Connect with us

Articles

സാഹിത്യോത്സവ് പരിശീലിപ്പിക്കുന്നു; ജീവിതം ആവിഷ്‌കരിക്കാന്‍

Published

|

Last Updated

എഴുത്തിന്റെയും വായനയുടെയും ആവിഷ്‌കാരത്തിന്റെയും കാലമാണിത്. അവയെ പേടിയോടെ കാണുന്ന കാലം കൂടിയാണ്. മുമ്പൊന്നുമില്ലാത്ത വിധം എഴുത്തുകാര്‍ വധിക്കപ്പെടുകയും ആത്മഹത്യാ സമാനമായി പിന്മാറുകയും ചെയ്തത് ഈയിടെയാണല്ലോ. സാമൂഹിക മാധ്യമങ്ങള്‍ സമാന്തര സംവേദനങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്നു. തുറന്നു പറച്ചിലുകള്‍ക്ക് നേരത്തെയുള്ളതില്‍ കവിഞ്ഞ് ഇടങ്ങളും ശ്രോതാക്കളും അധികമാണിന്ന്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും അരികെഴുത്തുകള്‍ക്ക് പ്രാധാന്യം ഏറിവരുന്നു. അതുകൊണ്ടാവാം മാധ്യമ ഇടപെടലുകളെയും ഇടപാടുകളെയും കോര്‍പറേറ്റുകളും അധികാരികളും വലയെറിഞ്ഞ് സ്വന്തമാക്കാനിറങ്ങുന്നത്.

ഡല്‍ഹി ഗാഥ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടെഴുതിയ ഒരു ലേഖനത്തില്‍, മാധ്യമങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനെ എം മുകുന്ദന്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ചായമക്കാനി, വഴിയോരക്കൂട്ടായ്മ, കവലക്കൂട്ടം തുടങ്ങിയ രൂപത്തില്‍ നിരവധി മാധ്യമങ്ങള്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ കേരളത്തില്‍ സജീവമായി നിലനിന്നിരുന്നു. അത്തരം കാഴ്ചകള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുന്നുവെന്നതാണ് മുകുന്ദന്‍ സൂചിപ്പിക്കുന്നത്.
കലാസാഹിത്യങ്ങള്‍ മാറ്റങ്ങളുണ്ടാക്കുന്നു. വ്യക്തി നിര്‍മാണവും സമൂഹ നിര്‍മാണവും സാധ്യമാകുന്നത് ആവിഷ്‌കാരങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ്. നൈസര്‍ഗികമായ സര്‍ഗാത്മക ശേഷിയുള്ളവരാണ് മനുഷ്യര്‍. പാടിയും പറഞ്ഞും വരച്ചും ചിരിച്ചുമാണ് മനുഷ്യന്‍ സര്‍ഗാത്മക ശേഷിയെ പുറത്തറിയിക്കുന്നത്. അതിനുള്ള ഇടങ്ങളും ഇടവേളകളും കിട്ടാതിരിക്കുമ്പോള്‍ മനുഷ്യന്‍ അസ്വസ്ഥനാകുന്നു. സ്വസ്ഥതയുടെ ഒരു ഞരമ്പ് എവിടെയോവെച്ചു പൊട്ടിപ്പോയതായി അവനു തോന്നുന്നു. അതുകൊണ്ട് ആവിഷ്‌കാരങ്ങള്‍ക്കുള്ള അവസരം അനിവാര്യമാണ്.
24 വര്‍ഷമായി എസ് എസ് എഫിനു കീഴില്‍ സാഹിത്യോത്സവ് നടന്നുവരുന്നു. യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ല, സംസ്ഥാനം എന്നീ ഘടകങ്ങളിലായി കേരളത്തിലെ മുഴുവന്‍ ജില്ലകളിലും മത്സരങ്ങള്‍ നടക്കുന്നു. നൂറിലേറെ മത്സര ഇനങ്ങളും ആയിരത്തിലേറെ മത്സരാര്‍ഥികളും ഇതില്‍ മാറ്റുരക്കുന്നു. എഴുത്ത്, പ്രഭാഷണ സാംസ്‌കാരിക രംഗത്തെ മുന്‍നിര ഓരോ ഘടകത്തിലും സാഹിത്യോത്സവ് അതിഥികളായെത്തുന്നു. കലാ സാഹിത്യ വേദികളിലെ ഏറ്റവും പരിചിതരും പരിജ്ഞാനികളുമാണ് വിധികര്‍ത്താക്കളായി നിശ്ചയിക്കപ്പെടുന്നത്. എഴുത്ത്, പ്രഭാഷണം, ആലാപനം, വര, അവതരണം എന്നിങ്ങനെ ആവിഷ്‌കാരത്തിന്റെ ബഹുമുഖ തലങ്ങള്‍ക്ക് സാഹിത്യോത്സവ് അവസരം നല്‍കുന്നു. ചരിത്രത്തിന്റെ ഉള്‍താളുകളില്‍ നിന്നും വര്‍ത്തമാനത്തിന്റെ പൊള്ളുന്ന പരിസരത്തില്‍ നിന്നുമുള്ള ചര്‍ച്ചകളാണ് സാഹിത്യോത്സവുകളെ ക്രിയാത്മകമാക്കുന്നത്. മുഖ്യധാരക്കകത്തും പുറത്തും നിറഞ്ഞ് നില്‍ക്കുന്ന അനേകം പ്രതിഭകളാണ് സാഹിത്യോത്സവുകളുടെ കരുത്തും കരുതിവെപ്പും.

മാപ്പിള കലകളെയും സാഹിത്യത്തെയും പൊതുധാരയില്‍ നിറംമങ്ങാതെ കാത്തുവെക്കേണ്ടത് നമ്മുടെ സാംസ്‌കാരിക ദൗത്യമാണ്. ജീവിത ചുറ്റുവട്ടങ്ങളില്‍ നിന്ന് മാപ്പിള സ്വത്വവും മുസ്‌ലിം ആവിഷ്‌കാര ബോധങ്ങളും പടിയിറങ്ങുന്ന കാലത്ത് പിന്മുറക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മാപ്പിളപാട്ടുകള്‍ മാപ്പില്ലാപാട്ടുകളായും അപനിര്‍മിതികളായും മാറുന്നതിനെതിരെയുള്ള പ്രതിരോധങ്ങളായി പരിണമിക്കുകയാണ് സാഹിത്യോത്സവുകള്‍.
മലയാള ഗ്രാമ അന്തരീക്ഷങ്ങളെ ശബ്ദമാനമാക്കി നാട്ടുണര്‍വിന്റെ പന്തലൊരുക്കുന്ന യൂണിറ്റ് സാഹിത്യോത്സവ് മുതല്‍ ആയിരത്തിലേറെ മത്സരാര്‍ഥികള്‍ക്കും അതിലേറെ പ്രേക്ഷകര്‍ക്കും കലാ സാഹിത്യാനുഭവങ്ങളും സാംസ്‌കാരിക ആസ്വാദനങ്ങളും പകരുന്ന സംസ്ഥാന മത്സരം വരെയുള്ള സംവിധാനമാണ് സാഹിത്യോത്സവ്. അടഞ്ഞ് കിടക്കുന്ന മാധ്യമങ്ങളെയും വാതിലുകളെയും തള്ളി തുറക്കുകയാണ് സാഹിത്യോത്സവ്. സര്‍ഗാത്മകതയുള്ളവര്‍ക്ക് വിജയഭേരി മുഴക്കാനുള്ള സമരഭൂമിയാണിത്. വിധികര്‍ത്താക്കള്‍ക്കെതിരെ കൊലവിളികളില്ല. അപ്പീല്‍ പ്രവാഹങ്ങളോ അച്ചടക്ക രാഹിത്യമോ കാണാനില്ല. വര്‍ണത്തിന്റെയോ സമ്പത്തിന്റെയോ തിളക്കം മത്സരാവസരങ്ങളെയോ ഫലങ്ങളെയോ തൊടാറേ ഇല്ല. പുറം കളികള്‍ക്ക് പ്രസക്തി ഇല്ല. രക്ഷിതാക്കളോ പരിശീലകരോ മത്സരത്തെ തലമറിച്ചിട്ട അനുഭവം ഇത്രയും കാലത്തിനിടക്ക് നടന്നിട്ടില്ല. കറ കളഞ്ഞ മത്സരങ്ങളും അതിശയിപ്പിക്കുന്ന ക്രമീകരണങ്ങളുമാണ് സാഹിത്യോത്സവിനെ വ്യതിരിക്തമാക്കുന്നത്. ഫാസിസം നൃത്തം ചവിട്ടുന്ന നടുമുറ്റത്ത് സാഹിത്യോത്സവുകള്‍ പുതിയ ചെറുത്ത് നില്‍പ്പ് സാധ്യമാക്കുന്നുണ്ട്. മാനവീകതയെയാണ് സാഹിത്യോത്സവ് ആവിഷ്‌കരിക്കുന്നത്. അപമാനുഷികതക്കെതിരെ പാടിയും പറഞ്ഞും വരച്ചും രചിച്ചും ഈ യാത്ര ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ടിനോട് അടുക്കുന്നു.

സാഹിത്യോത്സവ് അലക്ഷ്യമായ ആഘോഷമല്ല. കാഴ്ചപ്പാട് രൂപവത്കരണത്തിന്റെയും കര്‍തൃത്വ നിര്‍വഹണത്തിന്റെയും ഇടങ്ങളായിട്ടാണ് അത് രൂപപ്പെടുന്നത്. വിദ്യാര്‍ഥികളുടെ സാഹിതീയ ഇടപെടലുകള്‍ക്കും സാംസ്‌കാരിക സംവേദനങ്ങള്‍ക്കുമുള്ള ദിശാസൂചികയായി അത് പ്രവര്‍ത്തിക്കുന്നു. സാമൂഹിക ശൈഥില്യത്തിനെതിരെ പാടിയും സാംസ്‌കാരിക മാന്ദ്യത്തിനെതിരെ പറഞ്ഞും വംശീയ കലാപങ്ങള്‍ക്കെതിരെ ആലോചിച്ചും മതനിരപേക്ഷതക്ക് വേണ്ടി വിചാരപ്പെട്ടുമാണ് സാഹിത്യോത്സവ് സമകാലത്തോട് സമരസപ്പെടുന്നത്. കേരളീയ മുസ്‌ലിം നവോത്ഥാന ഭൂമികയോട് സാഹിത്യോത്സവ് കടപ്പെട്ടിരിക്കുന്നു. കാരണം മഖ്ദൂമുമാരെയും അവരുടെ പിന്മുറക്കാരെയും സംബന്ധിച്ച വിചാരങ്ങളാണ് സാഹിത്യോത്സവ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാപ്പിള കലാ സാംസ്‌കാരികതയുടെ വേരില്‍ പിടിച്ചാണ് ഇത് വളര്‍ന്ന് വന്നത്. സമകാലിക രാഷ്ട്രീയ സാംസ്‌കാരിക പരിസരത്തോട് പ്രശംസയും പ്രതിരോധവും അറിയിച്ച് കൊണ്ടാണ് കലാ സാഹിത്യ മത്സരങ്ങള്‍ അരങ്ങേറുന്നത്.
കല ജീവിതം തന്നെ എന്ന പേരില്‍ കുട്ടി കൃഷ്ണ മാരാര്‍ക്ക് ഒരു പുസ്തകമുണ്ട്. കല കലക്ക് വേണ്ടിയോ സമൂഹത്തിന് വേണ്ടിയോ എന്ന സംവാദത്തിന്റെ മുഖക്കുറിയായി മാറിയ വാക്യമാണിത്. ജീവിതം തന്നെ ആവിഷ്‌കാരമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സാഹിത്യോത്സവുകള്‍ ജീവിതത്തെ ആവിഷ്‌കരിക്കാന്‍ പരിശീലിപ്പിക്കുകയാണ്. കലാത്മകതയുടെ ശുദ്ധമായ അവതരണങ്ങളും സാംസ്‌കാരികതയുടെ നിര്‍വ്യാജമായ ആവിഷ്‌കാരങ്ങളുമായി സാഹിത്യോത്സവുകള്‍ രംഗം കീഴടക്കി കൊണ്ടിരിക്കുന്നു. ഇത് സാംസ്‌കാരികതയുടെ ജയാരവമാണ്.

(പ്രസിഡന്റ്,
എസ് എസ് എഫ് കേരള)

 

Latest