Connect with us

Ongoing News

ബാഴ്‌സലോണ തരിപ്പണം: സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

Published

|

Last Updated

മാഡ്രിഡ്‌: ചിരവൈരികളായ ബാഴ്‌സലോണയെ തകര്‍ത്ത് തരിപ്പണമാക്കി സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡ് സ്വന്തമാക്കി. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സലോണയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കപ്പടിച്ചത്. ഇരുപാദങ്ങളിലുമായി 5-1ന്റെ മിന്നുന്ന ജയമാണ് റയല്‍ കുറിച്ചത്. ആദ്യപാദ മത്സരത്തില്‍ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചിരുന്നു.

വിലക്ക് നേരിടുന്ന സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കാതിരുന്നിട്ടും റയലിനെ പിടിച്ചുകെട്ടാന്‍ ബാഴ്‌സക്കായില്ല. കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ റയല്‍ ഗോള്‍ നേടി. ബോക്‌സിന് പുറത്തുനിന്ന് അസന്‍സിയോ തൊടുത്ത ഷോട്ട് ബാഴ്‌സ ഗോളിയെ മറികടന്ന് വലയില്‍ കയറി. ആദ്യ പാദത്തിലും അസന്‍സിയോ ഗോള്‍ നേടിയിരുന്നു. 39ാം മിനുട്ടില്‍ കരിം ബെന്‍സിമ റയലിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. മാഴ്‌സലോയുടെ ക്രോസില്‍ നിന്നായിരുന്നു റയലിന്റെ രണ്ടാം ഗോള്‍. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് യുവേഫ സൂപ്പര്‍ കപ്പും റയല്‍ സ്വന്തമാക്കിയിരുന്നു.

Latest