Connect with us

Articles

രാഷ്ട്രീയ ജനാധിപത്യവും സാമൂഹിക ജനാധിപത്യവും

Published

|

Last Updated

1949 നവംബര്‍ 25 നു കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ വിഖ്യാതമായ പ്രസംഗത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ചില പ്രധാന മുന്നറിയിപ്പുകള്‍ നല്‍കുകയുണ്ടായി. ഭരണഘടന നിലവില്‍ വരുന്നതോടെ, ഇന്ത്യ വൈരുധ്യങ്ങളുടെ ഒരു പ്രത്യേക ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന ആമുഖത്തോടെയാണ് അംബേദ്കര്‍, ആ മുന്നറിയിപ്പുകള്‍ നല്‍കിയത്. രാഷ്ട്രീയ ജനാധിപത്യം ഉറപ്പു നല്‍കുന്ന ഭരണഘടനയിലൂടെ എങ്ങനെ സാമൂഹിക ജനാധിപത്യം ഉറപ്പു വരുത്താന്‍ സാധിക്കും എന്നതിനെ ചൊല്ലിയുള്ള ആശങ്കയായിരുന്നു ആദ്ദേഹത്തിന്റെ മുന്നറിയിപ്പുകളില്‍ പ്രധാനപ്പെട്ട ഒന്ന്. ഇന്ത്യപോലെ, അസമത്വം മുച്ചൂടും നിറഞ്ഞു നില്‍ക്കുന്ന ഒരു സമൂഹത്തില്‍ സാമൂഹിക തലത്തില്‍ ജനാധിപത്യം ഉറപ്പു വരുത്താത്തിടത്തോളം കാലം, രാഷ്ട്രീയ ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുക തന്നെ ചെയ്യും എന്നതായിരുന്നു അംബേദ്കറുടെ വിശ്വാസം.

സ്വാതന്ത്ര്യ ഇന്ത്യയുടെ എഴുപത് വര്‍ഷത്തെ അനുഭവത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ജനാധിപത്യത്തെക്കുറിച്ചുള്ള അംബേദ്കറുടെ ഈ മുന്നറിയിപ്പുകള്‍ക്കു വലിയ പ്രാധാന്യമുണ്ട്. മറ്റൊരര്‍ഥത്തില്‍, സ്വതന്ത്ര ഇന്ത്യ എന്ന ആശയവും അനുഭവവും തമ്മിലുള്ള വൈരുധ്യത്തെ ചൂണ്ടിക്കാണിക്കുകയായിരുന്നു അംബേദ്കര്‍ ചെയ്തത്. സ്വാതന്ത്ര്യ ജനാധിപത്യ സോഷ്യലിസ്റ്റ് പരമാധികാര റിപ്പബ്ലിക് ആകുന്നതോടെ ഇന്ത്യ, വൈരുധ്യങ്ങളുടെ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുക കൂടിയാണ് എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന രാഷ്ട്രീയ ജനാധിപത്യവും, ഇന്ത്യയിലെ അസമത്വം നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് രൂപം കൊണ്ട സാമൂഹിക വിവേചനങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തെ ഒരേ സമയം നേരിടേണ്ടിവരുന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് വൈരുധ്യത്തിന്റെ ഘട്ടം എന്നു സ്വതന്ത്ര ഇന്ത്യയെ അംബേദ്കര്‍ വിശേഷിപ്പിച്ചത്.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത എന്ന ആശയത്തെ, ജനാധിപത്യം എന്ന ആശയത്തെ കഴിഞ്ഞ എഴുപതു വര്‍ഷം ഇന്ത്യന്‍ ജനത എങ്ങനെയാണ് സാമൂഹിക തലത്തില്‍ അനുഭവിച്ചത്? രാഷ്ട്രീയത്തില്‍, തത്വത്തില്‍ ഒരാള്‍, ഒരു വോട്ട്, ഒരു മൂല്യം എന്ന പാരികല്‍പന ഉണ്ട്. ഈ ആശയത്തെ പക്ഷേ, നമ്മുടെ സാമൂഹിക ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? ഒരേ മനുഷ്യന്‍ ഒരേ മൂല്യം എന്ന നില നമ്മുടെ സാമൂഹിക ജീവിതത്തില്‍ ഇല്ല എന്നതിന് ചരിത്രത്തിന്റെ ഒരുപാട് പിറകിലേക്കൊന്നും പോകേണ്ടതില്ല. ജാതി, മതം, വര്‍ഗം, ദേശം, ഭാഷ, ലിംഗ വ്യത്യാസങ്ങള്‍ തുടങ്ങി വിവിധങ്ങളായ അധികാര ശ്രേണികള്‍ സ്വാതന്ത്ര്യം എന്ന ആശയത്തെ അട്ടിമറിക്കുന്നതിന്റെ എമ്പാടും ഉദാഹരണങ്ങള്‍ നമ്മുടെ കണ്മുന്നില്‍ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള, ഹിന്ദി സംസാരിക്കുന്ന, പൂണൂല്‍ ധരിച്ച ഒരു ബ്രാഹ്മണ യുവാവിനും, സൗത്ത് ഇന്ത്യയില്‍ നിന്നുള്ള, തമിഴ് സംസാരിക്കുന്ന, ഒരു ദ്രവീഡിയന്‍ യുവാവിനും ഡല്‍ഹിയില്‍ ഒരു പോലെയുള്ള പരിഗണന കിട്ടുന്നുണ്ടോ എന്നാണു അംബേദ്ക്കര്‍ ചോദിച്ചത്. ഒരാള്‍, ഒരു വോട്ട്, ഒരു മൂല്യം എന്ന ആശയത്തിന്റെ പ്രയോഗത്തിലൂടെ തിരഞ്ഞെടുപ്പില്‍ ജയിച്ച പാര്‍ലമെന്റിലേക്കെത്തുന്ന ഒരു ദളിത് സ്ത്രീക്ക്, ഭരണഘടനാ സ്ഥാപനങ്ങള്‍ സാമൂഹികമായ തുല്യത അനുവദിച്ചു നല്‍കുമോ എന്നാണു അംബേദ്കര്‍ ചോദിച്ചത്. ഉറുദു സംസാരിക്കുന്ന, ബീഹാറിലെ കുഗ്രാമത്തില്‍ നിന്നുള്ള താടിയും തലപ്പാവും ധരിച്ച ഒരു മുസ്‌ലിം യുവാവിന് ഡല്‍ഹിയില്‍ കിട്ടുന്ന സാമൂഹിക പരിഗണന ഏതു തരത്തില്‍ ഉള്ളതായിരിക്കും എന്ന ആശങ്കയാണ് അംബേദ്കര്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിക്ക് മുമ്പാകെ ഉയര്‍ത്തിയത്. സമകാലിക ഇന്ത്യയെ കുറിച്ച് സാമാന്യ ധാരണ ഉള്ള ഒരാള്‍ക്ക് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുക ഒട്ടും പ്രയാസമുള്ള കാര്യമല്ല തന്നെ.

ആശയ തലത്തില്‍, ഇന്ത്യന്‍ ജനാധിപത്യം ഏറെക്കുറെ സമ്പൂര്‍ണമാണ്. നമ്മുടെ ഭരണഘടന തന്നെയാണ് അതിന്റെ സാക്ഷ്യം. അവകാശങ്ങളെ കുറിച്ച് വിശദമാക്കുക മാത്രമല്ല, ആ അവകാശങ്ങളെ ഭരണഘടനക്കകത്തു നിന്ന് നേടിയെടുക്കാന്‍ കഴിയുന്നു എന്ന് ഉറപ്പുവരുത്തുന്ന വഴികളും സ്ഥാപനങ്ങളും ഭരണ ഘടന തന്നെ വിഭാവനം ചെയ്യുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ സമര രീതികളെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കവേ, സത്യാഗ്രഹം ഉള്‍െപ്പടെയുള്ള മുഴുവന്‍ സമര രീതികളെയും അംബേദ്കര്‍ ഒരിടത്ത് തള്ളിപ്പറയുന്നുണ്ട്. അവകാശങ്ങളെല്ലാം തന്നെ ഭരണഘടനക്കകത്തു നിന്നും നേടിയെടുക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തില്‍ നിന്നാവണം അംബേദ്കര്‍ അങ്ങനെ പറഞ്ഞത്. പക്ഷേ, അതേസമയം തന്നെ അംബേദ്കര്‍ ഉന്നയിക്കുന്ന ചോദ്യം, ഈ ഭരണഘടനാ സ്ഥാപനങ്ങളും അവ വിഭാവനം ചെയ്യുന്ന അവകാശങ്ങളും സാമൂഹികമായി ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കു, ദരിദ്രര്‍ക്ക്, ലഭ്യമാണോ എന്നതാണ്.

സ്വതന്ത്ര ഇന്ത്യയിലെ കഴിഞ്ഞ എഴുപത് വര്‍ഷത്തെ ദളിത്, മുസ്‌ലിം, മറ്റു ന്യൂനപക്ഷ അനുഭവങ്ങള്‍ അംബേദ്ക്കറിന്റെ ഈ മുന്നറിയിപ്പിന് അടിവരയിടുന്നുണ്ട്. വിഭജനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങള്‍ മുതല്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വര്‍ഗീയ വംശീയ കലാപങ്ങള്‍, ഡല്‍ഹിയിലെ സിഖ്‌വിരുദ്ധ കലാപം, ബാബരി മസ്ജിദിന്റെ തകര്‍ച്ച, അടിയന്തരാവസ്ഥ തുടങ്ങി ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ തെരുവുകളില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ തീവ്ര ഹൈന്ദവ ദേശീയവാദികളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ വരെയുള്ള അനുഭവങ്ങള്‍ സാമൂഹികമായ ജനാധിപത്യം ഇന്ത്യയില്‍ ഇനിയും സാധ്യമായിട്ടില്ല എന്നാണു സൂചിപ്പിക്കുന്നത്. എന്തിനധികം, ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രബലയായ ദളിത് രാഷ്ട്രീയ നേതാവായ മായാവതി തന്റെ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് പാര്‍ലമെന്റ് അംഗത്വം രാജിവെച്ചത് ദിവസങ്ങള്‍ക്കു മുമ്പാണ്. മുസ്‌ലിംകള്‍ ഈ രാജ്യത്ത് ആശങ്കയോടെയാണ് ജീവിക്കുന്നത് എന്നു പറഞ്ഞത് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവി വഹിച്ച മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ്. രാഷ്ട്രീയ ജനാധിപത്യത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഭരണഘടനാ സ്ഥാപനങ്ങളില്‍ എത്തിയ ദളിത് മുസ്‌ലിം സമൂഹങ്ങളില്‍ നിന്നുള്ളവരുടെ സാമൂഹിക അനുഭവങ്ങള്‍ ഇവ്വിധത്തിലുള്ളതാണെങ്കില്‍ മറ്റു ജന സമൂഹങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.

ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്, സാമൂഹികമായ ജനാധിപത്യം ഇല്ലാത്തിടത്തോളം, രാഷ്ട്രീയ ജനാധിപത്യത്തിന് നിലനില്‍പ്പ് ഉണ്ടാകില്ല എന്നതാണ്. സാമൂഹികസാമ്പത്തിക ജീവിതത്തില്‍ തുല്യത നിഷേധിക്കുകയാണെങ്കില്‍, അത് രാഷ്ട്രീയ ജനാധിപത്യത്തെ കൂടി ബാധിക്കും. സാമൂഹികമായ അസമത്വങ്ങള്‍ രാഷ്ട്രീയ തലത്തില്‍ പരിഹരിക്കാനാകും എന്നൊരു പ്രതീക്ഷ നമുക്കുണ്ടായിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വിവിധങ്ങളായ സര്‍ക്കാര്‍ പദ്ധതികള്‍, സംവരണം തുടങ്ങിയവയിലെ അസമത്വങ്ങള്‍ രാഷ്ട്രീയ തലത്തില്‍ പരിഹരിക്കാന്‍ കഴിയുമോ എന്ന പരിശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, സാമൂഹികമായ അസമത്വങ്ങള്‍ രാഷ്ട്രീയമായ തുല്യതയെ കൂടി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് എന്നതാണ് കഴിഞ്ഞ കുറച്ചുകാലമായുള്ള നമ്മുടെ അനുഭവം. പുതിയ സാമ്പത്തിക നയങ്ങള്‍, സംവരണവിരുദ്ധ നീക്കങ്ങള്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന നീക്കങ്ങള്‍, എന്നിവ ഉദാഹരണം.

അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയ വൈരുധ്യവും വഹിച്ചുകൊണ്ട് നമുക്ക് എത്രകാലം മുന്നോട്ടുപോകാനാകും? അതോ, സാമൂഹിക തലത്തിലും രാഷ്ട്രീയതലത്തിലും ഉള്ള വൈരുധ്യത്തെ, രണ്ടു മേഖലയിലും അസമത്വങ്ങള്‍ കൊണ്ടുവന്നാണോ നാം പരിഹരിക്കാന്‍ ശ്രമിക്കുന്നത്? ഈ നില തുടര്‍ന്നാല്‍ രാഷ്ട്രീയ ജനാധിപത്യം തന്നെ അപകടത്തിലാകും. ആ അപകടത്തിലേക്കുള്ള സൂചനകള്‍ നാം കണ്ടു തുടങ്ങുകയാണ്. ചിലരുടെ വോട്ടിനു മൂല്യം കൂടിവരുന്ന അനുഭവങ്ങള്‍ നാം ഈയിടെ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. രാഷ്ട്രീയ ജനാധിപത്യം മാത്രമല്ല, സാമൂഹിക ജനാധിപത്യം കൂടി ഉണ്ടാകുമ്പോഴേ, സ്വാതന്ത്ര്യം എന്ന അനുഭവം പൂര്‍ണമാവുകയുള്ളൂ.

Latest