Articles
സാക്ഷരതക്കുമപ്പുറം
രാജ്യത്തിന് മാതൃകയായി കേരളം മുന്നില്‍ നടന്ന മേഖലകള്‍ ഒരുപാടുണ്ട്. അതില്‍ പ്രധാനമാണ് സാക്ഷരത. സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. 2011-ലെ സെന്‍സസ് പ്രകാരം 93.1 ശതമാനമാണ് കേരളത്തിലെ സാക്ഷരത. ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 74 ശതമാനം. 1987-ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് ഇന്ത്യാ ഗവണ്‍മെന്റ് ദേശീയ സാക്ഷരതാ മിഷന്‍ ആരംഭിച്ചതു തന്നെ. ജനങ്ങളെയാകെ അണിനിരത്തി നാലു വര്‍ഷം നടത്തിയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1991-ല്‍ കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി. കോഴിക്കോട്ട് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മലപ്പുറം കാവനൂര്‍ ഗ്രാമത്തിലെ ചേലക്കോടന്‍ ആഇശ നടത്തിയ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം ആധുനിക കേരള ചരിത്രത്തിലെ തിളങ്ങുന്ന സംഭവമാണ്.
സ്ത്രീ സാക്ഷരതയില്‍ കേരളം ഉണ്ടാക്കിയ മുന്നേറ്റവും ലോക ശ്രദ്ധ നേടിയിട്ടുണ്ട്. പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 96.02 ആണെങ്കില്‍ സ്ത്രീകളുടെത് 91.98 ആണ്. സ്ത്രീ-പുരുഷ സാക്ഷരതാ നിരക്കിലെ വ്യത്യാസം വളരെ കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഏറ്റവുമധികം സ്ത്രീ സാക്ഷരതയുള്ള സംസ്ഥാനവും കേരളം തന്നെ. സ്ത്രീ സാക്ഷരതക്ക് യുനെസ്‌കോ തന്നെ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. സമൂഹത്തില്‍ ഏറ്റവുമധികം ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്നത് സ്ത്രീകളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ചൂഷണത്തിനും ലിംഗവിവേചനത്തിനും എതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് ശക്തിയും ഊര്‍ജവും നല്‍കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ സാക്ഷരത നേടണം. എന്തു കഷ്ടപ്പാടുകള്‍ സഹിച്ചും മക്കളെ പഠിപ്പിക്കണമെന്ന ബോധം സ്ത്രീകള്‍ക്ക് ലഭിക്കുന്നത് സാക്ഷരതയിലൂടെയാണ്. കേരളത്തിലെ ഉയര്‍ന്ന സ്ത്രീ സാക്ഷരതയാണ് സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയിലും പ്രതിഫലിക്കുന്നത്. ജനസംഖ്യാനുപാതികമായി ഏറ്റവുമധികം സ്ത്രീ ബിരുദധാരികളുള്ള സംസ്ഥാനവും കേരളമാണ്. സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തിന് ഏറ്റവും മികച്ച മാതൃകയാണ് കുടുംബശ്രീ. 43 ലക്ഷം സ്ത്രീകള്‍ ഇന്ന് ആ പ്രസ്ഥാനത്തില്‍ അംഗങ്ങളാണ്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വിജയത്തിന് അടിസ്ഥാനവും സ്ത്രീ സാക്ഷരതയും അതിലൂടെ സ്ത്രീകള്‍ ആര്‍ജിച്ച സാമൂഹിക അവബോധവുമാണ്.
എല്ലാ ഇടതുപക്ഷ-ജനാധിപത്യ സര്‍ക്കാറുകളും സാക്ഷരതയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചത്. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം കൊണ്ട് സാക്ഷരതാ പരിപാടി പൂര്‍ണമാകുന്നില്ല. അത് തുടര്‍ച്ചയായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. അതുകൊണ്ടാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിക്ക് 1998-ല്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്. എഴുതാനും വായിക്കാനും അക്കങ്ങള്‍ കൂട്ടാനും കിഴിക്കാനുമുള്ള കഴിവ് മാത്രമല്ല സാക്ഷരത. സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ഇടപെടാനുള്ള കഴിവ് ആര്‍ജിക്കുമ്പോഴാണ് സാക്ഷരതക്ക് അര്‍ഥമുണ്ടാകുന്നത്. പഠനമെന്നത് ജീവിതത്തിലുടനീളം വേണ്ടതാണ്. അതിനുള്ള പ്രചോദനം സാക്ഷരതയിലൂടെ ലഭിക്കണം. ഈ രീതിയില്‍ ഉയര്‍ന്ന സാമൂഹിക അവബോധം സാക്ഷരതയിലൂടെ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കുന്നത്.
നിരക്ഷരതയുടെ ഒരു തുരുത്തു പോലും കേരളത്തിലുണ്ടാവാന്‍ പാടില്ലെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് സമഗ്ര സാക്ഷരതാ സര്‍വേ നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഒരു ലക്ഷം പേരെ സാക്ഷരരാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ആവിഷ്‌കരിച്ചിട്ടുളളത്. പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ട്രാന്‍സ്ജന്‍ഡേഴ്‌സ് തുടങ്ങി മുഴുവന്‍ ജനവിഭാഗങ്ങളെയും സാക്ഷരതയിലൂടെ മുഖ്യധാരയില്‍ എത്തിക്കാനും അവര്‍ക്ക് തുല്യ അവസരം ഉറപ്പാക്കാനുമാണ് പരിപാടി. ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ സാക്ഷരതാ പദ്ധതിയുടെ ഒന്നാം ഘട്ടം 71 ആദിവാസി ഊരുകളില്‍ നടപ്പാക്കി. സര്‍വേയില്‍ 4060 നിരക്ഷരരെയാണ് അട്ടപ്പാടിയില്‍ കണ്ടെത്തിയത്. അവരില്‍ 1127 പേരെ സാക്ഷരരാക്കി. അവശേഷിക്കുന്നവരെ കൂടി സാക്ഷരരാക്കാന്‍ രണ്ടാം ഘട്ട പദ്ധതി ആരംഭിച്ചുകഴിഞ്ഞു. വയനാട് ജില്ലയിലെ മുഴുവന്‍ ആദിവാസികളെയും സാക്ഷരരാക്കാനുള്ള പദ്ധതിയും മുന്നോട്ടുപോകുന്നു. സമഗ്രമായ സാക്ഷരതാ-തുടര്‍വിദ്യാഭ്യാസ പദ്ധതിയാണ് ആദിവാസികള്‍ക്ക് വേണ്ടി നടപ്പാക്കുന്നത്. 2017-18-ലെ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
സാക്ഷരതാ മിഷന്‍ നടത്തുന്ന പ്രത്യേക പദ്ധതികള്‍ക്കായി 4.50 കോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷം മാറ്റിവെച്ചിട്ടുള്ളത്. തീരദേശത്തെ നിരക്ഷരതാ നിര്‍മാര്‍ജനത്തിന് ഫിഷറീസ് വകുപ്പിന്റെ പിന്തുണയോടെ 2017-ല്‍ ആരംഭിച്ച പദ്ധതിയാണ് അക്ഷരസാഗരം. മാതൃഭാഷ പഠിക്കാതെ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവുന്ന അവസ്ഥ മാറ്റാനാണ് മാതൃഭാഷാപഠനം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി നിയമം കൊണ്ടുവന്നത്. വിദ്യാര്‍ഥികളിലും ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞവരിലും ഉദ്യോഗസ്ഥരിലുമടക്കം മലയാളം അറിയാത്തവര്‍ ധാരാളമുണ്ട്. ഇത്തരക്കാരെ മലയാളം പഠിപ്പിക്കാന്‍ സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. കേരളത്തിനു പുറത്തും ഇന്ത്യക്ക് പുറത്തും കഴിയുന്ന മലയാളികളുടെ മക്കളെ മലയാളം പഠിപ്പിക്കാനുള്ള പദ്ധതിയാണ് മലയാളം മിഷന്‍ ഏറ്റെടുത്തിട്ടുള്ളത്. നാലു കോഴ്‌സുകള്‍ മലയാളം മിഷന്‍ അതിന് വേണ്ടി ആരംഭിച്ചിട്ടുണ്ട്. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മലയാളത്തില്‍ എസ് എസ് എല്‍ സിക്കാര്‍ക്ക് തുല്യമായ അറിവ് ലഭിക്കണമെന്നതാണ് ലക്ഷ്യം.
ഭിന്നലിംഗക്കാരുടെ തുടര്‍വിദ്യാഭ്യാസം, പരിസ്ഥിതി സാക്ഷരത എന്നിവക്കായും പ്രത്യേക പദ്ധതികളുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സാക്ഷരതാ പരിപാടി സര്‍ക്കാറിന്റെ പുരോഗമന കാഴ്ചപ്പാടിന്റെ മറ്റൊരു തെളിവാണ്. നമ്മുടെ വികസന പ്രക്രിയയില്‍ പങ്ക് വഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേരള സമൂഹത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കാണുന്നത്. അവരില്‍ പലരും മാതൃഭാഷയിലും നിരക്ഷരരാണ്. അവരെ ഹിന്ദിയും മലയാളവും പഠിപ്പിക്കുന്നു. കേരള സമൂഹത്തെയും സംസ്‌കാരത്തെയും അറിയാന്‍ അവര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊന്നും ഇത്തരമൊരു പരിപാടി ചിന്തിക്കാന്‍ പോലും കഴിയില്ല. ഹിന്ദി മേഖലയിലുള്ള യു പി, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ നിരക്ഷരരില്‍ 43 ശതമാനവും. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിട്ട് പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുന്നത് എളുപ്പമാക്കുന്നത് ഈ നിരക്ഷരതയാണ്.
സാക്ഷരതയിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഉറപ്പിച്ചുകൊണ്ട് മുന്നോട്ട് പോകണം എന്നതാണ് സര്‍ക്കാറിന്റെ നയം. ഈ വര്‍ഷത്തെ ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യുനെസ്‌കോ ഈ വര്‍ഷം സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിന് ഡിജിറ്റല്‍ ലോകത്തില്‍ സാക്ഷരത എന്ന പേരാണ് നല്‍കിയത്. ഡിജിറ്റല്‍ ലോകത്ത് സാക്ഷരതയുടെ അര്‍ഥവും നിര്‍വചനവും മാറിയെന്നാണ് യുനെസ്‌കോ ഓര്‍മിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ സാക്ഷരത പ്രയോജനപ്പെടണമെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനും ഇന്റര്‍നെറ്റിലൂടെ അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാനും കഴിയണം. അതിവേഗം ഡിജിറ്റല്‍ സമൂഹമായി മാറുന്ന കേരളത്തില്‍ ഇതിന് പ്രത്യേക പ്രസക്തിയുണ്ട്. ഈ മാറ്റം ഉള്‍ക്കൊണ്ടാണ് സാക്ഷരതയുടെ കാര്യത്തിലും സര്‍ക്കാര്‍ ഇടപെടുന്നത്.