Connect with us

Ongoing News

ത്യാഗവും സമര്‍പ്പണവും ഓര്‍മിച്ചെടുത്ത് ഹജ്ജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്

Published

|

Last Updated

ആദി പിതാവും ആദി മാതാവും ആദ്യമായി കണ്ട് മുട്ടിയ അറഫയില്‍ വെച്ച് ലോകത്തെ വിവിധ കോണുകളില്‍ നിന്നുള്ള ജന ലക്ഷങ്ങള്‍ക്കൊപ്പം ഒന്നിച്ച ഹാജിമാര്‍ വീണ്ടും മിനയില്‍ ഒരുമിച്ച് ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജല ചരിത്രം ഓര്‍മ്മിച്ച് കൊണ്ട് ഹജ്ജിന്റെ അവസാന വട്ട കര്‍മ്മങ്ങളിലേക്ക് കടക്കുകയാണു.

തക് ബീറുകള്‍ മുഴക്കിക്കൊണ്ട് അയ്യാമുത്തശ്രീഖിന്റെ വിശുദ്ധ രാപ്പകലുകളില്‍ ജമ്രത്തുല്‍ ഊലയിലും ജമ്രത്തുല്‍ വുസ്ഥ്വയിലും ജമ്രത്തുല്‍ അഖബയിലും ഏഴ് വീതം കല്ലേറുകള്‍ നടത്തി പൈശാചിക ദുര്‍ബോധനങ്ങളെ മനസ്സില്‍ നിന്നും ആട്ടിയകറ്റാന്‍ ഈ ദിനങ്ങളില്‍ സ്വയം പാകപ്പെടുകയാണു ഓരോ ഹാജിയും .

മിന വിടുന്നവര്‍ക്ക് ഇന്ന് ജമ്രകളില്‍ എറിഞ്ഞ് ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിപ്പിക്കാമെങ്കിലും ഭൂരിപക്ഷം പേരും നാളത്തെ കല്ലേര്‍ കൂടെ നിര്‍വഹിച്ചാണു മിനയില്‍ നിന്നും മടങ്ങുക.മക്ക ഗവര്‍ണ്ണറുടെ കര്‍ശ്ശന നിര്‍ദ്ദേശമുള്ളത് കൊണ്ട് ആഭ്യന്തര തീര്‍ത്ഥാടകര്‍ ഇന്ന് കൂടെ മിനയില്‍ തങ്ങും. ഹറമിലെ തിരക്ക് ഒഴിവാക്കാനായി ആഭ്യന്തര ഹാജിമാര്‍ ദുല്‍ ഹിജ്ജ 13 നു മാത്രമേ മിനയില്‍ നിന്ന് പോകാന്‍ പാടുള്ളൂ എന്നാണു ഉത്തരവുള്ളത്.

മിനയില്‍ നിന്നും നാളെ മടങ്ങുന്ന ഹാജിമാര്‍ ഹറമിനു ചുറ്റുമുള്ള തങ്ങളുടെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങും. നേരത്തെ പുണ്ണ്യ ഭൂമിയിലെത്തിയ വിദേശികളും ആഭ്യന്തര തീര്‍ത്ഥാടകരും സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്തും. ഉംറയും വിട വാങ്ങല്‍ ത്വവാഫും നിര്‍വഹിച്ച് അവര്‍ വിശുദ്ധ ഭൂമിയോട് വിട പറയും.മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവര്‍ മദിന്നയിലേക്കുള്ള പ്രയാണം ആരംഭിക്കും.

സൗദി സുരക്ഷാ ഭടന്മാരുടെയും വളണ്ടിയര്‍മ്മാരുടെയും കര്‍ശ്ശന നിയന്ത്രണം ഉള്ളതിനാലും ഓരോ ഹജ്ജ് സര്‍വീസ് കംബനികള്‍ക്കും കല്ലെറിയുന്നത് പ്രത്യേകം സമയം അനുവദിച്ചതിനാലും കല്ലേര്‍ നടക്കുന്ന ജമ്ര കളിലും വഴികളിലുമൊന്നും യാതൊരു തിരക്കോ ബുദ്ധിമുട്ടോ അനുഭവപ്പെടുന്നില്ല എന്നത് ഏറെ ആശ്വാസകരമാണു. കനത്ത ചൂടില്‍ നിന്നും ആശ്വാസം പകരാന്‍ തംബുകളില്‍ നിന്ന് ജമ്രകളിലെത്തുന്നത് വരെ വാട്ടര്‍ സ്‌പ്രേ സജ്ജീകരണങ്ങള്‍ ഈ വര്‍ഷം കൂടുതലായി സജ്ജീകരിച്ചത് ഹാജിമാര്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് തല മുണ്ഡനം ചെയ്യാന്‍ ജമ്രക്ക് സമീപം തന്നെ ബാര്‍ബര്‍ ഷോപ്പുകള്‍ അധികൃതര്‍ ഒരുക്കിയിരുന്നു.

ബലി അര്‍പ്പിക്കാനുള്ളവര്‍ക്ക് ബലി കൂപ്പണുകള്‍ എടുക്കുന്നതോടൊപ്പം താത്പര്യമുള്ളവര്‍ക്ക് അറവ് ശാലയില്‍ നേരിട്ട് പങ്കാളികളാകാനും സൗകര്യമുണ്ട്.
ബലി മാംസം സൗദിയുടെ പല ഭാഗങ്ങളിലും മറ്റു മുസ്ലിം രാജ്യങ്ങളിലും എത്തിക്കും.
ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴില്‍വന്ന 51,000 തീര്‍ത്ഥാടകര്‍ക്കുള്ള ബലി കൂപ്പണുകള്‍ ഹജ്ജ് മിഷന്‍ നേരത്തെ നല്‍കിയിരുന്നു.

ഇരു ഹറമുകള്‍ക്കും തീര്‍ത്ഥാടകര്‍ക്കും സേവനം നല്‍കാന്‍ അവസരം ലഭിച്ചത് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണെന്നും വരും വര്‍ഷങ്ങളില്‍ അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ക്ക് കൂടുതല്‍ സേവനം നല്‍കാന്‍ എല്ലാ സജ്ജീകരണങ്ങളും നടത്തുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.മിനയിലെ കൊട്ടാരത്തില്‍ രാജാവ് നടത്തിയ ഉന്നത തല സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗദി അറേബ്യ ലോക മുസ്ലിംകളുടെ ലോക മുസ്ലിം ഹൃദയങ്ങളുടെ പ്രതിനിനിധിസ്ഥാനം അലങ്കരിക്കുന്ന രാജ്യമാണെന്നു പറഞ്ഞ രാജാവ് ലോക മുസ്ലിം പുരോഗതിക്കും ലോക സമാധാനത്തിനും ആവശ്യമായ എല്ലാ നടപടികള്‍ക്കും തങ്ങളുടെ പരിശ്രമവും നേതൃത്വവും ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു.
എല്ലാ ഹാജിമാര്‍ക്കും സ്വീകാര്യമായ ഹജ്ജും സുരക്ഷിതമായ മടക്കവും രാജാവ് ആശംസിച്ചു .

സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം ഈ വര്‍ഷത്തെ ഹജ്ജില്‍ 23,52,122 പേര്‍ പങ്കെടുത്തു. 17,52,014 പേര്‍ വിദേശങ്ങളില്‍ നിന്നും 6,00,108 പേര്‍ സൗദിക്കകത്ത് നിന്നുമാണുള്ളത്. .കര്‍ശ്ശന നിയന്ത്രണമുള്ളതിനാല്‍ അനധികൃത തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു.ജമ്രകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നിടങ്ങളിലും ഇതിന്റെ ഫലം കാണാമായിരുന്നു.

 

Latest