Connect with us

Gulf

ഇറാന്‍ - ഒമാന്‍ - ഇന്ത്യ പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കും

Published

|

Last Updated

മസ്‌കത്ത്: ദീര്‍ഘനാളായി ഇന്ത്യ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഇറാന്‍ ഒമാന്‍ ഇന്ത്യ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതി വേഗത്തിലാക്കാന്‍ ധാരണ. ഇന്നലെ ന്യൂയോര്‍ക്കില്‍ മൂന്ന് രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. നേരത്തെ ഇറാനില്‍ നിന്നും പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വാതകം ഇറക്കുമതി ചെയ്യാനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍, ഇത് സുരക്ഷിതമായിരിക്കില്ലെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് ഒമാന്‍ വഴി സമുദ്രാന്തര പൈപ്പ്‌ലൈനിലൂടെ വാതകം ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിക്ക് രൂപം നല്‍കുകയായിരുന്നു.

ഇറാനില്‍ നിന്ന് ആരംഭിക്കുന്ന 1300 കിലോമീറ്റര്‍ ദൂരത്തിലുള്ള പൈപ്പ്‌ലൈനാണ് ഒമാനിലൂടെ കടന്നുപോകുന്നത്. ഇതിലൂടെ ഉത്പാദകരെയും ഉപഭോക്താവാനെയും നേരിട്ട് ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതിന് പുറമെ എല്ലാതരം ഭൗമ, രാഷ്ട്രീയ പ്രശ്‌നങ്ങളെയും ഒഴിവാക്കുന്നതിനും ഒമാന്‍ പാത ഗുണം ചെയ്യും. ഇതോടെ മത്സരം ശക്തമാക്കുന്നതിനും മികച്ച വാതക ഹബ്ബാക്കി മാറ്റുന്നതിനും സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഗള്‍ഫ് രാഷ്ട്രമായ ഖത്വറില്‍ നിന്നാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2016 2017 കാലയളവില്‍ ഇന്ത്യ ഉപയോഗിച്ച 55,534 ദശലക്ഷം സ്റ്റാന്‍ഡേഡ് ക്യൂബിക് മീറ്റര്‍ (എം എസ് സി എം) പ്രകൃതി വാതകത്തില്‍ 24,686 എം എസ് സി എം ഇറക്കുമതി ചെയ്തതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അഞ്ച് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുറഞ്ഞ വിലയില്‍ വാതകം ലഭിക്കാത്തത് മൂലം ഇന്ത്യ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്ക് ഇതോടെ പരിഹാരമാകും. ഇന്ത്യയിലെ വന്‍കിട പദ്ധതികള്‍ കൂടുതല്‍ ശക്തമാകുന്നതോടൊപ്പം കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ കടന്നുവരുന്നതിനും ഇത് ഗുണം ചെയ്യും.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ മൂന്ന് രാഷ്ട്രങ്ങളിലെയും ഉന്നതതല പ്രതിനിധികളും സംബന്ധിച്ചു. രാഷ്ട്രങ്ങള്‍ക്കിടയിലെ സാമ്പത്തിക, വ്യാപാര സഹകരണങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു.