Connect with us

Kerala

രാജീവിന്റെ കൊലപാതകം: ഉന്നതതല ഗൂഢാലോചനക്ക് തെളിവ്

Published

|

Last Updated

അങ്കമാലി സ്വദേശിയായ രാജീവിന്റെ കൊലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണെന്ന് റൂറല്‍ എസ് പി യതീഷ് ചന്ദ്ര. കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട നാല് പ്രതികളെ സംഭവം നടന്ന് അധികം താമസിയാതെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മുഖംമറച്ചാണ് ഇന്നലെ ചാലക്കുടി ഡി വൈ എസ് പി ഓഫീസില്‍ എത്തിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് കസ്റ്റഡിയിലായിരിക്കുന്നതെന്നും പ്രതികളെ തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമേ പേര് വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂവെന്നും എസ് പി പറഞ്ഞു.

ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഗൂഢാലോചനയും റിഹേഴ്‌സലും നടത്തിയിരുന്നതായും എസ് പി യതീഷ് ചന്ദ്ര പറഞ്ഞു. ക്വട്ടേഷന്‍ നല്‍കിയതിനു പിന്നില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. സി പി ഉദയഭാനുവിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളിലും അന്വേഷണം നടക്കുന്നതായി യതീഷ് ചന്ദ്ര പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ അങ്കമാലി നായത്തോട് വീരത്തോട്ടില്‍ അപ്പുവിന്റെ മകന്‍ രാജീവിനെ (46) ചാലക്കുടി പരിയാരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവ് പാട്ടത്തിനെടുത്ത കൃഷിയിടത്തിലേക്കുള്ള വഴിയില്‍ ബൈക്ക് മറിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ തവളപ്പായ എസ് ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൈകള്‍ രണ്ടും കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം. സംഭവ സ്ഥലത്തെത്തിയ പോലീസ്, ബൈക്കിനു സമീപം മൂന്ന് പേരുടെ ചെരുപ്പുകളും പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. സംഘം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോണ്‍വെന്റിനുള്ളിലേക്ക് മാറ്റിയതാണെന്നാണ് നിഗമനം.

കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ സി പി ഉദയഭാനുവിനെതിരെ അന്വേഷണം നടക്കുന്നത്. രാജീവും സി പി ഉദയഭാനുവും തമ്മിലുള്ള തര്‍ക്കത്തെയും ശത്രുതയെയും കുറിച്ച് പോലീസിന് നിര്‍ണായക മൊഴി ലഭിച്ചതായാണ് വിവരം. ഭൂമി ഇടപാടിനായി മുന്‍കൂറായി നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.

പാലക്കാട്ടെ ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് ഉദയഭാനുവും ഇടനിലക്കാരനായിരുന്ന രാജീവും തമ്മില്‍ പണമിടപാടുകള്‍ നടന്നിരുന്നു. ഭൂമി വില്‍പ്പനക്ക് കരാര്‍ എഴുതുകയും അമ്പത് ലക്ഷം രാജീവിന് മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഭൂമി ഇടപാട് നടന്നില്ല. തുക രാജീവ് തിരികെ നല്‍കിയിരുന്നില്ല. ഇതിന്റെ പേരില്‍ ഉദയഭാനു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.

രാജീവിനെതിരെ വഞ്ചനാകുറ്റത്തിന് അഡ്വ. ഉദയഭാനു എറണാകുളം റൂറല്‍ എസ് പിക്കും പരാതി നല്‍കിയിരുന്നു. ഉദയഭാനു ഭീഷണിപ്പെടുത്തുന്നതായും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ചാണ് രാജീവ് ഹൈക്കോടതിയെ സമീപിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ഉദയഭാനുവിന്റെ ആളുകള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് രാജീവ് നേരത്തെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പുകളും രാജീവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പുറത്തുവിട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നുമായിരുന്നു റൂറല്‍ എസ് പിയുടെ പ്രതികരണം.

Latest