Connect with us

Kerala

ഗോള്‍ വല കുലുക്കി സ്ഥാനാര്‍ഥികള്‍

Published

|

Last Updated

വണ്‍ മില്യണ്‍ ഗോള്‍ ഷൂട്ടിന്റെ ഭാഗമായി എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബശീര്‍ വേങ്ങര ബോയ്‌സ് സ്‌കൂളില്‍ ഗോളടിക്കുന്നു

വേങ്ങര: പോരാട്ട ചൂടിലേക്ക് നീങ്ങിയ വേങ്ങരയില്‍ ശക്തമായ പ്രചാരണമാണ് മുന്നണികള്‍ നടത്തുന്നത്. ഇന്നലെ സ്ഥാനാര്‍ഥികളെല്ലാം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന “വണ്‍ മില്ല്യണ്‍ ഗോള്‍” പരിപാടിയില്‍ ഗോളടിക്കുന്ന തിരക്കിലായിരുന്നു.
വരും ദിവസങ്ങളില്‍ പ്രചാരണത്തിന് കൊഴുപ്പേകാന്‍ മുന്നണികളിലെ സംസ്ഥാന നേതാക്കന്മാര്‍ കളത്തിലിറങ്ങും. ഇന്നലെ വോട്ടഭ്യര്‍ത്ഥനയുമായി വേങ്ങര മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ ഊരകത്തായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ ജന്‍മനാടായ കാരാത്തോട്ട് നിന്നാണ് വോട്ടഭ്യര്‍ഥന തുടങ്ങിയത്. തുടര്‍ന്ന് കോട്ടുമലയിലെത്തി. കോട്ടുമലയിലെ കാരണവന്‍മാരെയും യു ഡി എഫ് പ്രദേശിക നേതാക്കളെയും സന്ദര്‍ശിച്ചു. കോട്ടുമലപ്പറമ്പിലൂടെ വെങ്കുളം അങ്ങാടിയിലേക്ക്.
ഊരകത്തെ വിവിധ കേന്ദ്രങ്ങളില്‍ യു ഡി എഫ്. നേതാക്കളായ കെ കെ മന്‍സൂര്‍ കോയ തങ്ങള്‍, അഡ്വക്കറ്റ് ഗിരീഷ് കുമാര്‍, പി കെ അസ്‌ലു, ഇ കെ കുഞ്ഞാലി, എം കെ അബ്ദുല്‍ മജീദ്, കെ ടി അബ്ദുസ്സമദ്, പി പി ഹസ്സന്‍, ഹുസൈന്‍ ഊരകം, ഇ വി ഷാനവാസ്, നൗഫല്‍ മമ്പീതി, വി കെ അമീര്‍, എം കെ റിയാസ് സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

വണ്‍ മില്യണ്‍ ഗോള്‍ ഷൂട്ടിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ എന്‍ എ ഖാദര്‍ വേങ്ങരയില്‍ ഗോളടിക്കുന്നു

അന്തരിച്ച സി എം പി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന് ആദരാഞ്ജലി അര്‍പ്പിച്ചാണ് ബഷീര്‍ ഇന്നലെ മണ്ഡല പര്യടനം ആരംഭിച്ചത്. സി പി ഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഐ ടി നജീബ് പര്യടനം ഉദ്ഘാടനം ചെയ്തു.
നേതാക്കളായ പ്രൊഫ. ഇ പി മുഹമ്മദലി, ഇ എന്‍ മോഹന്‍ദാസ്, കെ ടി അലവിക്കുട്ടി സംസാരിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ പി ജ്യോതിഭാസ്, വി പി അനില്‍, ഐ ടി നജീബ്, അഡ്വ പി കെ കലീമുദ്ദീന്‍, സി പി അബ്ദുല്‍ വഹാബ്, അഡ്വ. യു സൈനുദ്ദീന്‍ സംസാരിച്ചു.
എന്‍ ഡി എ സ്ഥാനാര്‍ഥി കെ ജനചന്ദ്രന്‍ മാസ്റ്റര്‍ ഇന്നലെ രാവിലെ കണ്ണമംഗലം ചേറൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.