Connect with us

Articles

വൃദ്ധന്‍മാരുടെ യുവജനവിപ്ലവം

Published

|

Last Updated

യുവത്വത്തെക്കുറിച്ച് നമുക്കുള്ള ആശയക്കുഴപ്പം, മലയാള പത്രങ്ങളെടുത്തു പരിശോധിച്ചാല്‍ മനസ്സിലാകും. യുവം എന്നതിന് നിയന്ത്രണരേഖ നിശ്ചയിച്ചു കൊണ്ടുള്ള ശൈലീ പുസ്തകങ്ങളുണ്ടെങ്കില്‍ കൂടി ബൈക്കപകടത്തിലും കുഴഞ്ഞു വീണും മരിക്കുന്നവരും ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിക്കുന്നവരും നാല്‍പ്പത്തിയാറും നാല്‍പ്പത്തിയൊമ്പതുമൊക്കെ പ്രായമുള്ളവരാണെങ്കിലും യുവാവ് എന്ന് വായിക്കാനാകും. കേസുകളുടെയും സംഭവങ്ങളുടെയുമൊക്കെ മെറിറ്റ് ഇരകളോ പ്രതികളോ ആക്കപ്പെടുന്നവരുടെ പ്രായത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാണെന്ന ഒരു പഞ്ച് ബോധം എവിടെയോ കേന്ദ്രീകരിക്കപ്പെട്ടു കിടക്കുന്നുണ്ട്.

നിയമസഭയിലേക്കും മന്ത്രിസഭയിലേക്കും പാര്‍ട്ടി പദവികളിലേക്കുമൊക്കെ പരിഗണിക്കപ്പെടുന്നവരെ യുവ പ്രതിനിധികള്‍ എന്നു വിശേഷിപ്പിക്കുന്നതു കണ്ടിട്ടില്ലേ. യഥാര്‍ഥത്തില്‍ അമ്പതു പിന്നിട്ടവരോ അതിനോടടുത്തവരോ ഒക്കെയാണ് ഈ അലങ്കാരത്തിനു വിധേയരാകുന്നവര്‍. ഇപ്പോഴത്തെ ഇടതു മന്ത്രിസഭയിലെ യുവ പ്രാതിനിധ്യമായി പറയപ്പെടുന്ന ഡോ. കെ ടി ജലീലും വി എസ് സുനില്‍ കുമാറും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമെല്ലാം കൃത്യം അമ്പതുകാരാണ്. തലമുതിര്‍ന്ന നേതൃത്വം യുവാക്കള്‍ക്കു വഴിമാറണമെന്ന വിഖ്യാതമായ ആശയത്തിന്റെ പ്രയോഗം ചിന്തിക്കുമ്പോള്‍ ബോധ്യമാകും, രണ്ടാം നിരയില്‍ ഊഴം കാത്തു നില്‍ക്കുന്നര്‍ യുവത്വം പിന്നിട്ടിട്ട് ആണ്ടുകളായെന്ന്. മുപ്പതിനും നാല്‍പ്പതിനുമൊക്കെ ഇടയില്‍ നില്‍ക്കുന്നവരെക്കുറിച്ച് പൊതുവേ മുതിര്‍ന്ന സമൂഹത്തിനുള്ളത് ആത്മവിശ്വാസക്കുറവും അവിശ്വാസവുമാണ്. അവര്‍ അതിനു ആയിട്ടില്ല എന്ന തീര്‍ച്ചപ്പെടുത്തലുകള്‍. ഇത് പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും മാത്രമല്ല കുടുംബങ്ങളിലും ഭിന്നമല്ല.
നഷ്ടബാല്യങ്ങളെക്കുറിച്ചുള്ള വാചാലത വ്യാപകമാണ്. ബാല്യത്തിലേക്കു തിരിച്ചു പോകാനും അനുഭവിക്കാനുമുള്ള ഗൃഹാതുരമായ ആഗ്രഹങ്ങള്‍ യഥേഷ്ടം കേള്‍ക്കാം. എന്നാല്‍, നഷ്ട യൗവനങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ വേണ്ടത്രയില്ല, ഇപ്പോഴും യുവാവായി തുടരുകയാണെന്ന ഉപബോധമാണ് ഈ അവസ്ഥകളെ പണിതിരിക്കുന്നത്. ജീവിതത്തിലെ അത്ര അവഗണിക്കപ്പെടേണ്ട ഘട്ടമല്ലാതിരുന്നിട്ടുകൂടി യുവത്വകാലം പരിഗണിക്കപ്പെടാതെ പോകുന്ന ദുരന്തം. ദാര്‍ശനികന്‍മാരും ചരിത്രകാരന്‍മാരും രാഷ്ട്രീയ പണ്ഡിതരും യുവത്വത്തെക്കുറിച്ച് വേണ്ടുവോളം പറഞ്ഞു. അവര്‍ യുവത്വത്തിലാണ് നാടിന്റെയും ലോകത്തിന്റെയും പുതുയുഗം സ്വപ്‌നം കണ്ടതും പ്രവര്‍ത്തിച്ചതും. അതുകൊണ്ടാണ് അവര്‍ യുവാക്കളെ പ്രയോജനപ്പെടുത്താന്‍ ആഹ്വാനം ചെയ്തതും.
മഹാത്മാ ഗാന്ധി തന്റെ പത്രത്തിനു നല്‍കിയ പേര് യംഗ് ഇന്ത്യ എന്നായിരുന്നു. യുവാക്കള്‍ രാജ്യത്തിന്റെ ജീവനാണ് എന്ന് ഗാന്ധിജി എഴുതി. പക്വതയും മികവും ആര്‍ജിച്ച് സമൂഹത്തോടുള്ള ഉത്തരവാദത്വം നിര്‍വഹിക്കാന്‍ യുവാക്കള്‍ സന്നദ്ധമാകണമെന്നും യുവാക്കളുടെ സാന്നിധ്യം രാജ്യത്തിന്റെ ആവശ്യമാണെന്നും അവര്‍ നാളെയുടെ പിതാക്കന്‍മാരാണെന്നും ഗാന്ധിജി പറഞ്ഞുവെച്ചു. ഇന്ത്യയുടെയും ലോകത്തിന്റെയും രാഷ്ട്രീയ ചരിത്രവും പിന്നീടുണ്ടായ നിയമനിര്‍മാണങ്ങളും നയങ്ങളുമെല്ലാം യുവത്വത്തെ പരിഗണിച്ചു. രാജ്യത്തും സംസ്ഥാനങ്ങളിലും യുവജന/യുവജനക്ഷേമ നയങ്ങള്‍ ഉണ്ടായി. ഐക്യരാഷ്ട്രസഭക്കും യുവജനനയവും പ്രത്യേക പരിപാടികളുമുണ്ട്. ഇത്തരം നയരേഖകളെല്ലാം യുവത്വത്തെ നിര്‍വചിച്ച് പരിമിതപ്പെടുത്തി നിര്‍ത്തുന്നത് നാല്‍പ്പതുകള്‍ വരെയുള്ള പ്രായത്തെയാണ്. പക്ഷേ നമ്മുടെ സമൂഹം യുവാക്കളെ ഭയപ്പെടുകയോ അവിശ്വസിക്കുകയോ ചെയ്യുകയും യുവത്വത്തെക്കുറിച്ചുള്ള കല്‍പനകള്‍ തന്നെ മറക്കുകയോ പറയാതിരിക്കുകയോ ചെയ്യുന്നു.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തില്‍ യുവത്വത്തിന്റെ തിളച്ച കാലം കഴിഞ്ഞു പോയിട്ടുണ്ട്. യുവജന സംഘടനകളും മുന്നേറ്റങ്ങളും ഭാവി കേരളത്തിനു പ്രതീക്ഷ നല്‍കുകയും ചെറുപ്പക്കാര്‍ക്ക് സ്വപ്‌നം കാണാനും വിപ്ലവങ്ങളുടെ തീപ്പന്തങ്ങളേന്താനും പ്രേരണ നല്‍കുകയും ചെയ്തു. യുവജനക്കൂട്ടായ്മകളില്‍ നിന്നും സമരമുഖങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നവര്‍ തന്നെയാണ് ഇന്നും നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ അതികായന്‍മാരും മുതിര്‍ന്നവരുമായി ജ്വലിക്കുന്നവര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങി ഒട്ടേറെപ്പേര്‍ക്ക് വിപ്ലവ യുവത്വത്തിന്റെ കഥകള്‍ പറയാനുണ്ട്. ഏതാനും വ്യക്തികളുടെതല്ല ഒരു തലമുറയും കാലവും ഒന്നാകെ ഏറ്റുപിടിച്ചതും ആവേശമായി പടര്‍ന്നുപിടിച്ചതുമായ ആശയങ്ങള്‍ കൂടിയായിരുന്നു അവയെന്ന് രാഷ്ട്രീയ സാമൂഹിക ചരിത്രം രേഖപ്പെടുത്തുന്നു. 25ലും 30ലുമൊക്കെ പാര്‍ട്ടി ചുമതലകളിലും പാര്‍ലിമെന്ററി പദവികളിലും വന്നതിന്റെ ചരിത്രം കൂടിയാണിത്. പക്ഷേ പുതിയ തലമുറയില്‍ ഈ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നുണ്ടോ.
യുവജനാവസരങ്ങള്‍ക്കും പ്രാതിനിധ്യങ്ങള്‍ക്കും വേണ്ടിയുള്ള മുറവിളികള്‍ ഉയരുന്ന ഒരു സമൂഹമായി നമ്മുടേതു മാറിയിട്ടുണ്ട്. ഇത്തരം ശബ്ദങ്ങള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ടാകാം. എങ്കില്‍പോലും പ്രാസ്ഥാനിക വേദികളില്‍ സൈദ്ധാന്തികവും നയപരവുമായ പ്രശ്‌നമായി ഇതു മാറിയിരിക്കുന്നു. 2015ല്‍ വിശാഖ പട്ടണത്തു നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനയില്‍ യുവജന വിദ്യാര്‍ഥി പ്രാതിനിധ്യം കുറഞ്ഞുവെന്നു വിലയിരുത്തി യുവജന സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള ആശയം മുന്നോട്ടു വെച്ചു. പിന്നീട് തിരുവനന്തപുരത്തു ചേര്‍ന്ന പ്ലീനവും വിദ്യാര്‍ഥി, യുവജന പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ വന്നതിലൂടെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലും യുവ പ്രാതിനിധ്യം സജീവ ചര്‍ച്ചയായി. സാമ്പ്രദായിക രീതികള്‍ മാറ്റി യുവാക്കളെ രംഗത്തു കൊണ്ടുവരുന്നതിനായി രാഹുല്‍ നവരീതികള്‍ ആവിഷ്‌കരിച്ചു. വി ടി ബല്‍റാമിനെ പോലുള്ള പ്രതീകങ്ങള്‍ കോണ്‍ഗ്രസിന്റെ മുഖച്ഛായകളില്‍ വരുന്നത് അങ്ങനെയാണ്.

പക്ഷേ, നിര്‍ബന്ധിത പ്രാതിനിധ്യത്തിന്റെയും സമ്മര്‍ദത്തിന്റെയും ഫലമായി സൃഷ്ടിക്കപ്പെടുന്ന ചില പരിഹാര മാര്‍ഗങ്ങള്‍ മാത്രമായാണ് യുവാക്കള്‍ അപ്പോഴും പരിഗണിക്കപ്പെടുന്നതെന്നാണ് ചില ഐക്കണുകള്‍ മുന്നില്‍ വെച്ച് വിലയിരുത്തുമ്പോള്‍ പോലും മനസ്സിലാകുന്നത്. നവോത്ഥാന കേരളത്തിന്റെ തുടക്കത്തില്‍ ഉണ്ടായതുപോലുള്ള യുവ മുന്നേറ്റം സാധ്യമാകാത്തത് ആദ്യതലമുറ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നതു കൊണ്ടാണെന്നും ഇല്ലായ്മയില്‍ കെട്ടിപ്പടുക്കപ്പെട്ട കാലത്തേക്കു ചൂണ്ടിയുള്ള താരതമ്യങ്ങള്‍ ശരിയല്ലെന്നുമുള്ള നിരീക്ഷണങ്ങളില്‍ വസ്തുതയുണ്ട്. എന്നാല്‍, ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലൂടെ സംഭവിക്കുന്നത് ഒരു സാമൂഹിക ഘടനയിലെ യൗവനം എന്ന ഒരു അവസ്ഥയെ നാം നിഷേധിക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്തു കൊണ്ടിരിക്കുന്നു എന്നതാണ്.
“സമൂഹത്തെ മാറ്റിത്തീര്‍ക്കുന്ന ചുറ്റികയും ഉളിയും കൈയിലെടുത്തത് എന്നും യുവാക്കളായിരുന്നു. ഇന്ന് യുവജന പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും അവയുടെ പിതൃസംഘടനകളാല്‍ ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നു” എന്ന് പ്രൊഫ. എം എന്‍ വിജയന്‍ നിരീക്ഷിച്ചിട്ടുണ്ട്. ആദ്യ തലമുറകള്‍ നിറഞ്ഞു നില്‍ക്കുന്ന സമൂഹങ്ങളിലെയും പ്രസ്ഥാനങ്ങളിലെയും സ്വാഭാവിക പരിണിതികൂടിയായി ഈ ഷണ്ഡീകരണത്തെ വായിച്ചെടുക്കാം. പക്ഷേ ആശയപരമായി അതിനു നിലനില്‍പ്പില്ലെന്നാണ് പ്രസ്ഥാനങ്ങള്‍ തന്നെ വിലിയിരുത്തുന്നത് എന്നതു കൊണ്ട് അനിവാര്യതകളുടെ പ്രയോഗങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. അപ്പോഴും സമ്മതിക്കാത്ത നമ്മുടെ മനസ്സാണ് യുവജനം എന്ന അവസ്ഥയെ പുനര്‍നിര്‍വചിക്കുന്നതും പ്രായമല്ല പ്രശ്‌നം, മനസ്സും കര്‍മവുമാണ് യുവത്വത്തെ അടയാളപ്പെടുത്തുന്നത് എന്ന് വ്യാഖ്യാനിക്കുന്നതും. അമ്പതുകളിലെ ആളുകളെയും യുവാക്കള്‍ എന്ന പേരില്‍ അവതരിപ്പിക്കുന്നതിന്റെ മനഃശാസ്ത്രവും ഇതാണ്.

ഇത്തരം മനോഭാവങ്ങളുടെ ആനുകൂല്യത്താലാണ് പത്രത്താളുകളില്‍ മധ്യവസ്‌കന്‍മാര്‍ക്കും യുവാവ് എന്ന അംഗീകാരം പതിച്ചു ലഭിക്കുന്നത്. അവിടെ മാത്രമല്ല, ശ്രദ്ധിച്ചു നോക്കിയാല്‍ നമ്മുടെ യുവജന സംഘടനള്‍ക്ക് പ്രായം കൂടിയതായി ബോധ്യപ്പെടും. രണ്ട് പതിറ്റാണ്ടു മുമ്പ് നാട്ടില്‍ നിറഞ്ഞു നിന്നിരുന്ന വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലെ സംസ്ഥാന ഭാരവാഹികളുടെ പ്രായവും ഇപ്പോഴത്തെ സംസ്ഥാന ഭാരവാഹികളുടെ പ്രായവും തമ്മില്‍ താരതമ്യം ചെയ്താല്‍ പ്രായം കൂടിക്കൊണ്ടിരിക്കുന്ന യുവജന ദുരോഗ്യം അളന്നെടുക്കാം. കൂട്ടായ കര്‍മമണ്ഡലം എന്നതാണ് നമുക്ക് യുവജനസ്ഥിതി പരിശോധിക്കുന്നതിന് പ്രസ്ഥാനങ്ങളെ എടുക്കേണ്ടി വരുന്നത്. ഒറ്റയാള്‍ മുന്നേറ്റങ്ങളെ സമൂഹത്തിന്റെ പൊതുവായ മനോഭാവങ്ങളായി വിലിയിരുത്തുക വയ്യ.
യുവജനം എന്ന ഒരു ജീവിതാവസ്ഥ തന്നെ റദ്ദ് ചെയ്യപ്പെടുന്നു എന്ന അര്‍ഥം കൂടി ഷണ്ഡീകരണം എന്ന വിശേഷണത്തിനു നല്‍കാം. സര്‍ഗാത്മകമായ സ്വാതന്ത്ര്യവും ആവിഷ്‌കാരാവസരവും ആശയ സംവാദങ്ങളും നിഷേധിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നുവെന്നതാണ് അത്. നമുക്കു ചുറ്റും നിലനില്‍ക്കുന്ന സംഘടിത സമൂഹങ്ങളിലധികവും സംഭവിക്കുന്നത് ഇതാണ്. പുതിയ തലമുറയില്‍ പ്രകടിപ്പിക്കപ്പെടുന്ന അവിശ്വാസവും ആലോചനകളും ആവിഷ്‌കാരങ്ങളും നമ്മില്‍ കേന്ദ്രീകരിച്ചാലേ പൂര്‍ണത നേടൂ എന്ന മുതിര്‍ന്നവരുടെ അന്ധവിശ്വാസവുമാകാം ഇതിന്റെ പ്രേരണകള്‍. പുതുസമൂഹത്തിന്റെ അറിവും ഭാഷയും ആവിഷ്‌കാര രീതികള്‍ പോലും വിശ്വസിക്കാനും സഹിക്കാനുമാകാതെയുള്ള ഒരുതരം പ്രായം ചെന്ന വിചാര വികാരങ്ങളിലേക്ക് നമ്മുടെ സാമൂഹികബോധം മാറിക്കഴിഞ്ഞിട്ടുണ്ട്.
അവസരങ്ങള്‍ ലഭിക്കാതിരിക്കുകയോ അവസരങ്ങള്‍ക്കു വേണ്ടി ആവശ്യങ്ങളുയര്‍ത്തുകയോ വേണ്ടിവരുന്ന അവസ്ഥയില്‍ നമ്മുടെ യഥാര്‍ഥ യുവജനം നിഷ്‌ക്രിയത്വത്തിന്റെയോ സ്വതന്ത്രാവിഷ്‌കാരങ്ങളുടെയോ സൈ്വര്യമായ മേച്ചില്‍പ്പുറങ്ങളിലേക്കു മാറി നില്‍ക്കുകയാണ്. യുവജന അംഗത്വം കുറയുന്നു എന്ന റിപ്പോര്‍ട്ടുകളുടെ ഉള്‍പ്പിരിവുകള്‍ ഇതാണ്. നമ്മുടെ നല്ലൊരു ശതമാനം യുവത്വവും പഠിപ്പും തൊഴില്‍ മികവും നേടിക്കഴിഞ്ഞാല്‍ ചേക്കേറുന്നത് വിദേശത്തേക്കാണ്. പ്രവാസ മലയാളത്തില്‍ പക്ഷേ യുവാക്കള്‍ തീരേ സംബോധന ചെയ്യപ്പെടുന്നില്ല. വിഭവസമൃദ്ധിയില്‍ മികച്ചു നില്‍ക്കുന്ന ഇവരും യുവജനം എന്ന യാഥാര്‍ഥ്യത്തെ അനുവദിക്കാന്‍ വിസമ്മതിക്കുന്നവരുടെ ഇരകളാണ്. സമൂഹം കെട്ടിയേല്‍പ്പിക്കുന്ന പുതിയ നിര്‍വചനങ്ങളില്‍ പതിനെട്ടിനും മുപ്പത്തിയഞ്ചിനോ നാല്‍പ്പതിനോ ഒക്കെ ഇടയില്‍ പ്രായമുള്ള നമ്മുടെ ചെറുപ്പക്കാരെ നാം ഇടുക്കിക്കളയുകയാണ്. പിന്നാക്ക ജാതി, സമുദായ, സ്ത്രീജന വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടു വരാന്‍ ഉയര്‍ന്നു വന്ന സംവരണ വിപ്ലവങ്ങള്‍ പോലെ യുവാക്കളുടെ അവസരങ്ങള്‍ക്കു വേണ്ടി പുതിയ സംവരണപ്രക്ഷോഭങ്ങള്‍ വേണ്ടതുണ്ട്. നാല്‍പ്പതു പിന്നിട്ടവര്‍ ഞങ്ങള്‍ യുവാക്കളല്ലെന്നു പ്രഖ്യാപിക്കുമോ ആവോ.

 

Latest