International
ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ടുപോകുമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഉത്തര കൊറിയയെ നശിപ്പിക്കാന്‍ യുദ്ധവുമായി മുന്നോട്ടു പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം.
നേരിട്ടുള്ള യുദ്ധത്തിലൂടെയോ ദീര്‍ഘദൂര ആണവമിസൈല്‍ ഉപയോഗിച്ചോ ഉത്തരകൊറിയയെ തകര്‍ക്കാമെന്ന് ട്രംപ് പറഞ്ഞതായും ലിന്‍ഡ്‌സി ഗ്രഹാം പറഞ്ഞു.
ബുധനാഴ്ച രാവിലെ നടന്ന എന്‍ ബി സി ഷോയിലാണ് ലിന്‍ഡ്‌സെ ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക സാന്നിധ്യമാണ് ഗ്രഹാമെന്നതിനാല്‍ അതീവ ഗൗരവത്തോടെയാണ് ലോകം അദ്ദേഹത്തിന്റെ വാക്കുകളെ ശ്രദ്ധിച്ചത്. ഇനിയൊരു യുദ്ധം വരികയാണെങ്കില്‍ അത് ലോകത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തര കൊറിയയുടെ മിസൈല്‍ വികസന പദ്ധതികള്‍ക്ക് തടയിടാന്‍ അയല്‍രാജ്യമായ ചൈന മുന്നോട്ടു വെക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും സൈനിക മുന്നേറ്റം നടത്തുമെന്നും ഗ്രഹാം തുറന്നു പറഞ്ഞു. നയതന്ത്ര ശ്രമത്തിലൂടെ തടയിടാനാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും ആണവ വാഹക ശേഷിയുള്ള മിസൈല്‍ കൊണ്ട് അമേരിക്കയെ സ്പര്‍ശിക്കാന്‍ അവരെ അനുവദിക്കില്ലെന്ന് ട്രംപ് കടുത്ത ഭാഷയില്‍ പറഞ്ഞതായി ഗ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.
20 വര്‍ഷമായി ഉത്തരകൊറിയ അമേരിക്കയോട് നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് അമേരിക്കയെ പ്രഹരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ഒരു യുദ്ധം ആരംഭിക്കുമെന്ന് ട്രംപ് തന്നോട് പറഞ്ഞതായി ഗ്രഹാം അറിയിച്ചു.
അതേസമയം, ഉത്തര കൊറിയയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന അനുനയത്തിന്റെ ഭാഷയുമായി യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലെര്‍ സണ്‍ രംഗത്തെത്തി. അമേരിക്ക തങ്ങളുടെ ശത്രുക്കളെല്ലെന്നും അവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാഹാമിന്റെ വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടംപിടിച്ചതോടെയാണ് ടില്ലെര്‍സണിന്റെ പ്രസ്താവന.