Connect with us

Eranakulam

തിരക്ക് കഴിഞ്ഞു; പ്രത്യേക ഇളവുകളുമായി വിമാനക്കമ്പനികള്‍

Published

|

Last Updated

നെടുമ്പാശ്ശേരി: കേരളത്തിലെയും ഗള്‍ഫ് നാടുകളിലെയും അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്കും ഗള്‍ഫിലേക്കും പോകുന്നവരുടെ തിരക്ക് കഴിഞ്ഞതോടെ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ വിമാന കമ്പനികള്‍ യാത്രക്കാരെ പിഴിയുന്ന നയം അവസാനിപ്പിച്ചു. ഇനി മൂന്ന് മാസക്കാലം യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാന കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു തുടങ്ങി.
കേരളത്തിലെ മധ്യവേനല്‍ അവധി പ്രമാണിച്ച് ഏപ്രിലില്‍ ഗള്‍ഫിലേക്ക് ആരംഭിച്ച യാത്രക്കാരുടെ തിരക്കും ഗള്‍ഫിലെ അവധി കഴിഞ്ഞ് തിരിച്ചുള്ള യാത്രക്കാരുടെ തിരക്കും ഈ മാസം 20 ഓടെ തീരും. അതിന് ശേഷമുള്ള മൂന്ന് മാസക്കാലമാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. സെപ്തംബര്‍ 20 മുതല്‍ ഡിസംബര്‍ ആദ്യവാരം വരെയാണ് ഏറ്റവും കൂടുതല്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍ രംഗത്ത് വരിക. ഇത്തവണ എയര്‍ ഇന്ത്യയാണ് സെപ്തംബര്‍ മുതലുള്ള ആദ്യ ഓഫറുകള്‍ പ്രഖ്യാപിച്ചത്.

ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് അമ്പത് കിലോ വരെ ലഗേജ് കൊണ്ട് പോകുന്നതിന് അനുവദിക്കും. ആദ്യ നടപടിയെന്നോണമാണ് എയര്‍ ഇന്ത്യയിലെ ഇക്കണോമിക്‌സ് യാത്രക്കാര്‍ക്ക് 50 കിലോ ലഗേജ് ഒക്‌ടോബര്‍ 31 വരെ കൊണ്ടുവരുന്നതിന് അനുവാദം നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ ഇത്രയും അധികം ലഗേജ് കൊണ്ടുപോകാന്‍ അനുവദിക്കുന്നത് ഇതാദ്യമാണ്.
ദുബൈയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നെ, ഹൈദരബാദ്, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണ്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ചില വിമാനക്കമ്പനികളുടെ വിമാനങ്ങളില്‍ ദുബൈയിലേക്ക് മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് 11,000 രൂപ നല്‍കിയാല്‍ മതിയാകും. അതായത് ഈ കാലയളവില്‍ ആഭ്യന്തര യാത്ര നിരക്കുകളേക്കാള്‍ ലാഭത്തില്‍ ദുബൈ ഉള്‍പ്പടെയുള്ള ഗള്‍ഫ് നാടുകളില്‍ പോയി വരാന്‍ സാധിക്കും.

അതേ സമയം, മുന്‍ വര്‍ഷങ്ങളില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും സെപ്തംബര്‍ ആദ്യവാരവും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും തിരിച്ച് ഗള്‍ഫിലേക്കും വിവിധ വിമാന കമ്പനികള്‍ ഒരു ടിക്കറ്റിന് ഒരു ഭാഗത്തേക്ക് 40,000 രൂപ മുതല്‍ 60,000 രൂപ വരെ യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നു. അവധിക്കാലങ്ങളില്‍ എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന കമ്പനികള്‍ യാത്രാനിരക്ക് കൂട്ടുന്നത് മനസ്സിലാക്കിയ യാത്രക്കാര്‍ അതനുസരിച്ച് കാര്യങ്ങള്‍ നീക്കിയതും രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗള്‍ഫ് യാത്രക്കാര്‍ യാത്ര ചെയ്യുന്ന കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചതും മൂലം കഴിഞ്ഞ വര്‍ഷങ്ങളെ പോലേ ഈ അവധിക്കാലത്തും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ക്ക് സാധിച്ചില്ല. ആഗസ്റ്റ് അവസാന വാരം മുതല്‍ ഗള്‍ഫിലേക്ക് 20,000 രൂപ മുതല്‍ 40,000 രൂപ നിരക്കിലും ചില വിമാന കമ്പനികളില്‍ നിന്ന് ടിക്കറ്റ് ലഭിച്ചിരുന്നു.
ദുബൈയിലേക്കും അബൂദബയിലേക്കും ഒരു ഭാഗത്തേക്ക് 20,000 രൂപക്ക് താഴെയും ടിക്കറ്റ് ലഭിച്ചിരുന്നു ഈ ടിക്കറ്റ് നിരക്കിന്റെ പകുതിയാണ് ഇപ്പോള്‍ വിമാന കമ്പനികള്‍ ദുബൈയിലേക്കും തിരിച്ചും പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാല്‍ ഈ കാലയാളവില്‍ സര്‍വീസുകള്‍ ഏറെ കുറവുള്ള സഊദിയിലേക്കും ഖത്വറിലേക്കും 20,000 രൂപ മുതല്‍ 40,000 രൂപ വരെ വിമാന കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നു. വിമാന കമ്പനികള്‍ പല സമയങ്ങളില്‍ പല നിരക്കുകളിലാണ് വിമാന ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഗള്‍ഫിലേക്ക് പോകുന്നതിനും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനും ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഗള്‍ഫിലേക്ക് പോകുന്നതിനും കൂടിയ നിരക്കാണ് എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഈടാക്കുന്നത്.