Kerala
നിയമനാംഗീകാരം ചുവപ്പുനാടയില്‍; കനിവ് കാത്ത് പതിനായിരത്തോളം അധ്യാപകര്‍
താമരശ്ശേരി :ഒന്നര വര്‍ഷത്തോളമായി എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പതിനായിരത്തോളം അധ്യാപകരുടെ നിയമനാംഗീകാരത്തിന് ചുവപ്പുനാടക്കുള്ളില്‍ നിന്നും മോചനമായില്ല. റിട്ടയര്‍മെന്റ്, രാജി, മരണം, പ്രധാനാധ്യാപകരെ ക്ലാസ് ചുമതലകളില്‍ നിന്നും ഒഴിവാക്കല്‍ എന്നിവ പ്രകാരം ജോലിയില്‍ പ്രവേശിച്ച അധ്യാപകരാണ് സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുന്നത്.
കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തില്‍ ജോലിയില്‍ പ്രവേശിച്ചവരാണ് ഇവരില്‍ കൂടുതലും. 2016 ഒക്‌ടോബര്‍ 31നു മുമ്പെ നിയമനാംഗീകാര ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് നവംബറില്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. നിര്‍ദേശം നടപ്പിലാവാതിരുന്നതിനെ തുടര്‍ന്ന് 2016 ഡിസംബറില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
തന്നിലര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമപരമായ ബാധ്യതയാണെന്ന വിമര്‍ശനത്തോടെയായിരുന്നു മന്ത്രിയുടെ കത്ത്. ഇതേ തുടര്‍ന്ന് 2017 ജനുവരി ഏഴിന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വീണ്ടും മാര്‍ഗ നിര്‍ദേങ്ങള്‍ പുറപ്പെടുവിച്ചു. ജനുവരി 21 നകം ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലുള്ള നിയമനാംഗീകാര ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.
തസ്തിക നിര്‍ണയം നടന്നിട്ടില്ലെന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിക്കരുതെന്നും തസ്തിക നിര്‍ണയം നടന്നാലും ഇല്ലെങ്കിലും തസ്തിക നിലനില്‍ക്കുമെങ്കില്‍ അത്തരം നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും പ്രത്യേകം സൂചിപ്പിച്ചിരുന്നു. ജനുവരി 23 മുതല്‍ 31 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ഫെബ്രുവരി 15 നകം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസുകളിലും അദാലത്ത് നടത്തി ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്ന് നിരവധി നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സംസ്ഥാനത്ത് പതിനായിരത്തോളം അധ്യാപകരുടെ നിയമനങ്ങള്‍ക്ക് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല.
തൃശൂരിലെ എയ്ഡഡ് സ്‌കൂളിലെ നിയമനത്തിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവുപ്രകാരം നിയമനം നടത്താനാണ് കോടതി ഉത്തരവിട്ടത്. നിയമനാംഗീകാരം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയെങ്കിലും 2016-17 ലെ നിയമനാംഗീകാരം സംബന്ധിച്ച് സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശമില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചതോടെ പതിനായിരത്തോളം അധ്യാപകരാണ് പ്രതിസന്ധിയിലായത്. കോഴിക്കോട് ജില്ലയില്‍ മാത്രം ആയിരത്തില്‍ പരം അധ്യാപകര്‍ ഒന്നര വര്‍ഷത്തോളമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും അധ്യാപകര്‍ ഓണത്തിനും പെരുന്നാളിനും പട്ടിണി കിടക്കേണ്ട അവസ്ഥയാണ്.