Gulf
മക്കയില്‍ മലയാളി ഹാജിമാര്‍ക്ക് വന്‍ വരവേല്‍പ്പ്

മക്ക: മലയാളക്കരയില്‍ നിന്ന് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായെത്തിയവര്‍ക്ക് മക്കയില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്. കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം തീര്‍ത്ഥാടകരാണ് ഇന്ന് വൈകുന്നേരം 4 ന് മക്കയിലെത്തിയത്.
മക്ക അസീസിയയിലെ താമസ സ്ഥലത്തെത്തിയ തീര്‍ത്ഥാടകരെ വിവിധ മലയാളി വളണ്ടിയര്‍ സംഘങ്ങള്‍ സമ്മാനക്കിറ്റുകള്‍ നല്‍കി സ്വീകരിച്ചു. ഹജ്ജ് വെല്‍ഫെയര്‍ ഫോറം, രിസാല സ്റ്റഡി സര്‍ക്കിള്‍, കെഎംസിസി, തനിമ, ഫ്രട്ടേണിറ്റി ഫോറം, വിഖായ തുടങ്ങിയ സംഘടനകളാണ് ഹാജിമാര്‍ക്ക് സ്വീകരണമൊരുക്കിയത്.
രാവിലെ 11 മണിക്കാണ് 300 മലയാളി ഹാജിമാരെ വഹിച്ചെത്തിയ വിമാനം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ നേതൃത്വത്തിലാണ് ഹജ്ജ് ടെര്‍മിനലില്‍ ഹാജിമാരെ വരവേറ്റത്.
മക്കയില്‍ ഹജ്ജ് കോണ്‍സുലര്‍ സഈദ് ആലമിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും തീര്‍ത്ഥാടകരെ വരവേല്‍ക്കാനെത്തിയിരുന്നു. മൂന്ന് വിമാനങ്ങളിലായി 900 തീര്‍ത്ഥാടകരാണ് ഇന്ന് കേരളത്തില്‍ നിന്നെത്തിയത്.
ഹറമില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ അസീസിയ്യയിലെ ബിന്‍ഹുമൈദില്‍ ബ്രാഞ്ച് അഞ്ചില്‍ 267,270 ,286,329 നമ്പര്‍ കെട്ടിടങ്ങളിലാണ് ആദ്യസംഘത്തിലെത്തിയ ഹാജിമാര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് ബസ് മാര്‍ഗം ഹറമില്‍ പോകാന്‍ സൗകര്യം ഉണ്ടായിരിക്കും. അഞ്ച് പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ബാത് അറ്റാച്ച്ഡ് റൂമുകളാണ് ഒരുക്കിയത്. റൂമില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് അടുപ്പും ഒരുക്കിയിട്ടുണ്ട്. സംസം വെള്ളം “മുത്തവിഫുമാര്‍” എല്ലാ ദിവസവും റൂമുകളില്‍ എത്തിക്കും. 200 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന തോതില്‍ ഹജ്ജ് മിഷന്‍ വളണ്ടിയര്‍മാരുണ്ടാവും. ഓരോ ബ്രാഞ്ചിലും പ്രത്യേക ഡിസ്‌പെന്‍സറികള്‍ ഹാജിമാരുടെ പ്രാഥമിക ചികത്സക്ക് ഒരുക്കിയിട്ടുണ്ട്.
മക്കയിലെ മലയാളി വളണ്ടിയര്‍ സംഘടനകള്‍ മുസ്വല്ല, ഈത്തപ്പഴം, വിവിധയിനം ജ്യൂസുകള്‍, ചെരുപ്പ് തുടങ്ങിയവയാണ് കിറ്റുകളായി വിതരണം ചെയ്തത്. ക്ഷീണിച്ചു വരുന്ന തീര്‍ത്ഥാടകര്‍ക്ക് കേരളീയ ഭക്ഷണമായ കഞ്ഞിയും അച്ചാറും ഒരുക്കിയാണ് ചിലര്‍ ഹാജിമാരെ സല്‍ക്കരിച്ചത്.
രാത്രിയോടെ തീര്‍ത്ഥാടകര്‍ അസീസിയയിലെ താമസ സ്ഥലത്തു നിന്ന് ഉംറ നിര്‍വ്വഹിക്കുന്നതിനായി ഹറമിലേക്കു പുറപ്പെട്ടു.