Kerala
വി എസ് നാളെ വേങ്ങരയില്‍; അമിത ആത്മവിശ്വാസവുമായി ഇടതുപക്ഷം
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി കൂടി എത്തിയതോടെ വേങ്ങരയില്‍ ഇടതുപക്ഷത്തിന് ആത്മവിശ്വാസം കൂടി. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞ് പ്രചാരണം നടത്താന്‍ ഇടതുപക്ഷ നേതാക്കള്‍ ഒന്നാകെ കഴിഞ്ഞ ദിവസങ്ങളിലായി വേങ്ങരയില്‍ ക്യാമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇതിനിടയിലാണ് ഇന്നലെ മുഖ്യമന്ത്രി കൂടി എത്തിയത്. കുന്നുംപുറം, പാലാണി, ഒതുക്കുങ്ങല്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മുമ്പെങ്ങുമില്ലാത്ത വിധം വന്‍ ജനക്കൂട്ടമാണ് ഇടതുപക്ഷത്തിന്റെ പൊതുയോഗങ്ങളില്‍ ദൃശ്യമായി കൊണ്ടിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത മൂന്ന് പരിപാടികളിലും തടിച്ച് കൂടിയ ജനക്കൂട്ടം ഇടതുപക്ഷത്തിന് പ്രതീക്ഷ പകരുന്നതാണ്.
മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പെ പ്രായ വ്യത്യാസമില്ലാതെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പൊതുയോഗ സ്ഥലങ്ങളിലെത്തി ഇരിപ്പിടം ഉറപ്പിച്ചിരുന്നു. ഇതൂകൂടാതെ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലും മതിലുകളിലുമെല്ലാം ജനം കയറി നില്‍ക്കുന്നത് വേറിട്ട കാഴ്ചയായി. ആര്‍ എസ് എസിനെയും ബി ജെ പിയെയും കണക്കിന് വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളെല്ലാം. അദ്ദേഹത്തിന്റെ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. നാളെ വി എസ് അച്യുതാനന്ദന്‍ കൂടി പി പി ബശീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നതോടെ വേങ്ങര ആവേശക്കൊടിമുടിയിലേറും. പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അമിത ആത്മവിശ്വാസം ഇടതു പ്രവര്‍ത്തകരില്‍ പ്രകടമാണ്.
വീടുകള്‍ പലതവണ കയറിയിറങ്ങിയുള്ള ശക്തമായ പ്രചാരണമാണ് എല്‍ ഡി എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. സമീപ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പോലും വേങ്ങരയില്‍ പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇത്തവണ വേങ്ങരയില്‍ മാറ്റമുണ്ടാക്കാനായില്ലെങ്കില്‍ പിന്നീടൊരിക്കലും സാധിക്കില്ലെന്ന പ്രതീക്ഷയില്‍ തന്നെയാണ് എല്‍ ഡി എഫ്. കെ എന്‍ എ ഖാദിറിനെതിരെ ലീഗിനുള്ളില്‍ പ്രതിഷേധമുണ്ടെന്നും ഇത് എല്‍ ഡി എഫ് വോട്ടായി മാറുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.