Kerala
പെണ്‍കുട്ടികളുടെ ചേലാകര്‍മം യൂത്ത് ലീഗിനെ കണക്കിന് പരിഹസിച്ച് ചേളാരി പത്രം
പെണ്‍കുട്ടികളുടെ ചേലാകര്‍മത്തിനെതിരെ പത്രവാര്‍ത്ത കണ്ട് സമരം നയിച്ച സമുദായ രാഷ്ട്രീയ യുവജന സംഘടനക്കെതിരെ ചേളാരിക്കാരുടെ രൂക്ഷ വിമര്‍ശം. സമരത്തിന് വിഷയം കിട്ടാന്‍ കാത്തിരിക്കുന്ന യുവജന സംഘടനയാണ് ചേലാ കര്‍മത്തിനെതിരെ “ദേശീയ” പത്രത്തിലെ ലീഡ് ന്യൂസ് കണ്ട് സമരം നയിച്ച് ക്ലിനിക്ക് ബലമായി താഴിട്ട് പൂട്ടിയത്.
ഇന്നലെ ചേളാരി പത്രത്തിലാണ് യൂത്ത് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ലേഖനം വന്നത്. ചേലാകര്‍മം വാര്‍ത്തയാക്കിയ ദേശീയ പത്രത്തിന്റെ ഉദ്ദേശ്യ ശുദ്ധിയും അജന്‍ഡയും മനസ്സിലാക്കാതെ സമരത്തിനിറങ്ങിയവരെ ലേഖനം നന്നായി പരിഹസിക്കുന്നുണ്ട്. “”കോഴിക്കോട്ടങ്ങാടിയിലെ ഒരു ക്ലിനിക്കില്‍ കാള പെറ്റെന്നു കേട്ടപ്പോഴേക്കും സമുദായത്തിലെ യുവജനരാഷ്ട്രീയ സംഘടനകള്‍ കൊടി പിടിച്ചിറങ്ങുന്നു. പെണ്‍ചേലാകര്‍മത്തിനെതിരെ ക്യാമ്പയിന്‍ പ്രഖ്യാപിക്കുന്നു. മുത്തശ്ശിപ്പത്രത്തിന്റെ തലക്കെട്ട് തലയിലേറ്റി പെണ്‍ ചേലാകര്‍മം ക്രൂരവും പ്രാകൃതവുമാണെന്ന് പ്രസ്താവന ഇറക്കുന്നു. ഇതെല്ലാം അനിസ്‌ലാമികവും ആഫ്രിക്കയിലെ പ്രാദേശിക പ്രാകൃതാചാരവും മാത്രമാണെന്നും ഭിഷഗ്വരനായ ജനപ്രതിനിധിയടക്കം ഫത്‌വ ഇറക്കുന്നു. യുവതുര്‍ക്കികളുടെ ഫാന്‍സ് അസോസിയേഷനുകള്‍ സോഷ്യല്‍ മീഡിയകളിലും സൈബറിടങ്ങളിലും “പെണ്‍ സുന്നത്തി”നെതിരെയും സമരാഹ്വാനം മുഴക്കുന്നു. മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന യുവതുര്‍ക്കികള്‍ സ്ത്രീ ചേലാകര്‍മത്തിനെതിരെ ഇസ്‌ലാം എന്തു പറയുന്നുവെന്ന് അന്വേഷിക്കാതെ “ക്രൂരം, പ്രാകൃതം, അനിസ്‌ലാമികം” എന്നിങ്ങനെ പ്രസ്താവനകളിറക്കിയാല്‍, ഇരിക്കും കൊമ്പ് മുറിക്കുന്ന വിഡ്ഢിയുടെ റോളിലാണ് എത്തിപ്പെടുകയെന്ന് ലേഖനം മുന്നറിയിപ്പും നല്‍കുന്നുണ്ട്. നാളെ പുരുഷ ചേലാകര്‍മവും പ്രാകൃതമെന്ന് പത്രം പറഞ്ഞാല്‍ ഒരു ശാസ്ത്രവും നോക്കാതെ തലപ്പു മുറിച്ച് മാര്‍ഗം കൂടിയ യുവ തുര്‍ക്കികള്‍ക്ക് അപ്പോള്‍ എന്തു നിലപാടാണാവോ സ്വീകരിക്കാനുണ്ടാവുകയെന്നും ലേഖകന്‍ ചോദിക്കുന്നു. വയറു തുളച്ച് ആധുനിക പടിഞ്ഞാറന്‍ പെണ്ണ് പൊക്കിളില്‍ ആഭരണം ചാര്‍ത്തുന്നത് പോലും പ്രശ്‌നമല്ലാത്തവരാണ് മാപ്പിളപ്പെണ്ണിന്റെ അടിപ്പാവാടക്കിടയില്‍ ടോര്‍ച്ചടിക്കുന്നത്. ഇവര്‍ക്കനുസരിച്ചു മതത്തെ വ്യാഖ്യാനിക്കാന്‍ തുനിഞ്ഞാല്‍, ചെരിപ്പു മാത്രമല്ല കാലും മുറിക്കേണ്ടിവരുമെന്ന് തീര്‍ച്ച. ഇസ്‌ലാമിക ശരീഅത്തിന്റെ സംരക്ഷണത്തിന് വേണ്ടി നിയമ നിര്‍മാണ സഭയിലടക്കമുള്ള പോരിടങ്ങളില്‍ നിലകൊണ്ട ഖാഇദേ മില്ലത്ത്, ബാഫഖി തങ്ങള്‍, പി എം എസ് എ പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ പിന്‍മുറക്കാരില്‍നിന്ന് ഇത്തരം പ്രവണതകളുണ്ടാകുമ്പോള്‍ സഹതപിക്കാതെ വയ്യ- ലേഖനം പറയുന്നു.
എന്നാല്‍ സമരങ്ങളുടെ വേലിയേറ്റം നിറഞ്ഞു നില്‍ക്കുന്ന യൂത്ത് നേതാക്കളുടെ ഫേസ് ബുക്ക് പേജുകളില്‍ ഈ “പ്രസ്റ്റിജ്” സമരം കാണാനേയില്ല. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ പുകഴ്ത്തി പ്രസിഡന്റ് നല്‍കിയ കുറിപ്പ് ഫേസ്ബുക്കില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷവുമായി.