Articles
ഭീഷണിക്കത്തുകളുടെ മതവും രാഷ്ട്രീയവും
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മാധവിക്കുട്ടി എന്ന കമലാദാസ് മതം മാറി കമലാ സുറയ്യയായ സന്ദര്‍ഭം. പരിഹാസവും ഭീഷണിയും കൊണ്ട് അവരുടെ മനോവീര്യം തകര്‍ക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ പല കോണുകളില്‍ നിന്നും അരങ്ങേറുന്ന കാലം. അന്ന് ഞാന്‍ ജോലി ചെയ്തിരുന്ന പത്രത്തിന്റെ വാരാന്തപ്പതിപ്പിന് വേണ്ടി അഭിമുഖം ചെയ്യാനായി സുറയ്യയെ സന്ദര്‍ശിച്ചു. പതിവിന് വിപരീതമായി അവര്‍ അങ്ങേയറ്റം ഭയചകിതയായും മാനസിക സംഘര്‍ഷം നേരിടുന്നതായും കാണപ്പെട്ടു. കാര്യം തിരക്കിയപ്പോള്‍, അന്നും തലേ ദിവസങ്ങളിലും കിട്ടിയ ഭീഷണിക്കത്തുകളെപ്പറ്റി പറഞ്ഞു. മുസ്‌ലിംകളാണ് കത്തുകള്‍ക്ക് പിറകിലെന്ന് അവര്‍ സൂചിപ്പിക്കുകയും ചെയ്തു.
ഒരു കൗതുകത്തിന്, ഞാനവരോട് ആ ഭീഷണിക്കത്തുകള്‍ ഒന്ന് കാണിച്ചുതരാമോ എന്ന് ചോദിച്ചു. സുറയ്യ തന്റെ സഹായി സരളയെ വിളിച്ച്, ആ കത്തുകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. സരള ഒരു കെട്ട് കത്തുകള്‍ കൊണ്ടുവന്ന് എന്റെ മുമ്പിലെ മേശപ്പുറത്തിട്ടു.
കത്തുകളേറെയും തൃശൂര്‍, പാലക്കാട് പ്രദേശങ്ങളില്‍ നിന്ന് പോസ്റ്റ് ചെയ്തവയാണെന്ന് മനസ്സിലായി. കത്തുകളിലെ ഭീഷണികള്‍ക്ക് ഒരേ സ്വരം. സംഘടിതമായി ചെയ്ത പരിപാടിയാണെന്ന് വ്യക്തം. കത്തുകള്‍ക്കടിയില്‍ മുസ്‌ലിം പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ചില കത്തുകള്‍ക്ക് മുകളില്‍ “അസ്സലാമു അലൈക്കും” എന്നെഴുതിയിരുന്നു. “ഇസ്സലാമു അലൈക്കും” എന്നായിരുന്നു പല കത്തുകളിലും തെറ്റായി എഴുതിയിരുന്നത്. സലാമിനിടയില്‍ വെട്ടലും തിരുത്തലുകളും ഒട്ടേറെ. ഇസ്‌ലാമിനെ പറ്റി പ്രാഥമിക ധാരണകളില്ലാത്തവരാണ് ഊമക്കത്തുകള്‍ക്ക് പിറകിലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം. ഞാനീ കാര്യം സൂചിപ്പിച്ചപ്പോള്‍, “അങ്ങനെയാണോ കുട്ടീ” എന്ന് ചോദിച്ച് കൊണ്ട് അവര്‍ ആശ്വാസ നെടുവീര്‍പ്പുകള്‍ പുറപ്പെടീച്ചു.
ഈ സംഭവമോര്‍ക്കാന്‍ കാരണം എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക് കിട്ടിയ ഒരു ഊമക്കത്താണ്. ഏറെ കാലത്തെ പരിചയമുള്ള എഴുത്തുകാരനാണ് ഉണ്ണിയേട്ടന്‍ എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന രാമനുണ്ണി. എഴുത്തുകാരന്‍ എന്നതിനപ്പുറം മതേതരത്വത്തിനും മതസൗഹാര്‍ദത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ ഒടുവിലിറങ്ങിയ “ദൈവത്തിന്റെ പുസ്തകം” എന്ന ബൃഹദ് നോവല്‍ ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായി പ്രവാചക ജീവിതം കഥാ രൂപത്തില്‍ വസ്തുനിഷ്ഠമായി സന്നിവേശിപ്പിച്ച പ്രഥമ കൃതിയായിരിക്കും. മതസൗഹാര്‍ദത്തിന് വേണ്ടി ശക്തിയുക്തം വാദിക്കന്ന, ഈയിടെ അദ്ദേഹമെഴുതിയ “പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്‌ലിംകളോടും ഒരു വിശ്വാസി” എന്ന ദീര്‍ഘ ലേഖനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
മുസ്‌ലിം രാഷ്ട്രീയ മത സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് രാമനുണ്ണി. സ്വദേശത്തും വിദേശത്തും മുസ്‌ലിം സംഘടനാ പരിപാടികളില്‍ അദ്ദേഹത്തോളം ഈയടുത്ത കാലത്ത് പങ്കെടുത്ത “അമുസ്‌ലിം എഴുത്തുകാര്‍” ഇല്ലെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ കുട്ടിക്കാലം പൊന്നാനിയിലും പരിസരങ്ങളിലുമായിരുന്നതിനാല്‍ മുസ്‌ലിം സാംസ്‌കാരിക സാമൂഹിക ജീവിത പരിസരവുമായി ഇടശ്ശേരിയെപ്പോലെ, എം ടിയെപ്പോലെ ഇഴുകിച്ചേര്‍ന്നയാളാണ് രാമനുണ്ണി. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളില്‍ നല്ലൊരു ശതമാനം മുസ്‌ലിംകളാണ്. പറഞ്ഞുവരുന്നത്, ഉണ്ണിക്ക് മുസ്‌ലിംകളേയും മുസ്‌ലിംകള്‍ക്ക് ഉണ്ണിയേയും ആഴത്തില്‍ അറിയാം എന്നാണ്. അതിനാല്‍ അദ്ദേഹത്തിന് ഭീഷണിക്കത്ത് കിട്ടി എന്ന വാര്‍ത്ത വന്നയുടനെ ഉണ്ണിയേട്ടനെ ഫോണ്‍ ചെയ്തു. സംസാരമധ്യേ ആ ഊമക്കത്തൊന്ന് വാട്‌സാപ് ചെയ്യാമോ എന്നു ചോദിച്ചു. അദ്ദേഹമത് അയച്ചു തന്നു.
പണ്ട് സുറയ്യക്ക് കിട്ടിയ ഭീഷണിക്കത്തുകള്‍ മനസ്സിലുള്ളത് കൊണ്ട് ഈ കത്തും ഞാനൊന്ന് ശ്രദ്ധാപൂര്‍വം വായിച്ചുനോക്കി. കത്തിന്റെ അടിയില്‍ എഴുതിയ ആളുടെ പേരോ മറ്റു കാര്യങ്ങളോ ഇല്ല. എഴുത്തിന്റെ രീതി വെച്ചുനോക്കിയാല്‍ അമ്പത് വയസ്സ് പിന്നിട്ട ഒരാളുടെ ഭാഷയും ശൈലിയുമാണ്. സുറയ്യക്ക് കിട്ടിയ കത്തിലെ “ഇസ്സലാമു അലൈക്കും” ഈ കത്തിലില്ല. എന്നാല്‍, “അല്ലാഹു” എന്നതിന് പകരം “അള്ളാഹു”വാണ് ഈ കത്തിലുള്ളത്. മുസ്‌ലിംകള്‍ പൊതുവെ “അള്ളാഹു” എന്നെഴുതാറില്ല. തെറിയുടെ ഭാഷയിലും ഒരു മാപ്പിള ടെച്ചില്ല.
പിന്നെ, ആറ് മാസം കൊണ്ട്” രാമനുണ്ണി ഇസ്‌ലാം സ്വീകരിക്കാനുള്ള കല്‍പ്പന ഏതായാലും ഒരു “ഈമാനുള്ള” മുസ്‌ലിമിന്റെതല്ല. ഇസ്‌ലാമിനെ കുറിച്ച് പഠിച്ചവരെല്ലാം മുസ്‌ലിംകളാകണമെന്ന് ഇവിടെ ഏതെങ്കിലും തീവ്രവാദി സംഘടനകള്‍ പോലും പറയുമെന്ന് തോന്നുന്നില്ല. അതിനാല്‍, ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയേണ്ട “ഊമയായ” കത്താണിത്.
അതേസമയം, ഊമക്കത്തെഴുതിയതിന് പിന്നിലെ മനഃശാസ്ത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യേണ്ടതാണ്. കത്ത് ചര്‍ച്ചയായ ദിവസങ്ങളിലേയും തൊട്ടുമുമ്പുള്ള ദിവസങ്ങളിലേയും ഒരു പ്രധാന ചര്‍ച്ചാ വിഷയം ബി ജെ പി നേതാക്കളുടെ കോഴയായിരുന്നു. മറ്റൊന്ന് കേരള വര്‍മ കോളജിലെ ദീപ നിഷാന്തിന് നേരെയുണ്ടായ ഭീഷണികളും. കേരളീയ മതേതര, ജനാധിപത്യ സമൂഹത്തിന് മുമ്പില്‍ ബി ജെ പി നാണം കെട്ടുനില്‍ക്കുന്ന സമയം. അതിനാല്‍ ഒരു ശ്രദ്ധ മാറ്റിവിടല്‍ അനിവാര്യമായിരുന്നു. ഏറ്റവും കുറഞ്ഞത് ചാനല്‍ ചര്‍ച്ചകളിലെങ്കിലും ഒരു ബാലന്‍സ് ഒപ്പിക്കല്‍. അതിലവര്‍ വിജയിച്ചു എന്ന് മാത്രമല്ല, ചാനല്‍ ചര്‍ച്ചകളില്‍ അവര്‍ പ്രതീക്ഷിക്കാത്ത മാനങ്ങളിലേക്ക് ഭീഷണിക്കത്തിനെ എത്തിക്കാനും കഴിഞ്ഞു. “ഊമക്കത്തില്‍ ജോസഫിന്റെ കൈ വെട്ടിയ പോലെ വെട്ടുമെന്നുള്ളത് കൊണ്ട് ഒരു പ്രമുഖ ചാനല്‍ ചര്‍ച്ചയിലുടനീളം കാണിച്ചത് കൈപ്പത്തിയറ്റ ജോസഫ് മാഷിന്റെ ദൃശ്യങ്ങളായിരുന്നു. മറഞ്ഞുനിന്നുള്ള ആക്രമണങ്ങള്‍, തെറ്റായ പ്രചാരണങ്ങള്‍, എതിരാളികളില്‍ അന്തഃഛിദ്രമുണ്ടാക്കുന്ന നിഗൂഢ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം കാലാകാലങ്ങളായി നമ്മുടെ രാജ്യത്ത് നടന്നുവരുന്ന ഫാസിസ്റ്റ് പ്രവര്‍ത്തന രീതിയാണ്. എതിരാളിയെ ചതിക്കാമെന്നും ചാരപ്രവര്‍ത്തനം നടത്താമെന്നും പറയുന്ന ചാണക്യ സൂത്രത്തിന്റെ കാലം മുതല്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന യാഥാര്‍ഥ്യങ്ങളാണിവ.
ഹിറ്റ്‌ലര്‍ അനുവര്‍ത്തിച്ചിരുന്ന അനേകം ദുഷ്ടത്തരങ്ങളില്‍ ഒന്നായിരുന്നു എതിരാളികള്‍ക്കെതിരായ കുപ്രചാരണം. പാര്‍ലിമെന്റിന് സ്വയം തീ കൊളുത്തുകയും എന്നിട്ട് സംഭവത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന് പ്രചരിപ്പിക്കുകയും അതേ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളെ ഹിറ്റലര്‍ കൊന്നൊടുക്കുകയും ചെയ്തത് ചരിത്രമാണ്. ഒരു കളവ് അനേകം തവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്നത് ഹിറ്റ്‌ലറുടെ പ്രചാരണ വകുപ്പ് മന്ത്രിയായിരുന്ന ഗീബല്‍സിന്റെ കുപ്രസിദ്ധ സിദ്ധാന്തമായിരുന്നല്ലോ.
നാട്ടില്‍ വര്‍ഗീയ കലാപവും അശാന്തിയും സൃഷ്ടിച്ച് തങ്ങളുടെ പക്ഷത്ത് ആളെ കൂട്ടുക എന്നതും ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ഒരു രീതിയാണ്. ഇന്ത്യയില്‍ ഉണ്ടായ വര്‍ഗീയ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍, നുണപ്രചാരണങ്ങള്‍ അവയുടെ പ്രധാന ഹേതുവാണെന്ന് കാണാം. ബോംബെ, ഗുജറാത്ത് കലാപങ്ങളില്‍ ചില പത്രങ്ങള്‍ പോലും നുണ പ്രചാരണത്തിന് ഉപയോഗിച്ചതായി അന്വേഷണ റിപ്പോര്‍ട്ടുകളിലും പഠനങ്ങളിലും തെളിഞ്ഞ വസ്തുതയാണ്. കേരളത്തിലും കലാപങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി പരിവാര്‍ ശക്തികള്‍ സമീപകാലത്ത് നടത്തിയ നിരവധി ശ്രമങ്ങള്‍ മതേതര സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ജാഗ്രതയുടെ ഫലമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.
വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പ്രതികള്‍ പച്ചയായി പറഞ്ഞ ഒന്നിലേറെ സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തിലുണ്ടായിട്ടുണ്ട്. ഒരു കൊലയെക്കാള്‍ ഭീകരമായി ഈ സംഗതിയെ കാണേണ്ടതാണ്. അമ്പലത്തിന് മുമ്പില്‍ പശുവിന്റെ തല കൊണ്ടുപോയി ഇടുക, അമ്പലമുറ്റത്ത് മലമൂത്രവിസര്‍ജനം ചെയ്യുക, ആളില്ലാത്ത സമയത്ത് അമ്പലങ്ങളില്‍ കയറി വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുക തുടങ്ങി “സംഘി”കള്‍ സ്വയം ചെയ്ത് കുറ്റം മുസ്‌ലിംകളുടെ തലയില്‍ വെച്ചുകെട്ടുന്ന ഇത്തരം കലാ(പ)പരിപാടികള്‍ ഇടക്കിടെ അരങ്ങേറാറുള്ളതാണ്. കാസര്‍ക്കോട്ടെ റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പോലും വര്‍ഗീയ കലാപം ലക്ഷ്യമായിരുന്നു എന്ന വെളിപ്പെടുത്തല്‍ വേണ്ട ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
സമൂഹത്തില്‍ മുസ്‌ലിം ഭീതി പരത്തുകയും മതേതര സമൂഹത്തിലും പാവങ്ങളായ ഹിന്ദു വിശ്വാസികളിലും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നത് രാമനുണ്ണിക്ക് കിട്ടിയ ഊമക്കത്തിന്റെ ലക്ഷ്യമാണ്. വാസ്തവത്തില്‍, ഊരും പേരുമില്ലാത്ത കത്തുകള്‍ ഒരു ചര്‍ച്ച പോലും അര്‍ഹിക്കുന്നതല്ല. മതേതര പക്ഷത്ത് നില്‍ക്കുന്ന എഴുത്തുകാര്‍ക്ക് ഇതൊരു പുത്തരിയുമല്ല. എന്നാല്‍, എതിര്‍ശബ്ദങ്ങള്‍ക്കും പുരോഗമന കാഴ്ചപ്പാടുകള്‍ക്കുമെതിരെ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അസഹിഷ്ണുത കാണാതിരുന്നുകൂടാ.
മാധ്യമങ്ങളുടെ നിരുത്തരവാദപരമായ സമീപനവും ചര്‍ച്ച ചെയ്യേണ്ടതാണ്. ദീപാ നിഷാന്തിനെതിരെയുണ്ടായ വിലാസമുള്ള ഭീഷണിയും രാമനുണ്ണിക്കെതിരെയുണ്ടായ വിലാസമില്ലാത്ത ഭീഷണിയും തുലനം ചെയ്ത് സംഘ്പരിവാര്‍ കൊലവിളിയെ അദൃശ്യവത്കരിക്കുകയും ലളിതവത്കരിക്കുകയും ചെയ്യുന്ന മാധ്യമ അജന്‍ഡകള്‍ കാണാതിരുന്നുകൂടാ. ഊരും പേരുമില്ലാത്ത കത്തിനു പിന്നില്‍ “മുസ്‌ലിം തീവ്രവാദി”കളാണെന്ന കാര്യത്തില്‍ അന്തിച്ചാനല്‍ ചര്‍ച്ചക്കാര്‍ക്ക് മാത്രമല്ല, പല പത്രങ്ങള്‍ക്കും സംശയമൊട്ടുമില്ലായിരുന്നു. ഈ വിഷയത്തില്‍ ഏറ്റവും പക്വതയാര്‍ന്ന നിലപാടെടുത്തത് രാമനുണ്ണിയാണ്. കത്തിനു പിന്നിലെ ശക്തിയെപ്പറ്റി ഒരു മുന്‍ധാരണയും പുലര്‍ത്താത്ത സമീപനമാണ് ചര്‍ച്ചകളില്‍ അദ്ദേഹം സ്വീകരിച്ചത്.
എന്തുതന്നെയായാലും രാമനുണ്ണിക്കും ദീപ ടീച്ചര്‍ക്കുമെതിരെയുണ്ടായ വധഭീഷണികളെ പറ്റി സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. ഒപ്പം അതിവേഗം ഫാസിസ്റ്റ്‌വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പൊതുബോധത്തെ തിരുത്താനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് മതേതര സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.