Connect with us

Articles

സലഫികള്‍ക്കു മരുന്നിട്ടുകൊടുക്കുമ്പോള്‍

Published

|

Last Updated

ഹൈന്ദവ ദൈവങ്ങളുടെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം എറണാകുളം പറവൂരിലും പരിസര പ്രദേശങ്ങളിലും സലഫികള്‍ വിതരണം ചെയ്ത വിവാദ ലഘുലേഖയിലെ മറ്റൊരു പ്രധാനപ്പെട്ട ആരോപണം മുസ്‌ലിം സമുദായത്തിലെ വലിയൊരു വിഭാഗവും ആള്‍ദൈവ/ബഹുദൈവ ആരാധനയുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ് എന്നതാണ്. ഇസ്‌ലാമേതര മതവിശ്വാസികളുടെ ആരാധനാ വസ്തുക്കളെയും മൂര്‍ത്തികളെയും നിന്ദിക്കുന്നതോടൊപ്പം, മുസ്‌ലിംകളും ഹൈന്ദവ വിശ്വാസങ്ങളെ പിന്തുടര്‍ന്ന് വഴിപിഴച്ചുകൊണ്ടിരിക്കുകയാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി പുണ്യ സ്ത്രീപുരുഷന്‍മാരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ വെച്ച് പ്രാര്‍ഥന നടത്തുകയും ചെയ്യുന്ന മുസ്‌ലിം വിശ്വാസികളെ പരിഹസിക്കല്‍ മുജാഹിദുകളുടെ എക്കാലത്തെയും സ്വഭാവമായിരുന്നു. കേരള മുസ്‌ലിം നവോത്ഥാന നായകര്‍ എന്ന് സലഫികള്‍ പരിചയപ്പെടുത്തുന്ന വക്കം മൗലവി മുതല്‍ തീവ്രസലഫി എന്ന് പറഞ്ഞ് ഇപ്പോള്‍ സലഫികള്‍ കൈയൊഴിക്കാന്‍ ശ്രമിക്കുന്ന ശംസുദ്ദീന്‍ പാലത്ത് വരെ ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല.

സലഫികള്‍ ഈയിടെ വിതരണം ചെയ്ത ഒരു ലഘുലേഖയുടെ ഉള്ളടക്കം തന്നെ മുഴുവനായും ഇത്തരത്തില്‍ ഉള്ളതായിരുന്നു. ഏതോ ഒരു മഖ്ബറയില്‍ മുസ്‌ലിംകള്‍ പ്രാര്‍ഥന നടത്തുന്ന ചിത്രവും സുന്നികളെ ബഹുദൈവാരാധകര്‍ ആക്കി ചിത്രീകരിച്ചുകൊണ്ടുള്ള അതിന്റെ അടിക്കുറിപ്പും ഉദാഹരണം. അതിനു താഴെ ചേര്‍ത്ത ചിത്രം ഒരു ഹിന്ദു സ്ത്രീ അവര്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ക്ക് പൂജ ചെയ്യുന്നതാണ്. ശേഷം ഹിന്ദു മതവിശ്വാസികളോടായി സലഫികള്‍ ചോദിക്കുന്നു; ആയിരങ്ങള്‍ പട്ടിണികിടക്കുമ്പോഴും മനുഷ്യന് വേണ്ടി ദൈവം സൃഷ്ടിച്ച പാലും പൂവും പഴങ്ങളും പൂജയുടെയും ഹോമങ്ങളുടെയും പേരില്‍ നശിപ്പിക്കപ്പെട്ടു പോകുകയല്ലേ എന്ന്. ഹിന്ദു മത വിശ്വാസത്തെയോ ദൈവങ്ങളെയോ അപഹസിക്കുന്നതിനേക്കാളേറെ ദര്‍ഗകള്‍ സന്ദര്‍ശിക്കുന്ന മുസ്‌ലിംകളെ ഹൈന്ദവ വിശ്വാസികളോട് താരതമ്യപ്പെടുത്തുകയായിരുന്നു ഈ സലഫീ ലഘുലേഖകളുടെയെല്ലാം പ്രധാന ലക്ഷ്യം. കേരളത്തിലെ സലഫി പ്രചാരത്തിന്റെ ഒരു പ്രധാന തുറുപ്പു ചീട്ടുതന്നെ സുന്നികള്‍ക്കെതിരെയുള്ള ഇത്തരം കുഫ്‌റ് (ദൈവനിഷേധം) ആരോപണം ആയിരുന്നുവല്ലോ. മാത്രവുമല്ല കേരളത്തിനു പുറമേക്ക് യാത്ര ചെയ്യുന്ന മുസ്‌ലിം മതപണ്ഡിതന്മാരെ ഭരണകൂടങ്ങളെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാനും അവരുടെ പരിപാടികള്‍ മുടക്കാനും വേണ്ടി ഇവര്‍ എക്കാലത്തും ഉപയോഗിക്കുന്ന ആയുധവും മുസ്‌ലിംകള്‍ക്കെതിരെയുള്ള “ഖബ്‌റാരാധകര്‍” എന്ന ആരോപണമാണ്.

ഇത്തരം മുസ്‌ലിം വിശ്വാസികളെ കഴുത്തുഞെരിച്ചു കൊന്നാല്‍ മാത്രമേ കേരളത്തില്‍ ഇസ്‌ലാം വളരുകയുള്ളൂ എന്നു പോലും പരസ്യമായി പ്രസംഗിച്ചു നടക്കുന്ന സലഫീ പ്രഭാഷകര്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ട്. ഇത്തരം വിശ്വാസങ്ങളുടെ ചുവടുപിടിച്ച് വളര്‍ന്നുവന്ന തക്ഫീരി(മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കുന്ന പ്രസ്ഥാനക്കാര്‍) പ്രസ്ഥാനത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഐ എസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ തന്നെ രൂപം കൊണ്ടത്. ചുരുക്കത്തില്‍ സലഫികളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഭൂരിഭാഗം മുസ്‌ലിംകളും ബഹുദൈവാരാധകരും ഇസ്‌ലാമിന്റെ പരിധിക്കു പുറത്തുള്ളവരും അതുകൊണ്ടുതന്നെ സലഫികളുടെ ആക്രമണം ഏറ്റുവാങ്ങാന്‍ യോഗ്യരുമാണ്. മുസ്‌ലിം സമുദായ നേതാക്കളെന്ന് മലയാളികള്‍ കരുതുകയും ആദരിക്കുകയും ചെയ്യുന്നവര്‍ പോലും ഇവരെ സംബന്ധിച്ചിടത്തോളം മതത്തിന്റെ പരിധിയില്‍ നിന്ന് പുറത്തു പോയവരാണ്. സുന്നികളുടെ എക്കാലത്തെയും നേതാവായിരുന്ന ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ രോഗ ശയ്യയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തോട് ശഹാദത്ത് കലിമ ചൊല്ലി മുസ്‌ലിമാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് കത്തെഴുതിയത് നവോത്ഥാന നായകന്‍ എന്നു സലഫികള്‍ വിശേഷിപ്പിക്കുന്ന സാക്ഷാല്‍ കെ ഉമര്‍ മൗലവി ആയിരുന്നല്ലോ. 80 കളില്‍ ശരീഅത്ത് വിവാദകാലത്ത് യോജിച്ച സമരം നടത്താന്‍ സുന്നികളെ ക്ഷണിച്ച സലഫി സംഘടനകള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മറുപടി എഴുതാന്‍ ചുമതലപ്പെടുത്തിയത് മര്‍ഹൂം കെ വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിനെ ആയിരുന്നു. കൂറ്റനാട് ഉസ്താദ് എഴുതിയ വിഖ്യാതമായ മറുപടിയില്‍ സലഫി സംഘടനകളുടെ ആവശ്യം സുന്നികള്‍ നിരാകരിച്ചതു തന്നെ “അതിനു സുന്നികളെ നിങ്ങള്‍ മുസ്‌ലിംകളായി പരിഗണിക്കുന്നുണ്ടോ” എന്നു ചോദിച്ചു കൊണ്ടായിരുന്നു.

കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന മുസ്‌ലിംകള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും എതിരെയുള്ള സലഫീ അതിക്രമങ്ങള്‍ “അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയുള്ള പോരാട്ട”ത്തിന്റെ ഭാഗമായി ന്യായീകരിക്കുന്ന എമ്പാടും സലഫീ സാഹിത്യങ്ങള്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ പോലും ഇന്നും സുലഭമാണ്. മാത്രവുമല്ല, സുന്നി പണ്ഡിതന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെയും വ്യാജ പ്രചാരണങ്ങളെയും ഒരു സംശയവും കൂടാതെ ന്യായീകരിക്കേണ്ടതുണ്ട് എന്നൊരു പൊതുബോധം തന്നെ സലഫീ നവോത്ഥാന ചരിത്രകാരന്മാര്‍ നിര്‍മിച്ചെടുത്തിട്ടുണ്ട്. ഐ എസ് പോലുള്ള ഭീകര സംഘടനകള്‍ നടത്തിയ സമീപകാല മനുഷ്യ ചരിത്രത്തിലെ തുല്യതയില്ലാത്ത അതിക്രമങ്ങളെ അപലപിക്കുമ്പോഴും അവര്‍ പാരമ്പര്യ മുസ്‌ലിം ആരാധാനാലയങ്ങള്‍ക്കും പുസ്തക ശാലകള്‍ക്കും സൂഫീ പണ്ഡിതന്മാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങള്‍ക്കും എതിരെ നടത്തിയ അതിക്രമങ്ങളെ അപലപിക്കാന്‍ പലരും മടിച്ചുനിന്നതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല. ഇമാം നവവിയുടേതടക്കമുള്ള മഖ്ബറകള്‍ ഐ എസ് ഭീകരര്‍ തകര്‍ത്തപ്പോള്‍ “എവിടെ നിങ്ങളുടെ സൂഫി പണ്ഡിതന്മാരുടെ സഹായിക്കാനുള്ള കഴിവ്, സ്വന്തം ഖബറിടം രക്ഷിച്ചെടുക്കാന്‍ ശേഷിയില്ലാത്തവരാണോ മറ്റുള്ളവരെ സഹായിക്കുന്നത്” എന്ന് ആവേശം കൊള്ളുകയായിരുന്നല്ലോ കേരളത്തിലെ പുരോഗമനവാദികള്‍. ഐ എസ് അതിക്രമങ്ങളൈ സലഫി വിശ്വാസധാരയുടെ തെളിവായി ആഘോഷിക്കുന്നവരുടെ മനോനിലയെ കുറിച്ച് എന്തു പറയാനാണ്? പാരമ്പര്യ മുസ്‌ലിം വിശ്വാസികള്‍ക്കും അവരുടെ ആരാധനാ രീതികള്‍ക്കും ചിഹ്നങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ സലഫികളെയും സലഫീ സഹയാത്രികരെയും അത്രമേല്‍ ആഹ്ലാദഭരിതരാക്കുന്നുണ്ട് എന്നു സാരം.

നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡില്‍ നാടുകാണി ചുരത്തിലെ സയ്യിദ് മുഹമ്മദ് സ്വാലിഹ് തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറക്കു നേരെ കഴിഞ്ഞ ദിവസം നടന്ന അതിക്രമങ്ങളെ ഈ പശ്ചാത്തലത്തില്‍ കൂടി വേണം മനസ്സിലാക്കാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ മഖ്ബറക്കു നേരെ നടന്ന അതിക്രമത്തില്‍ പിടിയിലായവരെല്ലാവരും തന്നെ വിവിധ സലഫീ സംഘടനകളിലെ അംഗങ്ങളായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അതിക്രമത്തിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെങ്കിലും സംഭവത്തെ ന്യായീകരിച്ചുകൊണ്ട് സലഫികളും സലഫീ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. “മഹത്തുക്കളുടെ കഴിവില്ലായ്മയുടെ മറ്റൊരു തെളിവ് ” എന്ന മട്ടിലാണ് ഈ അക്രമത്തെ സലഫികള്‍ ആഘോഷിക്കുന്നത്. യഥാര്‍ഥത്തില്‍, പറവൂരിലും മറ്റും വിതരണം ചെയ്ത സലഫീ ലഘുലേഖകളില്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ നിന്നും വേറിട്ടുകൊണ്ടു നാടുകാണി ചുരത്തിലെ സൂഫീ ദര്‍ഗക്കു നേരെ നടന്ന അതിക്രമത്തെ കാണാന്‍ സാധിക്കുമോ? ഇല്ല എന്നതാണ് കേരളത്തിലെ സലഫീ ചരിത്രവും നാടുകാണി സംഭവത്തോടുള്ള സലഫീ പ്രതികരണങ്ങളും നല്‍കുന്ന സൂചന.
നാടുകാണിയില്‍ മഖ്ബറ തകര്‍ക്കപ്പെട്ടു എന്നത് ഭീതിജനകമായ വാര്‍ത്തയാണ്. പക്ഷെ അതിനേക്കാള്‍ ഭീതിജനകമാണ് ആ സംഭവത്തെ കുറിച്ച് മലയാളികള്‍ പുലര്‍ത്തുന്ന നിസ്സംഗമായ മൗനം. പറവൂരില്‍ സലഫികള്‍ക്കെതിരെ നിയമം കൈയിലെടുത്ത സംഘ്പരിവാര്‍ അനുഭാവികള്‍ക്കെതിരെ രംഗത്തെത്തിയ സമുദായ രാഷ്ട്രീയക്കാരാരും നാടുകാണിയില്‍ സൂഫീ ദര്‍ഗക്കെതിരെ അതിക്രമം നടത്തിയതിനെ അപലപിച്ചു രംഗത്തെത്തിയില്ല എന്ന കാര്യം ഒരേ സമയം നിരവധി വൈരുധ്യങ്ങളെയും വസ്തുതകളെയും പുറത്തുകൊണ്ടു വരുന്നുണ്ട്. മനുഷ്യാവകാശങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും ആശയ പ്രചാര സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വാദങ്ങളും ഇസ്‌ലാമിനകത്തെ ചില പ്രത്യേക വിശ്വാസധാര വെച്ച് പുലര്‍ത്തുന്നവര്‍ക്കു മാത്രം അവകാശപ്പെട്ടതാണ് എന്നാണോ “മനുഷ്യാവകാശ” പ്രവര്‍ത്തകരുടെ ഈ മൗനം ഊന്നിപ്പറയാന്‍ ശ്രമിക്കുന്നത്? മുസ്‌ലിംകള്‍ക്കെതിരെ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഏതു അക്രമങ്ങളെയും വലിപ്പ ചെറുപ്പമില്ലാതെ, സംഘ്പരിവാര്‍ വിരുദ്ധ ജനാധിപത്യ രാഷ്ട്രീയ ബോധത്തിന്റെ രൂപവത്കരണത്തിനായി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുന്നവര്‍ക്കു പോലും, നാടുകാണിയില്‍ ഒരു മുസ്‌ലിം ദര്‍ഗക്ക് നേരെ നടന്ന അതിക്രമം ഏറ്റവും കുറഞ്ഞത് അപലപിക്കപ്പെടേണ്ടതാണ് എന്നു പോലും തോന്നാതിരിക്കാനുള്ള കാരണം എന്തായിരിക്കും? ഒരു ദര്‍ഗ നശിപ്പിക്കപ്പെട്ടാല്‍ അത്രയും “അന്ധവിശ്വാസം” കുറഞ്ഞു എന്ന വിശ്വാസമായിരിക്കുമോ മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് നേരെ മൗനം പാലിക്കാനും അതുവഴി ഇത്തരം നിന്ദ്യമായ പ്രവര്‍ത്തികള്‍ക്ക് പ്രോത്സാഹനം നല്‍കാനും ഈ മനുഷ്യാവകാശ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന ഘടകം? ഇനി, “അന്ധവിശ്വാസികളും ആലോചനാ ശേഷിയില്ലാത്തവരും മതപണ്ഡിതന്മാരുടെ പ്രലോഭനങ്ങളില്‍ വീണുപോയവരുമായ” സുന്നികള്‍ക്കും സുന്നി സ്ഥാപനങ്ങള്‍ക്കും എതിരെ സംഘ്പരിവാര്‍ നടത്തുന്ന അതിക്രമങ്ങളിലും ഇതൊക്കെ തന്നെ ആയിരിക്കുമോ “പുരോഗമന മുസ്‌ലിംകളുടെ” നിലപാട്? കഴിഞ്ഞ ഒരു നൂറ്റാണ്ടു തങ്ങള്‍ പരിശ്രമിച്ചിട്ടും ഇല്ലാതാക്കാന്‍ കഴിയാതെ പോയ “അന്ധവിശ്വാസങ്ങളെയും അന്ധവിശ്വാസികളെയും” ഇല്ലാതാക്കാന്‍ മോദിക്ക് കഴിയുമെങ്കില്‍ കൈയടിച്ചു പിന്തുണക്കുക എന്നതായിരിക്കുമോ ഇക്കൂട്ടരുടെ സമീപനം? ആണെന്ന് തന്നെ വേണം കരുതാന്‍. സലഫികള്‍ക്കെതിരെ നിയമം കൈയിലെടുക്കുന്ന നാട്ടുകാര്‍ ആര്‍ എസ് എസുകാരും സുന്നി സ്ഥാപനത്തിന് നേരെ ആക്രോശിച്ചെത്തുന്ന ആര്‍ എസ് എസുകാര്‍ ജമാഅത്ത് പത്രത്തിന് “നാട്ടുകാരും” ആകുന്നതിന്റെ പൊരുള്‍ മറ്റൊന്നല്ലല്ലോ.

മുത്വലാഖ് വിഷയത്തില്‍ മോദിയുടേത് ധീരമായ നിലപാട്, മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിന് വേണ്ടിയുള്ള അമിത് ഷായുടെ പദ്ധതികള്‍ സ്വാഗതാര്‍ഹം എന്നൊക്കെ പറയാനുള്ള ഫാസിസ്റ്റു വിരുദ്ധതയാണല്ലോ “പുരോഗമന” മുസ്‌ലിം സംഘടനകളുടെ കൈമുതല്‍.
നാടുകാണിയില്‍ തകര്‍ക്കപ്പെട്ടത് വലിയൊരു വിഭാഗം മുസ്‌ലിംകള്‍ ബഹുമാനപൂര്‍വം സന്ദര്‍ശിക്കുന്ന ഒരു കേന്ദ്രമാണ്. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ രണ്ടു ദശാബ്ദത്തെയെങ്കിലും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം വലിയ തോതില്‍ ഊര്‍ജം ഒരുക്കൂട്ടിയത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയും തുടര്‍ന്ന് മുസ്‌ലിംകള്‍ക്കെതിരെ ശക്തമായ സംഘ്പരിവാര്‍ അതിക്രമങ്ങളുടെ പരിസരത്തു നിന്നുമാണ് എന്നതൊരു യാഥാര്‍ഥ്യമാണല്ലോ. അത്തരം ആളുകള്‍ക്ക് പോലും നാടുകാണിയിലെ അതിക്രമം ഒരു വിഷയമായിത്തീരുന്നില്ലെന്നതിന്റെ അര്‍ഥം ന്യൂനപക്ഷ രാഷ്ട്രീയത്തെ ഭരിക്കുന്ന സലഫീ പൊതു ബോധത്തില്‍ മാത്രം അന്വേഷിച്ചാല്‍ മതിയാകില്ല. മറിച്ച്, ഇത്തരം സംഘടനകള്‍ അവകാശപ്പെടുന്ന ഫാസിസ്റ്റുവിരുദ്ധ രാഷ്ട്രീയ മനോഭാവത്തിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ തന്നെ സംശയങ്ങള്‍ ഉന്നയിച്ചുവേണം ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍. കര്‍സേവകരുടെ അക്രമത്തില്‍ തകര്‍ക്കപ്പെടുന്ന ആരാധനാലയങ്ങളും സലഫീ അതിക്രമങ്ങളില്‍ തകര്‍ക്കപ്പെടുന്നവയും തമ്മില്‍ എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്? രാഷ്ട്രീയ കാരണങ്ങളാല്‍ മതത്തിനു പുറത്തുള്ളവര്‍ തകര്‍ക്കുന്ന ആരാധനാ കേന്ദ്രങ്ങളെയും മതപരമായ പ്രത്യേക നിലപാടുകള്‍ കാരണം മുസ്‌ലിംകളിലെ തന്നെ അവാന്തര വിഭാഗങ്ങളാല്‍ തകര്‍ക്കപ്പെടുന്നവയെയും തമ്മില്‍ എങ്ങനെയാണ് വേര്‍തിരിച്ചു കാണാനാവുക? മുസ്‌ലിംവിരുദ്ധ പൊതുബോധം അരക്കിട്ടുറപ്പിക്കുന്ന പത്രത്തില്‍ വന്ന വാര്‍ത്ത മാത്രം മുഖവിലക്കെടുത്ത് സമര രംഗത്തേക്കിറങ്ങുന്ന സമുദായ സ്‌നേഹികളുടെ സാമുദായിക ബോധം പോലും നാടുകാണിയില്‍ എത്തുമ്പോള്‍ സ്തംഭിച്ചു പോവുകയാണ്.

യഥാര്‍ഥത്തില്‍, ഇത്തരം രാഷ്ട്രീയ സ്തംഭനങ്ങള്‍ ഒരുക്കുന്ന സൗകര്യങ്ങളുടെ സുരക്ഷ തന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള സംഘ്പരിവാര്‍ അതിക്രമങ്ങളുടെ കനം കൂട്ടുന്നത്. ഒരു മഖ്ബറ തകര്‍ക്കപ്പെടുമ്പോള്‍ പ്രതികരിക്കാനുള്ള “സമുദായ സ്‌നേഹികളുടെ” അമാന്തവും മുസ്‌ലിം ആരാധനാലയങ്ങള്‍ക്കു നേരെ കൊലവിളി നടത്തുന്ന കര്‍സേവകരുടെ ആവേശവും തമ്മില്‍ എവിടെയോ വെച്ച് പരസ്പരം കണ്ടുമുട്ടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരര്‍ഥത്തില്‍, ഫാസിസം എന്നത് മുസ്‌ലിംകള്‍ക്ക് പുറമെയുള്ള ഒരു ശത്രു മാത്രമല്ല, മതത്തിനകത്തു തന്നെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഒളിഞ്ഞിരിക്കുന്ന ആഭ്യന്തര ശത്രുകൂടിയാണ്.
ഫാസിസ്റ്റു വാഴ്ചക്കാലത്തെ ഇരകളുടെ പ്രതിഷേധത്തിന്റെ മാനദണ്ഡവും രീതിശാസ്ത്രവും മുന്‍ഗണനാക്രമങ്ങളും ഏതു തരത്തിലുള്ളതായിരിക്കണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ സജീവമാണല്ലോ. ഭൂരിപക്ഷം രൗദ്രഭാവം സ്വീകരിക്കുമ്പോള്‍ ദളിത്ക്രിസ്ത്യന്‍ ഐക്യമാണ് കൂടുതല്‍ അഭിലാഷണീയമെന്നും നാളിതുവരെ തുടര്‍ന്നുവരുന്ന ആന്തരിക ഭിന്നതകളെ വിസ്മരിക്കണം എന്നുമാണല്ലോ ഇതേ കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു വാദം. പക്ഷേ, മേല്‍സൂചിപ്പിച്ച ന്യൂനപക്ഷങ്ങളുടെ ഏകതാ ബോധം, അവര്‍ക്കിടയില്‍ മേധാവിത്വം പുലര്‍ത്തുന്ന ചിലരുടെ സ്വത്വ പ്രതിനിധാനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമുള്ളതായിത്തീരുന്നുണ്ടോ എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് മുസ്‌ലിം സാമുദായിക രാഷ്ട്രീയ സംഘടനകള്‍ക്കിടയിലെ പുതിയ പ്രവണതകള്‍. പറവൂരിലെ ലഘുലേഖകളിലെ ആവശ്യങ്ങളാണ് നാടുകാണിയില്‍ സാധിച്ചു കിട്ടിയത് എന്നത് തന്നെയായിരിക്കില്ലേ പറവൂരില്‍ സലഫികളെ പിന്തുണക്കാനും നാടുകാണിയിലെ സൂഫി വര്യനെ അവഗണിക്കാനും ഇവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക? അല്ലാതെ ആശയപ്രചാരണ സ്വാതന്ത്ര്യം മൗലികാവകാശമാണ് എന്ന ന്യായമാണ് സലഫികള്‍ക്കു പിന്തുണ നല്‍കാനുള്ള ന്യായമെങ്കില്‍, ആ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും വിവിധങ്ങളായ ആവിഷ്‌കാരങ്ങളും വരേണ്ടതല്ലേ. അതുണ്ടാകുന്നില്ല എന്നത് തന്നെയാണ് മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ മേല്‍വിലാസം അവകാശപ്പെടുന്ന സംഘടനകളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളിലെ പ്രധാന അശ്ലീലം. ന്യൂമാന്‍സ് കോളജ് അധ്യാപകന്റെ കൈവെട്ടിയവര്‍ തന്നെയാണല്ലോ സംഘ്പരിവാറിനാല്‍ കൊല ചെയ്യപ്പെട്ട ധീരയായ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിത്വം ഉയര്‍ത്തിക്കാട്ടി സെമിനാറും സംഘടിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍, സംഘ്പരിവാറിനെതിരെയുള്ള ജനാധിപത്യ വിശ്വാസികളുടെ സമര പോരാട്ടങ്ങളെ, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ജാഗ്രതയാര്‍ന്ന ഇടപെടലുകളെ ദുര്‍ബലമാക്കുകയാണ് ഇത്തരം ആളുകള്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് ബാബരി മസ്ജിദിനെ കുറിച്ച് വിലപിക്കുകയും മറുഭാഗത്ത് ഓണമ്പള്ളിയിലെ മദ്‌റസക്ക് തീയിടുകയും ചെയ്തവര്‍ ഈ സമുദായത്തില്‍ തന്നെയുണ്ടല്ലോ. അരിയില്‍ ഷുക്കൂറിനു വേണ്ടി ഫഌക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ ചേര്‍ന്നാണല്ലോ മണ്ണാര്‍ക്കാട്ടെ സുന്നി പ്രവര്‍ത്തകരെ വെട്ടിക്കൊല്ലുന്നതും.

ടി പി ചന്ദ്രശേഖരനെ 52 വെട്ടു വെട്ടിയതില്‍ പ്രതിഷേധിക്കുന്നവര്‍ തന്നെയാണല്ലോ നൂറുദ്ദീനെ നൂറുവെട്ടു വെട്ടിയതും മൃതപ്രായനായി ദാഹ ജലത്തിന് ചോദിച്ചപ്പോള്‍ വായിലേക്ക് മൂത്രമൊഴിച്ചു കൊടുത്തതും. ആന്തരികമായ ആശയ വൈവിധ്യങ്ങളോട് ജനാധിപത്യപരമായ രീതിയില്‍ പെരുമാറാന്‍ ശീലിക്കാത്തവര്‍ക്കു എങ്ങനെയാണ് ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ക്കാനാവുക? അത്തരം പ്രതിരോധങ്ങള്‍ ഉയര്‍ത്താനുള്ള എന്ത് ധാര്‍മികാവകാശമാണ് ഇക്കൂട്ടര്‍ക്കുള്ളത്?
ഫാസിസ്റ്റുകളുടെ ആശയപരമോ രാഷ്ട്രീയപരമോ ആയ മികവോ തികവോ കൊണ്ടല്ല, മറിച്ച് ഫാസിസ്റ്റു വിരുദ്ധര്‍ എന്നു മേനി നടിക്കുന്നവരുടെ രാഷ്ട്രീയസാമൂഹിക നിലപാടുകളിലെ വൈരുധ്യങ്ങളിലെ പഴുതുകളിലൂടെയാണ് ഇന്ത്യന്‍ ഫാസിസം അതിന്റെ രൗദ്രഭാവങ്ങള്‍ പുറത്തെടുത്തത് എന്നു നാം ഓര്‍മിക്കണം. നാടുകാണി ചുരത്തിലെ മഖാം ഒരു ലിറ്റ്മസ് പേപ്പറാണ്. മലയാളികളുടെ, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിനകത്തുള്ളവരുടെ ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയ മനോഭാവത്തിന്റെ മികവും തികവും എത്രയുണ്ടെന്ന് പരിശോധിച്ചു ഉറപ്പുവരുത്താനുള്ള അവസരം. താലിബാനികള്‍ ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ തകര്‍ത്തപ്പോള്‍ പ്രതിഷേധവും മുഖപ്രസംഗങ്ങളും എഴുതി മുസ്‌ലിം സമുദായത്തിന്റെ സാഹോദര്യ സ്‌നേഹവും തീവ്രവാദവിരുദ്ധ മനസ്സും അടയാളപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഇന്നാട്ടിലെ ഒട്ടുമിക്ക മുസ്‌ലിം സംഘടനകളും. അവരൊക്കെയും തന്നെ നാടുകാണിയില്‍ നിശ്ശബ്ദരാണ്. ബാമിയാനിയുടെ കാര്യത്തില്‍ ഇവിടെ നിലപാടെടുക്കാന്‍ എളുപ്പമാണ്. പക്ഷേ, നിങ്ങള്‍ക്ക് മുന്നിലെ നാടുകാണിയുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കുന്നു എന്നതാണ് കേരളീയ സാഹചര്യത്തില്‍ പ്രധാനം. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന ആര്‍ എസ് എസുകാര്‍ക്കു മരുന്നിട്ടുകൊടുക്കരുത് എന്നായിരുന്നല്ലോ പറവൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സലഫികളോടു പറഞ്ഞത്. ആ ഉപദേശം ഒന്നുകൂടി നീട്ടിപ്പറഞ്ഞാല്‍ നിങ്ങള്‍ സലഫികള്‍ക്കു മരുന്നിട്ടുകൊടുക്കുകയാണോ എന്നാണു ഇത്തരക്കാരോടു ചോദിക്കാനുള്ള ചോദ്യം.

---- facebook comment plugin here -----

Latest