Kerala
സാക്ഷരത നേടി, സ്‌കൂള്‍ പടി കാണാത്ത മൗലവിയുടെ പാഠപുസ്തകത്തിലൂടെ
കോട്ടക്കല്‍: സ്‌കൂളിന്റെ പടിപോലും കാണാതെ അക്ഷരങ്ങളെ ആര്‍ജിച്ചെടുത്ത റാന്‍ഫെഡ് മൗലവിക്ക് ജീവിത സായാഹ്‌നത്തില്‍ കൂട്ടായി പഴയകാല ഓര്‍മകള്‍. കേരളത്തിലെ മികച്ച സാക്ഷരതാ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം ആദിവാസി ഊരുകളില്‍ കടന്നു ചെന്ന് വരെ അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. പലരെയും മികച്ച എഴുത്തുകാരും പ്രസംഗകരും വായനക്കാരുമാക്കി മാറ്റിയ റാന്‍ഫെഡ് മൗലവി എന്ന അബ്ദുര്‍റഹ്മാന്‍ മൗലവിക്ക് സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ മധുരിക്കുന്ന ഓര്‍മകളാണ് പ്രായം തളര്‍ത്തുമ്പോഴും തുണയാകുന്നത്.
കേരളത്തിലെ സാക്ഷരതാ പഠിതാക്കള്‍ക്ക് വേണ്ടി ഉപയോഗിച്ചത് മലയാളം പഠിക്കാന്‍ സ്‌കൂള്‍ പടികയറാന്‍ ഭാഗ്യം ലഭിക്കാതിരുന്ന അബ്ദുര്‍റഹ്്മാന്‍ മൗലവിയുടെ പാഠപുസ്തകങ്ങളായിരുന്നു. ഒഴുകൂരില്‍ മദ്‌റസ അധ്യാപകനായിരിക്കെയാണ് ഇദ്ദേഹം മലയാളം പഠിക്കാനാരംഭിക്കുന്നത്. 1978 മുതല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലേക്ക് ചുവട് മാറ്റുകയായിരുന്നു. തന്റെ ദൗത്യത്തിനായി തിരഞ്ഞെടുത്തത് ആദിവാസി മേഖലയായിരുന്നു. നിലമ്പൂര്‍, വയനാട്, ഇടുക്കി പ്രദേശങ്ങളിലെ നിരക്ഷരരെ സാക്ഷരരാക്കാന്‍ ജീവിതം തന്നെ മാറ്റിവെച്ചു. സര്‍ക്കാറിന്റെ സാക്ഷരതാ പദ്ധതി ഏറ്റെടുത്ത് വയോജന വിദ്യാഭ്യാസ പദ്ധതിയിലെ സാക്ഷരതാ പ്രവര്‍ത്തകനായി . ഇതിനിടെ റാന്‍ഫെഡ് എന്ന പേരില്‍ ഒരു മാസികയും തുടങ്ങി. എടക്കരയില്‍ നിന്നാണ് മാസിക പ്രസിദ്ധീകരിച്ചത്. സത്രീകളും ആഭരണങ്ങളും, കുട്ടിക്കാലം എന്നീ പുസ്തകങ്ങള്‍ രചിച്ചു. കുട്ടിക്കാലം സാക്ഷരതാ പഠിതാക്കള്‍ക്കായി വിതരണം ചെയ്തു. സര്‍ക്കാര്‍ ചെലവിലായിരുന്നു ഇത്. സാക്ഷരതാ പ്രവര്‍ത്തനത്തിന് പ്രതിഫലവും സര്‍ക്കാറില്‍ നിന്ന് ലഭിച്ചു.
അനൗപചാരിക വിദ്യാഭ്യാസം മാത്രം കൈമുതലുള്ള ഇദ്ദേഹം സാക്ഷരതാ പഠിതാക്കള്‍ക്ക് വേണ്ടി എഴുതി. 1981ല്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഗവര്‍ണറായിരുന്ന ജ്യോതി വെങ്കടാചലത്തില്‍ നിന്നും സ്വീകരിച്ചു. മികച്ച വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന അവാര്‍ഡിനും ഇതിനിടയില്‍ അര്‍ഹനായി. ജില്ലാ കലക്ടറായിരുന്ന ഒ പി ആര്‍ ആണ് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. പരിശോധനയില്‍ പേര് കേട്ടപ്പോള്‍ ആണോ പെണ്ണോ എന്ന സംശയം. ആ സമയത്ത് കലക്ടര്‍ ഇടപെട്ട് അവാര്‍ഡ് നല്‍കി. അത്രയും മികച്ച പ്രവര്‍ത്തനമായിരുന്നു ഇതിന് കാരണം. സി അച്യുത മേനോന്‍, ഇ കെ നായനാര്‍, കെ കരുണാകരന്‍ തുടങ്ങിയവരോട് ബന്ധം പുലര്‍ത്തിയിരുന്ന മൗലവി ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവം കാണിച്ചെങ്കിലും പിന്നീട് അവയൊക്കെ ഉപേക്ഷിച്ചു. പൂക്കോട്ടൂര്‍ സ്വദേശിയായ അബ്ദര്‍റഹ്്മാന്‍ മൗലവി ഇപ്പോള്‍ മണ്ണഴികോട്ടപ്പുറത്താണ് താമസം.