Connect with us

Articles

മഅ്ദനി: ഉത്തരമില്ലാത്ത നിയമ ഭരണകൂട സമസ്യ

Published

|

Last Updated

“Justice delayed is justice denied.”
William E. Gladston

മഅ്ദനിയെന്ന നേതാവിന്റെ തീപ്പൊരി പ്രസംഗം കേട്ടവരാരും അദ്ദേഹത്തെ മറക്കില്ല. ആത്യന്തികമായി അത് അദ്ദേഹത്തെ എത്തിച്ചത് നിരന്തരമായ കാരാഗ്രഹ വാസത്തിലായിരുന്നു. ഏറ്റവും കൂടുതല്‍ കാലം വിചാരണാ തടവ് അനുഭവിച്ചതിന്റെ ആഗോള കാലയളവുകള്‍ പരിശോധിച്ചാല്‍ പോലും മുന്നിലുള്ള പേരുകളില്‍ ഒന്ന് മദനിയുടേതായിരിക്കും. നിരോധിത സംഘടനയായ ഐ എസ് എസി (ഇസ്‌ലാമിക് സേവക് സംഘ്)ലൂടെ രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തുന്ന തുടക്കത്തിനു നിരോധനത്തിലൂടെ തടസ്സം വന്നെങ്കിലും പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി വന്നു തന്റെ സംഘടനാ ശേഷിയും രാഷ്ട്രീയ പ്രഭാവവും കാണിക്കുന്നതില്‍ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചു.

ഗൂഢാലോചന, സാമൂദായിക സൗഹാര്‍ദം തകര്‍ക്കുന്ന പ്രവൃത്തികളും സംസാരവും തുടങ്ങി 1998ല്‍ 60 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസ് വരെ ചുമത്തി ഒമ്പതര വര്‍ഷം മഅ്ദനിയെ ജയിലില്‍ കിടത്തി. ആ ജയില്‍ വാസം തകര്‍ത്ത ആരോഗ്യം മഅ്ദനിയുടെ സംസാരത്തെയും പ്രവര്‍ത്തന ശൈലിയെയും മാറ്റി. എന്നാല്‍ മഅ്ദനിയെ നിയമവും ഭരണകൂടങ്ങളും വേട്ടയാടുന്നത് അവസാനിച്ചില്ല. ബെംഗളൂരു സ്‌ഫോടനത്തിന്റെ പേരില്‍ കര്‍ണാടക പോലീസ് 2010 ആഗസ്റ്റ് 17നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2011 ഫെബ്രുവരി 11നു കര്‍ണാടക ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തില്‍ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടിയെങ്കിലും, ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കര്‍ണാടക സര്‍ക്കാറിന്റെ വാദം പരിഗണിച്ചായിരുന്നു നിരസിച്ചത്. എങ്കിലും നിരന്തരമായി നീളുന്ന വിചാരണയും കേസ് നടപടികളും പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി മഅ്ദനിക്ക് സ്ഥിരമായ ജാമ്യം അനുവദിച്ചു. എന്നാല്‍, ബെംഗളൂരു നഗരം വിട്ടുപോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് മഅ്ദനി മാതാവിനെ സന്ദര്‍ശിക്കാനും മകന്റെ വിവാഹത്തില്‍ സംബന്ധിക്കാനുമായി കര്‍ണാടക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കര്‍ണാടക സര്‍ക്കാറിന്റെ ദ്രോഹപരമായ നിലപാടുകള്‍ കാരണം കോടതിക്ക് വ്യവസ്ഥകളില്‍ ഇളവു നല്‍കാനായില്ല. അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. കോടതില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായെങ്കിലും സുരക്ഷ, യാത്ര, താമസം അടക്കമുള്ളവക്കായി 14,79,875 രൂപ കെട്ടിവെക്കണമെന്ന നിലപാടെടുത്തുകൊണ്ട് കര്‍ണാടക പോലീസ് അദ്ദേഹത്തെ ദ്രോഹിക്കാനും സുപ്രീം കോടതി വിധി അട്ടിമറിക്കാനും ശ്രമിച്ചു. മഅ്ദനിയുടെ അഭിഭാഷകര്‍ ഇക്കാര്യം വീണ്ടും സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കോടതി രൂക്ഷഭാഷയില്‍ കര്‍ണാടക സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്തു. അവസാനമായി, സുരക്ഷ ചെലവിനായി 1,18,000 രൂപ നല്‍കിയാല്‍ മതിയെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. സന്ദര്‍ശനസമയം നാല് ദിവസം കൂടി നീട്ടി നല്‍കുകയും ചെയ്തു. ആഗസ്റ്റ് ആറുമുതല്‍ പത്തൊമ്പത് വരെ നീട്ടി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവുണ്ടായിരിക്കുന്നത്. വിചാരണത്തടവുകാരുടെ മേല്‍ തുക ചുമത്തുന്നത് കീഴ്‌വഴക്കമാക്കരുതെന്ന കര്‍ണാടകയോടുള്ള സുപ്രീം കോടതി നിര്‍ദേശമാണ് ഈ വിഷയത്തിലെ പരമപ്രധാനമായ അക്കാദമിക വിഷയവും നിയമവിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള പാഠവും.
മഅ്ദനി വിഷയത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി എന്ന് കേള്‍ക്കുമ്പോള്‍, കര്‍ണാടക ഭരിക്കുന്നത് സംഘ്പരിവാര്‍ സര്‍ക്കാറല്ല എന്നത് തികട്ടിയെത്തുന്നു. ഒരു പക്ഷേ ഈയൊരു ബോധ്യമാണ് ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് പഠിക്കുന്ന രാഷ്ട്രീയ വിദ്യാര്‍ഥികളെ ഞെട്ടിക്കുന്നത്. കാരണം കര്‍ണാടക ബി ജെ പി ഭരിച്ചിരുന്ന കാലത്തേക്കാള്‍ ക്രൂരമായ നിലപാടുകളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മഅ്ദനിക്കെതിരെ സ്വീകരിക്കുന്നതെന്നത് അമ്പരപ്പിക്കുന്നതാണ്. അത് വളരെ യാദൃശ്ചികമോ സ്വാഭാവികമോ ആയ ഒരു രാഷ്ട്രീയ ഭരണകൂട നിലപാടാണ് എന്ന് കരുതാനാകില്ല. കോണ്‍ഗ്രസിന് ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാനാവുന്നതിന് പരിധികളുണ്ട്. ഹൈന്ദവ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് തകര്‍ന്നുതരിപ്പണമായ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയുടെ അതിജീവനത്തിന്റെ അവശേഷിക്കുന്ന മാര്‍ഗമെന്ന “തിരിച്ചറിവാ”യിരിക്കാം കര്‍ണാടകയിലെ മതേതര സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ ഇത്തരം വിചിത്രമായ നിലപാടുകള്‍ എടുക്കുന്നതിനു കാരണം.

രാജ്യത്തെ നിയമവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന പഴുതുകളുടെ രാഷ്ട്രീയത്തിന്റെ ഇരയാണ് മഅ്ദനി. നമ്മുടെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയപ്പാര്‍ട്ടികളും എല്ലാംകൂടി ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് “അസഹിഷ്ണുവായ ഒരു പ്രജയെ” സൃഷ്ടിക്കുക എന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എന്തെങ്കിലും ശിക്ഷ വിധിക്കുക സാധ്യമല്ലാത്തതിനാല്‍ ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. കര്‍ണാടക സര്‍ക്കാറിന്റെയോ കേന്ദ്ര സര്‍ക്കാറിന്റെയോ ഇഷ്ടക്കാരനല്ല മഅ്ദനി എന്ന് മനസ്സിലാക്കാന്‍ ഗവേഷണമൊന്നും വേണ്ട. ആ നിലക്ക് ഏതെങ്കിലും തീവ്രവാദ ആക്രമണവുമായി ബന്ധപ്പെടുത്തി ശിക്ഷിക്കാന്‍ പോന്ന വ്യാജ തെളിവുകളെങ്കിലും ഉണ്ടാക്കാനായാല്‍ അയാള്‍ ഇന്നും ഇങ്ങനെ അനന്തമായി ജയിലില്‍ കിടക്കില്ല എന്നത് സാമാന്യ യുക്തിയാണ്. എങ്കിലും നമ്മുടെ ജുഡീഷ്യറിക്കും ഭരണകൂടങ്ങള്‍ക്കും വ്യാഖ്യാനിക്കാനാവാത്ത കാരണങ്ങളാല്‍ മഅ്ദനിയുടെ “വിചാരണാതടവ്” അജ്ഞാതമായ കാരണങ്ങളാല്‍ അതിന്റെ രണ്ടാം ഘട്ടത്തിലെ രണ്ടാം പതിറ്റാണ്ട് പൂര്‍ത്തിയാകാന്‍ പോകുന്നു.
നമ്മുടെ നാട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലിലും അതിനു ശേഷം ഇപ്പോള്‍ ബെംഗളൂരു ജയിലിലും നരകയാതന അനുഭവിക്കുന്ന ആ മനുഷ്യനു വേണ്ടി വേണ്ടരീതിയില്‍ പ്രതികരിക്കാനോ യോജിച്ച സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനോ നമ്മുടെ പൊതുബോധം സമ്മതിച്ചില്ലെന്നതാണ് വസ്തുത. മാധ്യമങ്ങള്‍ നിര്‍മിച്ചതായിരുന്നു ആ പൊതുബോധം. സത്യത്തില്‍ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു എന്താണു ഈ ജനതക്ക് സ്വീകാര്യമെന്ന്; അതിനനുസരിച്ച് അവര്‍ കഥകളെഴുതിയെന്നുമാത്രം. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ പൊള്ളയാണെന്നുള്ളതിന്റെ നൂറു നൂറു തെളിവുകള്‍ നമ്മുടെ മുന്നില്‍ ദിനേനയെന്നോണം വന്നുകൊണ്ടിരുന്നു. പക്ഷേ, അതു ശ്രദ്ധിക്കാതെ, അല്ലെങ്കില്‍ വേണ്ടപരിഗണന കൊടുക്കാതെ നമ്മള്‍ വേറെ വാര്‍ത്തകള്‍ തേടിക്കൊണ്ടിരുന്നു. 2008ല്‍ ബംഗളൂരുവില്‍ നടന്ന ഏഴ് സ്‌ഫോടനങ്ങളില്‍ മരിച്ചത് രണ്ട് പേര്‍. ഇതിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ രണ്ട് തവണയും ഇല്ലാത്ത മഅ്ദനി മൂന്നാമത്തെ കുറ്റപത്രത്തില്‍ ഇടം പിടിക്കുന്നത് എവിടെയോ നടന്ന വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ന്യായമായും വിശ്വസിക്കാവുന്ന ഒരുപാടു തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. തട്ടിക്കൂട്ടിയ സാക്ഷികള്‍ തന്നെ ഒന്നാമത്തെതെളിവ്. 24 മണിക്കൂര്‍ പോലീസ് കാവലുള്ള ആള്‍ കുടകില്‍ പോയി ക്യാമ്പ് നടത്തി എന്ന പോലീസ് ഭാഷ്യം അതേപോലെ വിശ്വസിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നത് മാധ്യമ സ്വാധീനമാണു തെളിയിക്കുന്നത്. മഅ്ദനിക്കെതിരിലുള്ള സാക്ഷിപ്പട്ടികയില്‍ പേരുണ്ടെന്നുള്ളവിവരം അറിയാതെ കഴിയുന്ന യോഗാനന്ദ, മഅ്ദനിക്കെതിരെ മൊഴികൊടുക്കാന്‍ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്ന റഫീക്ക് എന്ന ചെറുപ്പക്കാരന്‍, കടുത്ത ക്യാന്‍സര്‍ ബാധിതനായി കോമയില്‍ ആശൂപത്രിയില്‍ കഴിയുന്ന സമയത്ത് ബംഗളൂരുവിലെത്തി മൊഴി നല്‍കിയെന്നു പറയപ്പെടുന്ന മജീദ്, തന്നെ കബളിപ്പിച്ചു മൊഴി രെഖപ്പെടുത്തിയതാണെന്ന് പറയുന്ന കൊച്ചിയിലെ വീട്ടുടമസ്ഥന്‍ ജോസ് വര്‍ഗീസ്, ഇതുവരെയും ഒരു പോലീസുകാരനോ കോടതിയോ മൊഴിരേഖപ്പെടുത്തിയിട്ടില്ലാത്ത മഅ്ദനിയുടെ സഹോദരന്‍, ഇവരൊക്കെയാണു ഈ കേസിലെ പ്രധാന സാക്ഷികള്‍ എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിലെ കറുത്ത ഹാസ്യമാകുന്നുണ്ട്!

മഅ്ദനി എന്ന മനുഷ്യന്റെ ദുര്‍വിധിക്കു ആക്കം കൂട്ടിക്കൊണ്ട് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായി വീണ്ടുമൊരു വിചാരണ പ്രഹസനം കൂടി അരങ്ങേറുമ്പോള്‍, ഒറ്റപ്പെടലിന്റെ, പീഡനങ്ങളുടെ, ആത്മ സംഘര്‍ഷങ്ങളുടെയെല്ലാം പാരമ്യത്തില്‍ ഒരു മനുഷ്യനെ അവശേഷിപ്പിച്ചു കൊണ്ട് കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മഅ്ദനി മുമ്പു പറഞ്ഞത് പോലെ ഇങ്ങനെ പീഡിപ്പിക്കുന്നതിനെക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ് എന്ന് ആര്‍ക്കും തോന്നിപ്പോകും.
മഅ്ദനി ഒരു പ്രതീകമാണ്, നീതിനിഷേധത്തിന്റെ, ആസൂത്രിതമായ ഭരണകൂട ഭീകരതയുടെ, ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിന് മുസ്‌ലിം യുവാക്കളുടെ ഒക്കെ പ്രതീകം. ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടു, ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ് മഅ്ദനി. മഅ്ദനി വര്‍ഗീയ പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട്, ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്‌ലിം യുവാക്കളില്‍ ആ പ്രസംഗങ്ങള്‍ ഒരു വര്‍ഗീയ ധ്രുവീകരണത്തിനു കാരണമായിട്ടുണ്ട്. പക്ഷേ, അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ഉണ്ടായ മത മൗലികവാദത്തോടുള്ള അഭിനിവേശം. അതു ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ആ ഭൂതകാലത്തിന്റെ മാറാലകളില്‍ ഒരാളെ പൊതിഞ്ഞു വെച്ചു പിന്നീടുള്ള ജീവിതം മുഴുവന്‍ അതുമായി ബന്ധപ്പെട്ടു ജീവിച്ചു കൊള്ളണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ്. മാത്രമല്ല ഈ കുറ്റങ്ങള്‍ മറ്റാരും ചെയ്യാത്തതുമല്ല. ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് തന്റെ വാഗ്മിത്വം വിനിയോഗിച്ചു പ്രകടമായി ചെയ്തു എന്നതാണ് മഅ്ദനി ചെയ്ത തെറ്റ് . കോയമ്പത്തൂര്‍ കേസില്‍ നീണ്ട പത്തു വര്‍ഷത്തെ വിചാരണ തടവിനു ശേഷം നീതിപീഠം തന്നെ കുറ്റവിമുക്തനാക്കിയ ഒരാളാണ് മഅ്ദനി. അയാള്‍ കുറ്റവാളിയായിരുന്നെങ്കില്‍ അതു തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്നുണ്ടായിരുന്നു. കോയമ്പത്തൂര്‍ കേസിലെന്ന പോലെ തന്നെ ബെംഗളൂരു സ്‌ഫോടന കേസിലും വിചാരണ തടവിലൂടെ അദ്ദേഹത്തിന് നീതി പീഠത്തിന്റെ മുന്നില്‍ കുറ്റം തെളിയിക്കാനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുകയാണ് കര്‍ണാടക പോലീസ് ചെയ്യുന്നത്. അന്വേഷണത്തിന്റെ പേരു പറഞ്ഞു നിരന്തരം നീട്ടിവെക്കുന്ന വിചാരണയിലൂടെ പരമാവധി സമയം ഒരാളെ തടവറക്കുള്ളില്‍ തളക്കാമെന്ന സിദ്ധാന്തം!

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അദ്ദേഹം സ്വതന്ത്രവും നീതിപൂര്‍വവുമായ ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട്. അത്തരമൊരു വിചാരണയില്‍ കുറ്റക്കാരനാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ. മഅ്ദനിയുടെ ജാമ്യാപേക്ഷ നിരസിക്കാന്‍ കോടതിക്കു മുമ്പില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു തെളിവ് മഅ്ദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതി വൈകാരികത നിറഞ്ഞ ആര്‍പ്പു വിളികളുടെ വീഡിയോ ആയിരുന്നു. ഇത്തരത്തില്‍ ഒരു പ്രത്യേക മതവിഭാഗം ഹിസ്റ്റീരിയാ ബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതു കൊണ്ട് തന്നെ മഅ്ദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്‌നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. കുറെ “മാപ്ലാര്” സംഘം ചേര്‍ന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം പൊതുസമൂഹത്തിന്റെ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത്. മറ്റൊരു സംസ്ഥാനത്തിന്റെ നിയമ പരിധിയിലുള്ള ഒരു കേസിനെ സംബന്ധിച്ചു കേരളത്തില്‍ സെമിനാറും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനു പകരം കേരളാ സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ നീതിപൂര്‍വകമായ ഒരു വിചാരണക്കു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത്. മഅ്ദനിയുടെ സഹായം തേടിയ നിരവധി നിയമസഭാ സാമാജികര്‍ ഇരു മുന്നണികളിലും ഉണ്ടല്ലോ.

മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിന് തടസ്സമായി സുപ്രീം കോടതി വെറും നിസ്സാരമായ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്. മഅ്ദനി ഐ എസ് എസ് എന്ന നിരോധിത സംഘടനയുടെ നേതാവാണെന്നു ജാമ്യം അനുവദിക്കുന്നത് അപകടമാണെന്നും കര്‍ണാടക സര്‍ക്കാറിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് ചീഫ്ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു ചോദിച്ചത് “നിരോധിത സംഘടനയിലെ അംഗം എന്നത് ഒരു കുറ്റമല്ല. കൂടാതെ വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എന്ത് ഭീഷണിയാണുള്ളത്” എന്നാണ്. എന്നിട്ടും കൂടെയുണ്ടായിരുന്ന ബഞ്ചിലെ അംഗം കര്‍ണാടക സര്‍ക്കാറിന്റെ വാദത്തെ അനുകൂലിച്ചത് കൊണ്ടാണ് മുമ്പ് ജാമ്യം അനുവദിക്കപ്പെടാതെ പോയത്.
പൂര്‍ണ ഗര്‍ഭിണിയായ കൗസര്‍ബീയെ കൂട്ടബലാത്സംഗത്തിനു ശേഷം വയര്‍ കുത്തിപ്പിളര്‍ന്ന് ഭ്രൂണം പുറത്തെടുത്ത് ത്രിശൂലത്തില്‍ ഉയര്‍ത്തി പിടിച്ച് “ഹിന്ദു സംസ്‌കാരം” സംരക്ഷിച്ചത് താനാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ ബാബു ബജ്രംഗി സ്വതന്ത്രനായി കഴിഞ്ഞിരുന്ന, നരോദ പാട്യാ കേസിലും ഗുജറാത്ത് വംശഹത്യാ കേസിലുമടക്കം കഠിനശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ കപടകാരണങ്ങളുന്നയിച്ചു നികുതിപ്പണം കൊണ്ട് പരോളില്‍ സ്വതന്ത്ര വിഹാരം നടത്തുന്ന കാലത്ത് മഅ്ദനിമാര്‍ ജാമ്യത്തില്‍ ഇളവുതേടി വരുമ്പോള്‍ ഇവിടെ കേരളത്തിലെ “സംഘി” ഈര്‍ക്കിലി നേതാക്കള്‍ വരെ പൗരന്റെ പണം കൊണ്ട് എസ് പി ജി സംരക്ഷണം തരപ്പെടുത്തിയിരിക്കുന്നു എന്നത് നമ്മുടെ വ്യവസ്ഥിതിയുടെ അത്രമേല്‍ ആസുരമായ കറുത്ത കാലത്തെയാണ് അടയാളപ്പെടുത്തുന്നത്.
(അഡ്വ. ജഹാംഗീര്‍ റസാഖ്-8136888889)