Connect with us

Malappuram

ദേശീയ, സംസ്ഥാന നേതാക്കളും കളത്തിലിറങ്ങി

Published

|

Last Updated

യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ എന്‍ എ ഖാദിര്‍ പറപ്പൂരില്‍ പ്രചാരണത്തിനിടെ കുട്ടികളോടൊപ്പം

വേങ്ങര: ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചാരണത്തിന് ചൂടേറുന്നു. വിവിധ പാര്‍ട്ടികളുടെ സംസ്ഥാന ദേശീയ നേതാക്കളും കളത്തിലിറങ്ങി. മന്ത്രിമാരായ കെ ടി ജലീല്‍, എ സി മൊയ്തീന്‍, എം എം മണി തുടങ്ങിയവരും ഭരണ പക്ഷത്തെ പതിനഞ്ചോളം എം ല്‍ എ മാരും എം പി മാരും ഇടതു സ്ഥാനാര്‍ഥി പി പി ബശീറിന്റെ പ്രചാരണത്തിനായി ഗോദയിലുണ്ട്.

ഇന്ന് മുതല്‍ കൂടുതല്‍ മന്ത്രിമാരും ദേശീയ നേതാക്കളും പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളില്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കും.
യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ എന്‍ എ ഖാദിറിന്റെ പ്രചാരണത്തിന് മുസ്‌ലിം ലീഗിന്റെ മുഴുവന്‍ എം പി, എം എല്‍ എ മാരും കളത്തിലുണ്ട്. കെ പി സി സി സെക്രട്ടറിമാരും അംഗങ്ങളും പ്രചാരണത്തിനായി രംഗത്തുണ്ട്.
ഇന്ന് നടക്കുന്ന വിവിധ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് നേതാക്കളായ വി എം സുധീരന്‍, കെ മുരളീധരന്‍, മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കര നാരായണന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം അലി എം എല്‍ എ, പി കെ കുഞ്ഞാലിക്കുട്ടി എം പി, അഡ്വ. എം ഉമ്മര്‍ എം എല്‍ എ പ്രസംഗിക്കും.
വൈകീട്ട് ആറ് മണിക്ക് എ ആര്‍ നഗറില്‍ കൊളപ്പുറത്ത് നടക്കുന്ന പൊതുയോഗത്തില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍ കെ ശങ്കര നാരായണന്‍, കെ മുരളീധരന്‍ എം എല്‍ എ, പി ഉബൈദുല്ല എം എല്‍ എ, പി അബ്ദുല്‍ ഹമീദ് എം എല്‍ എ, വി കെ ഇബ്‌റാഹീം കുഞ്ഞ് എം എല്‍ എ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ യു ഡി എഫ് കണ്‍വെന്‍ഷനുകളില്‍ പ്രസംഗിക്കും.
ബി ജെ പി സ്ഥാനാര്‍ഥി ജന ചന്ദ്രന്‍ മാസ്റ്റര്‍ക്കുവേണ്ടി ദേശീയ നേതാക്കള്‍ വേങ്ങരയില്‍ സജീവമായുണ്ട്. എസ് ഡി പി ഐ ദേശീയ നേതാക്കളും സജീവമാണ്. കെ എന്‍ എ ഖാദിര്‍ ഇന്നലെ ആശുപത്രി ചികിത്സക്ക് ശേഷം പറപ്പൂര്‍ പഞ്ചായത്തില്‍ പര്യാടനം പൂര്‍ത്തിയാക്കി.
ഇന്ന് ഊരകം പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ 8.30 ന് കാരാത്തോട് വെച്ച് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് വി കെ ഇബ്‌റാഹിം കുഞ്ഞ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് എട്ട് മണിക്ക് കോട്ടുമലയില്‍ ചേരുന്ന പര്യടനത്തിന്റെ സമാപന സമ്മേളനം മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എം പി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, പി അബ്ദുല്‍ ഹമീദ് എം എല്‍ എ പ്രസംഗിക്കും.
എസ് ഡി പി ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ ഇന്നലെ കണ്ണമംഗലം പഞ്ചായത്തിലായിരുന്നു പര്യടനം. അച്ചനമ്പലത്തു നടന്ന സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ അബ്ദുല്‍ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, സെക്രട്ടറി എം പി മുസ്തഫ, എസ് ഡി ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗശാദ് മംഗലശ്ശേരി സംസാരിച്ചു.