നെയാണ് നിര്‍വഹിച്ചത്. ഇതിലൊന്നും മിസോറം സര്‍ക്കാരിന് യാതൊരു പങ്കുമില്ല. മിനിമം ഗ്യാരണ്ടീഡ് റവന്യൂ എന്ന പേരില്‍ വിതരണക്കാര്‍ കൊടുത്ത 25.45 കോടി രൂപയും കൈപ്പറ്റി കൈയും കെട്ടിയിരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ 11834 കോടി രൂപ കിട്ടേണ്ട സ്ഥാനത്താണ് ഈ തുച്ഛമായ തുക വരവു വെച്ചത്. ബാക്കി പണം വാങ്ങാനുള്ള ഒരു ശ്രമവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യങ്ങളെല്ലാം വിശദമായി ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ലോട്ടറി നടത്തിപ്പ് നിര്‍ത്തിവെയ്ക്കണമെന്നു കാണിച്ച് മിസോറാം സര്‍ക്കാരിനും കത്തു നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest